വാളയാർ സ്ത്രീപീഡനക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാളയാർ സ്ത്രീപീഡനക്കേസ്
മരണങ്ങൾ2

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസാണ് വാളയാർ സ്ത്രീപീഡനക്കേസ് എന്നറിയപ്പെടുന്നത്. 13 ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയിൽ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

2017 ജനുവരി 13 ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒൻപത് വയസുള്ള ഇളയ സഹോദരി ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണത്തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. [1] രണ്ടുമാസത്തിനുശേഷം, ഇളയ സഹോദരിയെയും, മാർച്ച് 4 ന് ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് നടന്ന പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സമ്മർദ്ദം, പൊലീസിനെ വേഗത്തിൽ പ്രവർത്തിക്കാനും പ്രായപൂർത്തി ആകാത്ത ഒരാൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാനും പ്രേരിപ്പിച്ചു. ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കും പോക്‌സോ നിയമത്തിലെ കർശന വ്യവസ്ഥകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

അന്വേഷണവും വിചാരണയും[തിരുത്തുക]

2017 ജൂൺ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടികൾ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പൊർട്ടിൽ പൊലീസ് പറഞ്ഞത്. ഒന്നും നാലും പ്രതികൾ കൊല്ലപെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കൾ ആണ്.

ചോദ്യം ചെയ്യാനായി വിളിപ്പിച്ച പ്രവീൺ എന്നയാൾ ആത്മഹത്യ ചെയ്തു. ഇതിൽ ദുരൂഹതയുണ്ടെന്നു പ്രവീണിന്റെ കുടുംബം ആരോപിച്ചു. സി.പി.എം. പ്രവർത്തകനായ നാലാം പ്രതി എം.മധുവിന്റെ സഹോദരൻ പ്രവീണിനെ കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചു എന്നും തങ്ങളുടെ ഈ മൊഴി, പോലീസ് രേഖപ്പെടുത്തിയില്ല എന്നും അവർ ആരോപിച്ചു.[2][3]

വിചാരണയുടെ ആദ്യ ഘട്ടത്തിൽ മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ എൻ. രജേഷിനെ പിന്നീട് പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ ആയി നിയമിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചു. എൻ. രജേഷിനെ ഈ പദവിയിലേക്ക് സി.പി.എം. ആണ് നാമനിർദേശം ചെയ്തതത്.[4] പദവിയിലിരിക്കെ പോക്സോ കേസിലെ പ്രതിയെ പ്രതിനിധികരിക്കുകയും, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അഭയ കേന്ദ്രം സന്ദർശിച്ച് പ്രതിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കുകയും ചെയ്തു എന്ന റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്ത ഈ പദവിയിൽ നിന്ന് മാറ്റി നിർത്തി.[5]

പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ്‌ കോടതി (പോക്സോ) വിധി[തിരുത്തുക]

തെളിവുകളുടെ അഭാവത്തിൽ, 2019 ഒക്ടൊബർ 15 നു മൂന്നാം പ്രതി പ്രദീപിനെയും ഒക്ടോബർ 25 നു വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാൻ പോലീസിനും പ്രോസിക്യൂഷനും ആയില്ല എന്ന് കോടതി നിരീക്ഷിച്ചു.[6]

അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2020 ഒക്ടൊബർ 10നു മാതാപിതാക്കൾ സെക്രട്ടേറിയറ്റിനു മുൻപിൽ സത്യാഗ്രഹം നടത്തി. മാതാപിതാക്കൾ എന്തിനാണു സമരം ചെയ്യുന്നത് എന്ന് അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി എ.കെ.ബാലൻ ചോദിച്ചത് വിവാദമായി.[7]

മൂന്നാം പ്രതി ആയിരുന്ന പ്രദീപ് 2020 നവംബർ 4നു ആത്മഹത്യ ചെയ്തു.[8]

2021 ഏപ്രിലിൽ ഈ കേസ് സി.ബി.ഐ ഏറ്റെടുത്തു.

അവലംബം[തിരുത്തുക]

  1. "Walayar minor sisters' rape case: Everything you need to know" (in ഇംഗ്ലീഷ്). 2019-10-31. Retrieved 2021-05-12.
  2. Desk, Web (2019-10-30). "വാളയാർ കേസ്; പ്രവീൺ ആത്മഹത്യ ചെയ്തത് പ്രതി മധുവിന്റെ സഹോദരന്റെ ഭീഷണിയെ തുടർന്നെന്ന് വെളിപ്പെടുത്തൽ". Retrieved 2021-05-12.
  3. ന്യൂസ്, ജി പ്രസാദ്കുമാർ/ മാതൃഭൂമി. "വാളയാർ കേസ്: കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് പീഡനം മൂലമെന്ന് അമ്മ" (in ഇംഗ്ലീഷ്). Retrieved 2021-05-12.
  4. "Child Welfare Committee chairman lands in controversy". Retrieved 2021-05-12.
  5. "Palakkad CWC chief divested of powers".
  6. "വാളയാർ കേസിൽ ഇതുവരെ എന്താണ് സംഭവിച്ചത്? ആരാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കുന്നത്?". Retrieved 2021-05-12.
  7. "വാളയാർ കേസിൽ ഇതുവരെ എന്താണ് സംഭവിച്ചത്? ആരാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കുന്നത്?". Retrieved 2021-05-12.
  8. "അന്ന് ചോദ്യംചെയ്തയാൾ ജീവനൊടുക്കി; ഇന്ന് പ്രതിയായിരുന്ന പ്രദീപും; വാളയാർ വീണ്ടും" (in ഇംഗ്ലീഷ്). Retrieved 2021-05-12.