വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
വിക്കിപീഡിയയുടെ നയങ്ങൾ |
---|
തത്ത്വങ്ങൾ |
പഞ്ചസ്തംഭങ്ങൾ |
തർക്കവിഷയങ്ങൾ |
സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
ഒത്തൊരുമിച്ചുള്ള പ്രവർത്തനം |
മര്യാദകൾ വ്യക്തിപരമായി |
കൂടുതൽ |
നയങ്ങളുടെ പട്ടിക |
മലയാളം വിക്കിപീഡിയയിലെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ ചുരുക്കത്തിൽ വിവരിക്കുകയാണിവിടെ. ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് ഈ താളിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുക.
നിർബന്ധമായും നൽകേണ്ടവ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ താഴെപറയുന്ന രണ്ട് കാര്യങ്ങൾ താങ്കൾ നിർബന്ധമായും നൽകേണ്ടതാണ്.
1. പകർപ്പവകാശ വിവരങ്ങൾ രേഖപ്പെടുത്തുക.
- ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ നിന്നും അനുയോജ്യമായ അനുബന്ധം തെരെഞ്ഞെടുത്ത് ചേർക്കാവുന്നതാണ്, സംശയം തോന്നുകയാണെങ്കിൽ പകർപ്പവകാശം നിക്ഷിപ്തമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കുക.
2. ഉറവിടം രേഖപ്പെടുത്തുക.
- പ്രസ്തുത ചിത്രം എവിടെ നിന്ന് ലഭ്യമായി എന്നും, ഉറവിടം യഥാർത്ഥമാണൊ എന്ന് പരിശോധിക്കുവാൻ ആവശ്യമായ വിവരങ്ങളും നൽകുക. ഉദാഹരണത്തിന് വിക്കിപീഡിയ ഉപയോക്താവിന്റെ ഉടമസ്ഥതയിലുള്ള ചിത്രങ്ങൾക്ക് സ്വന്തം, സ്വന്തം രചന, എന്നിങ്ങനെ അനുയോജ്യമായ രീതിയിലുള്ള വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അവ ലഭ്യമായ വെബ് വിലാസം, ഛായാഗ്രാഹകനെ ബന്ധപ്പെടാനുള്ള ഉപാധി, എഴുത്തിന്റെ സ്കാൻ ചെയ്ത പതിപ്പ്, ഒ.ടി.ആർ.എക്സ്. ടിക്കറ്റ്, എന്നിവയോ നൽകാവുന്നതാണ്. സ്ക്രീൻ ഷോട്ടുകളാണെങ്കിൽ അവയുടെ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകാവുന്നതാണ്. വിവരങ്ങൾ ചിത്രത്തിൽ രേഖപ്പെടുത്താതിരിക്കുവാൻ ദയവായി ശ്രദ്ധിക്കുക
പ്രധാന നയങ്ങൾ
- ചിത്രത്തിന്റെ വിവരണങ്ങൾക്കായുള്ള താളിൽ വിശദാംശങ്ങളും, പകപ്പവകാശ വിവരങ്ങളും, ഉറവിടവും വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം, തുടങ്ങിയവ രേഖപ്പെടുത്തുന്നത് കൂടുതൽ ഉപകാരപ്രദമാണ്.
- സ്പഷ്ടവും വിശദവുമായ തലക്കെട്ട് (ഫയൽ നെയിം) നൽകുക. താങ്കൾ നൽകുന്ന തലക്കെട്ടിൽ ഏതെങ്കിലും ചിത്രം നിലവിലുണ്ടെങ്കിൽ അതിനുപകരമായി താങ്കളുടെ ചിത്രം ചേർക്കപ്പെടുന്നതിനാൽ അവ ശ്രദ്ധയോടെ നൽകുക. തലക്കെട്ട് അല്പം നീണ്ടുപോയാലും പ്രശ്നമില്ല.
- ചിത്രത്തിന്റെ ഉയർന്ന നിലവാരമുള്ള, പൂർണ്ണപതിപ്പുതന്നെ (അവ ന്യായോപയോഗ മാനദണ്ഡത്തിലുള്ളതല്ലെങ്കിൽ) ചേർക്കുവാൻ ശ്രമിക്കുക. ചിത്രത്തിനു വലിപ്പവ്യത്യാസം വരുത്തുകയാണെങ്കിൽ ആനുപാതികമായി മാത്രം ക്രമീകരിക്കുക. ലേഖനങ്ങളിൽ ചിത്രത്തിന്റെ വലിപ്പം വിക്കിപീഡിയ:വിന്യാസം വഴി വ്യവസ്ഥപ്പെടുത്താവുന്നതാണ്. 20 മെഗാബൈറ്റ്സ് വരെയുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണ്.
- പ്രതിപാദ്യവസ്തു വ്യക്തമാകുന്ന വിധത്തിൽ ചിത്രം മുറിക്കുക. പ്രസക്തമായ വിഷയത്തിൽ നിന്നും ശ്രദ്ധതിരിച്ചേക്കാവുന്ന ഭാഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുക.
