വരവൂർ കീഴ്ത്തളി മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ വരവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് വരവൂർ കീഴ്ത്തളി മഹാദേവക്ഷേത്രം. ശിവലിംഗങ്ങളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വരവൂരിൽ സ്ഥിതിചെയ്തിരുന്ന 108 ശിവക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ തകർന്നുപോകുകയും പിന്നീട് നവീകരിയ്ക്കുകയും ചെയ്ത രൂപത്തിലാണ് ഇപ്പോൾ കാണപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി, കിരാതമൂർത്തി സങ്കല്പത്തിലുള്ളതും മൃത്യുഞ്ജയ ജീവനകലയോടുകൂടിയതുമായ ശിവനാണ്. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നരസിംഹമൂർത്തി, ഭഗവതി, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്.

36 പടികളോടുകൂടിയ അതിമനോഹരമായ ക്ഷേത്രസമുച്ചയമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിനുള്ളത്. ഉയരത്തിൽ സ്ഥിതിചെയ്യുന്ന മതിലകവും അവിടെയുള്ള നിർമ്മിതികളും ആരുടെയും മനം മയക്കുന്ന കാഴ്ചയാണ്. ക്ഷേത്രത്തിലുള്ള 36 പടികൾക്കും വർഷത്തിലൊരിയ്ക്കൽ വിശേഷാൽ പൂജ നടത്തിവരുന്നുണ്ട്. ശൈവാഗമ പൂജ അഥവാ പടിപൂജ എന്നറിയപ്പെടുന്ന ഈ പൂജ നടത്തപ്പെടുന്നത് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ മേടമാസത്തിലെ പുണർതം നാളിലാണ്. കേരളത്തിൽ പടിപൂജ നടക്കുന്ന രണ്ടേ രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. ശബരിമല ക്ഷേത്രമാണ് മറ്റേത്. കുംഭമാസത്തിലെ മഹാശിവരാത്രി, വൃശ്ചികമാസത്തിലെ അയ്യപ്പൻ വിളക്ക് എന്നിവയും ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രോത്പത്തിയെക്കുറിച്ച് വ്യക്തമായ ധാരണകൾ എവിടെയും കാണാനില്ല. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമായതിനാൽ, പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണെന്ന് ഊഹിയ്ക്കാം. എന്നാൽ, അതിനും വ്യക്തത പോരാ. എന്തായാലും ഏകദേശം ആയിരത്തിലധികം വർഷം പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് അനുമാനിയ്ക്കാം.

ചരിത്രം[തിരുത്തുക]

വരവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്തിരുന്ന നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ കീഴ്ത്തളി ക്ഷേത്രം, ഒരുകാലത്ത് വരവൂരിന്റെ തിലകക്കുറിയായി നിലകൊണ്ടുവന്നിരുന്നു. ആദ്യകാലത്ത് ഭാരതപ്പുഴ ഈ ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് ഒഴുകിയിരുന്നതെന്ന് പറയപ്പെടുന്നു. പിന്നീടെന്നോ വഴിമാറിയൊഴുകിയതാണ്. നിളയുടെ സാന്നിദ്ധ്യം മൂലം ഈ ഗ്രാമം വാരണാസിയ്ക്ക് തുല്യമായി കണക്കാക്കപ്പെട്ടുവന്നു. ചേരമാൻ പെരുമാൾ അടക്കം നിരവധി പ്രമുഖർ ഈ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുകയുണ്ടായിട്ടുണ്ട്. 'കല്ലുകൾ ശിവലിംഗങ്ങൾ, വാരികൾ തീർത്ഥങ്ങളും' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധത്തിൽ അക്കാലത്ത് ഈ പ്രദേശം മുഴുവനും ശിവക്ഷേത്രങ്ങളും അവയോടനുബന്ധിച്ചുള്ള കുളങ്ങളുമായിരുന്നു.

