വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/റിപ്പോർട്ട്
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ | റിപ്പോർട്ട് |
കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ 2012 ഏപ്രിൽ 28, 29 തീയതികളിലായി നടന്ന വിക്കിസംഗമോത്സവത്തിന്റെ റിപ്പോർട്ട്.
റിപ്പോർട്ട്
[തിരുത്തുക]2011-ൽ കണ്ണൂരിൽ നടന്ന നാലാം വിക്കി സംഗമത്തിനു ശേഷം മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ വാർഷികസമ്മേളനത്തിനു് വിക്കിസംഗമോത്സവം 2012 ന് ആതിഥ്യമരുളാൻ വിക്കി സമൂഹത്തിന്റെ നിർദ്ദേശമനുസരിച്ച് കൊല്ലത്തെ വിക്കി പ്രവർത്തകർ തീരുമാനിച്ചു. വിക്കി സുഹൃത്തുക്കളുടെയും മറ്റ് സമാന സംഘടനാ പ്രവർത്തകരുടെയും സ്വാഗത സംഘം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
സംഘാടക സമിതി രൂപീകരണം
[തിരുത്തുക]വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള പ്രാദേശിക സംഘാടക സംഘാടക സമിതി 2012 ഫെബ്രുവരി 15 ന് ടൗൺ യു.പി സ്കൂളിൽ യോഗം ചേർന്നു. ഡോ. എൻ. ജയദേവൻ ചെയർമാനും കണ്ണൻഷൺമുഖം ജനറൽ കൺവീനറും അഡ്വ.ടി.കെ. സുജിത്ത് ട്രഷററുമായുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രാഥമിക വിലയിരുത്തലുകളോടെ ബഡ്ജറ്റ് തയ്യാറാക്കി. സാമ്പത്തിക സഹായത്തിനായി ഐ.ടി. @സ്കൂൾ, ഐ.ടി. മിഷൻ, അക്ഷയ എന്നിവയുടെ ഡയറക്ടർമാരെ കണ്ട് സഹായ അഭ്യർത്ഥനകൾ നടത്താനും സ്പോൺസർഷിപ്പ് അഭ്യർത്ഥനകൾ നൽകാനും തീരുമാനിച്ചു.
മറ്റ് കമ്മിറ്റി അംഗങ്ങളുടെ വിവരം ഇവിടെ:[1]
സംഗമോത്സവത്തിന്റെ പേര്, ലോഗോ
[തിരുത്തുക]സംഗമോത്സവത്തിന്റെ പേര്, ലോഗോ എന്നിവ ഓൺലൈനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. രാജേഷ് ഒടയാഞ്ചലാണ് സംഗമോത്സവ ലോഗോ തയ്യാറാക്കിയത്.
പ്രചരണ പ്രവർത്തനങ്ങൾ
[തിരുത്തുക]ഓൺലൈനായി പ്രചരണ പ്രവർത്തനങ്ങൾ നടത്താനും വിക്കിത്താൾ തുടങ്ങാനും തീരുമാനിച്ചു. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നു. രജിസ്ട്രേഷന് പ്രതിനിധികളിൽ നിന്നും 300 രൂപയും വിദ്യാർത്ഥികളിൽ നിന്ന് 150.00 രൂപയും വാങ്ങാൻ തീരുമാനിച്ചു. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് 200 രൂപ ആനുകൂല്യം 2012 മാർച്ച് 31 വരെ നൽകാൻ തീരുമാനിച്ചു.
നോട്ടീസ്, പോസ്റ്റർ, ബാനർ, ബാഗ്
[തിരുത്തുക]ആകർഷകമായ പോസ്റ്ററും ബ്രോഷറും സംഗമോത്സവത്തിനായി പ്രിന്റ് ചെയ്തിരുന്നു. പൂർണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ബ്രോഷർ തയ്യാറാക്കിയത് അജയ് കുയിലൂരായിരുന്നു. കൊല്ലത്തെ എല്ലാ പ്രദേശങ്ങളിലും പോസ്റ്റർ പതിക്കാനായി. കുറച്ചൊക്കെ സന്നദ്ധപ്രവർത്തകർക്ക് ചെയ്യാനായെങ്കിലും കരാർത്തൊഴിലാളികളുടെ സഹായവും തേടേണ്ടി വന്നു. പ്ലാസ്റ്റിക് ഫ്ളക്സ് ബാനർ ഒഴിവാക്കണമെന്ന അഭ്യർത്ഥന പരിഗണിച്ച് തുണിയിൽ പ്രിന്റ് ചെയ്ത ബാനറാണ് ഉപയോഗിച്ചത്.
പ്രതിനിധികൾക്കു നൽകാനായി ആകർഷകമായ 200 പരിസ്ഥിതി സൗഹൃദ ബാഗുകൾ കൊല്ലത്തെ സജീവ വിക്കി പ്രവർത്തകൻ ഡോ. ഫുവാദ് ജലീൽ സ്പോൺസർ ചെയ്ത് സംഘാടക സമിതിക്കു നൽകിയിരുന്നു.
