Jump to content

ളാഹ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ആദിവാസി പ്രവർത്തകനും, ചെങ്ങറ സമരനായകനുമായിരുന്നു ളാഹ ഗോപാലൻ (1950 ഏപ്രിൽ 4- സെപ്റ്റംബർ 22 2021). ചെങ്ങറ ഭൂസമരവുമായാണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

1950 ഏപ്രിൽ 10-ന് ആലപ്പുഴ ജില്ലയിലെ തഴക്കരയിൽ അയ്യപ്പ​ൻറയും ചന്ദ്രമതിയുടെയും നാലുമക്കളിൽ മൂന്നാമനായി ളാഹ ഗോപാലൻ ജനിച്ചു.[2] എട്ടാം വയസ്സിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇടുക്കി വൈദ്യുതനിലയത്തിൽ പണിക്കായി പോയിരുന്ന 12 അംഗസംഘത്തിൽ ഗോപാലൻ ഒഴികെ എല്ലാവർക്കും ഇടുക്കിയിൽ കെ.എസ്.ഇ.ബി. ജോലി നൽകി.[3] തനിക്ക് മാത്രം നിഷേധിച്ച തൊഴിലിനുവേണ്ടി ചെറുപ്പത്തിൽ തന്നെ അദ്ദേഹം സമരംചെയ്തു.[3] അതേത്തുടർന്ന് കെ.എസ്.ഇ.ബിയിൽ മസ്ദൂറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2005-ൽ ഓവർസിയറായി സർവ്വീസിൽ നിന്നും വിരമിച്ചു. വിരമിച്ച ശേഷം ആദിവാസി ഭൂമി വിഷയം മുൻനിർത്തി സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. ളാഹ ഗോപാല​ന്റെ നേതൃത്വത്തിൽ നടന്ന ചെങ്ങറ സമരത്തിലൂടെയാണ്​ ദലിത്​-ആദിവാസി ഭൂമി പ്രശ്നങ്ങൾ കേരളീയ സമൂഹത്തിൽ ചർച്ചയാവുന്നത്.[4] 2021 സെപ്റ്റംബർ 22-നു കോവിഡ് അനുബന്ധ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു.[1] ബന്ധുവിനൊപ്പം ളാഹയിൽ താമസമായതോടെയാണ് ളാഹ ഗോപാലൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.[3] ശബരിമല പാതയിൽ ളാഹ ആദിവാസി കോളനിയിലായിരുന്നു താമസം.[5] ആദിവാസികൾക്കൊപ്പം താമസിച്ച് നേടിയ അനുഭവങ്ങളിലൂടെ അവരുടെ ദുരിതം എന്തെന്ന് നേരിട്ട് മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സമര ചരിത്രം[തിരുത്തുക]

1986 മുതലാണ് അദ്ദേഹം ആദിവാസികളുടെ അവകാശങ്ങൾക്കായി സമരരംഗത്തിറങ്ങുന്നത്.[5] 1990 ൽ അദ്ദേഹം രാജാമ്പാറ ഭൂസമരത്തിന് നേതൃത്വം നൽകി.[5] 2000-ൽ അദ്ദേഹം സാധുജന വിമോചന സംയുക്തവേദി എന്ന സംഘടന ആരംഭിച്ചു.[3] സംഘട‌നയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.[5] 2005 ആഗസ്റ്റ് 15 ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സത്യഗ്രഹം 150 ദിവസം നീണ്ടുനിന്നു.[5] 2007 ആഗസ്റ്റ് 4 ന് ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ചെങ്ങറയിലെ തോട്ടം കൈയേറി തുടങ്ങിയ കുടിൽകെട്ടി സമരത്തിന്റെ പേരിൽ നവംബർ 12 ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.[5]

ഭൂമിയില്ലാത്തവർക്കു ഭൂമിക്കായി നവ്യമായ പോർമുഖം തുറന്ന സമര നായകനാണ് ളാഹ ഗോപാലൻ. കേരളത്തിലെ വിവിധ മുന്നണിരാഷ്ട്രീയ നേതൃത്വത്തെയും ഞെട്ടിച്ച നിശ്ചയദാർഢ്യമായിരുന്നു കൈമുതൽ.

