Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/വിക്കിവിദ്യാർത്ഥിസംഗമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിസംഗമോത്സവത്തിലെ പ്രധാനപ്പെട്ട ഒരു ഇനമായി ഒരു വിക്കിവിദ്യാർത്ഥിസംഗമം ഒരുക്കാൻ ആലോചിക്കുന്നു.

പ്രമുഖമായും കൊല്ലം ജില്ലയിലേയും വ്യാപകമായി സംസ്ഥാനത്തുനിന്നൊട്ടുക്കും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട / ക്ഷണിക്കപ്പെട്ട എട്ടു മുതൽ പ്ലസ് രണ്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘങ്ങളാണു് ഈ പരിപാടിയിൽ പങ്കെടുക്കുക. സംഗമോത്സവത്തിലെ വിജയകരമായ സഹകരണത്തിനു പുറമേ, ഈ വിദ്യാർത്ഥികൾക്കു് മലയാളം വിക്കിപീഡിയയും അതിനോടു സഹകരിക്കുന്ന മറ്റു സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഹ്രസ്വ/ദീർഘകാല പദ്ധതികളിലും സജീവമായി ഭാഗഭാക്കാവാൻ മുൻ‌ഗണനയോടെ അവസരം ലഭിക്കും. സ്കൂൾ വിദ്യാർത്ഥികളെന്ന നിലയിൽ അവർ പഠിക്കുന്ന വിദ്യാലയത്തിനു കൂടി ഈ പരിപാടികളിൽ അർഹമായ പ്രാതിനിധ്യം ലഭിയ്ക്കണം എന്നു ഞങ്ങൾ കരുതുന്നു. അതിനാൽ ഈ പദ്ധതിയിലേക്കു് ചേർക്കുന്ന വിദ്യാർത്ഥികളെ സ്കൂൾ മുഖേനയാണു് പരിഗണിക്കുന്നതു്.


തെരഞ്ഞെടുപ്പും ക്ഷണവും[തിരുത്തുക]

 • വൈജ്ഞാനികരംഗത്ത് മികവു തെളിയച്ചവരും, മലയാളം വിക്കിപീഡിയ എന്ന ഇന്റർനെറ്റ് വിജ്ഞാനകോശത്തെക്കുറിച്ച് പ്രാഥമികമായ അറിവുള്ളവരും ഉത്സാഹികളുമായ വിദ്യാർത്ഥികൾക്കാണ് ഈ പരിപാടിയിൽ അവസരം.
 • സ്കൂളിലോ വീട്ടിലോ സ്വതന്ത്രമായി ഇന്റർനെറ്റ് ലഭ്യതയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന.
 • ഇന്റർനെറ്റിൽ മലയാളം ടൈപ്പുചെയ്യുന്നതിനുള്ള ഏതെങ്കിലും രീതി ഈ വിദ്യാർത്ഥിക്ക് വശമായിരിക്കണം.
 • മലയാളം മാദ്ധ്യമത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു് മുൻണനയുണ്ടായിരിക്കും. മറ്റു മാദ്ധ്യമങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കു് മലയാളത്തിൽ തക്കതായ വ്യുൽപ്പത്തിയുണ്ടെങ്കിൽ അവരേയും പരിഗണിക്കുന്നതാണു്.
 • ഒരു വിദ്യാലയത്തിൽ നിന്ന് കുറഞ്ഞത് രണ്ടുപേരടങ്ങുന്ന സംഘത്തിനാവും പങ്കെടുക്കാൻ സാധിക്കുക. ഈ സംഘത്തിൽ പരമാവധി നാല് വിദ്യാർത്ഥികൾക്കും അവർക്കു കൂട്ടായി ഒരദ്ധ്യാപകനും പങ്കെടുക്കാം.
 • ഓരോ വിദ്യാലയത്തിൽനിന്നും അർഹരായ കുട്ടികളെ തെരഞ്ഞെടുക്കുന്ന ദൌത്യം അതാതു വിദ്യാലയത്തിലെ ഐ.ടി അദ്ധ്യാപകർക്ക് / പ്രധാനാധ്യാപകന് ആണ്.