വിക്കി വിദ്യാർത്ഥി സംഗമത്തിലെ പങ്കാളികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, ഡെലിഗേറ്റ് പാസ്സ് എന്നിവ രൂപകൽപ്പന ചെയ്തത് സുഗീഷായിരുന്നു.
പത്രസമ്മേളനം
[തിരുത്തുക]കൊല്ലം പ്രസ്സ് ക്ലബ്ബിൽ സംഗമത്തിനു മുന്നോടിയായി വിപുലമായ പത്ര സമ്മേളനം നടത്തി. സ്വാഗത സംഘം ചെയർമാൻ ഡോ. എൻ. ജയദേവൻ,കണ്ണൻ,വി.എം. രാജമോഹൻ എന്നിവർ പങ്കെടുത്തു. പ്രമുഖ പത്ര - ദൃശ്യ മാധ്യമങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. മലയാളം വിക്കി സംരംഭങ്ങളുടെ വാർഷിക റിപ്പോർട്ടും മറ്റ് സംഗമോത്സവ വിശാംശങ്ങളും മാധ്യമങ്ങൾക്കു നൽകി. വിപുലമായ പ്രചരണം മാധ്യമങ്ങളിലൂടെ ലഭിച്ചു.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2
[തിരുത്തുക]വിക്കിസംഗമോത്സവം - 2012 നോട് അനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയായിരുന്നു മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു. വിക്കിസംഗമോത്സവം - 2012 ന്റെ 60 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് ഈ പരിപാടി 15-ഫെബ്രുവരി മുതൽ20-ഏപ്രിൽ വരെ നടത്തി. ആവേശകരമായ പ്രതികരണമാണ് ഈ പരിപാടിക്ക് ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി മൊത്തം 11,159 പ്രമാണങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യാനായി. വിനയരാജ് എന്ന വിക്കി ഉപയോക്താവാണ് ഏറ്റവും അധികം ചിത്രങ്ങൾ(2917) അപ്ലോഡ് ചെയ്തത്. മറ്റ് വിവരങ്ങൾ ഇവിടെ:[2]
കേശവീയം വിരൽത്തുമ്പിൽ
[തിരുത്തുക]കൊല്ലത്തു നടക്കുന്ന വിക്കിസംഗമോത്സവത്തി 2012ന്റെ പ്രചാരണാർത്ഥം നടത്തിയ ഗ്രന്ഥശാലാപദ്ധതിയാണ് കേശവീയം വിരൽത്തുമ്പിൽ. സർവശിക്ഷ അഭിയാൻ ചാത്തന്നൂർ ബി.ആർ.സി.യും വിക്കി സംഗമോത്സവം സംഘാടക സമിതിയുമാണ് തനത് പ്രവർത്തനങ്ങളുടെ ഭാഗമായി 'കേശവീയം വിരൽത്തുമ്പിൽ'. പുരാണത്തിലെ 'സ്യമന്തകം മണി' ഇതിവൃത്തമാക്കി കെ.സി.കേശവപിള്ള രചിച്ച കേശവീയത്തിന്റെ 12 സർഗങ്ങൾ മഹാകവിയുടെ ജന്മദേശമായ പരവൂരിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 50 അംഗ വിദ്യാർഥിസംഘമാണ് കേശവീയം കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് നൽകിയത്. 102 പേജുകളുള്ള കേശവീയം ഇന്ന് ലഭ്യമല്ല എന്നുള്ളത് ഈ പ്രവർത്തനത്തിന്റെ മഹത്ത്വം കൂട്ടുന്നു.വലിയ മാധ്യമ ശ്രദ്ധ ഈ പ്രവർത്തനത്തിന് ലഭിച്ചു. കൂടുതൽ വിവരങ്ങൾ ഇവിടെ
കൈപ്പുസ്തകം
[തിരുത്തുക]നിലവിൽ നാം പഠന ശിബിരങ്ങൾക്ക് നൽകി വന്നിരുന്ന കൈപ്പുസ്തകം മെച്ചപ്പെടുത്തി 1500 കോപ്പി തയ്യാറാക്കാൻ സംഘാടക സമിതി തീരുമാനിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കൈപ്പുസ്തകം പുറത്തിറക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ആദ്യ 200 കോപ്പി ഡിജിറ്റലായി തയ്യാറാക്കി നൽകാനും ബാക്കി 1500 ന്റെയും കവർ പ്രിന്റ് ചെയ്യാനും തീരുമാനിച്ചു. റ്റൈപ്പ് സെറ്റിങ്, ലേഔട്ട് തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനീയമായ നിലയിൽ അനിൽ കുമാർ നിർവ്വഹിച്ചു. ഫൗണ്ടേഷൻ ഗ്രാന്റ് കിട്ടിയതിനു ശേഷം ബാക്കി പ്രിന്റ് ചെയ്ത് അഞ്ചൽ ഐടി@സ്കൂൾ വിക്കി പദ്ധതിക്കും മറ്റ് പഠന ശിബിരങ്ങൾക്കുമായി ഉപയോഗച്ചു വരുന്നു.