യാതൊരു മയവുമില്ലാതെ അധികൃതരോട് ഏറ്റുമുട്ടിയ ളാഹ ഗോപാലനെ പല തവണ അറസ്റ്റ് ചെയ്തു. പലതവണ കടുത്ത മർദ്ദനത്തിനിരയായി. എന്നിട്ടും നിലപാടുകളിൽ ഉറച്ചു നിന്നു. ചെങ്ങറയിൽ ആളിപ്പടർന്ന സമര വീര്യം ആറളത്തേക്കും അരിപ്പയിലേക്കുമൊക്കെ പടർന്നു. ജയ് ഭീം എന്നെഴുതിയ വെളുത്ത അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം ളാഹ ഗോപാലൻ കേരളത്തിലെ വിവിധ സമര പന്തലുകളിലെത്തി. അങ്ങനെ ഭൂസമരങ്ങളിലെ ആവേശമായി  മാറി.

2007 ഓഗസ്റ്റ് നാലാം തീയതി. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സാധുജന വിമോചന സംയുക്തവേദി എന്ന സംഘടനയുടെ പൊതുയോഗം നടന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിനു മുൻപ് കുടിലുകെട്ടി സമരം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു. മുമ്പ് പലപ്പോഴായി ഈ ആവശ്യം ഉന്നയിച്ച ഈ ചെറിയ സംഘടന ഇനി എന്ത് ചെയ്യാനാ എന്ന് നിസംഗമായി കരുതിയ അധികാരികളടക്കമുളളവർക്ക് അന്ന് തെറ്റി.

രാത്രിതന്നെ കോന്നിക്കടുത്ത ചെങ്ങറ ഹാരിസൺ മലയാളം തോട്ടത്തിൽ അയ്യായിരത്തോളം വരുന്ന പ്രവർത്തകർ 143 ഹെക്ടർ ഭൂമി കൈയ്യേറി കുടിലുകെട്ടി സമരം തുടങ്ങി. തോട്ടത്തിന്റെ ചേറുവാള ഡിവിഷനിൽ ആയിരുന്നു സമരം. പൊടുന്നനെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധ അങ്ങോട്ടായി. ആ സമരത്തിന്റെ നേതാവായ ളാഹ ഗോപാലൻ എന്ന 58 കാരനിലേക്കും.

കെഎസ്ഇബി ജീവനക്കാരനായിരുന്ന ഗോപാലൻ 2000ൽ രൂപം നൽകിയ സംഘടനയായിരുന്നു സാധുജന വിമോചന സംയുക്തവേദി. ഭൂരഹിതരുടെ അവകാശത്തിനുവേണ്ടി നിവേദനങ്ങൾ കൊടുത്തും സമരങ്ങൾ സംഘടിപ്പിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല.

2006-ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇളപ്പുപാറ റബ്ബർ തോട്ടത്തിൽ കുടിലുകെട്ടിസമരമുറ ആദ്യമായി പരീക്ഷിച്ചു. ഏതാനും ദിവസങ്ങളെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു. പത്തനംതിട്ട ജില്ലാകളക്ടറുടെ മധ്യസ്ഥ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ലയിൽ മിച്ചഭൂമി ഇല്ലാത്തതിനാൽ അവകാശം അംഗീകരിക്കാൻ കഴിയത്തില്ലെന്നായിരുന്നു അധികാരികളുടെ നിലപാട് .

എന്നാൽ പോരാട്ടം തുടർന്ന ഗോപാലൻ 2007 ലെ സമരത്തോടെ ശ്രദ്ധാകേന്ദ്രമായി. സംസ്ഥാനത്തിന്റെ വിവിധഭാഗത്തുനിന്നു നിരവധി ഭൂരഹിതർ പ്രസ്ഥാനത്തിൽ അംഗത്വം നേടി. വൻ ബഹുജനമുന്നേറ്റമായി അത് മാറി.

