ലോധി ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 28°35′29″N 77°13′07″E / 28.591525°N 77.218710°E / 28.591525; 77.218710

ലോധി ഉദ്യാനത്തിലെ ഒരു ദൃശ്യം

ന്യൂ ഡെൽഹിയിൽ നഗരമദ്ധ്യത്തിൽ 90 ഏക്കർ (360,000 m2) [1]വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഒരു ഉദ്യാനമാണ് ലോധി ഉദ്യാനം (ലോധി ഗാർഡൻസ്ൻ - Hindi: लोधी बाग़, Urdu: لودھی باغ) . ഒരു ഉദ്യാനം എന്നതിലുപരി, പതിനഞ്ചാം നൂറ്റാണ്ടിലെ സ്മാരകങ്ങൾ നിലകൊള്ളുന്ന ചരിത്രകേന്ദ്രം കൂടിയാണിത്. ദില്ലി സുൽത്താനത്തിലെ അവസാന വംശങ്ങളായ സയ്യിദ്, ലോധി രാജവംശങ്ങളുടെ കാലത്ത് നിർമ്മിക്കപ്പെട്ട മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം, ബഡാ ഗുംബദ്, ശീഷ് ഗുംബദ്, സിക്കന്ദർ ലോധിയുടെ ശവകുടീരം എന്നീ ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.

സഫ്ദർജംഗ് ശവകുടീരത്തിൽ നിന്നും നിസാമുദ്ദീനിലേക്ക് നീളുന്ന ലോധി റോഡിനരികിൽ വടക്കുവശത്തായി ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നു.

പുരാതനനിർമ്മിതികൾ[തിരുത്തുക]

മുഹമ്മദ് ഷാ സയിദിന്റെ ശവകുടീരം

സമചതുരാകൃതിയിലും അഷ്ടഭുജാകൃതിയിലുമായി രണ്ടുതരത്തിലുള്ള ശവകുടീരങ്ങൾ ലോധി രാജവംശകാലത്ത് നിർമ്മിക്കപ്പെട്ടിരുന്നു. ലോധി ഉദ്യാനത്തിലെ ബഡാ ഗുംബദ്, ശീഷ് ഗുംബദ് എന്നിവ സമചതുരാകൃതിയിലുള്ള കുടീരങ്ങളാണെങ്കിൽ സിക്കന്ദർ ലോധിയുടേയും മുഹമ്മദ് ഷാ സയ്യിദിന്റേയും ശവകുടീരങ്ങൾ അഷ്ടഭുജാകൃതിയിലുള്ളതാണ്.

മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം[തിരുത്തുക]

ലോധി ഉദ്യാനത്തിലേ ഏറ്റവും പുരാതനമായ നിർമ്മിതിയാണ് മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം. അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം 1444-ലാണ് നിർമ്മിക്കപ്പെട്ടത്. സയ്യിദ് രാജവംശത്തിലെ സുൽത്താനായിരുന്ന മുഹമ്മദ് ഷാ സയ്യിദിനു വേണ്ടി അദ്ദേഹത്തിന്റെ പുത്രൻ അലാവുദ്ദീൻ ആലം ഷായാണ് ഈ ശവകുടീരം തീർത്തത്. ഉദ്യാനത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ സ്ഥിതി ചെയ്യുന്ന ഈ മന്ദിരം, ലോധി റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പത്തിൽ കാണാൻ സാധിക്കും. പ്രധാന മകുടങ്ങൾക്കു പുറമേ ഏട്ട് വശങ്ങൾക്കു മുകളിലും ചെറിയ മകുടങ്ങളുണ്ടെന്നത്, ഈ ശവകുടീരവും, ലോധി ഉദ്യാനത്തിലെത്തന്നെ മറ്റൊരു അഷ്ടഭുജശവകുടീരമായ സിക്കന്ദർ ലോധിയുടെ ശവകുടീരവുമായുള്ള പ്രധാന വ്യത്യാസം. നിരവധി കല്ലറകൾ ഈ ശവകുടീരത്തിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്, മുഹമ്മദ് ഷാ സയ്യിദിന്റേതാണെന്ന് കരുതുന്നു.[2]

ബഡാ ഗുംബദ്[തിരുത്തുക]

ബഡാ ഗുംബദും പള്ളിയും

ലോധി ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബഡാ ഗുംബദ്, ഉദ്യാനത്തിന്റെ ഒന്നാമത്തെ വാതിലിലൂടെ പ്രവേശിക്കുമ്പോൾ നേരെ ചെന്നെത്തുന്ന കെട്ടിടമാണ്. ഒരു ശവകുടീരവും പള്ളിയും ചേർന്ന നിർമ്മിതിയാണ് ഇതിന്റേത്. അതുകൊണ്ട് പ്രധാന കെട്ടിടം (ശവകുടീരം) പള്ളിയുടെ കവാടമായി നിർമ്മിച്ചതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് ശവകുടീരം തന്നെയാണെന്നും പള്ളി ഇതിനനുബന്ധമായി കൂട്ടിച്ചേർക്കപ്പെട്ടതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പള്ളിക്കു മുൻപിലുള്ള മേഹ്മാൻ ഖാന (അതിഥിമന്ദിരം) ഏറ്റവും അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടതുമാണ്. ബഡാ ഗുംബദിൽ അടക്കം ചെയ്യപ്പെട്ടിരുന്ന വ്യക്തി ആരെന്നറിയില്ല എന്നു മാത്രമല്ല ഇവിടെ കല്ലറയും നിലവിലില്ല. ലോധി രാജവംശത്തിലെ സിക്കന്ദർ ലോധിയുടെ ഭരണകാലത്തു ജീവിച്ചിരുന്ന ഏതോ പ്രധാനവ്യക്തിയുടേതാണ് ഈ ശവകുടീരം എന്ന് അനുമാനിക്കപ്പെടുന്നു.[3]