ടീ ഷർട്ട്
[തിരുത്തുക]വിക്കി മീഡിയ ഇന്ത്യൻ ചാപ്റ്ററിന്റെ സഹായത്തോടെ സംഗമോത്സവ പ്രതിനിധികൾക്ക് നൽകാനായി 200 ടീ ഷർട്ടുകൾ തയ്യാറാക്കാൻ സംഘാടക സമിതി തീരുമാനിച്ചു. എറണാകുളത്തെ പ്രധാന വിക്കി പ്രവർത്തകരായ പ്രശോഭ്, ശിവഹരി നന്ദകുമാർ എന്നിവരുടെ നേതൃത്ത്വത്തിലാ ണ് ഈ പ്രവർത്തനങ്ങൾ നടന്നത്. സംഗമോത്സവ ദിനത്തിൽ കമ്പനിക്കാർ ടീ ഷർട്ട് എത്തിച്ചെങ്കിലും നമ്മൾ ഉദ്ദേശിച്ച നിലവാരത്തിലല്ലാത്തതിനാൽ ഏറ്റു വാങ്ങിയില്ല. കമ്പനി വീണ്ടും തയ്യാറാക്കി നൽകാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ടീഷർട്ട് തയ്യാറാക്കി എറണാകുളത്തെ പ്രവർത്തകരെ ഏൽപ്പിച്ചിട്ടുണ്ട്. അവിടെ വിതരണം ആരംഭിച്ചു. ബാക്കി രജിസ്റ്റർ ചെയ്തവർക്ക് അതതിടത്തെ സജീവ പ്രവർത്തകർ വഴി എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സമ്മേളന നടപടികൾ
[തിരുത്തുക]രണ്ടു ദിവസമായി നടന്ന സംഗമോത്സവത്തിൽ 61 പേർ പ്രതിനിധികളായി പങ്കെടുത്തു.(20 പേർ മുൻകൂർ രജിസ്റ്റർ ചെയ്തു. 34 പേർ നിശ്ചിത സമയത്തിനു ശേഷം രജിസ്റ്റർ ചെയ്തിരുന്നു. 7 പേർ വിദ്യാർത്ഥികളായി രജിസ്റ്റർ ചെയ്തിരുന്നു.) അതിഥികളും മാധ്യമ സുഹൃത്തുക്കളടക്കം ആകെ 125-ഓളം പേർ ആദ്യ ദിനവും രണ്ടാം ദിനത്തിൽ വിക്കി വിദ്യാർത്ഥി സംഗമത്തിൽ 50 സ്കൂൾ വിദ്യാർത്ഥികളടക്കം 124 പേരും പങ്കെടുത്തു.
2012 ഏപ്രിൽ 28
[തിരുത്തുക]2012 ഏപ്രിൽ 28 ന് രാവിലെ 10.00 ന് ഡോ. എൻ. ജയദേവന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ജനകീയ ഗായകൻ വി.കെ. ശശിധരന്റെ സ്വാഗത ഗാനാലാപനം ഏവരെയും ആകർഷിച്ചു. സിദ്ധാർത്ഥൻ ആമുഖ പ്രസംഗത്തിൽ മലയാള വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വൈസ് ചെയർമാനും ഇഗ്നോ സർവ്വകലാശാല മുൻ വൈസ് ചെയർമാനുമായ ഡോ. വി.എൻ. രാജശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. പ്രാദേശിക അറിവുകളുടെ നിധി കുംഭമാണ് വിക്കിപീഡിയ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്കിമീഡിയ ഫൗണ്ടേഷൻ ചീഫ് ഗ്ലോബൽ ഡവലപ്പ്മെന്റ് ഓഫീസർ, ബാരി ന്യൂസ്റ്റഡ് മുഖ്യാതിഥിയായിരുന്നു. ഹിഷാം മുണ്ടോൾ, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ, പ്രസിഡന്റ് അർജ്ജുന റാവു ചാവ്‌ല തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. കണ്ണൻ ഷൺമുഖം കൃതഞ്ജത രേഖപ്പെടുത്തി.
രജിസ്റ്റർ ചെയ്ത 61 പേരും മാധ്യമ പ്രതിനിധികളും പൊതുജനങ്ങളും അടക്കം നൂറ്റി ഇരുപത്തഞ്ചോളം പേർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് 11.30 മുതൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഐടി@സ്കൂൾ, കെ. അൻവർ സാദത്ത് 'വിദ്യാഭ്യാസവും വിക്കിപീഡിയയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രഭാഷണത്തിനു ശേഷം അദ്ദേഹം പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അടുത്ത സെഷനിൽ സജീവ വിക്കിപീഡിയർ വിവിധ വിക്കി പദ്ധതികളുടെ തൽസ്ഥിതിയും, അവലോകനവും നടത്തി. ഷിജു അലക്സ്, ഡോ. ഫുവാദ്, രമേഷ്. എൻ.ജി തുടങ്ങിയവർ പങ്കെടുത്തു.
വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം ഉച്ചയ്ക്കുള്ള കാര്യ പരിപാടികൾ ആരംഭിച്ചു. ട്രാക്ക് - 1 (അറിവ്), ട്രാക്ക് - 2 (സമൂഹം), ട്രാക്ക് - 3(വിദ്യാഭ്യാസം, പ്രചരണം), ട്രാക്ക്-4 (സമൂഹം) എന്നിങ്ങനെ നാലു ട്രാക്കുകളിലായാണ് വിവിധ അവതരണങ്ങൾ നടന്നത്. മലയാളം വിക്കി കാര്യ നിർവാഹകൻ രമേഷ് എൻ.ജി അഭിനന്ദനീയമായ നിലയിൽ വിവിധ അവതരണങ്ങളെ ഏകോപിപ്പിച്ചു. വിക്കിപീഡിയ മൊബൈലുകൾക്ക് എന്ന വിഷയം അനൂപന്റെ അസാന്നിദ്ധ്യത്തിൽ അഖിൽ കൃഷ്ണനും വിക്കിപീഡിയ നയങ്ങളെക്കുറിച്ച് ഡിറ്റി മാത്യുവും സാങ്കേതികതയും സാധാരണക്കാരും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ മലയാളം വിക്കിയുടെ പങ്ക് എന്ന വിഷയത്തിൽ ബിനു കെ വിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിക്കി സംഗമോത്സവം പ്രചരണ പരിപാടികളുടെ ഭാഗമായി കേശവീയം മഹാകാവ്യം വിക്കി ഗ്രന്ഥശാലയിലെത്തിച്ച എസ്.എസ്.എ, ചാത്തന്നൂർ ഉപജില്ലയ്ക്കുള്ള ഉപഹാരം ബ്ലോക്ക് പ്രോജക്റ്റ് ഓഫീസർ ജോണിന് വിക്കിമീഡിയ ഫൗണ്ടേഷൻ , ചീഫ് ഗ്ലോബൽ ഡവലപ്പ്മെന്റ് ഓഫീസർ,ബാരി ന്യൂസ്റ്റഡ് നൽകി. പതിനഞ്ച് മിനിറ്റ് ചായ ഇടവേളയ്ക്കായി യോഗം പിരിഞ്ഞു.
4.00 മണി മുതൽ അടുത്ത സെഷൻ ആരംഭിച്ചു. "വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ" എന്ന വിഷയത്തിൽ നടന്ന വിശ്വപ്രഭയുടെ അവതരണം ഏറെ ശ്രദ്ധേയമായിരുന്നു. ഇമേജു് - സ്കാനിങ്ങ് രീതികൾ, സമയം എങ്ങനെ ലാഭിക്കാം, വിവിധ ആവശ്യങ്ങൾക്കനുസരിച്ച് സ്കാൻ ചെയ്യേണ്ട വിധം, ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് അതിവേഗ ബുക്ക് സ്കാനിങ്ങ്, അതിവേഗ പോസ്റ്റ് പ്രോസസ്സിങ്ങ്, ബാച്ച് പ്രോസസ്സിങ്ങ്, മലയാളം OCR - സാദ്ധ്യതകളും പരിമിതികളും വിശദീകരിച്ച് സ്കാൻ ടെയിലർ എന്ന പ്രോഗ്രാമിലൂടെ വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ ഡിജിറിറൽ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് കൂട്ടി ചേർക്കാമെന്ന ഡെമോൺസ്ട്രേഷനും അദ്ദേഹം നടത്തി. അഖിൽ കൃഷ്ണന്റെ ഇന്റർനെറ്റ് സെൻസർഷിപ്പും വിക്കിപീഡിയയും എന്ന വിഷയത്തിലെ അവതരണം പിപ - സോപ നിയമങ്ങളെപ്പറ്റിയും ഇന്ത്യയടക്കം നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന കരി നിയമങ്ങളെപ്പറ്റിയും പ്രതിപാദിച്ചു. ജെഫ് ഷോൺ ജോസ് അവതരിപ്പിച്ച "പ്രാദേശിക ചരിത്രവും വിക്കിപീഡിയയുടെ പ്രചാരവും" സംഗമോത്സവത്തിലെ ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ച് പോകുന്ന പ്രാദേശിക ചരിത്രവും പാരമ്പര്യങ്ങളും എങ്ങനെ അഭിമാനവും വൈജ്ഞാനിക സ്വഭാവമുള്ളതാക്കി വിക്കിപീഡിയക്ക് പ്രദാനം ചെയ്യാം എന്ന് അദ്ദേഹം വിശദീകരിച്ചു. സ്കൂൾ വിദ്യാർത്ഥിയായ അശ്വിൻപ്രീതിന്റെ കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രം എന്ന അവതരണമായിരുന്നു അടുത്തത്. വായ്‌മൊഴികൾ ആധാരമായി സ്വീകരക്കേണ്ടി വരും. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രം അർഹമായ വിധത്തിൽ എങ്ങിനെ വിക്കിപീഡിയയിൽ രേഖപ്പെടുത്താമെന്നു് പരിശോധിക്കുന്ന ഒരു അവതരണമായിരുന്നു ഇതു്. അനിൽ. കെ. വി യുടെ സ്വാതന്ത്ര്യം - മാറുന്ന സങ്കൽപ്പവും, സ്വഭാവവും എന്ന പ്രബന്ധം മാറുന്ന കാലത്തിനനുഗുണമായി നമ്മുടെ സ്വാതന്ത്ര്യസങ്കൽപ്പങ്ങളും പ്രവർത്തനങ്ങളും എങ്ങിനെ രൂപപ്പെടുത്തണമെന്നതിനെ കുറിച്ചുള്ള ഒരു തുറന്നചർച്ചയോടെ ആദ്യ ദിവസത്തെ പ്രബന്ധാവതരണ സെഷനുകൾ സമാപിച്ചു.