പരിപാടിയിൽ പങ്കെടുക്കാൻ താൽ‌പ്പര്യമുള്ള സ്കൂളുകൾ / വിദ്യാർത്ഥികൾ ഇതോടനുബന്ധിച്ച പട്ടികയിൽ പേർ ചേർക്കുകയോ താഴെ കൊടുക്കുന്ന ഈ-മെയിൽ / ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

അംഗസംഖ്യ എത്ര?[തിരുത്തുക]

 • പരമാവധി 100 വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.
 • 25 വിദ്യാലയങ്ങൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാം. വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഇതു് കൂടിയെന്നും വരാം.

അപേക്ഷിക്കേണ്ടതു് എപ്പോൾ?[തിരുത്തുക]

രണ്ടു ഘട്ടമായാണു് തെരഞ്ഞെടുപ്പ് നടക്കുക.

ക്ഷണിക്കപ്പെടാൻ താൽ‌പ്പര്യമുള്ള വിദ്യാലയങ്ങളുടെ പ്രതിനിധികൾക്കു് ഇപ്പോൾ തന്നെ ഈ പേജിൽ അവരുടെ താല്പര്യം രേഖപ്പെടുത്താം. മാർച്ച് 24 രാത്രി 12.00 മണി വരെ ഇതിനു സമയമുണ്ടു്.

ആദ്യം അപേക്ഷിക്കുന്ന 100 കുട്ടികൾക്ക് / 25 വിദ്യാലയങ്ങൾക്കാണ് മുൻഗണന

മാർച്ച് 25മുതൽ ഏപ്രിൽ 1 വരെയുള്ള ഇടവേളയിൽ വിക്കിപീഡിയ പ്രവർത്തകർ അവരുമായി ബന്ധപ്പെട്ട് പരിപാടിയുടെ വിശദവിവരങ്ങളും കുട്ടികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അറിയിക്കും. ഇതേ സമയത്ത് സ്കൂളുകളിൽ അർഹരായ വിദ്യാർത്ഥികളുടെ മുൻ‌ഗണനാ പട്ടിക അദ്ധ്യാപകർക്കു് തയ്യാറാക്കി വെക്കാവുന്നതാണു്.

ഏപ്രിൽ 7 നു മുമ്പായി ഓരോ സ്കൂളുകളും അവർ അയയ്ക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം, പേരു്, പഠിക്കുന്ന ക്ലാസ്സ്, മറ്റു വിവരങ്ങൾ, കൂടെ അദ്ധ്യാപകനെ / അദ്ധ്യാപികയെ അയക്കുന്നുണ്ടെങ്കിൽ അവരുടെ പേരു്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായി (കത്തു് / ഈ-മെയിൽ വഴി) അറിയിച്ചിരിക്കണം.

ഈ ലിസ്റ്റിൽ നിന്നും അന്തിമമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവരം ഏപ്രിൽ 15നോടു കൂടി വിക്കിപീഡിയ താളിൽ പ്രസിദ്ധപ്പെടുത്തും. കൂടാതെ, അതാതു സ്കൂളുകളിലേക്കും ഈ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ[തിരുത്തുക]

 1. കുട്ടികളെ / സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള പൂർണ്ണാധികാരം വിക്കിസംഗമോത്സവം പരിപാടി ഉപസമതിക്കായിരിക്കും.
 2. യാതൊരുവിധ ശുപാർശകളോ ഇടപെടലുകളോ തെരഞ്ഞെടുപ്പിൽ നടത്തുവാൻ പാടുള്ളതല്ല.
 3. തെരഞ്ഞെടുപ്പ് സംബന്ധമായ യാതൊരു ഉത്തരവാദിത്വവും വിക്കിമീഡിയ ഫൌണ്ടേഷനോ, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിനോ ഉണ്ടാകുന്നതല്ല.
 4. കുട്ടികൾ പൂരിപ്പിച്ച് നൽകേണ്ട ചോദ്യാവലിയുടെ അടിസ്ഥാനത്തിലും അതത് ജില്ലകളിലെ വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചുമാവും പങ്കെടുക്കുന്ന കുട്ടികളേയും വിദ്യാലയങ്ങളേയും തെരഞ്ഞെടുക്കുക.

