ളാക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ പ്രമാടം വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ളാക്കൂർ. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 10 കി.മിയും കോന്നിയിൽ നിന്ന് 5 കി.മീറ്ററും അകലെയാണ് ളാക്കൂർ.

ചരിത്രം[തിരുത്തുക]

പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂർവ്വീകർ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. പാണ്ഡ്യരാജവംശം ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂർ ശാഖക്കാരാണ് പന്തളംരാജകുടുംബാംഗങ്ങളുടെ പൂർവ്വീകർ. അച്ചൻകോവിലിൽ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയ ചെമ്പഴന്നൂർ ശാഖക്കാർ തുറ എന്ന സ്ഥലത്തെത്തി അച്ചൻകോവിലാറിനു കുറുകെ കടന്ന് കരിപ്പാൻതോട്, നടുവത്ത് മൂഴി, വയക്കര, കുമ്മണ്ണൂർ, ആനകുത്തി വഴി മഞ്ഞക്കടമ്പ് എത്തിച്ചേരുകയുണ്ടായി. ഒരു കോയിക്കലാണ് അവിടെ ആദ്യം പണിയിച്ചത്. അത് മഞ്ഞക്കടമ്പിനടുത്ത് കോയിക്കലേത്ത് എന്നറിയപ്പെടുന്നു. അവിടെയാണ് ആരംഭത്തിൽ എല്ലാവരുമൊന്നിച്ചു പാർത്തത്. കൂടുതൽ ആളുകൾ വന്നുചേർന്നതോടുകൂടി പുതിയ കോയിക്കലുകൾ നിർമ്മിച്ചു.

ബ്രാഹ്മണാലായങ്ങളായ മനകളും മഠങ്ങളും ഉണ്ടാക്കി. അവരോടൊപ്പം വന്ന പടയാളികൾ സമീപപ്രദേശങ്ങളിൽ താമസിച്ചു. അവർക്ക് ആയുധപരിശീലനം നൽകുന്നതിന് ഗോപുരത്തുംമണ്ണ്, പാലവൻമണ്ണ് എന്നീ സ്ഥലങ്ങൾ ഉപയോഗിച്ചു. കളരിപരിശീലനം നൽകുന്നതിന് അയിരമണ്ണിൽ കളരി സ്ഥാപിച്ചു. പരിശീലനത്തിനിടയിൽ പരുക്കുപറ്റുന്നവരെ ചികിത്സിക്കുന്നതിന് വൈദ്യന്മാരെയും പാർപ്പിച്ചു. വ്യത്യസ്ത ആയോധനമുറകൾ അഭ്യസിപ്പിക്കുന്നതിന് സമീപസ്ഥലങ്ങളിൽ പരിശീലനകേന്ദ്രങ്ങളുണ്ടാക്കി. ലാക്ക് നോക്കി അമ്പെയ്ത്ത് അഭ്യസിപ്പിച്ചിരുന്ന സ്ഥലം ലാക്ക് ഊർ അഥവാ ളാക്കൂർ -ഉം ആയി എന്നാണ് ചരിത്രം.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-26.


"https://ml.wikipedia.org/w/index.php?title=ളാക്കൂർ&oldid=3644217" എന്ന താളിൽനിന്ന് ശേഖരിച്ചത്