ചെറിയ ഇടവേളയ്ക്കു ശേഷം GLAM പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് കേരള സാഹിത്യ അക്കാദമി, സെക്രട്ടറി, ആർ. ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു. സാഹിത്യ അക്കാദമിയും വിക്കി സമൂഹവും ചേർന്ന് ഏറ്റെടുക്കാവുന്ന നിരവധി മേഖലകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സജീവമായ ചർച്ചയും നടന്നു.
ആറു മണിക്ക് വിക്കി സുഹൃത്തുക്കളുടെ ഒത്തു ചേരൽ ആരംഭിച്ചു. അഷ്ടമുടിക്കായലിന്റെ കവി കുരീപ്പുഴ ശ്രീകുമാർ കാവ്യാലാപനം നടത്തി. തന്റെ ഇഷ്ടമുടിക്കായൽ, ജെസ്സി, വീണ വിൽപ്പനക്കാരൻ എന്നീ പ്രശസ്ത കവിതകൾ വിക്കി ഗ്രന്ഥശാലയ്ക്കു സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാൻ നൽകി. കൊല്ലത്തിന്റെ തനതു കലാരൂപമായ കരടി കളിയുടെ നാടൻ വായ്‌ത്താരികളുടെ അവതരണത്തോടെ ആദ്യ ദിന പരിപാടികൾ അവസാനിച്ചു.
2012 ഏപ്രിൽ 29
[തിരുത്തുക]രണ്ടാം ദിവസത്തെ വിക്കി സംഗമോത്സവ പരിപാടികൾ രാവിലെയുള്ള സെഷൻ രണ്ട് വേദികളിലായി ആരംഭിച്ചു. പ്രധാന വേദിയിൽ വിഷയാവതരണങ്ങളും സമീപമുള്ള ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വേദിയിൽ വിക്കിവിദ്യാർത്ഥിസംഗമവും നടന്നു.
പ്രധാന വേദിയിൽ
[തിരുത്തുക]കേരള സർവ്വ കലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാലിന്റെ വിവര സാങ്കേതിക വിദ്യ - ഔഷധ ഗവേഷണ മേഖലകളിലെ ജനകീയ ബൗദ്ധികസ്വത്തവകാശ ബദലുകൾ എന്ന വിഷയത്തിലെ അവതരണത്തോടെ രണ്ടാം ദിവസ പ്രബന്ധാവതരണങഅങൾ തുടങ്ങി. തുടർന്ന് നടന്ന പകർപ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചയിൽ ഡോ. ബി. ഇക്ബാൽ, അച്യുത് ശങ്കർ. എസ്. നായർ, അഡ്വ. ടി.കെ. സുജിത്ത്, ഷിജു അലക്‌സ് എന്നിവരും പങ്കെടുത്തു. പ്രതിനിധികൾ പങ്കെടുത്ത സജീവ ചർച്ചയും നടന്നു. സുനിൽകുമാർ. ആർ അവതരിപ്പിച്ച സ്വതന്ത്രവിജ്ഞാനകോശവും വിവരസമൂഹവും എന്ന പ്രബന്ധത്തിന്റെ അവതരണമായിരുന്നു അടുത്തത്. അധികാരം, സമ്പത്ത് മുതലായവിൽ നിന്നുള്ള വിജ്ഞാനത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ബിനു കെ ജെയുടെ വിക്കി മലയാളം രചനാസഹായി എന്ന അവതരണം വിക്കിയിൽ ആവർത്തിച്ചുകാണുന്ന അസ്വീകാര്യമായ (പ്രയോഗസാധുതയോപണ്ഡിത സമ്മതിയോഇല്ലാത്ത) രൂപങ്ങളുടെ പട്ടിക അവതരിപ്പിച്ചു. പ്രതിനിധികൾ ആവേശത്തോടെ ഇതിന്റെ ചർച്ചയിൽ പങ്കെടുത്തു. മലയാളശൈലിക്കിണങ്ങാത്ത പ്രയോഗങ്ങൾ ഉചിതമായി പരിഷ്കരിക്കുന്നതെങ്ങനെയെന്ന് വിലയിരുത്തി. രമേഷ് എൻ.ജി യുടെ "കോമൺസിൽ കോമണിസ്റ്റ് ടൂൾ" എന്ന പ്രബന്ധം കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ കോമണിസ്റ്റ് എന്ന ടൂൾ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ ഉൾക്കാഴ്ച നൽകി. ഈ അവതരണത്തോടെ രാവിലെയുള്ള അവതരണങ്ങൾ അവസാനിച്ചു. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.
