വാഴുവേലിൽ തറവാട്, ആറന്മുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് വാഴുവേലിൽ തറവാട്. ആറന്മുള ക്ഷേത്രത്തിലുള്ള വിഗ്രഹം നേരത്തെ സൂക്ഷിച്ചിരുന്നതടക്കം നിരവധി ചരിത്ര സംഭവങ്ങൾക്ക് ഭാഗഭാക്കായ തറവാടാണിത്. തിരുവിതാംകൂറിൽ സ്ത്രീകളിൽ ആദ്യ സംസ്‌കൃത എം.എ. ബിരുദധാരിയായ കാർത്ത്യായനിയമ്മ, ഭർത്താവ് ബോധേശ്വരൻ, വിദ്യാഭ്യാസവിദഗ്ദയായ ഡോ.ഹൃദയകുമാരി, കവിയത്രി സുഗതകുമാരി, കവിയത്രിയും യാത്രാവിവരണ കൃതികളുടെ കർത്താവുമായ ഡോ.സുജാതാദേവി തുടങ്ങിയ പ്രതിഭകൾ താമസിച്ച ഈ തറവാട് കേരളത്തിന്റെ സ്വാതന്ത്രസമരചരിത്രത്തെയും സാഹിത്യ സാംസ്‌കാരിക രംഗങ്ങളെയും ഏറെ സ്വാധീനിച്ച ഇടമാണ്.[1]

തറവാടും ആറന്മുള ക്ഷേത്രവും[തിരുത്തുക]

ആറന്മുള പാർത്ഥസാരഥി ക്ഷേത്ര ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിയിടങ്ങളിൽ നിന്ന് നെല്ലളന്നു വാങ്ങി ക്ഷേത്രാവശ്യത്തിന് അരി എത്തിച്ചു കൊടുക്കേണ്ട ചുമതല വാഴുവേലി കുടുംബത്തിനായിരുന്നു. ക്ഷേത്രത്തിൽ ആണ്ടു തോറും ധനു മാസത്തിലും കർക്കിടക മാസത്തിലും നടക്കുന്ന നിറ പുത്തരിക്ക് ആദ്യ കറ്റ സമർപ്പിക്കാനുള്ള അവകാശം വാഴുവേലി കുടുംബത്തിനാണ്. ആറന്മുള ക്ഷേത്രത്തെക്കാൾ പഴക്കം വാഴുവേലിൽ കുടുംബത്തിനുണ്ടെന്നും ക്ഷേത്ര പ്രതിഷ്ഠക്കുള്ള വിഗ്രഹം ആദ്യം കൊണ്ടു വച്ചത് വാഴുവേലി കുടുംബത്തിലെ അറയിലായിരുന്നെന്ന് വാമൊഴി കഥകളുണ്ട്.[2]

തറവാട് വീടിന്റെ ഘടന[തിരുത്തുക]

അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മുന്നിൽ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിനുള്ളിൽ ഉള്ളത്.

തറവാട് വീടിന്റെ പുനർനിർമ്മാണം[തിരുത്തുക]

രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുള്ള വാഴുവേലിൽ തറവാടിന്റെ പുനർനിർമാണം,[3] സംസ്ഥാന പുരാവസ്തുവകുപ്പിന്റെ ചുമതലയിൽ നടന്നു വരുന്നു. തറവാടിന്റെ പഴയ തനിമ നിലനിർത്തിക്കൊണ്ട് പുനർനിർമ്മിക്കുന്നത്. വാസ്തുവിദ്യാ ഗുരുകുലമാണ്, പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. വാഴുവേലിൽ തറവാട്ടിൽ ഉണ്ടായിരുന്ന പടിപ്പുര, സർപ്പക്കാവ്, നടപ്പാത എന്നിവയെല്ലാം പഴയ മാതൃകയിൽ, സംരക്ഷിക്കുന്നുണ്ട്. ഒരു  നൂറ്റാണ്ടിലെ രണ്ട് പ്രളയം അതിജീവിച്ചെങ്കിലും പ്രളയത്തിൽ തടികളെല്ലാം ജീർണിച്ചതോടെ പുതുതായി തടി വാങ്ങി ഭിത്തികൾ നിർമിക്കുകയാണ്. തറവാടിനെ അതേ രീതിയിൽ സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സുഗതകുമാരിയുടെ ആഗ്രഹപ്രകാരം തറവാട് സംരക്ഷിത സ്മാരകമാക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്യുന്നത്. തറവാടിന്റെ ഉടമസ്ഥാവകാശം അവർക്കു തന്നെയാണ്.

അവലംബം[തിരുത്തുക]

  1. "സുഗതകുമാരിയുടെ വാഴുവേലിൽ തറവാടിന്റെ പുനർനിർമാണം അവസാനഘട്ടത്തിൽ". dcbooks. March 7, 2020. Retrieved September 29, 2020.
  2. ശ്രീരംഗനാഥൻ, കെ.പി. (2018). ആറന്മുള ഐതിഹ്യങ്ങളും ചരിത്രസത്യങ്ങളും. മലപ്പുറം: വള്ളത്തോൾ വിദ്യാപീഠം. pp. 167–169. ISBN 978-93-83570-94-2.
  3. "സുഗതകുമാരിയുടെ തറവാട് ഇനി സംരക്ഷിതകേന്ദ്രം". മനോരമ. August 5, 2017. Archived from the original on 2020-09-29. Retrieved September 29, 2020.{{cite web}}: CS1 maint: bot: original URL status unknown (link)