വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ജൂലൈ 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
<< ജൂലൈ 2020 >>

ജൂലൈ 1 - 2

മഞ്ഞത്തലയൻ വാലുകുലുക്കി

വാലാട്ടിപ്പക്ഷികളുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണ് മഞ്ഞത്തലയൻ വാലുകുലുക്കി. മെലിഞ്ഞ ശരീരവും, ശരീരത്തിന്റെ അത്രത്തോളം നീളമുള്ള വാലും, മഞ്ഞ മുഖവും, മാറിൽ മഞ്ഞ പുള്ളികളുമാണ് ഇതിന്റെ പ്രത്യേകതകൾ. ഒറ്റയായി ഭക്ഷണം അന്വേഷിച്ച് നടക്കുന്ന സ്വഭാവമുണ്ട്. ചതുപ്പ് സ്ഥലങ്ങളിലും പുഴയോരത്തും കൂടുകൂട്ടുന്ന ഇവയുടെ ഭക്ഷണം പുഴുക്കളും, ഷഡ്‌പദങ്ങളുമാണ്‌.

ഛായാഗ്രഹണം: നിഷാദ് കൈപ്പള്ളിജൂലൈ 3 - 6

നാടോടി

ഇന്ത്യയിലെ കാടുകൾക്കരികിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് നാടോടി. മൂന്ന് സെന്റിമീറ്റർ വരെ നീളമുള്ള തുമ്പിക്കൈകളാൽ ഇവ നീണ്ട തേൻനാളികളുള്ള പൂക്കളിലെ തേൻ നുകരുന്നത് കാണാം. ആൺശലഭങ്ങളുടെ പുറം തിളങ്ങുന്ന ആകാശനീലനിറമാണെങ്കിലും പെൺശലഭങ്ങൾ മങ്ങിയ നീലനിറത്തിൽക്കാണപ്പെടുന്നു. കപ്പാരിസേ കുടുംബത്തിൽപ്പെട്ട ഗിടോരൻ തുടങ്ങിയ സസ്യങ്ങളിലാണ് ഇവ കൂട്ടത്തോടെ മുട്ടയിടുന്നത്. ഇലയുടെ നടുവിലുള്ള ഞരമ്പിലാണ് ശലഭപ്പുഴു കിടക്കുന്നത്. പെൺശലഭങ്ങൾ നീലക്കടുവശലഭങ്ങളെ അനുകരിക്കാറുണ്ട്.

ഛായാഗ്രഹണം: Sherifchalavaraജൂലൈ 7 - 11

നീലക്കടുവ

ദക്ഷിണേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും കാണപ്പെടുന്ന ചിത്രശലഭമാണ് നീലക്കടുവ. പ്രശസ്തമായ മൊണാർക്ക് പൂമ്പാറ്റകളെപ്പോലെ ദേശാടനസ്വഭാവമുള്ള ഇവ ആറളം വന്യജീവിസങ്കേതത്തിലും മറ്റും വലിയകൂട്ടമായി ഒത്തുചേരാറുണ്ട്.

ഛായാഗ്രഹണം: രൺജിത്ത് ചെമ്മാട്ജൂലൈ 12 - 16

പവിഴവാലൻ

നീർമുത്തൻ കുടുംബത്തിലെ ഏഷ്യയിലും ആസ്ത്രേലിയയിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ. പകൽ സമയങ്ങളിൽ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ വിശ്രമിക്കുന്ന ഇവ ഉദയാസ്തമയസമയങ്ങളിൽ സജീവമാകുന്നു. ആൺതുമ്പികളുടെ മുകൾഭാഗം ചുവന്ന നിറത്തിലും, വശങ്ങൾ മഞ്ഞ കലർന്ന നേർത്ത തവിട്ടുനിറം കലർന്ന ഉരസ്സുമാണുള്ളത്. ചുവപ്പുനിറത്തിലുള്ള വാലും, നേർത്ത നീലനിറം കലർന്ന വെള്ളയിൽ പൊട്ടുകളും തവിട്ടു ഛായയോടു കൂടിയ ചിറകും കാണപ്പെടുന്നു. ആകെ വിളർത്ത തവിട്ടു നിറമാണ് പെൺതുമ്പികളുടേത്. എല്ലാത്തരം ജലാശയങ്ങളിലും ഇവ പ്രജനനം നടത്തുന്നു.

ഛായാഗ്രഹണം: ജീവൻ ജോസ്ജൂലൈ 17 - 25

ആൽബട്രോസ് ശലഭം

പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭം കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനമാണിത്. കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ഇവയുടെ ലാർവകൾ, തലയ്ക്ക് മഞ്ഞനിറമാണ്. മഞ്ഞനിറമുള്ള പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്.

ഛായാഗ്രഹണം: വിനയരാജ്ജൂലൈ 26 - 30

മൈന

ഒരു ചെറിയ പക്ഷിയാണ് മൈന. നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്. കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും.

ഛായാഗ്രഹണം: Essarpee1ജൂലൈ 31

വരയൻ ചാത്തൻ

ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ ചാത്തൻ. അരുണാചൽ പ്രദേശ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂലൈ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

ഛായാഗ്രഹണം: ജീവൻ ജോസ്