ഉച്ച കഴിഞ്ഞുള്ള സെഷൻ രമേഷ് എൻ.ജിയുടെ സർവ്വവിജ്ഞാനകോശവും വിക്കിപീഡിയയും എന്ന അവതരണത്തോടെ ആരംഭിച്ചു. കേരള സർക്കാർ പ്രസിദ്ധീകരണമായ സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയുടെ വികാസത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനെക്കുറിച്ചും, ഇതിന്റെ ലൈസൻസ് സ്വതന്ത്രമാക്കുന്നതിന് മലയാളം വിക്കിപീഡിയ സമൂഹം ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ഇതിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. ശിവഹരി നന്ദകുമാർ അവതരിപ്പിച്ച വിക്കിപീഡിയ ലേഖനങ്ങളിൽ ഫലകങ്ങൾ ചേർക്കേണ്ടിവരുന്ന സാഹചര്യങ്ങൾ, വിവിധ ഫലകങ്ങൾ പരിചയപ്പെടൽ എന്ന പ്രബന്ധമായിരുന്ന അടുത്തയിനം. ഫലകം എന്ത്? എങ്ങിനെ നിർമിക്കും? തുടങ്ങിയ കാര്യങ്ങൾ അദ്ധേഹം അവതരിപ്പിച്ചു. അച്ചു കുളങ്ങര എന്ന സ്കൂൾ വിദ്യാർത്ഥിയുടെ വിക്കിപീഡിയയും സ്കൂൾ വിദ്യാർത്ഥികളും എന്ന പ്രബന്ധമായിരുന്നു അടുത്തത്. മലയാളം പോലുള്ള ഭാഷാ വിക്കിപീഡിയകളിലെ ഉള്ളടക്കം കൂട്ടേണ്ടതിന്റെ ആവശ്യകതയാണ് ഈ നാലാം ക്ലാസ് വിദ്ധ്യാർത്ഥി അവതരിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളുടെ വിക്കിപീഡിയ ഉപയോഗം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അച്ചുവിന്റെ നിർദ്ദേശങ്ങളും പ്രതിനിധികൾ കൗതുകത്തോടെ സ്വീകരിച്ചു. വിക്കി ഗ്രന്ഥശാലയും സ്കൂൾ കുട്ടികളും എന്ന അവതരണത്തിലൂടെ കണ്ണൻഷൺമുഖം, ചവറയിലെ 15 ഹൈസ്കൂളുകളിലെ കുട്ടികൾ മലയാളത്തിലെ ആദ്യ മഹാകാവ്യം രാമചന്ദ്രവിലാസത്തെ വിക്കി ഗ്രന്ഥശാലയിലെത്തിച്ച പ്രവർത്തനത്തിന്റെ അനുഭവങ്ങൾ പങ്കു വച്ചു. പൊതു ചർച്ചയോടെ ഈ സെഷൻ സമാപിച്ചു.
ഇടവേളയ്ക്കു ശേഷം സമാപന സമ്മേളനം ആരംഭിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഷിജു അലക്സ്, ഡോ. ഫുവാദ്, വിശ്വപ്രഭ,രമേഷ് എൻ.ജി എന്നിവർ സംസാരിച്ചു. വി.കെ. ശശിധരൻ മാഷ്ടെ സി.ഡിയും വിക്കി ഗ്രന്ഥശാലാ സി.ഡിയും പ്രധാന സമ്മേളന സഹകാരികൾക്ക് ഉപഹാരമായി നൽകി. സുഗീഷ് കൃതഞ്ജത രേഖപ്പെടുത്തി.