തോട്ടം തൊഴിലാളികളും മിക്ക രാഷ്ട്രീയപാർട്ടികളും ചെങ്ങറസമരത്തിന് ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങി. പലപ്പോഴും സമരഭൂമിയിൽ ഉള്ളവരും തൊഴിലാളികളും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായി. ഓണത്തലേന്ന് സമരക്കാർ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കരിംകുറ്റി ഡിവിഷനിലേക്ക് കുടിലുകെട്ടിസമരം മാറ്റി. തോട്ടം ഉടമകൾ സമരക്കാർക്കെതിരേ നിയമപോരാട്ടം നടത്തി. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഇവരെ ഒഴിപ്പിക്കാനായിരുന്നു കോടതി നിർദേശം. പോലീസ് പലതവണ വന്നെങ്കിലും സമരക്കാർ ആത്മഹത്യാ സ്‌ക്വാഡുണ്ടാക്കി റബ്ബർമരങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് ഈ സമരരീതി മാധ്യമങ്ങളിലൂടെ ലോകശ്രദ്ധയിൽപ്പെട്ടു.

ആലപ്പുഴ ജില്ലയിലെ പന്തളത്തിന് അടുത്ത് വെട്ടിയാറിൽ ജനിച്ച ഗോപാലന്റെ ജീവിതം മാതാപിതാക്കളുടെ മരണശേഷം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. സഹോദരന്റെ തണലിലായിരുന്നു കുറച്ചുകാലം. പിന്നീട് ഇടുക്കി വൈദ്യുതനിലയത്തിൽ പണിക്ക് പോയി. 12 അംഗസംഘത്തിൽ ഗോപാലൻ ഒഴികെ എല്ലാവർക്കും ഇടുക്കിയിൽ തന്നെ കെ.എസ്.ഇ.ബി. ജോലി നൽകി. നിഷേധിച്ച തൊഴിലിനുവേണ്ടി ചെറുപ്പത്തിലെ അദ്ദേഹം സമരംചെയ്തു. അങ്ങനെ കെഎസ്ഇബിയിൽ മസ്ദൂർ ആയി ജോലിയിൽ പ്രവേശിച്ച് 2005 ൽ ഓവർസിയറായി വിരമിച്ച ശേഷമാണ് സമരമുഖത്ത് ഇറങ്ങിയത്. ബന്ധുവിനൊപ്പം പത്തനംതിട്ട ളാഹയിൽ താമസമായതോടെയാണ് പേരിനൊപ്പം ളാഹയും ചേർന്നു.

2004 ലെ അനിശ്ചിതകാലസമരം മുതൽ 2007 വരെയുള്ള കാലത്ത് കോളനികൾ കയറിയിറങ്ങി ഭൂരഹിതരെ സംഘടിപ്പിച്ചു. കോളനികളിൽനിന്ന് കോളനികളിലേക്ക് സഞ്ചരിച്ച് ഓരോ കുടുംബത്തെയും നേരിട്ട് കണ്ട് സംസാരിച്ചാണ് സമരത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. പ്രധാനമായും പട്ടികജാതിക്കാർ അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തരം സംസാരിച്ചത്. ആ സമൂഹം അനുഭവിക്കുന്ന ഭൂരാഹിത്യത്തിന്റെ കാരണങ്ങളെക്കുറിച്ച് നിരന്തരം ക്ലാസ് നടത്തി.

2007ൽ സംഘടനയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ഓഗസ്റ്റ് 4 ന് ജാഥ സമാപിച്ചത് ചെങ്ങറയിലായിരുന്നു. അതിനുശേഷം അവിടെനിന്ന് മിക്കവാറും എല്ലാവരും പിരിഞ്ഞു പോയി. എന്നാൽ ഗോപാലൻ ഒരു സംഘത്തെ രഹസ്യാന്വേഷണ വിഭാഗത്തിൻറെ കണ്ണുവെട്ടിച്ച് തന്ത്രപരമായി തോട്ടത്തിൽ കയറ്റി. സർക്കാരിൻറെ കണക്കുകൂട്ടലുകൾക്കും അപ്പുറം ചിന്തിക്കാൻ ശേഷിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ സമരം തുടങ്ങാൻ കഴിഞ്ഞത്.

ചെങ്ങറയിലെ ഭൂമി കയ്യേറി തോട്ടത്തിൽ സമരക്കാർ കുടിൽ കെട്ടിയതോടെ സർക്കാർ സംവിധാനം അതിനെതിരെ രംഗത്തുവന്നു.

