Jump to content

അടൽ ബിഹാരി വാജ്പേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാജ്പേയി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടൽ ബിഹാരി വാജ്പേയ്
11th ഇന്ത്യൻ പ്രധാനമന്ത്രി
മൂന്നാം തവണ
ഓഫീസിൽ
13 ഒക്ടോബർ 1999 – 22 മേയ് 2004
മുൻഗാമിഎ.ബി. വാജ്‌പേയി
പിൻഗാമിമൻമോഹൻ സിംഗ്‌
രണ്ടാം തവണ
ഓഫീസിൽ
19 മാർച്ച്‌ 1998 – 26 ഏപ്രിൽ 1999
മുൻഗാമിഐ. കെ.ഗുജ്റാൾ
പിൻഗാമിഎ.ബി. വാജ്‌പേയി
ഒന്നാം തവണ
ഓഫീസിൽ
16 മേയ് 1996 – 1 ജൂൺ 1996
മുൻഗാമിപി.വി. നരസിംഹ റാവു
പിൻഗാമിഎച്ച്.ഡി. ദേവഗൗഡ
വ്യക്തിഗത വിവരങ്ങൾ
ജനനം1924 ഡിസംബർ 25
ഗ്വാളിയാർ, ഗ്വാളിയർ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
മരണം16 ഓഗസ്റ്റ് 2018(2018-08-16) (പ്രായം 93)[1]
ഡൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിവിവാഹിതനല്ല
അൽമ മേറ്റർഡി.എ.വി. കോളേജ് കാൺപൂർ
ജോലിപത്രപ്രവർത്തകൻ; കവി
വെബ്‌വിലാസംഅടൽജീ.ഓർഗ്

അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്[2]. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു[3].

ജീവിതരേഖ

[തിരുത്തുക]

ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണാദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25-നാണ്‌ വാജ്‌പേയി ജനിച്ചത്‌. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി.

1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു[4].

1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ് [5]. പാർലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു.

1977-ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു.

പ്രഭാഷകനായും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു[6]. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം 2018 ആഗസ്ത് 16-ന് അന്തരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം

[തിരുത്തുക]

1996 മുതൽ 2004 വരെ മൂന്നു പ്രാവശ്യം വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ആദ്യ തവണ

[തിരുത്തുക]

1996ലെ പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ രാഷ്ട്രപതിയായ ശങ്കർ ദയാൽ ശർമ്മ ബി.ജെ. പി. പാർലിമെന്ററി പാർട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാൻ ക്ഷണിച്ചു. ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാന മന്ത്രിയായി മെയ്‌ 16ന് വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം രാജിവെച്ചു.

രണ്ടാം തവണ

[തിരുത്തുക]

ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകളുടെ പതനങ്ങൾ കാരണം 1998ൽ ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചു. പക്ഷേ മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. യുമായുള്ള അനുരഞ്ജനചർച്ചകളെല്ലാം പരാജയപ്പെട്ട് മുന്നണി വിട്ടപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു[7]. പ്രതിപക്ഷ കക്ഷികൾക്കൊന്നും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. വാജ്‌പേയി മന്ത്രിസഭ കാവൽ മന്ത്രിസഭയായി തിരഞ്ഞെടുപ്പ് വരെ തുടർന്നു.

ആണവ പരീക്ഷണം

[തിരുത്തുക]
1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ മാതൃകകൾക്കാവശ്യമായ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ശേഖരിച്ചു[8]. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല[9]. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ തലവനുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാം, ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും ബാർകിലെയും ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്.
ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാകിസ്താനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധാനത്തിനു വെല്ലുവിളികളുയർത്തി[10].

ലാഹോർ കരാർ

[തിരുത്തുക]
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തി മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ വാജ്‌പേയി മന്ത്രിസഭ നിരവധി നടപടികളുടെ അനന്തര ഫലമാണ് സുപ്രധാന ലാഹോർ കരാർ. 1999 ഫെബ്രുവരി 21നു ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറിൽ വ്യവസ്ഥ ചെയ്യുന്നു[11]. ഡൽഹിയിൽ നിന്നും ലാഹോറിലേക്കുള്ള ബസ്‌ സർവീസിന്റെ ഉദ്ഘാടന യാത്രയിലാണ് വാജ്‌പേയിയും മറ്റു നയതന്ത്രഉദ്യോഗസ്ഥരും പാകിസ്താനിലേക്ക് പോയത്.
ഈ ബസ്‌ സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിർത്തലാക്കിയിരുന്നു[12]. പിന്നീട് 2003 ജൂലൈയിൽ സർവീസ് പുനരാരംഭിച്ചു[13].