വിക്കിവിദ്യാർത്ഥിസംഗമം
[തിരുത്തുക]കൊല്ലം ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട അൻപതോളം കുട്ടികൾക്കു് മലയാളം വിക്കിയെ പരിചയപ്പെടുത്തുന്ന വിക്കി വിദ്യാർത്ഥി പഠനശിബിരം വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു. സംഗമോത്സവവേദിക്കു സമീപമുള്ള കൊല്ലം ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ,തേവള്ളിയിലെ വേദിയിലായിരുന്നു വിക്കിവിദ്യാർത്ഥിസംഗമം നടന്നത്. സുഗീഷിന്റെയും അഖിലന്റെയും നേതൃത്ത്വത്തിൽ നല്ല മുന്നൊരുക്കം നടത്തിയിരുന്നതിനാൽ ഈ പരിപാടി വളരെ ഗംഭീരമായി നടത്താനായി. സുഗീഷ്, അഖിൽ,ഡോ. ഫുവാദ്, എന്നിവർ വിശ്വപ്രഭ,രാജേഷ് ഒടയാഞ്ചൽ,ജുനൈദ്,മിർഷാദ് എന്നിവരുടെ മികച്ച നേതൃത്ത്വത്തിൽ ഇത് സംഗമോത്സവത്തിന്റെ മികച്ച ഇനങ്ങളിലൊന്നായി മാറി. വിക്കിപീഡിയയെക്കുറിച്ചും വിവിധ വിക്കി സംരംഭങ്ങളെക്കുറിച്ചുമുള്ള ആമുഖത്തിനു ശേഷം കുട്ടികളെ വിക്കി എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശ്വപ്രഭയുടെ നേതൃത്ത്വത്തിൽ നടന്ന വിക്കി ക്വിസ് ഒരു അപൂർവ്വ അനുഭവമായിരുന്നു. വിക്കി ഗ്രന്ഥശാല, ചൊല്ലുകൾ, നിഖണ്ടു പാഠശാല എന്നീ വിക്കിപീഡിയ സംരംഭങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഫുആദ് ജ്ലീൽ പരിചയപ്പെടുത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിക്കി സംഗമോത്സവ കിറ്റും നൽകി. ഉച്ച ഭക്ഷണത്തിനു ശെഷം വിക്കിവിദ്യാർത്ഥിസംഗമത്തിൽ പങ്കെടുത്ത കുട്ടികൾ മറ്റ് അവതരണങ്ങൾ കേൾക്കാനായി പ്രധാന വേദിയിലെത്തി.
സാമ്പത്തികം
[തിരുത്തുക]സംഘാടക സമിതി ഐ.ടി@സ്കൂൾ, ഐ.ടി. മിഷൻ, അക്ഷയ തുടങ്ങി വിവിധ സർക്കാർ ഏജൻസികളെയും പൊതു മേഖലാ സ്ഥാപനങ്ങളെയും സ്പോൺസർഷിപ്പിനായി സമീപിച്ച് അപേക്ഷ നൽകിയിരുന്നു. ഐ.ടി. മിഷൻ 20000/- രൂപ അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ല. ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. ഐ.ടി@സ്കൾ തലപ്പത്ത് വന്ന വ്യത്യാസം കാരണം അവർക്കും സാമ്പത്തികമായി സഹായിക്കാനായില്ല. വിക്കി മീഡിയ ഫൗണ്ടേഷന് 1,35,000 രൂപയുടെയും വിക്കി മീഡിയ ഇൻഡ്യ ചാപ്റ്ററിന് 1,00,000 രൂപയുടെയും ഗ്രാന്റിന് അപേക്ഷ നൽകിയിരുന്നത് അനുകൂലമായി പരിഗണിക്കുകയും സംഗമോത്സവത്തിന് ശേഷം ഫൗണ്ടേഷൻ ഗ്രാന്റ് 1,35,000 രൂപയും ഇൻഡ്യ ചാപ്റ്റർ 83550/- രൂപയും(ഭക്ഷണത്തിന് 37550 + ടീ ഷർട്ടിന് 46000 അതത് കമ്പനിക്കാരെ നേരിട്ട് ഏൽപ്പിച്ചു) അനുവദിച്ചു. സംഗമോത്സവ സമയത്തെ മുഴുവൻ ചെലവുകളും ജ്യോതിസ്സ്,ഷിജുഅലക്സ്, ഡോ.എ.ജെ.ജോൺസൺ, വിശ്വനാഥൻ, ടി.കെ.സുജിത്ത്, കണ്ണൻഷൺമുഖം എന്നീ മലയാളം വിക്കിപീഡിയർ അഡ്വാൻസ് ചെയ്യുകയായിരുന്നു. ഫൗണ്ടേഷൻ ഗ്രാന്റ് ലഭിച്ചതിനു ശേഷം ആ തുകകൾ പൂർണ്ണമായി മടക്കി നൽകി.
രജിസ്ട്രേഷൻ ഫീയായി 15250 രൂപ ലഭിച്ചു.
