വാ.വേ.സു. അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വരാഹനെരി വെങ്കിടേശ സുബ്രഹ്മണ്യം അയ്യർ
Vvsaiyar.jpg
വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ
ജനനം(1881-04-02)ഏപ്രിൽ 2, 1881
മരണം3 ജൂൺ 1925(1925-06-03) (പ്രായം 44)
മരണ കാരണംദുരൂഹമായ സാഹചര്യത്തിൽ പാപനാശം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
ദേശീയതഭാരതീയൻ
മറ്റ് പേരുകൾവി.വി.എസ്. അയ്യർ
വിദ്യാഭ്യാസംലിങ്കൺസ് ഇൻ, ഇംഗ്ലണ്ട്
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം
ഇന്ത്യാ ഹൗസ്
സാഹിത്യം

തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യർ ( V V S Aiyer ) (2 ഏപ്രിൽ 1881 – 3 ജൂൺ 1925).[1] തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി യിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷ് വാഴ്ച്ചയ്ക്കെതിരെ പോരാടി. ബ്രിട്ടീഷ് രാജിനെ പുറത്താക്കാൻ സായുധമാർഗ്ഗം സ്വീകരിച്ച സുബ്രഹ്മണ്യ ഭാരതിയും , ഓ ചിദംബരം പിള്ളൈ യും ഇദ്ദേഹത്തിന്റെ സമകാലികർ ആയിരുന്നു. ബ്രിട്ടീഷ് സർക്കാർ അയ്യരെ ഒരു തവണ പോണ്ടിച്ചേരിയിലേക്ക് നാടുകടത്തിയിരുന്നു.

ഒരു എഴുത്തുകാരൻ കൂടിയായിരുന്ന അയ്യർ, ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു.[2] കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തത് അയ്യർ ആയിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കടുത്തുള്ള വരാഹനേരി എന്ന ഗ്രാമത്തിൽ 1881 ഏപ്രിൽ രണ്ടിനാണ് അയ്യർ ജനിച്ചത്. ഗ്രാമത്തിൽ തന്നെയുള്ള വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെന്റ്.ജോസഫ്സ് കോളേജിൽ നിന്നും, ബി.എ.യും, മദ്രാസ്സ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. കുറച്ചു കാലം തിരുച്ചിറപ്പിള്ളി ജില്ലാ കോടതികളിൽ പ്ലീഡറായി ജോലി ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ബർമ്മയിലെ റംഗൂണിലേക്കു പോവുകയും, അവിടെ ഒരു ഇംഗ്ലീഷുകാരന്റെ കീഴിൽ അഭിഭാഷകനായി ജോലി ആരംഭിക്കുകയും ചെയ്തു. 1907 ൽ അയ്യർ ഇംഗ്ലണ്ടിൽ ലിങ്കൺസ് ഇൻ കോടതിയിൽ ജോലിക്കായി ചേരുകയും, അതോടൊപ്പം ബാരിസ്റ്റർ-ഇൻ-ലോ എന്ന ബിരുദത്തിനായി പഠനം തുടങ്ങുകയും ചെയ്തു.

ഇംഗ്ലണ്ട്[തിരുത്തുക]

തന്റെ ഇംഗ്ലണ്ട് ജീവിതത്തിനിടയിലാണ് അയ്യർ ഇന്ത്യാ ഹൗസുമായി അടുക്കുന്നത്. സവർക്കറുമായുള്ള അടുപ്പത്തിൽ നിന്നാണ് അയ്യർ ദേശീയപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുന്നത്. സായുധസമരരീതികളിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന തീവ്രവിപ്ലവചിന്താഗതി വച്ചു പുലർത്തിയിരുന്ന ഒരാളായിരുന്നു അയ്യർ

രാഷ്ട്രീയം[തിരുത്തുക]

1910 ൽ ബ്രിട്ടീഷ് സർക്കാർ അയ്യർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ലിങ്കൺസ് ഇന്നിൽ നിന്നും രാജിവെച്ച് അയ്യർ പാരീസിലേക്കു പലായനം ചെയ്തു. പാരീസിൽ ഒരു രാഷ്ട്രീയ അഭയാർത്ഥിയായി തുടരാനാണ് അയ്യർ തീരുമാനിച്ചതെങ്കിലും, അദ്ദേഹത്തിന് ഇന്ത്യയിലേക്കു മടങ്ങിപ്പോരേണ്ടി വന്നു. 1910 ഡിസംബർ നാലിന് അയ്യർ ഒരു മുസ്ലിംമായി വേഷംമാറി പോണ്ടിച്ചേരിയിൽ വന്നിറങ്ങി. പെട്ടെന്നുണ്ടാവുമെന്നു കരുതിയ അറസ്റ്റിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഈ പ്രച്ഛന്നവേഷം. പിന്നീടുള്ള പത്തുവർഷക്കാലം അയ്യരുടെ പ്രവർത്തനമേഘന പോണ്ടിച്ചേരി തന്നെയായിരുന്നു.