സർക്കാർ നിരീക്ഷണത്തിലായിരുന്നു സമര സംഘം. ഭൂമിയിൽ പ്രവേശിച്ച ഉടൻതന്നെ അതിനെതിരായ പ്രതിരോധവും ശക്തമായി. ഹാരിസൺ എസ്റ്റേറ്റിൽ പണി ചെയ്തിരുന്ന തൊഴിലാളികളടക്കം സമരത്തിനെതിരെ രംഗത്തുവന്നു. സമരത്തെ അടിച്ചമർത്താൻ തന്നെ സർക്കാർ തീരുമാനിച്ചു. അന്ന് അടികിട്ടിയവരിൽ പലരും ചികിത്സയിൽ കഴിയുന്നുണ്ട്. സമരത്തെക്കുറിച്ച് കേട്ടറിഞ്ഞു നൂറുകണക്കിന് പേരാണ് സമരഭൂമിയിലേക്ക് എത്തിയത്.

ഭൂമിയില്ലാത്ത മുഴുവൻ പേരുടെയും അവസ്ഥ ഒന്നാണെന്ന് തിരിച്ചറിഞ്ഞവർക്ക് വലിയൊരു ആവേശവും പ്രതീക്ഷയും സൃഷ്ടിച്ച സമരത്തിൻറെ ഒന്നാം വാർഷികം മുതലാണ് ഉപരോധം വന്നത്. ക്രൂരമായ മർദനം നടന്നു. സമരഭൂമിയിൽനിന്ന് പുറത്തിറങ്ങുന്നതുവരെ ഗുണ്ടകൾ മർദ്ദിച്ചു. പലരെയും അടിച്ച് അവശരാക്കി. സമരക്കാർ കൊടും പട്ടിണി അനുഭവിച്ചു. കാട്ടിലൂടെ ഒളിച്ചു കടത്തിയ അരി ആയിരുന്നു അന്ന് പലരുടേയും ആഹാരം. ആ സമയത്തെല്ലാം സമരം തകർന്ന് സമരക്കാർ പോകുമെന്നായിരുന്നു സർക്കാറിൻറെ പ്രതീക്ഷ. എന്നാൽ സമരക്കാരെ പിടിച്ചുനിർത്തിയത് ളാഹ ഗോപാലൻറെ വാക്കുകളാണ്.

കൃഷി ചെയ്യുന്ന ഒരു കുടുബത്തിന് അഞ്ചേക്കർ ഭൂമി നൽകണമെന്നായിരുന്നു ഗോപാലൻ ഉയർത്തിയ മുദ്രാവാക്യം. സമരം ശക്തമായി തുടർന്ന സമയത്ത് സമരഭൂമിയിൽ 30,000 ഓളം പേരുണ്ടായിരുന്നു.

സർക്കാരിനെതിരായ യുദ്ധത്തിൽ ബുദ്ധിപരവും തന്ത്രപരമായ നീക്കമാണ് ളാഹ നടത്തിയത്. അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഫലം വരുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. അതിനാൽ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചു.

ഒടുവിൽ രണ്ട് ഏക്കർ ഭൂമിയും 50,000 രൂപയും കിട്ടണമെന്നായിരുന്നു ആവശ്യം. 2009 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ചു. ഭൂരഹിതർ എന്ന് കണ്ടെത്തിയ 1495 പേർക്ക് ഭൂമി നൽകാൻ തീരുമാനമായി. ആദിവാസികൾക്ക് ഒരേക്കറും പട്ടികജാതിക്കാർക്ക് 50 സെന്റും മറ്റുള്ളവർക്ക് 25 സെന്റുമായിരുന്നു കരാർ. കേരളത്തിന്റെ പലഭാഗത്തായി ഇവർക്ക് ഭൂമി ലഭിച്ചു.

