Jump to content

വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതനും, ആധ്യാത്മിക ജ്ഞാനിയുമാണ് അബ്ദുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി. ഹിജ്റ 1298 ജമാദുൽ ആഖർ 22-നാണ് അബ്ദുൽ ബാരി മുസ്ലിയാരുടെ ജനനം. പൗര പ്രമുഖനും രിഫാഇയ്യ, ഖാദിരിയ്യ സൂഫി ത്വരീഖത്തുകളുടെ ശൈഖും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്ലിയാർ ആണ് മുഹമ്മദ് അബ്ദുൽ ബാരിയുടെ പിതാവ്.

മുഹമ്മദ് അബ്ദുൽ ബാരിക്ക് പിതാവിനെ പോലെ മത രംഗത്തും സേവന രംഗത്തും ശ്രദ്ധ പതിപ്പിക്കാനായിരുന്നു താൽപര്യം. സ്വ പിതാവിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം നാദാപുരം, തിരൂരങ്ങാടി, ദർസ്സുകളിൽ പഠിച്ചു പൊന്നാനി ദർസിൽ വിളക്കത്തിരുന്നു മുസ്‌ലിയാർ പട്ടം നേടി. പ്രശസ്തരായ മഖ്ദൂം അഹ്മദ് വലിയ ബാവ, മഖ്ദൂം ചെറിയ ബാവ എന്നിവരായിരുന്നു പൊന്നാനിയിലെ ഗുരുക്കന്മാർ. പൊന്നാനി പഠനത്തിന് ശേഷം ഉപരിപഠനത്തിനായി 1898-ൽ വെല്ലൂർ ബാഖിയാത്തിൽ ചേർന്ന അദ്ദേഹം. അഞ്ചു വർഷകാല പഠന ശേഷം ബാഖവി ബിരുധം നേടി. തുടർന്ന് കോഴിക്കോട്, അയ്യായ, പുതുപ്പറമ്പ് എന്നിവിടങ്ങളിൽ ദർസ് മുദരിസ്സായി (പ്രധാനദ്ധ്യാപകൻ) ആയി ജോലി നോക്കി. ആധ്യാത്മിക പാതയിൽ പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ, കോഴിക്കോട് അപ്പാണി കുഞാമുട്ടി ഹാജി എന്നിവരുടെ ശിഷ്വത്വം സ്വീകരിച്ചു. സമസ്ത കേരള, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്,സുന്നി യുജവനസംഘം എന്നീ മത സംഘടനകളുടെ രൂപീകരണത്തിൽ സജീവ പങ്കു വഹിച്ച ഇദ്ദേഹമാണ് വാളക്കുളം പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്രസ, മൗലവിയ്യ കോളേജ് മസ്ജിദുൽ ബാരി, ഖുതുബ് ഖാന എന്നിവ നിർമ്മിച്ചത്. ജാമിഅ നൂരിയ്യ അറബിക്ക് കോളേജ് സ്ഥാപിക്കാനും അൽ ബയാൻ മാസിക ഇറക്കാനും മുന്നിട്ടിറങ്ങിയതും ബാരി മുസ്‌ലിയാർ ആയിരുന്നു. ഇംഗ്ലീഷ്, ഉറുദു, പാർസി തുടങ്ങിയ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നല്ലൊരു വാഗ്മിയും ആ കാലത്ത് നല്ല മലയാളത്തിൽ പ്രസംഗിക്കുന്ന ചുരുക്കം മുസ്ലിം പണ്ഡിതരിലൊരാളായിരുന്നു.

അന്നത്തെ പാരമ്പര്യ പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്തമായി ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു ബാരി മുസ്ലിയാരുടേത്. സ്വന്തം ചിലവിൽ എൽ.പി സ്കൂൾ സ്ഥാപിക്കുകയും നടത്തി കൊണ്ട് പോവുകയും ചെയ്തിരുന്നു പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ശേഷം പുതുപ്പറമ്പ് ഗവ. ഹൈസ്കൂളായി അതുയർത്തി കൊണ്ട് വരികയുമുണ്ടായി

ബുഖാരി, മുസ്ലിമിന്റെ 2648 ഹദീസുകളടങ്ങിയ സിഹാഹുശ്ശൈഖൈൻ, ജംഉൽ ബാരി, ഫത്ഹുൽ ബാരി, അൽ മൻഖൂസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1926 മുതൽ 1945 വരെ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമായുടെ വൈസ് പ്രസിഡണ്ടും 1945 - 1965 കാലയളവിൽ പ്രസിഡണ്ടുമായി സേവനമനുഷ്ടിച്ചു. വിയോഗം 1385 ജമാദുൽ അവ്വൽ 2 (1965 ജൂലൈ 29) ന്

അവലംബം

[തിരുത്തുക]


ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കിതാബു സ്വിഹാഹിശ്ശൈഖൈൻ ആമുഖം

വിക്കി കണ്ണികൾ

[തിരുത്തുക]