Jump to content

വള്ളിയൂർക്കാവ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Valliyoorkkavu Temple

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം (Valliyoorkav bhagavathy temple). ഈ ക്ഷേത്രം ഭഗവതി ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്നു. പ്രധാനമായും ദുർഗ്ഗ, ഭദ്രകാളി എന്നീ ഭാവങ്ങളിലാണ് വള്ളിയൂരമ്മയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ഭഗവതി ക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു. കൽ‌പ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ഭഗവതി ക്ഷേത്രം.

ഉത്സവം[തിരുത്തുക]

മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.[1] ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊടിയേറ്റത്തിനുമുണ്ട് പ്രത്യേകത. ഉത്സവം തുടങ്ങി ഏഴാംദിവസമേ കൊടികയറുകയുള്ളൂ. അതുപോലെ ഉത്സവം കഴിഞ്ഞ് ഏഴാംദിവസമേ കൊടി ഇറക്കുകയുള്ളൂ. മീനം ഒന്നിനു തലേദിവസം മാനന്തവാടിക്കടുത്തുള്ള പാണ്ടിക്കടവ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പള്ളിയറ ഭഗവതിക്ഷേത്രത്തിൽ നിന്ന് ദേവിയുടെ തിരുവായുധമായ വാൾ ഒരാനപ്പുറത്ത് എഴുന്നള്ളിച്ചുകൊണ്ടുവരുന്നു. ഇത് താഴേക്കാവിലുള്ള മണിപ്പുറ്റിൽ വെക്കുന്നതോടെ ഉത്സവത്തിനു നാന്ദി കുറിക്കുകയായി. പിറ്റേദിവസം മുതൽ കാലത്ത് ഗണപതിഹോമവും മറ്റ് വിശേഷാൽ ചടങ്ങുകളും ഉണ്ടാകും. പതിമൂന്ന് ദിവസവും മേലേകാവിൽ ക്ഷേത്രത്തിനകത്ത് തായമ്പക ഉണ്ടാകും. പതിനാലാം ദിവസം തായമ്പക ഉണ്ടാവില്ല. ഉച്ചപൂജ സമയത്ത് മേലേക്കാവിലെ പാട്ടുപുരയിൽ തോറ്റവും ഉണ്ടാകും. ദാരികവധം കഥയാണ് തോറ്റം ആയി പാടുന്നത്. ക്ഷേത്രാവകാശിയായ കുറുപ്പിനാണ് ഇതിനവകാശം.മീനം ഏഴിന് വൈകുന്നേരമാണ് കൊടിയേറ്റം നടക്കുക. ഇതോടെ ഉത്സവം തിരക്കിലമരുന്നു. കച്ചവടക്കാരും വഴിവാണിഭക്കാരും താഴെക്കാവിലെ പാടത്ത് സ്ഥാനം പിടിക്കുന്നു. മീനം പത്താം ദിവസം മേൽശാന്തി ഒപ്പനക്കോപ്പ് എടുക്കാനായി ചേരംകോട് ഇല്ലത്തേക്ക് യാത്രയാകുന്നു. ഒപ്പന എന്നാൽ ഇവിടെ ഭഗവതി രൂപമാണ്. നാൽപ്പത്തൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ മേൽശാന്തി ചേരാങ്കോട്ട് ഇല്ലത്ത് എത്തുന്നു. പിറ്റേദിവസം വൈകുന്നേരം വരെ അവിടെ ധ്യാനനിമഗ്നനായിരിക്കുന്ന മേൽശാന്തിയോട് അവിടത്തെ അന്തർജനം ഒപ്പന കൊണ്ടുപൊയ്ക്കോളൂ എന്ന് പറയുന്നതോടെ തിരുമേനി ഒപ്പനയെടുത്ത് ഭാണ്ഡത്തിലാക്കി വള്ളിയൂർക്കാവ് ലക്ഷ്യമാക്കി വരുന്നു. മേലാസകലം വെള്ളമുണ്ട് പുതച്ച് ഓടിയും നടന്നും ഏകാകിയായാണ് ഒപ്പനക്ക് പോകുന്നതും വരുന്നതും. ഒപ്പന വൈകുന്നേരം ദീപാരാധനയ്ക്കു മുമ്പായി മേലേക്കാവിലെത്തുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയ്ക്കുള്ളിൽ ഒപ്പനയറയിൽ വെക്കുന്നു. തുടർന്നുള്ള നാലുദിവസവും അർദ്ധധരാത്രി കളംപാട്ടിനുശേഷം ഒപ്പന കെട്ടി കാണിക്കും. സർവ്വരോഗശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഒപ്പനദർശനം ഉത്തമമെന്ന് വിശ്വസിക്കുന്നു. ഒപ്പനക്കോപ്പ് വരുന്നതുമുതൽ ഉത്സവം അതിൻ്റെ പാരമ്യത്തിലേക്കു കടക്കുന്നു. തുടർന്നുള്ള നാലുദിവസവും മേലേക്കാവിൽ നിന്ന് താഴേക്കാവിലേക്ക് വള്ളിയൂരമ്മ എഴുന്നള്ളുന്നു. തുടർന്ന് താഴേക്കാവിലെ പാട്ടുപുരയിൽ കളംപാട്ടിനുശേഷം മേലേകാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. മീനം പതിനാലാം ദിവസമാണ് ഏറ്റവും പ്രധാനദിവസം. അന്ന് വയനാടൻ ജനതയുടെ വഴികളെല്ലാം വള്ളിയൂർക്കാവിലേക്കാണ്. ആദിവാസി സമൂഹങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഉത്സവമാണിത്. അവരും കുടുംബസമേതം എത്തുന്നു. ഉച്ചകഴിയുന്നതോടെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഗജവീരൻമാരുടെയും ഇളനീർക്കാവുകളുടെയും അകമ്പടിയോടെ അടിയറവരവുകൾ വള്ളിയൂർക്കാവിലേക്ക് പുറപ്പെടുന്നു. അത്താഴപൂജക്കു മുൻപായി എല്ലാ അടിയറകളും വന്നു പോകുന്നു. ഇളനീർക്കാവുകൾ വള്ളിയൂരമ്മയ്ക്ക് അഭിഷേകം കഴിപ്പിക്കുന്നു. അത്താഴപൂജ കഴിഞ്ഞാൽ വള്ളിയൂരമ്മ പാണ്ടിമേളത്തോടെ മൂന്നാനപ്പുറത്ത് താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. അന്നേദിവസം കളംപാട്ട് ഉണ്ടാകുന്നതല്ല. ദേവിയെ മണിപ്പുറ്റിൽ ഇറക്കിയെഴുന്നള്ളിച്ചശേഷം പാട്ടുപുരയിൽ ചെറിയൊരു പാട്ട് നടക്കുന്നു. ശേഷം ദേവി ഒന്നര കിലോമീറ്റർ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുതറയിലേക്ക് എഴുന്നള്ളുന്നു. ഇവിടെ കോമരനൃത്തവും ഇറക്കിപ്പൂജയും ഉണ്ട്. ശേഷം കബനീനദിയിൽ വള്ളിയൂരമ്മയുടെ ആറാട്ടിനുശേഷം മേലേക്കാവിലെത്തുന്നു. ഇവിടെ ദേശക്കാരുടെ അരിചാർത്തലിനു ശേഷം താഴെക്കാവിലേക്ക് വീണ്ടും എഴുന്നള്ളിക്കുന്നു. ശേഷം ഇവിടെയും കോമരനൃത്തമുണ്ട്. ശേഷം ഒപ്പനദർശനം. അതു കഴിയുന്നതോടെ രുധിരക്കോലം എന്ന ചടങ്ങാണ്. കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇത്. പാണിയുടെ അകമ്പടിയോടെയാണ് ഇരുവരുടെയും യുദ്ധം. അവസാനം കാളി ദാരികൻ്റെ കിരീടമെടുക്കുന്നതോടെ ഈ ചടങ്ങ് കഴിയുന്നു. ഇതോടെ ഭഗവതിയെ മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. ശേഷം പള്ളിയറ ക്ഷേത്രത്തിൽ നിന്നെഴുന്നള്ളിച്ച വാളും ഒപ്പനക്കോപ്പും തിരിച്ചെഴുന്നള്ളിക്കുന്നു. അതോടെ പതിനാലുദിവസത്തെ വയനാടിൻ്റെ ദേശീയോത്സവമായ വള്ളിയൂർക്കാവിലമ്മയുടെ ഒരുത്സവത്തിനു സമാപനമാകുന്നു.[2]