എന്നാൽ, ടിപ്പുവിന്റെ പടയോട്ടത്തിൽ ഇവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിയ്ക്കുകയുണ്ടായി. വരവൂരിലെ പുരാതനമായ തിരുമത്തളി ക്ഷേത്രം ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളും ഇതിൽ തകർക്കപ്പെടുകയുണ്ടായി. എന്നാൽ, ഇവിടെയുള്ള ശിവലിംഗങ്ങൾ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എങ്കിലും ദീർഘകാലം ഇവ അനാഥമായിക്കിടക്കുകയുണ്ടായി. റോഡിന് സമീപവും പലരുടെയും വീടുകളിലും പറമ്പുകളിലുമൊക്കെയായി അവ ചിതറിക്കിടന്നു. ഏത് ക്ഷേത്രത്തിലുണ്ടായിരുന്നതാണെന്നുപോലും നാട്ടുകാർക്ക് വിവരമുണ്ടായിരുന്നില്ല. കീഴ്ത്തളി ക്ഷേത്രത്തിലെ ശിവലിംഗമാകട്ടെ, ചെറിയൊരു കുന്നിന്റെ മുകളിലാണ് നിൽക്കുന്നുണ്ടായിരുന്നത്. ഇതും ഒരു വ്യക്തിയുടെ കയ്യിലായിരുന്നു. എന്നാൽ, ഈ ക്ഷേത്രത്തെക്കുറിച്ച് ചില വിവരങ്ങൾ നാട്ടുകാർക്ക് ലഭ്യമായിരുന്നു. യഥാർത്ഥ ക്ഷേത്രത്തിന് ഒന്നരയേക്കർ വിസ്തീർണ്ണമുണ്ടായിരുന്നതായി ചില രേഖകൾ പറയുന്നുണ്ട്. എന്നാൽ, അവയിൽ ഭൂരിഭാഗവും അന്യാധീനപ്പെട്ടുപോകുകയും ഒടുവിൽ പതിനാറുസെന്റ് സ്ഥലം മാത്രം അവശേഷിയ്ക്കുകയും ചെയ്തു. ഈ സ്ഥലം വിലയ്ക്കുവാങ്ങി ക്ഷേത്രം പണിയാനായിരുന്നു നാട്ടുകാരുടെ പദ്ധതി. അതനുസരിച്ച് 2001-ൽ ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപവത്കരിയ്ക്കാൻ അവർ തീരുമാനിച്ചു. 2007-ൽ സ്ഥലം ഉടമയുടെ കയ്യിൽ നിന്ന് ക്ഷേത്രഭൂമി വാങ്ങിയ കമ്മിറ്റി, അവിടെ ശ്രീകോവിലും അന്നദാനമണ്ഡപവും ക്ഷേത്രജീവനക്കാർക്ക് താമസിയ്ക്കാനുള്ള സ്ഥലവും നിർമ്മിയ്ക്കുകയുണ്ടായി. 2008 മേയ് പത്തിന്, മേടമാസത്തിലെ പുണർതം നക്ഷത്രത്തിൽ മഹാദേവന്റെ പുനഃപ്രതിഷ്ഠയും നടത്തി. ക്ഷേത്രത്തിൽ ബാക്കിയുണ്ടായിരുന്ന പതിനാറുസെന്റിനൊപ്പം ഇരുപതുസെന്റ് അധികം ഭൂമി ഇതിനായി കമ്മിറ്റി വാങ്ങുകയുണ്ടായി. അങ്ങനെ മൊത്തം സ്ഥലം മുപ്പത്തിയാറുസെന്റായി. ഇവിടെനിന്നാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ തുടങ്ങുന്നത്.

2011-ൽ ക്ഷേത്രനവീകരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഉപദേവതാക്ഷേത്രങ്ങൾ, നാലമ്പലം, തിടപ്പള്ളി, പടിക്കെട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണമായിരുന്നു ഇതിൽ. 2011 നവംബർ 14-ന് കാഞ്ചി കാമകോടിപീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളാണ് ക്ഷേത്രനിർമ്മാണത്തിന് തറക്കല്ലിട്ടത്. 2012 ഫെബ്രുവരി മാസത്തിൽ ക്ഷേത്രനിർമ്മാണം തുടങ്ങുകയും 2014 മേയ് മാസത്തിൽ നാഗദൈവങ്ങൾ ഒഴികെയുള്ള ഉപദേവതകളുടെ പ്രതിഷ്ഠകൾ നടക്കുകയും ചെയ്തു. ഇതിനുശേഷം ക്ഷേത്രത്തിലേയ്ക്കുള്ള പടിക്കെട്ടുകളുടെ നിർമ്മാണവും നാഗപ്രതിഷ്ഠയും നടക്കുകയുണ്ടായി. 2016 മേയ് 11-ന്, ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ മേടമാസത്തിലെ പുണർതം നാളിലാണ് പുനർനിർമ്മിയ്ക്കപ്പെട്ട ക്ഷേത്രത്തിന്റെ സമർപ്പണം നടന്നത്. അതിനോടനുബന്ധിച്ചുതന്നെയാണ് ക്ഷേത്രത്തിന്റെ വിശേഷച്ചടങ്ങായ ശൈവാഗമ പടിപൂജ ആദ്യമായി നടന്നതും. നിലവിൽ, ഇവിടെ അതിഗംഭീരമായ ഒരു ക്ഷേത്രസമുച്ചയം തന്നെ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ശൈവാഗമ പടിപൂജ അതിവിശേഷമായി ആചരിച്ചുവരുന്നു. ലോകത്ത് മറ്റൊരു ശിവക്ഷേത്രത്തിലും ഇത് നടക്കുന്നില്ല എന്നതുതന്നെയാണ് ഇതിന്റെ വലിയ പ്രത്യേകത. ക്ഷേത്രത്തിലെ പടിക്കെട്ടുകൾക്ക് അടിയിൽ ഇരുവശങ്ങളിലുമായി ശിവസൂക്തത്തിലെ നാമങ്ങളും, നടുക്ക് പാർവ്വതീദേവിയുടെ നാമങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാണ് പൂജ നടക്കുന്നത്. തന്മൂലം, ശിവ-ശക്തി ആരാധനയാണ് ഇവിടെ നടക്കുന്നത് നിരവധി ആളുകളാണ് ഈ പ്രത്യേകത അറിഞ്ഞ് ഇവിടെ വരുന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