കാർഗിൽ യുദ്ധം

[തിരുത്തുക]
പ്രധാന ലേഖനം: കാർഗിൽ_യുദ്ധം
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു.

മൂന്നാം തവണ

[തിരുത്തുക]

1999ലെ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിൽ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം ലോകസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. 1999 ഒക്ടോബർ 13നു വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മുന്നണി അഞ്ചു വർഷക്കലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയാണ്.

ഗതാഗത സംവിധാനങ്ങളുടെ വികസനം

[തിരുത്തുക]
1998ൽ ദേശീയ പാതകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ വേണ്ടി ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ദേശീയ പാതാ വികസന പദ്ധതി നിലവിൽ വന്നു. വിവിധ ഭാഗങ്ങളായി ഇതിന്റെ പ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.[14]. ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 2000 ഡിസംബറിൽ പ്രധാന മന്ത്രി ഗ്രാമ സദക് യോജന എന്ന പേരിൽ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ മറ്റൊരു പദ്ധതിയും ആവിഷ്കരിച്ചു. ഗ്രാമങ്ങളിലേക്കുള്ള റോഡ്‌ ഗതാഗതം അവയുടെ കാർഷിക സാമ്പത്തിക വളർച്ചക്ക് ഉപകരിക്കും എന്ന് പദ്ധതി വിഭാവനം ചെയ്യുന്നു.[15] ഈ പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ചെലവുകളും കേന്ദ്ര ഗവണ്മെന്റ് ആണ് വഹിക്കുക[16].

വിമാന റാഞ്ചൽ

[തിരുത്തുക]
1999 ഡിസംബറിൽ കാഠ്മണ്ഡുവിൽ നിന്ന് ന്യൂ ഡെൽഹിയിലേക്ക് വരികയായിരുന്ന IC 814 എന്ന ഇന്ത്യൻ എയർലൈൻസ്‌ വിമാനം അഞ്ച് പാകിസ്താൻ തീവ്രവാദികൾ ചേർന്ന് റാഞ്ചി താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. ബന്ദികളെ സുരക്ഷിതരായി വിട്ടയക്കാൻ തീവ്രവാദികൾ ഇന്ത്യൻ ജയിലിൽ കിടക്കുന്ന മൌലാന മസൂദ് അസർ, മുസ്താഖ് അഹമ്മദ്, അഹമ്മദ് ഒമർ തുടങ്ങി മുപ്പത്തിനാല് തീവ്രവാദികളെ വിട്ടയക്കണം എന്നുൾപ്പടെ കുറെ നിബന്ധനകൾ വെച്ചു. ഇന്ത്യൻ സൈനിക നീക്കം തടയാൻ താലിബാൻ ആയുധധാരികളായ തീവ്രവാദികൾ വിമാനത്തിനു ചുറ്റും കാവൽ നിന്നു. എല്ലാ മധ്യസ്ഥ ചർച്ചകളും പരാജയപ്പെട്ടു, ഏഴു ദിവസമായി ബന്ദികളാക്കപ്പെട്ടിരുന്നവരെ രക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാതെ വന്നപ്പോൾ, പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മൂന്നു തീവ്രവാദികളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചു.

വിദേശ നയം

[തിരുത്തുക]
പല വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ വാജ്‌പേയിയുടെ മന്ത്രിസഭക്ക് കഴിഞ്ഞു. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനുള്ള സുപ്രധാന നാഴികക്കല്ലായി. ചൈനയുമായി വാണിജ്യബന്ധങ്ങൾക്കും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ധാരണയായി. പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇസ്രായേൽ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായും കരാറുകളിൽ ഏർപ്പെട്ടു.

സാമ്പത്തിക നവീകരണം

[തിരുത്തുക]
പി. വി. നരസിംഹ റാവു മന്ത്രിസഭ ആവിഷ്കരിച്ച സാമ്പത്തിക ഉദാരീകരണം വിപുലപ്പെടുത്തുക വഴി ധാരാളം വിദേശനിക്ഷേപം ഇന്ത്യയിലുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളർച്ചക്ക് കാരണമായി[17].

