ലൈം വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൈം വാട്ടർ

കാൽസ്യം ഹൈഡ്രോക്സൈഡിന്റെ നേർപ്പിച്ച ജലീയ ലായനിയുടെ പൊതുവായ പേരാണ് ലൈം വാട്ടർ. കാൽസ്യം ഹൈഡ്രോക്സൈഡ് അന്തരീക്ഷ ഊഷ്മാവിൽ വെള്ളത്തിൽ നേരിയതോതിൽ ലയിക്കുന്നു.[1] ഇത് തെളിഞ്ഞതും നിറമില്ലാത്തതുമാണ്. മണ്ണിന്റെ ഗന്ധവും കയ്പ് രുചിയുമുള്ള ഈ ലായനി 12.4 പി.എച്ച് ഉള്ളതും ആൽക്കലി സ്വഭാവത്തോടുകൂടിയതുമാണ്.

കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2) വെള്ളത്തിൽ കലക്കി ലയിക്കാതെ കിടക്കുന്ന ലീനം നീക്കം ചെയ്തുകൊണ്ട് ലൈം വാട്ടർ തയ്യാറാക്കാം. താപനില വർദ്ധിപ്പിച്ച് കൂടുതൽ കാൽസ്യം ഹൈഡ്രോക്സൈഡ് ചേർക്കുമ്പോൾ പാൽനിറമുള്ള ഒരു ലായനി ലഭിക്കുന്നു. ഇതിനെ മിൽക്ക് ഓഫ് ലൈം എന്നാണ് അറിയപ്പെടുന്നത്.

രസതന്ത്രം[തിരുത്തുക]

CO2, Ca(OH)2 എന്നിവ തമ്മിലുള്ള പ്രതിപ്രവർത്തനം തെളിയിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പരീക്ഷണം ഇപ്രകാരമാണ്.

ഇടത് ടെസ്റ്റ് ട്യൂബിലെ ഹൈഡ്രോക്ലോറിക് ആസിഡും കാൽസ്യം കാർബണേറ്റും.

രാസപ്രവർത്തനഫലമായുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് വലത് ട്യൂബിലെ തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലൂടെ കടന്നുപോകുമ്പോൾ, കാൽസ്യം കാർബണേറ്റ് അവക്ഷിപ്തപ്പെട്ട് ലായനി പാൽനിറമാവുന്നു:

Ca(OH)2 (aq) + CO2 (g) → CaCO3 (s) + H2O (l)

അധിക CO 2 ചേർത്തിട്ടുണ്ടെങ്കിൽ: ഇനിപ്പറയുന്ന പ്രതികരണം നടക്കുന്നു:

CaCO3 (s) + H2O (l) + CO2 (g) → Ca(HCO3)2 (aq)

കാൽസ്യം ബൈകാർബണേറ്റ് വെള്ളത്തിൽ ലയിക്കുന്നതിനാൽ പാൽനിറം ഇല്ലാതാകും.

ഉപയോഗങ്ങൾ[തിരുത്തുക]

സ്കൂൾ ലബോറട്ടറികളിലെ വാതക സാമ്പിളുകളിൽ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനും കാർബണേറ്റേഷൻ എന്ന പ്രക്രിയയിൽ പഞ്ചസാര ശുദ്ധീകരിക്കുന്നതിനും ചുണ്ണാമ്പുവെള്ളത്തിന്റെ മുകളിൽപ്പറഞ്ഞ രാസ ഗുണങ്ങൾ സാധാരണയായി ഉപയോഗിക്കുന്നു.

വ്യവസായം[തിരുത്തുക]

വ്യവസായങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്സൈഡ് അടങ്ങിയ മാലിന്യ വാതകങ്ങൾ ചുണ്ണാമ്പുവെള്ളത്തിലൂടെ കടത്തിവിട്ട് വൃത്തിയാക്കാം. ഇത് സൾഫേഷൻ എന്നറിയപ്പെടുന്നു. ഇതിലൂടെ, സൾഫർ ഡയോക്സൈഡ് ഒരു അവക്ഷിപ്തമായി വേർതിരിക്കാം:

Ca (OH)2 (aq)+ SO2 (g) → CaSO3 (s) + H2O (l)

ജല ശുദ്ധീകരണം[തിരുത്തുക]

ജലത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് ലൈം സോഫ്റ്റനിംഗ് എന്നറിയപ്പെടുന്ന ജലശുദ്ധീകരണ പ്രക്രിയയിൽ ചുണ്ണാമ്പുവെള്ളം ഉപയോഗിക്കുന്നു. മലിനജല ശുദ്ധീകരണത്തിൽ ഇത് ഒരു ന്യൂട്രലൈസിംഗ് ഏജന്റായി ഉപയോഗിക്കുന്നു.

വ്യക്തിഗത പരിചരണവും അലങ്കാരവും[തിരുത്തുക]

തലമുടി കാഠിന്യത്തിലാക്കാനും ബ്ലീച്ച് ചെയ്യാനും ചുണ്ണാമ്പുവെള്ളം ഉപയോഗിക്കുന്നു. [2] [3]

ഭക്ഷണം തയ്യാറാക്കൽ[തിരുത്തുക]

ചോളം പാകം ചെയ്യുന്നതിന് മുൻപ്, അതിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിന് നിക്സ്റ്റമലൈസേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയ ചുണ്ണാമ്പുവെള്ളം ