ലൈഫ് മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എല്ലാ ഭവനരഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE - Livelihood, Inclusion, Financial Empowerment).[1]

നിലവിൽ നടപ്പിലാക്കികൊണ്ടിരിയ്ക്കുന്ന മറ്റ് ഭവന പദ്ധതികളെ സംയോജിപ്പിച്ച് ലൈഫ് മിഷന്റെ കീഴിൽ കൊണ്ടുവന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.[1] സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ പുറമ്പോക്കിലോ താല്കാലിക ഭവനമുള്ളവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങുടെ പക്കലുള്ള ഭവനരഹിതരുടെ വിവരങ്ങളും 2011 ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് (എസ്.ഇ.സി.സി) പ്രകാരം ലഭ്യമായ ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായെടുത്ത് നടത്തുന്ന സർവേയിലൂടെയാണ് പ്രധാനമായും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്ന ഗുണഭോക്താകൾക്ക് സർക്കാർ നിശ്ചയിച്ച മുൻഗണനാ മാനദണ്ഡം അനുസരിച്ച് ഭവനങ്ങൾ ഒരുക്കി നൽകുന്നു.[2]

ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന ഭവനങ്ങൾ വാടകയ്ക്ക് നൽകുവാനോ കൈമാറ്റംചെയ്യാനോ അനുവാദമില്ല. എന്നാൽ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ മടക്കി നൽകി 15 മുതൽ 20 വർഷങ്ങൾക്കുശേഷം ഈ വീട് സ്വന്തമാക്കാം.[1]

ഘടന[തിരുത്തുക]

മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ അധ്യക്ഷൻ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അധ്യക്ഷനും ധനകാര്യം ഭവന നിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴിൽ, പട്ടിക ജാതി-പട്ടിക വർഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാർ ഉപാധ്യക്ഷന്മാരുമാണ്. ചീഫ് സെക്രട്ടറി അംഗവും പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമായ ലൈഫ് മിഷന്റെ സെക്രട്ടറി ചുമതലകൾ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി നിർവ്വഹിയ്ക്കുന്നു.[3]

അഴിമതി[തിരുത്തുക]

റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിൽ ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നതായി അനിൽ അക്കര എം.എൽ.എ. കൊച്ചി യൂണിറ്റിലെ സി.ബി.ഐ. എസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു.[4] പ്രസ്തുത പരാതിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ സിബിഐ നേരത്തേ ശേഖരിക്കാൻ ആരംഭിച്ചിരുന്നു.[4] 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.[4]

ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിനായി നിലവിൽ ഭരണത്തിലുള്ള ഇടതുപക്ഷ സർക്കാർ ഉത്തരവിട്ടിരുന്നു.[5] എന്നാൽ സർക്കാരിന്റെ തന്നെ കീഴിലുള്ള വിജിലൻസ് അന്വേഷണം[6] കൊണ്ട് യഥാർഥ വസ്തുത ലഭിക്കില്ലെന്നു[7] ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.[5] സി.ബി.ഐ.യുടെ കൊച്ചിയിലെ ആന്റി കറപ്ഷൻ യൂണിറ്റാണ് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.[5]

വടക്കാഞ്ചേരിയിൽ 2.17 ഏക്കറിൽ 140 ഫ്ലാറ്റ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ 2019 ജൂലൈ 11-ന് റെഡ് ക്രസന്റുമായി ധാരണയിലെത്തി.[4] ഇന്ത്യൻ വിദേശനാണ്യ വിനിമയ നിയമപ്രകാരം വിദേശരാജ്യങ്ങളുമായുള്ള സംസ്ഥാനങ്ങളുടെ കരാറിന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഈ അനുമതി ഇല്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും പദ്ധതിയുടെ നിർമ്മാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല.[4] നിലവിലെ ധാരണാപത്രത്തിന്റെ ഉപവകുപ്പ് പ്രകാരം സംസ്ഥാന സർക്കാരും റെഡ് ക്രസന്റും ചേർന്നാണ് നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ധാരണാപത്രവും നിയമവും മറികടന്ന് യൂണിടാക്ക് എന്ന കമ്പനിയ്ക്ക് നിർമ്മാണക്കരാർ നൽകി.[4] കോൺസുലേറ്റ് ജനറലും യൂണിടാക്കുമാണ് ഈ കരാറിൽ ഒപ്പുവച്ചത്. നിലവിലുണ്ടായിരുന്ന ധാരണാപത്രത്തിൽ ഒപ്പിട്ട കേരളസർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ ഈ നിർമാണക്കരാറിൽ കക്ഷിയായിരുന്നില്ല.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ലൈഫ് മിഷൻ-സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി (LIFE - Livelihood, Inclusion, Financial Empowerment)". life Mission.
  2. "പതിവ് ചോദ്യങ്ങൾ". life Mission.
  3. "മിഷൻ ഘടന". life Mission.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "ലൈഫ് മിഷൻ: ഇനി സിബിഐ അന്വേഷിക്കും; റെഡ് ക്രസന്റ് പണമിടപാടിൽ കേസെടുത്തു". Archived from the original on 2020-09-25. Retrieved 25 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 5.2 "ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തു". Archived from the original on 2020-09-25. Retrieved 25 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുത്ത് സി ബി ഐ; സർക്കാരിന് വൻ തിരിച്ചടി". Archived from the original on 2020-10-21. Retrieved 25 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "ലൈഫ് മിഷനിൽ സിബിഐ കേസെടുത്തു; എഫ്.ഐ.ആർ സമർപ്പിച്ചു". Retrieved 25 സെപ്റ്റംബർ 2020. {{cite news}}: |archive-date= requires |archive-url= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈഫ്_മിഷൻ&oldid=3808257" എന്ന താളിൽനിന്ന് ശേഖരിച്ചത്