ലൈബ്രറി കാറ്റലോഗ്
ഒന്നോ ഒന്നിലധികമോ ലൈബ്രറികളിലെ ഗ്രന്ഥങ്ങളുടെ/ അറിവിന്റെ സ്രോതസ്സുകളുടെ ഗ്രന്ഥസൂചനകൾ ചേർത്തുള്ള രേഖകളാണ് ലൈബ്രറി കാറ്റലോഗ്. പുസ്തകങ്ങൾ, ആനുകാലികങ്ങൾ, കമ്പ്യൂട്ടർ ഫയലുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഭൂപടങ്ങൾ, സി. ഡി. കൾ, വെബ് സൈറ്റുകൾ തുടങ്ങിയവയെല്ലാം ലൈബ്രറിയിലെ സ്രോതസ്സുകളിൽ ഉൾപ്പെടുന്നു. തലക്കെട്ട്, കർത്താവ്, പതിപ്പ്, മാധ്യമം, പ്രസാധന/വിതരണ വിവരങ്ങൾ, വാല്യം, ഭൗതിക സൂചനകൾ, പംക്തി/ ശ്രേണി, വിഷയം, ഐ. എസ്. ബി. എൻ, വില, വിവരണങ്ങൾ എന്നിവയാണ് സാധാരണയായി ഒരു ലൈബ്രറി കാറ്റലോഗിൽ ഉൾപ്പെടുത്തുന്ന ഗ്രന്ഥസൂചനകൾ.
ലൈബ്രറി കാറ്റലോഗുകൾ അവയുടെ രൂപമനുസരിച്ചും ക്രമീകരിക്കുന്ന ശ്രേണി അനുസരിച്ചും പലതായി തരം തിരിച്ചിരിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായ കാർഡ് കാറ്റലോഗ് പ്രധാനവും ലോകവ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ലൈബ്രറി കാറ്റലോഗ് രൂപമായിരുന്നു. എന്നാൽ ഓൺലൈൻ പബ്ലിക് ആക്സെസ്സ് കാറ്റലോഗിന്റെ (OPAC) വരവോടു കൂടി കാർഡ് കാറ്റലോഗിന്റെ ഉപയോഗം കുറഞ്ഞു. പല ലൈബ്രറികളിലും ഓൺലൈൻ പബ്ലിക് ആക്സെസ്സ് കാറ്റലോഗ് ഉപയോഗിക്കുന്നതോടൊപ്പം കാർഡ് കാറ്റലോഗും സമാന്തരമായി നിലനിർത്തിപ്പോരുന്നു. സ്ഥലസൗകര്യങ്ങൾക്കുവേണ്ടി കാർഡ് കോറ്റലോഗ് കളഞ്ഞ് പൂർണ്ണമായും ഓൺലൈൻ പബ്ലിക് ആക്സെസ്സ് കാറ്റലോഗിലേക്ക് മാറിയ ലൈബ്രറികളും ഉണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കാറ്റലോഗ് ആണ് വേൾഡ്കാറ്റ്, ഇത് ഡബ്ലിനിലെ ഒഹിയൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.സി.എൽ.സി യുടെ നിയന്ത്രണത്തിലുള്ള യൂണിയൻ കാറ്റലോഗ് പദ്ധതിയാണ്. 2016 ജനുവരിയിലെ കണക്കുകൾ പ്രകാരം 360,000,000 ഗ്രന്ഥ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. [1]
ലക്ഷ്യം
[തിരുത്തുക]ലൈബ്രറികളുടെ പ്രധാന ലക്ഷ്യം സേവനങ്ങളും സ്രോതസ്സുകളും ഉപഭോക്താവിനാൽ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. ലൈബ്രറി കാറ്റലോഗുകൾ, വർഗ്ഗീകരണങ്ങൾ എന്നിവ വഴി ഈ ലക്ഷ്യം നേടുകയാണ് ചെയ്യുന്നത്. ലൈബ്രറികളിലെ അറിവിന്റെ സ്രോതസ്സുകളിലേക്കുള്ള താക്കോലുകളായിട്ടാണ് ഓരോ ലൈബ്രറി കാറ്റലോഗുകളും പ്രവർത്തിക്കുന്നത്. ലൈബ്രറികാറ്റലോഗുകൾ ഉപയോഗിക്കുക വഴി ഉപഭോക്താവിന്റെ ലക്ഷ്യങ്ങൾ കൃത്യസമയത്ത് നേടിയെടുക്കാൻ കഴിയുന്നു. ചാൾസ് അമ്മി കട്ടർ 1876 ൽ പുറത്തിറങ്ങിയ തന്റെ 'Rules for a Printed Dictionary Catalog' എന്ന പുസ്തകത്തിൽ കാറ്റലോഗുകളുടെ ലക്ഷ്യങ്ങൾ വളരെ സ്പഷ്ടമായി വിവരിക്കുകയുണ്ടായി.[2]അവ താഴെ കൊടുക്കുന്നു,
1. രചയിതാവ്, ശീർഷകം, വിഷയം, പ്രസിദ്ധീകരണ തീയതി എന്നിവയിലേതെങ്കിലും ഉപയോഗപ്പെടുത്തി പുസ്തകങ്ങൾ ഒരു വ്യക്തിക്ക് കണ്ടെത്താൻ കഴിയും.
