വാഴക്കുന്നം നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴകുന്നം നമ്പൂതിരി
വാഴക്കുന്നം നമ്പൂതിരി
ജനനം(1903-02-08)ഫെബ്രുവരി 8, 1903
മരണംഫെബ്രുവരി 9, 1983(1983-02-09) (പ്രായം 80)
തൊഴിൽജാലവിദ്യക്കാരൻ
ജീവിതപങ്കാളി(കൾ)കെ.സി. അനുജത്തി തമ്പുരാട്ടി

ജാലവിദ്യാരംഗത്തെ പ്രസിദ്ധനായ മലയാളിയാണ്‌ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിപ്പാട്[1] (ഫെബ്രുവരി 8, 1903 - ഫെബ്രുവരി 9, 1983). കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷപ്പകർ‌ച്ചയോ രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ തന്നെ അദ്ദേഹം ആസ്വാദകവൃന്ദത്തെ വിസ്മയിപ്പിച്ചു.

ജീവിതം[തിരുത്തുക]

കൊല്ലവർ‌ഷം 1078 മകരം 26-ന് (1903 ഫെബ്രുവരി 8) മകയിരം നക്ഷത്രത്തിൽ ഇന്നത്തെ പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിൽ വാഴക്കുന്നത്ത് ഇല്ലത്ത് രാമൻ അടിതിരിപ്പാടിന്റെയും ആര്യ പത്തനാടിയുടെയും മകനായി ജനനം. ഭാഗവതപണ്ഡിതനായിരുന്ന വാഴക്കുന്നം വാസുദേവൻ നമ്പൂതിരിയുടെ അനുജനായിരുന്നു അദ്ദേഹം. ഓത്ത് അഭ്യാസത്തിന് ശേഷം ഇദ്ദേഹം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു.‍ ചെറുപ്പത്തിൽ തന്നെ സം‌സ്കൃതവും മാതംഗലീലയും സ്വായത്തമാക്കി. ചെപ്പടിവിദ്യക്കാരനായ പള്ളിത്തേരി നമ്പ്യാത്തൻ നമ്പൂതിരിയുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയിൽ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കർ എന്ന ജാലവിദ്യക്കാരനിൽ നിന്നും ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ (മൂടിവിദ്യ), ശൂന്യതയിൽ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. 1940-കൾക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളിൽ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്, അതുവരേയും സന്ദർ‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിർ‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായിയായി പരിയാനം‌പെറ്റയില്ലത്ത് കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനം‌പെറ്റയെ കൂടാതെ മഞ്ചേരി അലി ഖാൻ, ആർ.കെ. മലയത്ത്, ജോയ് ഒലിവർ തുടങ്ങിയവരും ശിഷ്യന്മാരായുണ്ട്. 1983-ൽ 80-ആം വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.

കോട്ടക്കൽ കോവിലകത്തെ കെ.സി. അനുജത്തി തമ്പുരാട്ടിയായിരുന്നു വാഴക്കുന്നത്തിന്റെ ഭാര്യ. ഇവർ 1980-ൽ അന്തരിച്ചു. അരവിന്ദാക്ഷൻ രാജ (1998-ൽ അന്തരിച്ചു), തുളസീദാസ് രാജ, സുമതി എന്നിവരായിരുന്നു മക്കൾ.

രസകരമായ സംഭവം[തിരുത്തുക]

തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ ടിക്കറ്റെടുക്കാതെ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകൻ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തന്റെ കയ്യിൽ ടിക്കറ്റില്ലെന്ന് പറയുകയും മറ്റു യാത്രക്കാരോട് ടിക്കറ്റ് വാങ്ങിവരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകൾ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. അന്ധാളിച്ചുനിന്ന യാത്രക്കാർ‌ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകൾ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. കെ. ജയാനന്ദൻ (08 ഫെബ്രുവരി 2015). "ജാലവിദ്യയുടെ മുത്തച്ഛൻ". മാതൃഭൂമി. Archived from the original on 2015-02-17. Retrieved 2015-02-17. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)



"https://ml.wikipedia.org/w/index.php?title=വാഴക്കുന്നം_നമ്പൂതിരി&oldid=3992078" എന്ന താളിൽനിന്ന് ശേഖരിച്ചത്