പാർലമെന്റ് ആക്രമണം

[തിരുത്തുക]
2001 ഡിസംബർ 13നു ആയുധധാരികളായ മുഖം മൂടി സംഘം ദൽഹിയിലെ ഇന്ത്യൻ പാർലിമെന്റ് ആക്രമിച്ചു. പാകിസ്താൻകാരായ ലഷ്കർ ഇ തൊയിബ, ജൈഷ് ഇ മുഹമ്മദ്‌ അക്രമകാരികൾ[18] വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പാർലിമെന്റ് വളപ്പിൽ കയറിയത്. ആക്രമണത്തിൽ അഞ്ചു പോലീസുകാരും ഒരു സുരക്ഷാഭടനും അഞ്ചു ഭീകരരും ഒരു പൂന്തോട്ടക്കാരനും കൊല്ലപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അകൽച്ച കൂട്ടാൻ ഈ ആക്രമണം കാരണമായി.[19]

പ്രധാന പദവികൾ

[തിരുത്തുക]
  • 1951 - സ്ഥാപക അംഗം, ഭാരതീയ ജനസംഘം
  • 1957 - ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1957-77 - ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവ്
  • 1962 - രാജ്യസഭാഗം
  • 1966-67- ഗവണ്മെന്റ് അസ്സുരൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
  • 1967 - ലോകസഭയിലേക്ക് രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ടു
  • 1967-70 - പബ്ലിക്‌ അക്കൌണ്ട്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
  • 1968-73 - ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ്
  • 1971 - ലോകസഭയിലേക്ക് മൂന്നാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
  • 1977 - ലോകസഭയിലേക്ക് നാലാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
  • 1977-79 - കേന്ദ്രമന്ത്രി, വിദേശ കാര്യം
  • 1977-80 - സ്ഥാപക അംഗം, ജനതാ പാർട്ടി
  • 1980 - ലോകസഭയിലേക്ക് അഞ്ചാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
  • 1980-86 - ഭാരതീയ ജനതാ പാർട്ടിയുടെ(ബി.ജെ.പി.) പ്രസിഡന്റ്
  • 1980-84 - ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവ്
  • 1986 - രാജ്യസഭാഗം, ജെനറൽ പർപ്പസ് കമ്മിറ്റി അംഗം
  • 1988-90 - വാണിജ്യ ഉപദേശക സമിതിയിൽ അംഗം
  • 1990-91- പെറ്റിഷൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
  • 1991- ലോകസഭാഗം (ആറാം പ്രാവശ്യം)
  • 1991-93 - പബ്ലിക്‌ അക്കൌണ്ട്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
  • 1993-96 - ലോകസഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ
  • 1996 - ലോകസഭാഗം (ഏഴാം തവണ)
  • 1996 മെയ്‌ 16 മുതൽ മെയ്‌ 31 വരെ - പ്രധാന മന്ത്രി(13 ദിവസം), വിദേശ കാര്യം, വിവര സാങ്കേതിക വിദ്യ, വാർത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകൾ
  • 1996 - 97 - ലോകസഭയിലെ പ്രതിപക്ഷ നേതാവ്
  • 1997 - 98 - വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ
  • 1998 - ലോകസഭാഗം (എട്ടാം തവണ)
  • 1998 - 99 - പ്രധാന മന്ത്രി; വിദേശ കാര്യം, മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
  • 1999 - ലോകസഭാഗം (ഒൻപതാം പ്രാവശ്യം)
  • 1999 - 2004 - പ്രധാന മന്ത്രി; മറ്റു കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
  • 2004 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു. [20]
  • 1999 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു.
  • 1998 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു.
  • 1996 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിലും ഗുജറാത്തിലെ ഗാന്ധിനഗറിലും മൽസരിച്ച് വിജയിച്ചു. ഗാന്ധിനഗറിൽ നിന്ന് രാജി വെച്ചു.
  • 1991 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിലും മധ്യപ്രദേശിലെ വിദിശയിലും മൽസരിച്ചു. ലോകസഭാംഗമായി.
  • 1986ൽ ഒരേ സമയം ഉത്തർപ്രദേശിലെ ലഖ്‌നോവിലും മധ്യപ്രദേശിലെ വിദിശയിലും മൽസരിച്ചു. രണ്ടിടത്തും വിജയിച്ചു. വിദിശയിൽ നിന്ന് രാജി വെച്ചു.
  • 1984 ൽ ഗ്വാളിയോറിൽ പരാജയപ്പെട്ടു
  • 1980 ൽ ദൽഹിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. പ്രതിപക്ഷ നേതാവായി.
  • 1977-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ന്യൂദൽഹി മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്.
  • 1971 ൽ അഞ്ചാം ലോകസഭയിൽ ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടി വ്ത്ിജയിച്ചു.
  • 1967 ൽ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യസഭാംഗമായിരിക്കുമ്പോൾ തന്നെ ബലറാംപൂറിൽ മത്സരത്തിനിറങ്ങി വിജയിച്ചു.
  • 1962 ൽ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ബൽറാംപൂരിലും ലഖ്‌നോവിലും. രണ്ടിടത്തും പരാജയപ്പെട്ടു.
  • 1957ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ സ്ഥാനാർഥി. ഉത്തർപ്രദേശിലെ ലഖ്‌നോ, ബൽറാംപൂർ, മഥുര എന്നീ മൂന്നു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ബൽറാംപൂരിൽ ജയിച്ചെങ്കിലും ലഖ്‌നോവിലും മഥുരയിലും തോറ്റു.
  • 1955 ൽ കന്നി മത്സരം. മുപ്പത്തൊന്നാം വയസിൽ. ലഖ്‌നൗ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജനസംഘം സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.