2. തന്നിരിക്കുന്ന രചയിതാവിനാലും വിഷയത്തിലും പ്രത്യേക സാഹിത്യത്തിലുമുളള ലൈബ്രറിയിലെ സ്രോതസ്സുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നു.
3. വിഷയസംബന്ധിയായ സ്വഭാവം, പുസ്തകങ്ങളുടെ പതിപ്പ് എന്നിവ വിലയിരുത്തി പുസ്തകങ്ങൾ തെരെഞ്ഞടുക്കാൻ സഹായിക്കുന്നു.
ചരിത്രം
[തിരുത്തുക]ഏഴാം നൂറ്റ്ണ്ടിൽ (ബി.സി.ഇ ) അസ്സിറിയൻ രാജാവായിരുന്ന അഷുർഭാണിപാൽ ടൈഗ്രിസ് നദീതീരത്തുള്ള നിൻവേഹ് എന്ന സ്ഥലത്ത് ഒരു രാജകീയ ലൈബ്രറി പണിതിരിന്നു. അവിടെ 30,000 കളിമൺ തകിടുകൾ (അന്ന് അറിവുകൾ രേഖപ്പെടുത്തിയിരുന്നത് കളിമൺ തകിടുകളിലായിരുന്നു) അവയുടെ ഉള്ളടക്കമനുസരിച്ച് വേറെ വേറെ മുറികളിലായാണ് ക്രമീകരിച്ചിരുന്നത്. അറിവിന്റെ സ്രോതസ്സുകളെ വിഷയ സ്വഭാവമനുസരിച്ച് വർഗ്ഗീകരിക്കാനും വേർതിരിക്കാനുമുള്ള ശ്രമങ്ങൾ അന്നേ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കാം. 1789 കളിൽ പാരീസിലെ സർബോൺ ലൈബ്രറിയിലാണ് ആദ്യമായി വിഷയാനുസരണത്തിൽ അക്ഷരമാലാക്രമത്തിൽ പുസ്തകങ്ങളുടെ നാമാവലി ഉണ്ടാക്കിയത്. കൈയെഴുത്തുപ്രതികളുടെ രൂപത്തിലായിരുന്നു ആദ്യകാല ലൈബ്രറി കാറ്റലോഗുകൾ .
ലൈബ്രറി കാറ്റലോഗ് പദ്ധതികൾ
[തിരുത്തുക]ലൈബ്രറി കാറ്റലോഗുകൾ ക്ക് മാതൃക നൽകുവാനായി കാറ്റലോഗ് നിയമപദ്ധതികൾ നിലവിലുണ്ട്. ആഗ്ലോ അമേരിക്കൻ കാറ്റലോഗിങ് റൂൾ, ക്ലാസ്സിഫൈഡ് കാറ്റലോഗ് കോഡ്, ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബിബ്ലിയോഗ്രാഫിക് ഡിസ്ക്രിപ്ഷൻ, മെഷിൻ റീഡബിൾ കാറ്റലോഗ്, ആഗ്ലോ അമേരിക്കൻ കാറ്റലോഗിങ് റൂൾ-2 തുടങ്ങിയവ ഉദാഹരണങ്ങളാണ്.
റഫറൻസ്
[തിരുത്തുക]- ↑ "A global library resource". www.oclc.org (in ഇംഗ്ലീഷ്). Retrieved 2016-01-15.
- ↑ Public Libraries in the United States of America then History, Condition, and Management. 1876.
അധിക വായനക്ക്
[തിരുത്തുക]- Chan, Lois Mai (2007). Cataloging and classification : an introduction (3rd ed.). Lanham: Scarecrow Press. ISBN 0810860007.
- Morelon, Régis; Rashed, Roshdi (1996), Encyclopedia of the History of Arabic Science, vol. 3, Routledge, ISBN 0-415-12410-7
- Svenonius, Elaine (2009). The intellectual foundation of information organization (1st MIT Press pbk. ed.). Cambridge, Mass.: MIT Press. ISBN 9780262512619.
- Taylor, Archer (1986) Book Catalogues: their varieties and uses; 2nd ed., introductions, corrections and additions by W. P. Barlow, Jr. Winchester: St Paul's Bibliographies (Previous ed.: Chicago: Newberry Library, 1957)
- Hanson, James C. M. Catalog rules; author and title entries (Chicago: American Library Association. 1908)
പുറത്തേക്കുള്ള ലിങ്കുകൾ
[തിരുത്തുക]- A general overview of the ISBD Archived 2008-12-19 at the Wayback Machine.
- Very Innovative Webpacs — Online catalogs using particularly good design or functionality Archived 2001-11-11 at the Wayback Machine.
- Libraries Australia — Australian national bibliographic catalogue: 800+ libraries
- OCLC WorldCat
- RDA Blog