വാലെസ് മറൈനെറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Mars Valles Marineris.jpeg

ചൊവ്വയിലെ ഏറ്റവും വലിയ ഗർത്തമാണ് വാലെസ് മറൈനെറിസ്. 4000കി.മീറ്റർ നീളവും 200കി.മീറ്റർ വീതിയും 7കി.മീറ്ററിലേറെ ആഴവുമുണ്ടിതിന്. [1][2] ചൊവ്വയിലെ താർസിസ് എന്ന മേഖലയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഇത് സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗർത്തതാഴവരകളിൽ ഒന്നാണ്.

ചൊവ്വയുടെ മദ്ധ്യരേഖാപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ ചുറ്റളവിന്റെ കാൽ ഭാഗത്തോളം വരും ഇതിന്റെ നീളം. നോക്റ്റിസ് ലാബ്രിന്തസിൽ നിന്നു തുടങ്ങി പടിഞ്ഞാറോട്ട് നീങ്ങി ക്രൈസെ പ്ലാനിഷ്യയിൽ അവസാനിക്കുന്നു. ഇത് ചൊവ്വയിലെ വലിയ ടെക്റ്റോണിക് വിള്ളലാണത്രെ.[3][4] ഈ വിള്ളലിന്റെ കിഴക്കെ കരയിലുള്ള ചാലുകൾ വെള്ളത്തിന്റേയോ കാർബ്ബൺ ഡൈ ഓക്സൈഡിന്റെയോ ഒഴുക്കു മൂലം ഉണ്ടായതാണെന്നു കരുതുന്നു.

രൂപീകരണം[തിരുത്തുക]

വാലെസ് മറൈനറിസിന്റെ രൂപീകരണത്തെ പറ്റി പല സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. .[5] 1970കളിൽ ഈ ഗർത്തം വെള്ളത്തിന്റെ മൂലമോ തെർമോകാർസ്റ്റ് പ്രവർത്തനം മൂലമോ ഉണ്ടായതായിരിക്കുമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. ഇതിൽ വെള്ളത്തിന്റെ ഒഴുക്കുമൂലമായിരിക്കും എന്ന സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുസരിച്ച് ചൊവ്വയിൽ ഒഴുകുന്ന ജലം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് ഇതിനെ ചോദ്യം ചെയ്തവർ മുന്നോട്ടു വെച്ച വാദം. ചൊവ്വയിലെ അന്തരീക്ഷമർദ്ദം ഭൂമിയുടെ അന്തരീക്ഷമർദ്ദത്തിന്റെ ഒരു ശതമാനം മാത്രമെ വരു. ഈ മർദ്ദത്തിൽ ജലത്തിന് വാതകരൂപത്തിൽ സ്ഥിതിചെയ്യാൻ കഴിയില്ല. മാത്രമല്ല ഇവിടത്തെ താപനില -1250Cക്കും 370Cക്കും ഇടയിലാണ്. ഇതും ജലത്തിന് ദ്രാവരൂപത്തിൽ തുടർച്ചയായി സ്ഥിതിചെയ്യുന്നതിനു തടസ്സമാണ്. എന്നാൽ ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായത്തിൽ പുരാതനകാലത്ത് ചൊവ്വയുടെ അന്തരീക്ഷഘടന ജലത്തിന് ദ്രവരൂപത്തിൽ സ്ഥിതിചെയ്യുന്നതിന് അനുകൂലമായിരുന്നു എന്നാണ്. അന്ന് വാലെസ് മറൈനറിസിലൂടെ വെള്ളം ഒഴുകിയിരുന്നു എന്നും അവർ വാദിക്കുന്നു. 1972ൽ മൿകോളി എന്നൊരു ശാസ്ത്രജ്ഞൻ മുന്നോട്ടു വെച്ച അഭിപ്രായപ്രകാരം ചൊവ്വയുടെ പ്രതലത്തിന്റെ തൊട്ടു താഴെയുള്ള മാഗ്മ വിണ്ടുമാറിയതാണ് ഈ ഗർത്തം രൂപപ്പെടുന്നതിനുള്ള കാരണം. 1989ൽ തനാക്ക ഗോളംബെക്ക് എന്നീ ശാസ്തജ്ഞർ സമ്മർദ്ദബലങ്ങളുടെ പ്രവർത്തനം മൂലമാണ് ഇതുണ്ടായത് എന്ന് അഭിപ്രായപ്പെട്ടു. ഫലകചലങ്ങളുടെ ഫലമായുണ്ടായ വിള്ളലായിരിക്കുമെന്ന സിദ്ധാന്തത്തിനാണ് ഇപ്പോൾ പൊതുസ്വീകാര്യത ലഭിച്ചിരിക്കുന്നത്.[6]

മാർസ് ഒഡീസ്സി എടുത്ത ഇൻഫ്രാറെഡ് ചിത്രം

അവലംബം[തിരുത്തുക]

  1. "Vallis.Marineris". മൂലതാളിൽ നിന്നും 2007-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-19.
  2. WTP: Mars: Valles Marineris
  3. Wolpert, Stuart (2012-08-09). "UCLA scientist discovers plate tectonics on Mars". UCLA. മൂലതാളിൽ നിന്നും 2012-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
  4. Lin, An (2012-06-04). "Structural analysis of the Valles Marineris fault zone: Possible evidence for large-scale strike-slip faulting on Mars". Lithosphere. 4 (4): 286–330. doi:10.1130/L192.1. ശേഖരിച്ചത് 2012-10-02.
  5. Cabrol, N. and E. Grin (eds.). 2010. Lakes on Mars. Elsevier. NY
  6. VALLES MARINERIS-NASA's Marse Exploration Progam[1]
"https://ml.wikipedia.org/w/index.php?title=വാലെസ്_മറൈനെറിസ്&oldid=3644704" എന്ന താളിൽനിന്ന് ശേഖരിച്ചത്