- രേഖപ്പെടുത്തലുകളുള്ള ചിത്രങ്ങളോ, ഭൂപടങ്ങളോ, ചേർക്കുമ്പോൾ രേഖപ്പെടുത്തലുകളില്ലാത്ത ഒരു പതിപ്പുകൂടി ദയവായി അപ്‌ലോഡ് ചെയ്യുക. ഇത് ഇതര ഭാഷാ വിക്കിപീഡിയകൾക്ക് അവരുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുവാൻ സഹായകമാകും.
- പലപ്പോഴും അപ്രാപ്യമാണ് എന്നതിനാൽ, ആശയം വ്യക്തമാക്കുന്നതിന് നിറങ്ങൾ മാത്രമായി ഉപയോഗിക്കാതിരിക്കുവാൻ ശ്രമിക്കുക.
- ഏറ്റവും അനുയോജ്യമായ ഘടനയിലുള്ള പ്രമാണങ്ങൾ ഉപയോഗിക്കുക. ഛായാചിത്രങ്ങൾക്ക് JPEG, മുദ്രകൾ, വരകൾ, ഭൂപടങ്ങൾ, പതാകകൾ, ഐക്കണുകൾ, തുടങ്ങിയവയ്ക്ക് SVG, സ്കീൻഷോട്ടുകൾക്ക് PNG, അനിമേഷനുകൾക്ക് GIF, വീഡിയോകൾക്ക് Ogg അല്ലെങ്കിൽ Theora, എന്നിങ്ങനെ.
- ചിത്രങ്ങൾ പകരം കാണാവുന്ന മെച്ചപ്പെട്ട പകരവാക്യം ഉപയോഗിക്കുക.
- പൊതുവെ ലഘുചിത്രത്തിന്റെ വലിപ്പം പ്രത്യേകം ചേർക്കേണ്ടതില്ല. അവ ഉപയോക്താവിന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്.
- ലേഖനത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുവാൻ വേണ്ടി മാത്രമായി ഭയാനകവും മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമായ ചിത്രങ്ങൾ ഉൾപ്പെടുത്താതിരിക്കുക. പൊതുവേ ഗോപ്യമായിക്കരുതുന്ന ചിത്രങ്ങൾ (ഉദാ: ലൈംഗിക കേളികൾ, ഗുഹ്യാവയവങ്ങൾ, തുടങ്ങിവ) അത്യാവശ്യഘട്ടങ്ങളിൽ ഉൾപ്പെടുത്തേണ്ടിവരുമ്പോൾ വിക്കിപീഡിയ സമൂഹത്തിന്റെ അഭിപ്രായ സമവായത്തോടെ ഉൾപ്പെടുത്തുക.
ചിത്രങ്ങൾ ചേർക്കുമ്പോൾ
വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക
- ചിത്രത്തിന്റെ ഉടമ നിങ്ങൾതന്നെയാണ്;
- അല്ലെങ്കിൽ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങൾക്കു തെളിയിക്കാനാകും;
- അതുമല്ലെങ്കിൽ ചിത്രം പൊതുസഞ്ചയത്തിൽ (പബ്ലിക് ഡൊമെയ്ൻ) ഉള്ളതാണെന്നു തെളിയിക്കാനാകും;
- അതുമല്ലെങ്കിൽ ഈ ചിത്രം വിക്കിപീഡിയയിൽ ന്യായോപയോഗ പരിഗണനകൾ പ്രകാരം ഉപയോഗിക്കാവുന്നതാണെന്നു നിങ്ങൾ കരുതുന്നുണ്ട്.
ചിത്രങ്ങൾക്കു യോജിച്ച പകർപ്പവകാശ ടാഗും ചിത്രത്തെ സംബന്ധിച്ച അവശ്യവിവരങ്ങളും ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ചിത്രത്തിനൊപ്പം ചേർക്കേണ്ട അവശ്യവിവരങ്ങൾ താഴെപ്പറയുന്നവയാണ്.
- വിവരണം: ചിത്രത്തിന്റെ വിഷയം
- ഉറവിടം: പകർപ്പവകാശ ഉടമയെ സംബന്ധിച്ച വിവരങ്ങൾ അല്ലെങ്കിൽ അതുൾക്കൊള്ളുന്ന യുആർഎൽ
- തീയതി: ചിത്രമെടുത്ത തീയതി.
- സ്ഥലം: ചിത്രമെടുത്ത സ്ഥലം.
- സ്രഷ്ടാവ്: ചിത്രത്തിന്റെ ഉടമയല്ലെങ്കിൽ അതെടുത്തയാളുടെ (ഛായാഗ്രാഹകന്റെ) പേര്.
- അനുമതി: വിക്കിപീഡിയയിലെ ഉപയോഗത്തെ സാധൂകരിക്കുന്ന പകർപ്പവകാശ ടാഗ്.
- ഇതര പതിപ്പുകൾ: ചിത്രത്തിന്റെ ഇതരപതിപ്പുകൾ (നിർബന്ധമില്ല)
- വാണിജ്യാവശ്യത്തിനല്ലാതെ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ളവയോ (Non commercial), പരിഷ്കരിക്കാൻ അനുവാദമില്ലാത്തതോ (Non derivative) ആയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ യോഗ്യമല്ല. അത്തരം ചിത്രങ്ങൾ ന്യായോപയോഗപ്രകാരമല്ലെങ്കിൽ ഉടനടി നീക്കം ചെയ്യപ്പെടുന്നതാണ്.