വിക്കിപീഡിയ:പത്രക്കുറിപ്പ്/മലയാളം വിക്കിപീഡിയയിൽ 15000 ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയ 15,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ 15000 ലേഖനങ്ങൾ

മലയാളത്തിലെ സതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) 15,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2010 നവംബർ 10-നാണ് മലയാളം വിക്കിപീഡിയ 15000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.

വിജ്ഞാനം പങ്കുവെക്കാനും മലയാളഭാഷയോട് താല്പര്യവുമുള്ള നിരവധി പേർ കഴിഞ്ഞ 8 വർഷത്തോളം പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന എട്ടാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 15,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴു്, ഗുജറാത്തി എന്നിവയാണ്. 2010 നവംബർ മാസത്തെ കണക്കനുസരിച്ച് 21000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 280 പേരാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്. ഇതിൽ 19 പേർ അഡ്മിനിസ്ട്രേറ്റർമാരും നാലു പേർ ബ്യൂറോക്രാറ്റുകളുമാണ്.

2002 ഡിസംബർ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ എട്ട് വർഷത്തിനുള്ളിൽ പതിനയ്യായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി എല്ലാം മലയാളം വിക്കിപദ്ധതികളും മാറും.

മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവർത്തകർ പടുത്തുയർത്തിയിരിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ വളരെയേറെ മുന്നിലാണു്.

മലയാളം വിക്കിപീഡിയ മികച്ചുനിൽക്കുന്ന മേഖലകൾ:[തിരുത്തുക]

  • ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷാ വിക്കിപീഡിയ,
  • ഒരു ലേഖനത്തിൽ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം
  • വിക്കിപീഡിയ സി.ഡി, വിക്കിപീഡിയ പതിവ് ചോദ്യങ്ങൾ പുസ്തകം തുടങ്ങിയവ പുറത്തിറക്കിയ ഏക ഇന്ത്യൻ വിക്കി സമൂഹം

ഇങ്ങനെ തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു , വിക്കിചൊല്ലുകൾ, വിക്കിപാഠശാല തുടങ്ങിയവ), ഇന്ത്യൻ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളെ അപേക്ഷിച്ച് വളരെയധികം മുൻപിലാണ്.

മലയാളം വിക്കി സമൂഹത്തിന്റെ വിലാസം : https://lists.wikimedia.org/mailman/listinfo/wikiml-l

ഇമെയിൽ വിലാസം: wiki.malayalam@gmail.com

പത്രവാർത്തകൾ[തിരുത്തുക]