സർക്കാർ പട്ടയം നൽകാമെന്ന് പ്രഖ്യാപിച്ചപ്പോൾ ആളുകൾ അവിടെ നിന്ന് പോകാൻ തയ്യാറായി. എന്നാൽ ളാഹ ഗോപാലൻ അതിന് എതിരായിരുന്നു. സർക്കാർ പട്ടയം നൽകുന്ന ഭൂമി വാസയോഗ്യമാണോ എന്ന് പരിശോധിച്ച ശേഷമേ പട്ടയം വാങ്ങാവൂ എന്ന്​ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ സർക്കാർ പട്ടയം വിതരണം ചെയ്തപ്പോൾ പലരും പട്ടയം വാങ്ങി. ഭൂമി കിട്ടാത്ത 640 കുടുംബ അംഗങ്ങൾ നിലവിൽ ചെങ്ങറ സമരഭൂമിയിൽ ഉണ്ട്.

കർശനമായി യാതൊരു മയവുമില്ലാതെ അധികൃതരോട് ഏറ്റുമുട്ടിയ ളാഹ ഗോപാലനെ പല തവണ അറസ്റ്റ് ചെയ്തു. പലതവണ കടുത്ത മർദനത്തിനിരയായി. എന്നിട്ടും നിലപാടുകളിൽ ഉറച്ചു നിന്നു. ചെങ്ങറയിൽ നിന്ന് തുടങ്ങിയ സമര വീര്യം ആറളത്തേക്കും അരിപ്പയിലേക്കുമൊക്കെ പടർന്നു. ജയ് ഭീം എന്നെഴുതിയ വെളുത്ത അംബാസിഡർ കാറിൽ അനുയായികൾക്കൊപ്പം ളാഹ ഗോപാലൻ കേരളത്തിലെ വിവിധ സമര പന്തലുകളിലെത്തി. അങ്ങനെ ഭൂസമരങ്ങളിലെ ആവേശമായി  മാറി.

അവസാനനാളുകളിൽ ആളും ആരവവും ഇല്ലാതെ പത്തനംതിട്ടയിലെ അംബേദ്ക്കർ സ്മാരക മന്ദിരത്തിലായിരുന്നു ജീവിതം. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡ് അതിനും തടസമായി. [6]

കുടുംബം[തിരുത്തുക]

അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു, കമലമ്മയും ശാരദയും.[7] ഗിരീഷ്, ഗിരിജ, ഗിരിദേവ് എന്നിവർ മക്കൾ.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചെങ്ങറ സമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ". 22 സെപ്റ്റംബർ 2021. Archived from the original on 2021-09-22. Retrieved 22 സെപ്റ്റംബർ 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ലേഖകൻ, മാധ്യമം (2021-09-22). "വളർന്നത്​ അനാഥനായി; ഏറ്റെടുത്തത്​ അനാഥമായ സമൂഹത്തിന്റെ നേതൃത്വം | Madhyamam". Retrieved 2021-09-23. {{cite web}}: zero width space character in |title= at position 9 (help)
  3. 3.0 3.1 3.2 3.3 പ്രദീപ്, കെ ആർ കെ. "ളാഹ ഗോപാലൻ: ഭൂരഹിതരുടെ സമരത്തിലെ ഒറ്റയാൻ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-09-24. Retrieved 2021-09-24.
  4. ലേഖകൻ, മാധ്യമം (22 സെപ്റ്റംബർ 2021). "ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു | Madhyamam". www.madhyamam.com.
  5. 5.0 5.1 5.2 5.3 5.4 5.5 Daily, Keralakaumudi. "ളാഹ ഗോപാലൻ എന്ന ഉജ്ജ്വല അദ്ധ്യായം". Keralakaumudi Daily (in ഇംഗ്ലീഷ്).
  6. [https://malayalam.news18.com/news/explained/know-why-activist-laha-gopalan-gains-importance-in-the-history-of-land-struggles-in-kerala-cv-rv-447121.html / Malayalam News 18] ളാഹ ഗോപാലൻ: ഭൂമിക്കായി പുതിയ പോർമുഖം തുറന്ന സമര നായകൻ; രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച നിശ്ചയദാർഢ്യം
  7. 7.0 7.1 "ളാഹ ഗോപാലൻ അന്തരിച്ചു". ManoramaOnline.
"https://ml.wikipedia.org/w/index.php?title=ളാഹ_ഗോപാലൻ&oldid=3819437" എന്ന താളിൽനിന്ന് ശേഖരിച്ചത്