Jump to content

ലോഹനാശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോഹനാശനം മൂലം തുരുമ്പെടുത്ത ചങ്ങല. നിർമ്മിക്കപ്പെടുന്ന ഇരുമ്പിന്റെ നല്ലൊരു ഭാഗവും തുരുമ്പ് പിടിച്ച് നഷ്ടപ്പെടുന്നുണ്ട്.

ഒരു ലോഹം അതിന്റെ ചുറ്റുപാടുമുള്ള ഏതെങ്കിലും മാധ്യമവുമായുള്ള പ്രവർത്തനം മൂലം രാസമാറ്റത്തിന് വിധേയമാകുന്ന പ്രക്രിയയാണ് ലോഹനാശനം (Corrosion). ഇരുമ്പ് തുരുമ്പിക്കുന്നത് ലോഹനാശനത്തിന് ഉദാഹരണമാണ്.

കാരണങ്ങൾ

[തിരുത്തുക]

പ്രധാനമായും രണ്ടു വിധത്തിലാണ് ലോഹനാശനം സംഭവിക്കുന്നത്

  • നേരിട്ടുള്ള രാസപ്രവർത്തനം
  • വൈദ്യുതവിശ്ലേഷണ പ്രവർത്തനം

നേരിട്ടുള്ള രാസപ്രവർത്തനം

[തിരുത്തുക]

ലോഹങ്ങൾ വായുവിൽ തുറന്നു വച്ചാൽ നാശനത്തിന് വിധേയമാകും. ലോഹങ്ങൾ വിദ്യുത്ധനവും (ഇലക്ട്രോ പൊസിറ്റീവ്) അന്തരീക്ഷത്തിലെ ഓക്സിജൻ വിദ്യുത്ഋണവും (ഇലക്ട്രോ നെഗറ്റീവ്) ആണ്. ലോഹങ്ങൾ അതിനാൽ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ച് ലോഹങ്ങളുടെ ഓക്സൈഡുകൾ ഉണ്ടാക്കുന്നു. ലോഹത്തിന് ഇത് ഒരു ആവരണം സൃഷ്ടിക്കുന്നു. ക്രിയാശീലത കൂടിയ ലോഹങ്ങളാണെങ്കിൽ ലോഹഓക്സൈഡുകളും ലോഹം തന്നെയും അന്തരീക്ഷത്തിലെ ജലബാഷ്പവുമായി പ്രവർത്തിച്ച് അതത് ലോഹത്തിന്റെ ഹൈഡ്രോക്സുകൾ ഉണ്ടാക്കുന്നു. ഇത് കാർബൺ ഡയോക്സൈഡുമായി പ്രതിപ്രവർത്തിച്ച് കാർബണേറ്റുകളും ആയി മാറാം. ലോഹം മുഴുവൻ ഇത്തരത്തിൽ പ്രവർത്തിച്ച് ഓക്സൈഡുകളും ഹൈഡ്രോക്സൈഡുകളും കാർബണേറ്റുകളും ആയി മാറും. ആവർത്തന പട്ടികയിലെ ഒന്നാംഗ്രൂപ്പിലേയും രണ്ടാം ഗ്രൂപ്പിലേയും മൂലകങ്ങളാണ് കൂടുതലായും ഇത്തരത്തിലുള്ള ലോഹനാശനത്തിന് വിധേയമാകുന്നത്.
ചില ലോഹങ്ങളുടെ കാര്യത്തിൽ ലോഹഓക്സൈഡുകൾ ലോഹത്തിന്റെ സംരക്ഷണത്തിന് കാരണമാകുന്നുണ്ട്. അലൂമിനിയത്തിന്റെ കാര്യത്തിൽ ഉപരിതലം മുഴുവൻ വിടവില്ലാത്ത വിധം അലൂമിനിയം ഓക്സൈഡു കൊണ്ട് ആവരണമുണ്ടാകും. ഇത് തുടർന്നുള്ള നാശനത്തെ ചെറുക്കുകയും ചെയ്യും. ഇരുമ്പിന്റെ കാര്യത്തിൽ ഈ ഓക്സൈഡ് ആവരണം പൊടിഞ്ഞു പോകുന്നതും ചെറു സുഷിരങ്ങൾ ഉള്ളതുമാണ്. അതിനാൽ ഈ ആവരണത്തിന് ലോഹനാശനത്തെ ചെറുക്കാൻ സാധ്യമല്ല.