സിക്കന്ദർ ലോധിയുടെ ഭരണകാലത്ത്, 1494-ലാണ് ബഡാ ഗുംബദിനോട് ചേർന്നുള്ള അഞ്ച് കമാനങ്ങളോട് കൂടിയ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ശവകുടീരത്തിനും പള്ളിക്കും പള്ളിക്കെതിർവശമുള്ള അതിഥിമന്ദിരത്തിനും ഇടയിലുള്ള നടുമുറ്റത്ത് ഒരു കുളമായിരുന്നു എന്നും, അത് മൂടി പിൽക്കാലത്ത് ഒരു കല്ലറ സ്ഥാപിച്ചു എന്നും കരുതപ്പെടുന്നു.[4]

ശീഷ് ഗുംബദ്

ശീഷ് ഗുംബദ്[തിരുത്തുക]

ബഡാ ഗുംബദിന് തൊട്ടു വടക്കുവശത്താണ് ശീഷ് ഗുംബദ് (കണ്ണാടിമകുടം) എന്ന ശവകുടീരം. സമചതുരാകൃതിയിലുള്ള ഇതിന്റെ പുറത്ത് മുൻപ് തിളക്കമുള്ള നീല ഓട് പതിച്ചിരുന്നു. ഇക്കാരണത്താലാണ് ശീഷ് ഗുംബദ് എന്ന പേരുവന്നത്. നീല ഓടിന്റെ ചില അടയാളങ്ങൾ മാത്രമേ ഇന്ന് ഈ കെട്ടിടത്തിൽ ശേഷിക്കുന്നുള്ളൂ. ബഡാ ഗുംബദിൽ നിന്നും വ്യത്യസ്തമായി നിരവധി കല്ലറകൾ ശീഷ് ഗുംബദിലുണ്ട്. എങ്കിലും ഇവയിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതാരൊക്കെ എന്ന കാര്യം വ്യക്തമല്ല. സിക്കന്ദർ ലോധിയുടെ കാലത്തുതന്നെയാണ് (1489-1517) ഈ ശവകുടീരവും നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു.[5]

ശീഷ് ഗുംബദ്, അവസാന ലോധി ചക്രവർത്തിയായ ഇബ്രാഹിം ലോധിയുടെ ശവകുടീരമാണെന്ന് വ്യാപകമായുള്ള ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇബ്രാഹിം ലോധിയുടെ ശവകുടീരം പാനിപ്പത്തിലാണ് സ്ഥിതിചെയ്യുന്നത്.

സിക്കന്ദർ ലോധിയുടെ ശവകുടീരം[തിരുത്തുക]

സിക്കന്ദർ ലോധിയുടെ ശവകുടീരം

ലോധി ഉദ്യാനത്തിന്റെ വടക്കേ അറ്റത്താണ് സിക്കന്ദർ ലോധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1517-ൽ അവസാന ലോധി സുൽത്താനായിരുന്ന ഇബ്രാഹിം ലോധിയാണ് തന്റെ പിതാവിന്റെ സ്മാരകമായി അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത്.

ഉദ്യാനത്തിന്റെ നിർമ്മാണം[തിരുത്തുക]

സയ്യിദ്, ലോധി രാജവംശങ്ങളുടെ കാലശേഷം, പതിനാറാം നൂറ്റാണ്ടുമുതലുള്ള കാലയളവിൽ രണ്ടു ഗ്രാമങ്ങൾ ഈ ശവകുടീരങ്ങൾക്കു ചുറ്റുമായി വളർന്നുവന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1936-ൽ ഉദ്യാനം നിർമ്മിക്കുന്നതിന് ജനങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. ഗവർണർ ജനറൽ മാർക്വെസ് വില്ലിങ്ടന്റെ പത്നിയായിരുന്ന മേരി വില്ലിങ്ടനാണ് ഉദ്യാനം രൂപകൽപ്പന ചെയ്തത്. അതുകൊണ്ട് 1936 ഏപ്രിൽ 9-ന് ഉദ്യാനം ഉദ്ഘാടനം ചെയ്തപ്പോൾ ലേഡി വില്ലിങ്ടൺ പാർക്ക് എന്നായിരുന്നു പേരിട്ടിരുന്നത്. [6][7] ഇന്ത്യ സ്വതന്ത്രമായതിനു ശേഷം, 1947-ൽ ലോധി ഗാർഡൻസ് എന്ന് പേരുമാറ്റി.

1968-ൽ തൊട്ടടുത്തുള്ള ഇന്ത്യ ഇന്റർനാഷണൽ സെന്ററിനോടൊപ്പം, ജെ.എ. സ്റ്റെയിനും ഗാരറ്റ് എക്കോയും ചേർന്ന് ഈ ഉദ്യാനം പുനർ‌രൂപകൽപ്പന നടത്തി.[8]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോധി_ഉദ്യാനം&oldid=3808276" എന്ന താളിൽനിന്ന് ശേഖരിച്ചത്