എന്തൊക്കെ പ്രതീക്ഷിക്കാം?[തിരുത്തുക]

സംഗമോത്സവം പരിപാടിയിൽ[തിരുത്തുക]

കമ്പ്യൂട്ടർ, ഇന്റർനെറ്റ്, വിക്കിപീഡിയ എന്നിവയെക്കുറിച്ച് പ്രാഥമികവും സാമാന്യവുമായ അറിവുള്ള കുട്ടികളെയാണു് ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നതു്. ഇവർക്കു് മലയാളഭാഷയിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ കഴിയുന്നതു് അഭികാമ്യമായിരിക്കും. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ഒരു വിക്കിപീഡിയ പരിശീലനക്ലാസ്സ് ആണു് സംഗമോത്സവം പരിപാടിയിൽ ഇവർക്കു വേണ്ടിയുള്ള മുഖ്യ ഇനം. ക്ലാസ്സിന്റെ ഒടുവിൽ ലളിതമായ ഒരു പരീക്ഷയോ ക്വിസ്സ് മത്സരമോ ഉണ്ടാവും. മത്സരത്തിലെ ഭൂരിപക്ഷം ചോദ്യങ്ങളും വിക്കിപീഡിയ, മലയാളം, കേരളം എന്നീ വിഷയങ്ങളെ ആസ്പദമായിട്ടായിരിക്കും.

വിക്കിവിദ്യാർത്ഥിസംഗമത്തിൽ പങ്കെടുക്കുന്ന ഓരോ കുട്ടികൾക്കും അവരെ പ്രതിനിധികളായി അയക്കുന്ന വിദ്യാലയങ്ങൾക്കും പങ്കെടുത്തതിന്റെ സാക്ഷ്യപത്രം ലഭിയ്ക്കുന്നതായിരിക്കും. പരിപാടിയ്ക്കിടയിൽ ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും അവശ്യം വേണ്ട സ്റ്റേഷണറിയും(പേന, നോട്ടു് പാഡ് തുടങ്ങിയവ) സൌജന്യമായി ലഭിയ്ക്കും.

പരീക്ഷ / ക്വിസ്സ് മത്സരങ്ങളിൽ വിജയികളാവുന്നവർക്കു് പ്രത്യേക സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും ലഭിയ്ക്കും.

ഭാവിയിൽ[തിരുത്തുക]

ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ മലയാളം വിക്കിപീഡിയയിലെ ഭാവിപ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. സർക്കാരിന്റേയും വിവിധസംഘടനകളുടെയും ആഭിമുഖ്യത്തിൽ വരുംവർഷങ്ങളിൽ രൂപവത്കരിക്കാൻ ആലോചിക്കുന്ന സ്കൂൾ / കോളേജ് വിക്കിക്ലബ്ബുകൾക്കു് നേതൃത്വം നൽകാൻ ഈ വിദ്യാർത്ഥികൾക്കു് അവസരവും അതിനാവശ്യമായ പരിശീലനവും ലഭ്യമാക്കും. വിക്കിപീഡിയയിൽ പുതിയ ലേഖനങ്ങൾ ചേർക്കുവാനും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുവാനും ആവശ്യമായ സാങ്കേതികപരിശീലനം ഓൺ ലൈനായും ഓഫ് ലൈനായും നൽകുവാൻ ഈ കൂട്ടായ്മകൾ ഉപകരിക്കും. വിക്കിമീഡിയയിലേക്കു സംഭാവന ചെയ്യാനുള്ള ഉദ്ദേശത്തിൽ നാട്ടറിവുകൾ, പ്രാദേശികവിജ്ഞാനം തുടങ്ങിയ മേഖലകളിൽ ഈ വിദ്യാർത്ഥികളും അവർ നേതൃത്വം കൊടുക്കുന്ന സംഘങ്ങളും ഏറ്റെടുത്തു നടത്തുന്ന ഛായാഗ്രഹണം, പഠനപര്യടനങ്ങൾ, അഭിമുഖങ്ങൾ, സ്കാനിങ്ങ്, ഡിജിറ്റൈസേഷൻ തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങൾക്കു് മുതിർന്ന വിക്കിപീഡിയ സേവകരും വിക്കിമീഡിയ പ്രതിനിധികളും സഹായവും ആവശ്യമെങ്കിൽ മേൽനോട്ടവും നൽകും.

പ്രസ്തുത വിദ്യാർത്ഥികളിൽ നിന്നും പ്രശംസാർഹമായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഏതാനും അംഗങ്ങളെ വിക്കിമീഡിയ ജൂനിയർ അംബാസ്സഡർമാരായി നിയമിക്കും.