വാഗ്‌ഭടാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാഗ്‌ ഭടാനന്ദ ഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാഗ്‌ഭടാനന്ദൻ
വാഗ്‌ഭടാനന്ദൻ.JPG
ജനനം(1885-04-27)ഏപ്രിൽ 27, 1885[1]
മരണംഒക്ടോബർ 29, 1939(1939-10-29) (പ്രായം 54)
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകൻ

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ഹിന്ദു ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ (ജീവിതകാലം: 1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.

ജീവിതരേഖ[തിരുത്തുക]

വാഗ്‌ഭടാനന്ദ ഗുരു ജനിച്ചത് 1885 ൽ (കൊല്ലവർഷം 1060 മേടം 14) കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലായിരുന്നു. മാതാപിതാക്കൾ: കോരൻ ഗുരുക്കൾ; ചീരു അമ്മ. വയലേരി കുഞ്ഞിക്കണ്ണൻ എന്നതായിരുന്നു പൂർവ്വാശ്രമത്തിലെ പേര്‌.[2]സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായർ , എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽനിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം. ജാതിയും വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ തത്ത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് വാഗ് ഭടാനന്ദൻ എന്ന പേര് നൽകിയത്. 1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ പി സാമിക്കുട്ടി, ഡോ. അയ്യത്താൻ ഗോപാലൻ എന്നിവരുടെ പ്രേരണയിൽ ബ്രഹ്മസമാജ പ്രവർത്തകനായി. 1910ൽ കോഴിക്കോട് ടൗൺഹാളിൽ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു. തുടർന്ന് മലബാറിലുടനീളം പ്രഭാഷണങ്ങൾ . ബ്രഹ്മാനന്ദ സ്വാമിയാണ് ശിഷ്യന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽനിന്ന് നീക്കി. ക്ഷേത്രകേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത്. ഇരിങ്ങണ്ണൂരിൽ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരൻ ചാത്തുക്കുട്ടിയെ മരത്തിൽകെട്ടി തല്ലിക്കൊന്നു[ആര്?]. ബ്രഹ്മാനന്ദ ശിവയോഗിയുടെ വീക്ഷണങ്ങളുമായി വിയോജിച്ചാണ് സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചത്.[അവലംബം ആവശ്യമാണ്]. ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് വാഗ്‌ഭടാനന്ദൻ എഴുതിയ കൃതിയാണ് ആധ്യന്മ യുദ്ധം

കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിഷ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടെയാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.

ആത്മവിദ്യാസംഘം[തിരുത്തുക]

1917 -ൽ ഇദ്ദേഹം ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമാണ് വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ. സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ മുതൽ പതിനാലു പേർ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റികളിലൊന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസിഎസ്).1921ൽ ആത്മവിദ്യാസംഘം മുഖപത്രമായി "അഭിനവകേരളം" തുടങ്ങി.


വാഗ്ഭടാനന്ദന്റെ ചില വരികൾ

കൃതികൾ[തിരുത്തുക]

"അഭിനവ കേരളം", "ആത്മവിദ്യാകാഹളം", "ശിവയോഗി വിലാസം" ,"ഈശരവിചാരം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

അവലംബം[തിരുത്തുക]

  1. കൊല്ലവർഷം 1060 മേടം 14-ന്റെ ഗ്രിഗോറിയൻ തീയതി
  2. http://www.deshabhimani.com/specialnews.php?id=572

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഗ്‌ഭടാനന്ദൻ&oldid=3270706" എന്ന താളിൽനിന്ന് ശേഖരിച്ചത്