രജിസ്ട്രേഷൻ ഫീ
[തിരുത്തുക]ഏർലി ബേർഡ് ആനുകൂല്യത്തിൽ രജിസ്റ്റർ ചെയ്തവർ 20= 20x200 = 4000
രജിസ്റ്റർ ചെയ്തവർ 34= 34x300 =10200
വിദ്യാർത്ഥികൾ 7 = 7x150 =1050
ആകെ ..........................61 പേർ = 15250
വിശദമായ കണക്കുകൾ
[തിരുത്തുക]വരവ് | തുക | ചെലവ് | തുക | കുറിപ്പ് |
---|---|---|---|---|
വിക്കിമീഡിയ ഫൗണ്ടേഷൻ ഗ്രാന്റ് | 135000 | ഭക്ഷണം | 38816 | (37750 രൂപ) വിക്കിമീഡിയ ഇന്ത്യൻ ചാപ്റ്റർ നൽകി. |
ചാപ്റ്റർ ഗ്രാന്റ് | 83550 | ടീ - ഷർട്ട് | 46000 | വിക്കിമീഡിയ ഇന്ത്യൻ ചാപ്റ്റർ നൽകി. |
രജിസ്ട്രേഷൻ | 15250 | അഡ്വാൻസ് തിരികെ | 102000 | - |
അഡ്വാൻസ് | 102000 | പ്രിന്റിംഗ് | 49172 | - |
- | - | പോസ്റ്റേജ് | 935 | - |
- | - | യാത്രാപ്പടി | 6070 | - |
- | - | സ്റ്റേഷനറി | 5845 | - |
- | - | ഫോട്ടോ | 5200 | - |
- | - | വാടക | 10050 | - |
- | - | പബ്ളിസിറ്റി | 8190 | - |
- | - | ഇന്റർനെറ്റ്/ഫോൺ | 3869 | - |
- | - | മീഡിയ | 134 | - |
- | - | സ്റ്റേജ് ഡെക്കറേഷൻ,ആർച്ച് | 12000 | - |
- | - | സൗണ്ട്&ലൈറ്റ് | 15010 | - |
- | - | വീഡിയോ ഡോക്യുമെന്റേഷൻ | 6000 | - |
- | - | മറ്റിനം | 560 | - |
- | - | ബാങ്ക് ബാലൻസ് | 25949 | - |
ആകെ | 335800.00 | ആകെ | 335800.00 | - |
ഐ.ടി. മിഷനിൽ നിന്ന് 20000/- രൂപയുടെ ചെക്ക് 29.9.2012 ന് ലഭിച്ചു. അതുൾപ്പെടെ നിലവിലെ ബാലൻസ് 45949/-
ബാക്കിയുള്ള തുകയിൽ നിന്ന് 25949/- രൂപ വിക്കി @ 10 ആഘോഷങ്ങൾക്കായി ചെലവഴിക്കാൻ ഫൗണ്ടേഷനോട് അഭ്യർത്ഥിക്കുകയും അനുമതി ലഭിച്ചതിനാൽ കേരളത്തിലെ വിവിധ ഇടങ്ങളിലെ വിക്കി ആഘോഷ കമ്മറ്റികൾക്ക് നൽകുകയും ചെയ്തു.
വിക്കി @ 10 ആഘോഷം
[തിരുത്തുക]ഇനം | തുക |
---|---|
എറണാകുളം | 21250 |
കോഴിക്കോട് | 3000 |
അഞ്ചൽ(കൊല്ലം) | 1079 |
കൊറിയർ ചാർജ് | 620 |
ആകെ | 25949 |
ബാക്കി | 20000 |
ബാക്കിയുള്ള 20000/- രൂപ അഞ്ചൽ നടക്കുന്ന ഐ.ടി. @സ്കൂൾ - വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയുടെ സമാപനത്തിനും കൊല്ലം കേന്ദ്രീകരിച്ചുള്ള വിക്കി പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കാൻ സംഘാടക സമിതി തീരുമാനിച്ചു.
വിലയിരുത്തൽ
[തിരുത്തുക]ഇന്ത്യയിൽ ആദ്യത്തെ ഭാഷാ വിക്കി കോൺഫറൻസ് ആയിരുന്നു വിക്കിസംഗമോത്സവം. മലയാളം വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഗുണപ്രദമാക്കാനും ഈ സംഗമോത്സവം ഉപകരിച്ചു. മലയാളം വിക്കിപദ്ധതികളീൽ പ്രവർത്തിക്കുന്നവർക്ക് നേരിൽ കാണാനും ആശയവിനിമയം നടത്താനം ഇടയായത് മലയാള വിക്കി പ്രവർത്തനങ്ങളുടെ ഏകോപനത്തിന് സഹായകമായി. സംഗമോത്സവത്തിന് കിട്ടിയ മാദ്ധ്യമ ശ്രദ്ധ കൂടുതലാളുകളെ വിക്കിയിലേക്കാകർഷിച്ചു. പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൈമറി സ്കൂൾ കുട്ടികൾ കേശവീയം മഹാകാവ്യം വിക്കി ഗ്രന്ഥശാലയിലേക്ക് ചേർത്തത് ഏറെ പ്രതീക്ഷ നൽകുന്നു. ഇതിന്റെ തുടർച്ചയായി കൊല്ലത്തെ സ്കൂൾ വിദ്യാർത്ഥികൾ വിക്കി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് അഭിമാനം നൽകുന്നു. സംഗമോത്സവത്തിന്റെ ഭാഗമായുള്ള ചർച്ചകളെ തുടർന്ന് അഞ്ചൽ ഗവ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഐ.ടി@സ്കൂൾ - വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയാണ്. തുടർന്നും നൂതനമായ വിവിധ പദ്ധതികൾ സംഗമോത്സവ്ത്തിന്റെ ഭാഗമായി വിക്കിപീഡിയർക്ക് ലഭിച്ചിട്ടുള്ള ബന്ധങ്ങളിലൂടെ ലഭിക്കും എന്ന് കരുതുന്നു.