ചരിത്രം[തിരുത്തുക]

പണ്ട് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്ന ഇവിടത്തെ ഉൽസവത്തിന്റെ സമയത്താണ് ആദിവാസികളെ അടിമകളായി വിറ്റിരുന്നത്. ദേവിയുടെ മുന്നിൽ വച്ച് എടുക്കുന്ന പ്രതിജ്ഞപാലിക്കാൻ ആടിമകൾ നിർബന്ധിതരായിരുന്നു. മീനം പതിനഞ്ചിനു പുലർച്ചെ ആദിവാസികളെ തിരഞ്ഞെടുത്ത് അടുത്ത വള്ളിയൂർക്കാവ് ഉത്സവം വരെ തൻ്റെ കീഴിൽ പണി ചെയ്ത് കൊള്ളാം എന്ന് സത്യം ചെയ്യിക്കുന്നതാണ് അടിമ വ്യാപാരത്തിൻ്റെ ചടങ്ങ്.[1]

ഇതും കാണുക[തിരുത്തുക]

നിൽപ്പുപണം

അവലംബം[തിരുത്തുക]

  1. 1.0 1.1 https://www.thehindu.com/todays-paper/tp-national/tp-kerala/Valliyoorkavu-temple-festival-draws-to-a-close/article16009346.ece
  2. വയനാട്ടിലെ ആരാധന സ്ഥലങ്ങൾ

കുറിപ്പുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]