തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാസുദേവപുരം ക്ഷേത്രം തവനൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ തവനൂർ ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരള കാർഷിക എൻജിനീയറിങ് കോളേജ് വളപ്പിൽ വനനിബിഡമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന രൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ്. കൂടാതെ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് എണ്ണൂറുവർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ ക്ഷേത്രം, പിന്നീട് കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിലാണ് നവീകരിയ്ക്കപ്പെട്ടത്. ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, ധനുമാസത്തിൽ കുചേലദിനം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.* A visit to Vasudevapuram

ഐതിഹ്യം[തിരുത്തുക]

വില്വമംഗലം സ്വാമിയാർക്ക് നിത്യവും പ്രത്യക്ഷനായിരുന്നു ശ്രീകൃഷ്ണഭഗവാൻ എന്ന കഥ വളരെ പ്രസിദ്ധമാണ്. ബാലരൂപത്തിലാണ് അദ്ദേഹം ഭഗവാനെ ഉപാസിച്ചിരുന്നത്. അത്തരത്തിൽ ഉപാസിയ്ക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത രൂപമാണ് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഉണ്ണിക്കണ്ണന്റേത്. സ്വാമിയാരുടെ സമാധിയ്ക്കുശേഷം പ്രസ്തുത വിഗ്രഹം പ്രത്യേകക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. പിന്നീട് ഉപദേവതകൾക്കും പ്രതിഷ്ഠ കൊടുത്തു. തവനൂരിലുള്ള ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ഇതിന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. ഇതിന്റെ മറുകരയിലാണ് പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം. അങ്ങനെ, ത്രിമൂർത്തികളുടെ സാന്നിദ്ധ്യം കൂടുന്ന ഈ സ്ഥലത്തിന് 'മൂവങ്കര' എന്ന പേരുവന്നു.

എന്നാൽ, ഈ ഐതിഹ്യം ഏറെ സംശയാസ്പദമാണ്. വില്വമംഗലം സ്വാമിയാർ യഥാർത്ഥത്തിൽ ഒരു വ്യക്തിയല്ല എന്നതുതന്നെയാണ് കാരണം. കുറഞ്ഞത് മൂന്ന് വില്വമംഗലം സ്വാമിയാർമാരെങ്കിലുമുണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ പറയാറുണ്ട്. ഒമ്പത്, പതിമൂന്ന്, പതിനേഴ് എന്നീ നൂറ്റാണ്ടുകളിലായാണ് വില്വമംഗലം സ്വാമിയാർമാർ ജീവിച്ചിരുന്നത്. ക്ഷേത്രത്തിന് എണ്ണൂറുവർഷത്തെ പഴക്കമുണ്ടെന്ന ഊഹം വച്ചുനോക്കുമ്പോൾ ഇവരിൽ രണ്ടാമത്തെയാളാണ് ക്ഷേത്രനിർമ്മാണം നടത്തിയതെന്ന് ഊഹിയ്ക്കാം. ക്ഷേത്രനിർമ്മാണത്തിനുശേഷമേ ഈ സ്ഥലത്തിനും പരിസരത്തിനും 'വാസുദേവപുരം' എന്ന പേരും വന്നുകാണൂ.

ചരിത്രം[തിരുത്തുക]

വില്വമംഗലം സ്വാമിയാരുടെ കാലശേഷം ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം മറവഞ്ചേരി മനയ്ക്ക് ലഭിച്ചു. നിരവധി ഭൂസ്വത്തുക്കൾ സ്വന്തമായുള്ള ഒരു കുടുംബമായിരുന്നു ഇത്. നാരായണീയകർത്താവായിരുന്ന മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കുടുംബം ലയിച്ചത് മറവഞ്ചേരി മനയിലേയ്ക്കാണ്. ഇത് മറ്റൊരു സവിശേഷതയാണ്. അക്കാലത്ത് ക്ഷേത്രം വൻ തോതിൽ ജനപ്രീതി പിടിച്ചുപറ്റുകയുണ്ടായി. തിരുനാവായയിൽ ദർശനം നടത്തുന്നവർ, പുഴ കടന്നുവന്ന് ഇവിടെയും വരുന്നത് പതിവായിരുന്നു. എന്നാൽ, ടിപ്പു സുൽത്താന്റെ പടയോട്ടം ഇതെല്ലാം മാറ്റിമറിച്ചു. ടിപ്പുവിന്റെ പടയാളികൾ ക്ഷേത്രം തകർക്കുകയും സ്വത്തുക്കൾ കൊള്ളയടിയ്ക്കുകയും ചെയ്തു. എന്നാൽ ഭഗവദ്വിഗ്രഹം എങ്ങനെയോ രക്ഷപ്പെട്ടു. എങ്കിലും പിന്നീട് ക്ഷേത്രത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. 1960-കളുടെ അവസാനം വരെ ഈ അവസ്ഥ തുടർന്നു.

1960-കളുടെ അവസാനത്തിൽ, അങ്ങാടിപ്പുറം തളിക്ഷേത്രം വീണ്ടെടുക്കാനുള്ള സമരത്തിനുശേഷം കേരളഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനകൾ ക്ഷേത്രഭൂമി വീണ്ടെടുക്കാനുള്ള സമരങ്ങളുമായി കൂടുതൽ മുന്നോട്ടുപോകുകയുണ്ടായി. അതാണ് വാസുദേവപുരം ക്ഷേത്രത്തെയും വീണ്ടെടുക്കുന്നതിന് വഴിവച്ചത്. ഊരാളന്മാരായിരുന്ന മറവഞ്ചേരി മനക്കാർക്ക് ക്ഷേത്രം നടത്തിക്കൊടുക്കാനുള്ള ബുദ്ധിമുട്ട് കൂടിയായപ്പോൾ അവർ ഇത് കേളപ്പജി രൂപവത്കരിച്ച കേരള ക്ഷേത്രക്ഷേമസമിതിയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സമിതിയുടെ മേൽനോട്ടത്തിൽ ശ്രീകോവിൽ, ബലിക്കല്ല്, മുഖമണ്ഡപം തുടങ്ങിയവയുടെ പുനർനിർമ്മാണം ഭംഗിയായി നടക്കുകയുണ്ടായി. ക്ഷേത്രനിർമ്മാണം പൂർത്തിയാകും മുമ്പ് 1971 ഒക്ടോബർ ഏഴിന് കേളപ്പജി അന്തരിച്ചെങ്കിലും അദ്ദേഹത്തിൽ നിന്ന് ഊർജ്ജം ഏറ്റുവാങ്ങി പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുപോകുകയുണ്ടായി. 1980 ആയപ്പോഴേയ്ക്കും വൻ തോതിൽ പുനർനിർമ്മാണപ്രവർത്തനങ്ങൾ കഴിയുകയുണ്ടായി.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തവനൂർ ഗ്രാമത്തിന്റെ ഒത്തനടുക്ക്, കേളപ്പജി കാർഷിക കോളേജിന്റെ അകത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ വടക്കുവശത്തുകൂടി ഭാരതപ്പുഴയൊഴുകുന്നു. 42 സെന്റ് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോളേജിനകത്ത്, ഏകദേശം നാലുസെന്റ് സ്ഥലമാണ് ക്ഷേത്രത്തിനായി വിട്ടുകൊടുത്തിരിയ്ക്കുന്നത്. ബാക്കിയുള്ള ഭാഗം മുഴുവൻ കോളേജ് വകയാണ്. നിരവധി മരങ്ങൾ തഴച്ചുവളരുന്ന ഈ സ്ഥലം, ഒരു കാവിന്റെ പ്രതീതി നൽകുന്നു.