പുരസ്കാരങ്ങൾ [5]

[തിരുത്തുക]
  1. ഭാരതരത്ന (2014)
  2. പത്മ വിഭൂഷൺ (1992)
  3. ഏറ്റവും മികച്ച പാർലമെന്റേറിയൻ (1994)
  4. ലോക മാന്യ തിലക് പുരസ്കാരം (1994)
  5. കാൺപൂർ സർവകലാശാലയുടെ ഡോക്ടരേറ്റ് (1993)

കൃതികൾ

[തിരുത്തുക]

പ്രസംഗങ്ങൾ

[തിരുത്തുക]
  • പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി തിരഞ്ഞെടുത്ത പ്രസംഗങ്ങൾ (2000)
  • ഇന്ത്യയുടെ വിദേശ നയത്തിന്റെ പുതിയ മാനങ്ങൾ (1977 - 79 വരെ വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം)
  • പാർലമെന്റിൽ നാല് പതിറ്റാണ്ട് (ഇംഗ്ലീഷ്) - 1957 - 95 കാലത്ത് പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ (4 ഭാഗങ്ങൾ)

കാവ്യങ്ങൾ

[തിരുത്തുക]
  • ഇരുപത്തിയൊന്ന് കവിതകൾ. (2003)
  • ക്യാ ഖോയാ ക്യാ പായാ (എന്ത് പോയി എന്ത് നേടി - 1999)
  • മേരി ഇക്യാവനാ കവിതായേം (എന്റെ 51 കവിതകൾ - 1995)
  • ശ്രേഷ്ഠ കവിത (1997)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. http://www.thehindu.com/todays-paper/tp-national/tp-newdelhi/portal-of-vajpayee-launched/article4311288.ece
  2. http://ibnlive.in.com/news/former-prime-minister-veteran-bjp-leader-atal-bihar-vajpayee-turns-88/312252-3.html Archived 2012-12-30 at the Wayback Machine.

അവലംബങ്ങൾ

[തിരുത്തുക]
  1. https://indianexpress.com/article/india/atal-bihari-vajpayee-health-updates-aiims-5308903/
  2. http://www.archive.asianetnews.tv/News/india/ab-vajpayee-25282[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-16. Retrieved 2018-08-17.
  4. http://parliamentofindia.nic.in/ls/lok13/biodata/13UP20.htm
  5. 5.0 5.1 http://pmindia.nic.in/pm_atal.html
  6. http://news.bbc.co.uk/2/hi/south_asia/4568980.stm
  7. http://news.bbc.co.uk/2/hi/south_asia/322065.stm
  8. http://frontlineonnet.com/fl1511/15110130.htm
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-02. Retrieved 2013-01-20.
  10. http://frontlineonnet.com/fl1512/15120040.htm
  11. http://www.nti.org/treaties-and-regimes/lahore-declaration/
  12. http://news.bbc.co.uk/2/hi/south_asia/1731919.stm
  13. http://dtc.nic.in/lahorebus.htm
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-15. Retrieved 2013-01-20.
  15. http://pmgsy.nic.in/pmg31.asp
  16. http://pmgsy.nic.in/Intr_E.pdf
  17. http://www.wider.unu.edu/publications/working-papers/previous/en_GB/wp-204/
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-01-19.
  19. http://news.bbc.co.uk/onthisday/hi/dates/stories/december/13/newsid_3695000/3695057.stm
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-23. Retrieved 2019-03-23.
"https://ml.wikipedia.org/w/index.php?title=അടൽ_ബിഹാരി_വാജ്പേയി&oldid=4108273" എന്ന താളിൽനിന്ന് ശേഖരിച്ചത്