വരവൂർ തളി ഗ്രാമത്തിന്റെ ഒത്ത നടുക്ക്, റോഡ് നിരപ്പിൽ നിന്ന് ഏകദേശം 200 അടി ഉയരത്തിലാണ് ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ മുള്ളൂർക്കര-പട്ടാമ്പി ബസ്റൂട്ട് കടന്നുപോകുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ബസ് സ്റ്റോപ്പുമുണ്ട്. താഴെനിന്ന് ക്ഷേത്രത്തിലേയ്ക്ക് കയറാനായി 36 കരിങ്കൽപ്പടികൾ പണിതിട്ടുണ്ട്. ഈ പടിക്കെട്ടുകൾ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഒന്ന് ക്ഷേത്രത്തിലേയ്ക്ക് കയറിപ്പോകാനും, മറ്റേത് ക്ഷേത്രത്തിൽനിന്ന് ഇറങ്ങിവരാനുമാണ്. നടുക്കുള്ള വഴികളുടെ അടിയിൽ ഇരുവശങ്ങളിലായി ശിവസഹസ്രനാമത്തിൽ നിന്നുള്ള നാമങ്ങളും, നടുക്ക് 51 അക്ഷരങ്ങളോട് ചേർന്നുള്ള പ്രത്യേകതരം ശിവനാമങ്ങളും, അവയ്ക്കൊപ്പം തന്നെ പാർവ്വതീദേവിയുടെ നാമാവലിയും എഴുതിവച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് പടിപൂജ നടക്കുന്നത്. പടിക്കെട്ടുകൾക്കുതാഴെ തെക്കുപടിഞ്ഞാറായി നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ട്.

പടികൾ കയറി മുകളിലെത്തുമ്പോൾ നേരെ മുമ്പിൽ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. താരതമ്യേന വലുപ്പം കുറവാണ് ഈ ബലിക്കല്ലിന് എന്നതിനാൽ പുറത്തുനിന്നുനോക്കുമ്പോൾ തന്നെ ശിവലിംഗം വ്യക്തമായി കാണാം. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ആധുനിക നിർമ്മിതിയായതിനാൽ പുറത്തെ പ്രദക്ഷിണവഴി പൂർണ്ണമായും ടൈൽസ് പാകിയാണ് നിർമ്മിച്ചിരിയ്ക്കുന്നത്. വളരെ ഇടുങ്ങിയതാണ് പ്രദക്ഷിണവഴിയെങ്കിലും പ്രദക്ഷിണം നിർബാധം നടത്താവുന്നതാണ്. ഉയരത്തിൽ നിർമ്മിച്ച ക്ഷേത്രമായതിനാൽ ഇവിടെനിന്ന് നമുക്ക് ചുറ്റുമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമായി ലഭിയ്ക്കുന്നതാണ്. കിഴക്കുഭാഗത്ത് മുൻ സൂചിപ്പിച്ചപോലെ അന്നദാനമണ്ഡപവും കഴകക്കാരുടെ താമസസ്ഥലവും കാണാം. ഇവയൊഴിച്ചുനിർത്തിയാൽ മറ്റൊരു നിർമ്മിതിയും ഇവിടെയില്ല.