സുബ്രഹ്മണ്യഭാരതിയും, അരബിന്ദോയുമൊക്കെയായി അയ്യർ പരിചയപ്പെടുന്നതും ഒത്തു ചേർന്നു പ്രവർത്തിക്കുന്നതും ഈ സമയത്താണ്. തിരുനെൽവേലി കളക്ടറെ വധിക്കാനുള്ള പദ്ധതിയിൽ അയ്യരും പങ്കാളിയായി.[3] കളക്ടറുടെ മരണത്തോടെ, അയ്യരുടെ ഒളിവു ജീവിതം അവസാനിച്ചു.

1914 സെപ്റ്റംബർ 22 ന് ജർമ്മൻ യുദ്ധക്കപ്പൽ മദ്രാസ് തുറമുഖത്ത് ബോംബിട്ടു. മൂന്നുപേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു.[4][5]പോണ്ടിച്ചേരിയിൽ താമസിക്കുന്ന രാഷ്ട്രീയ അഭയാർത്ഥികളുടെ സഹായത്തോടെയാണ് ഇതെന്നു ബ്രിട്ടൻ ആരോപിക്കുകയും അവരെ ഉടൻ തന്നെ നാടുകടത്താൻ ഫ്രഞ്ച് സർക്കാരിനോടു ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് സർക്കാർ നിരവധി കേസുകൾ ഇവർക്കെതിരേ ഉന്നയിച്ചുവെങ്കിലും, ഒന്നിൽപോലും അവരെ കുറ്റവാളികളാക്കാൻ കഴിഞ്ഞിരുന്നില്ല.

സാഹിത്യം[തിരുത്തുക]

ആഷ് വധക്കേസിനുശേഷം ഫ്രഞ്ച് സർക്കാർ അയ്യരെ വേട്ടയാടിക്കൊണ്ടിരുന്ന കാലത്താണ് അദ്ദേഹം തിരുക്കുറൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുന്നത്.[6] ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അയ്യർ തിരികെ മദ്രാസിലേക്കു വരുകയും, ദേശഭക്തൻ എന്ന ഒരു പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കുയും ചെയ്തു. 1921 ൽ അയ്യരെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്യുകയും, ഒമ്പതു മാസം ജയിലിലടക്കുകയും ചെയ്തു. ജയിൽവാസകാലത്താണ് കമ്പരാമായണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം നിർവ്വഹിക്കുന്നത്.

മരണം[തിരുത്തുക]

പാപനാശം വെള്ളച്ചാട്ടത്തിൽ തന്റെ മകളായ സുഭദ്രയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അയ്യർ മുങ്ങിമരിക്കുകയാണുണ്ടായത്.

അവലംബം[തിരുത്തുക]

  • മോഹൻലാൽ (1992). ദ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ. കേന്ദ്ര സാഹിത്യ അക്കാദമി (ഇന്ത്യ). p. 4544. ISBN 81-260-1221-8.
  1. മോഹൻലാൽ (1992). ദ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ. കേന്ദ്ര സാഹിത്യ അക്കാദമി (ഇന്ത്യ). p. 4544. ISBN 81-260-1221-8.
  2. ദ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ - മോഹൻലാൽ പുറം 4544
  3. "ദ ആഷ് മർഡർ കേസ്". മദ്രാസ് മ്യൂസിങ്സ്. ശേഖരിച്ചത് 2014-11-21.
  4. "വെൻ ഏംഡൻ ബോംബ്ഡ് മദ്രാസ്". ദ ഹിന്ദു. 2012-08-11. ശേഖരിച്ചത് 2014-11-21.
  5. "എംഡൻ, ദ റെയ്ഡർ". ഫ്രണ്ട്ലൈൻ. 2014-09-05. ശേഖരിച്ചത് 2014-11-21.
  6. "വൺ ഹണ്ട്രഡ് തമിൾസ് ഓഫ് 20ത് സെഞ്ച്വറി". തമിൾനേഷൻ. ശേഖരിച്ചത് 2014-11-21.
"https://ml.wikipedia.org/w/index.php?title=വാ.വേ.സു._അയ്യർ&oldid=2285861" എന്ന താളിൽനിന്ന് ശേഖരിച്ചത്