വൈദ്യുതവിശ്ലേഷണ പ്രവർത്തനം

[തിരുത്തുക]

ലോഹത്തോട് ഒട്ടിയിരിക്കുന്ന മാലിന്യങ്ങളും അപദ്രവ്യങ്ങളും ചിലപ്പോൾ മറ്റൊരു ലോഹം തന്നെയും ഇലക്ട്രോഡുകളായി പ്രവർത്തിക്കും. അന്തരീക്ഷത്തിലെ ഈർപ്പം ലോഹത്തിൽ പറ്റിപ്പിടിച്ച് ഇലക്ട്രോലൈറ്റായും പ്രവർത്തിക്കുന്നു. ഇത് ഒരു വോൾട്ടാ സെല്ലിനെ സൃഷ്ടിക്കുന്നു. ഇത് വൈദ്യുതവിശ്ലേഷണ പ്രവർത്തനത്തിന് കാരണമാകുന്നു. വൈദ്യുതരാസ ശ്രേണിയിൽ അലൂമിനിയത്തിന് താഴോട്ടുള്ള ലോഹങ്ങളാണ് ഇത്തരത്തിലുള്ള പ്രവർത്തനം മൂലം നാശനത്തിന് വിധേയമാകുന്നത്.

ലോഹനാശനത്തെ ചെറുക്കുന്ന വിധം

[തിരുത്തുക]

ലോഹനാശനത്തെ തടയേണ്ടത് വളരെ ആവശ്യമാണ്. നിരവധി മാർഗ്ഗങ്ങൾ ഇതിനായി അവലംബിക്കുന്നു.


അലോഹ ആവരണം

[തിരുത്തുക]

ലോഹവും അന്തരീക്ഷവുമായുള്ള സമ്പർക്കം ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പെയിന്റ്, ഓയിൽ, വാർണീഷ് തുടങ്ങിയവ സാധാരണയായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ആവരണങ്ങളും റബറൈസ്ഡ് പെയിന്റുകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

ലോഹ ആവരണങ്ങൾ

[തിരുത്തുക]

സംരക്ഷിക്കപ്പെടേണ്ട ലോഹത്തേക്കാൾ കൂടുതൽ പ്രവർത്തന ശേഷിയുള്ള ലോഹം കൊണ്ട് പൊതിഞ്ഞും ലോഹനാശനം ചെറുക്കാം. കൂടുതൽ വിദ്യുത്ഋണതയുള്ള ലോഹമാണ് നാശനത്തിന് വിധേയമാകുക. ക്രിയാശീലത കുറഞ്ഞ ലോഹം സംരക്ഷിക്കപ്പെടുകയും ചെയ്യും. നാകത്തകിട് ഇപ്രകാരം തയ്യാറാക്കിയ ഇരുമ്പാണ്.

വൈദ്യുതലേപനം

[തിരുത്തുക]

സംരക്ഷിക്കപ്പെടേണ്ട ലോഹത്തിൽ കൂടുതൽ നാശനപ്രതിരോധ ശേഷിയുള്ള ലോഹം വൈദ്യുതലേപനം നടത്തുന്നു. ഇപ്രകാരം ലഭിക്കുന്ന ആവരണം ലോഹത്തെ നാശനത്തിൽ നിന്നും സംരക്ഷിക്കുന്നു. ഇരുമ്പിൽ ക്രോമിയം, നിക്കൽ തുടങ്ങിയ ലേപനം ചെയ്ത് സംരക്ഷിക്കാറുണ്ട്.

ക്ലാഡിംഗ്

[തിരുത്തുക]

ലോഹത്തിന്റെ ഇരുവശത്തും കൂടുതൽ നാശനപ്രതിരോധശേഷിയുള്ള ലോഹത്തിന്റെ കനം കുറഞ്ഞ തകിടുകൾ ചേർത്തുവയ്ക്കുന്നു. മൂന്ന് പാളികളേയും ചൂടാക്കി ഒരുമിച്ചു ചേർക്കുന്നു. നടുവിലുള്ള ലോഹം നാശനത്തിൽ നിന്നും രക്ഷപ്പെടുന്നു.

കാഥോഡിക സംരക്ഷണം

[തിരുത്തുക]
അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു

വൈദ്യുതവിശ്ലേഷണ നാശനത്തിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാൻ സാധിച്ചാൽ അതിനെ സംരക്ഷിക്കാൻ കഴിയും. ഇരുമ്പുമായി മഗ്നീഷ്യമോ സിങ്കോ സമ്പർക്കത്തിൽ വച്ചാൽ ഇരുമ്പ് കാഥോഡായി വർത്തിക്കുകയും നാശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

ലോഹസങ്കരങ്ങളാക്കൽ

[തിരുത്തുക]

ഇരുമ്പിനെ സ്റ്റെയിൻ ലെസ്സ് സ്റ്റീൽ ആക്കി മാറ്റുന്നത് ലോഹനാശനം തടയുന്നു. ഇതു പോലെ മറ്റ് ലോഹങ്ങളേയും ലോഹസങ്കരങ്ങളാക്കി മാറ്റി സംരക്ഷിക്കാൻ കഴിയും.

സൂക്ഷ്മജീവി നാശനം

[തിരുത്തുക]

പ്രകൃതിയിലെ സൂക്ഷ്മജീവികളും നാശനത്തിന് കാരണമാണ്. സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന ദ്രവങ്ങളാണ് ഇവിടെ നാശനത്തിന് കാരണമാകുന്നത്

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലോഹനാശനം&oldid=2351866" എന്ന താളിൽനിന്ന് ശേഖരിച്ചത്