വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം[1][2]. പൊതുവേ ശാന്തനും പക്വമതിയുമായിരുന്നു അദ്ദേഹം[3]. 90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഒരേയൊരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ സജ്ജമാക്കി യുദ്ധം ചെയ്താണ് അദ്ദേഹം തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്[അവലംബം ആവശ്യമാണ്].

ജീവിതരേഖ[തിരുത്തുക]

വാരിയൻ കുന്നത്ത്‌ മൊയ്‌തീൻ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ൽ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. ആലി മുസ്ലിയാരുടെ സഹപ്രവർത്തകരിൽ ഒരാളായിരുന്ന ഹാജി നാട്ടിലെ ഓത്തുപള്ളിയിൽ നിന്നാണ് മതവിദ്യാഭ്യാസം നേടിയത്. ആലി മുസ്‌ലിയാരുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഹാജിയുടെ കുടുംബത്തിന്‌ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തിൽ പാരമ്പര്യമുണ്ടായിരുന്നു. 1894ലെ മണ്ണാർക്കാട്‌ ലഹളയിൽ പങ്കെടുത്തതിനാൽ അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.

മലബാർ സമരത്തിന്റെ നേതൃത്വത്തിൽ[തിരുത്തുക]

1921-ലെ മലബാർ സമരത്തിന്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി [4][5][6] ഏറ്റെടുത്തതോടെ കലാപത്തിന്റെ ഉദ്ദേശ്യം വിപുലമായി. അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു. തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു,അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു ഏറ്റവും പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു. മഞ്ചേരി നാൽക്കവലയിൽ വച്ചു ചെയ്ത പ്രഖ്യാപനത്തിൽ ഹിന്ദുക്കൾക്ക് ഏതൊരു ഉപദ്രവവും ഉണ്ടാവുന്നതല്ലന്ന് ഉറപ്പ് നൽകിയിരുന്നു.വെള്ളുവങ്ങാട് കാരക്കുറിശ്ശി ജുമുഅത്തു പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനയോടെ മാത്രമേ മൊയ്തീൻ കുട്ടി ഹാജിയും പിന്നീട് കുഞ്ഞഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയിൽ വെച്ചായിരന്നു. വള്ളുവങ്ങാട് കാരക്കുറിശ്ശി ജുമുഅത്തു പള്ളിയിൽ വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളിൽ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമർഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങൾ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം. ബ്രിട്ടീഷുകാർ വെള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകർത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാൽ ബ്രിട്ടീഷുകാർ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.

ബ്രിട്ടീഷ് പാദസേവകനായിരുന്ന മുസ്ലിം റിട്ട.പോലീസ് ഇൻസ്പെക്ടറായ ചേകുട്ടിയുടെ തലയെടുത്ത് പ്രകടനവുമായി വന്ന വാരിയൻ കുന്നൻ ചെയ്ത പ്രസംഗം പ്രസ്താവ്യമാണ് കുന്തത്തിന്മേലുള്ള തല ചൂണ്ടി കൊണ്ട ഹാജി പറഞ്ഞു:

ആനക്കയത്തെ പോലീസ് ഇൻസ്പെക്ടറായ ചേകുട്ടിയുടെ തലയാണിത്.ഗവണ്മെൻറിനോട് കളിക്കണ്ട. ജന്മികളോട് കളിക്കണ്ട എന്നും മറ്റും ഇവൻ നമ്മളേ ഭീഷണിപ്പെടുത്തിയിരുന്നു. എനിക്ക് മറ്റൊന്ന് പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ ഇഷ്ടം കൂടാതെ ദീനിൽ ചേർക്കരുത്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും.[7]

ഒറ്റുകാരേയും ബ്രിട്ടീഷ് ചാരന്മാരേയും സമരക്കാർ വകവരുത്തിയിട്ടുണ്ട്.അവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. അതേസമയം ഹിന്ദുവീടുകൾക്ക് സമരക്കാരിൽ നിന്നും മുസ്ലിംകൾ കാവൽ ഏർപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് വീട്ടിൽ എത്തിച്ച് കൊടുത്ത സംഭവങ്ങൾ വരേ ഉണ്ടായിട്ടുണ്ട്.[8]

അറസ്റ്റ് ചെയ്യപ്പെടുന്നു[തിരുത്തുക]

1921 ഡിസംബറിൽ പന്തല്ലൂർ മുടിക്കോടുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പോരാളികൾ അക്രമം അഴിച്ചുവിട്ടു. നിലമ്പൂർ സബ് ഇൻസ്പെക്ടറായിരുന്ന ചോലക ഉണ്ണീൻറെ കൈയിൽ ദേശീയ പതാക നൽകി, ജാഥയുടെ മുൻപിൽ നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു:

ഖിലാഫത്ത് കോൺഗ്രസ് സിന്ദാബാദ്,....മഹാത്മാഗാന്ധി കീ ജയ്..

മുദ്രാവാക്യം ഏറ്റു വിളിക്കാൻ ഉണ്ണീൻ നിർബന്ധിതനായി.

കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തകർക്കാൻ പലതും പയറ്റി.ഹാജിയേയും സംഘത്തേയും പിടികൂടാൻ ഗവണ്മെൻറ് ഗൂർഖകളെ ഇറക്കി. ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്തു. 1922 ജനുവരി 6-നാണ് ഹാജിയെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി 13 ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും 'മാർഷൽ' കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിക്കുകയും ചെയ്തു.

മരണം[തിരുത്തുക]

1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.

എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചകത്തായിരിക്കണം.

[9] എന്ന് ഹാജി ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് പട്ടാളം ഇവരെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. വധശിക്ഷയ്ക്ക് വിധേയനായ ഹാജിയുടെ മൃതദേഹം ജനങ്ങൾക്ക് അന്ത്യാഭിവാദനത്തിനുള്ള സൗകര്യം നൽകാതെ അധികാരികൾ ദഹിപ്പിച്ചു.

[10]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. K. N. Panikkar (1991). Peasant protests and revolts in Malabar. Indian Council of Historical Research. 
  2. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". ശേഖരിച്ചത് 2015-10-06. 
  3. മലബാർ കലാപം.മാതൃഭൂമി പബ്ലിക്കേഷൻസ്, കെ. മാധവൻ നായർ
  4. പ്രതിരോധത്തിന്റെ വേരുകൾ,സൈനുദ്ധീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ,കോഴിക്കോട്
  5. മലബാർ കലാപം: അടിവേരുകൾ, കോൺ റാഡ് വുഡ്
  6. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 459. 
  7. സർദാർ ചന്ത്രോത്ത്, ദേശാഭിമാനി,1946 ഓഗസ്റ്റ് 25
  8. കഴിഞ്ഞകാലം എന്ന കൃതി, കെ.പി.കേശവമേനോൻ
  9. മലബാർ കലാപം.മാതൃഭൂമി പബ്ലിക്കേഷൻസ്, കെ. മാധവൻ നായർ
  10. മലബാർ കലാപം.മാതൃഭൂമി പബ്ലിക്കേഷൻസ്, കെ. മാധവൻ നായർ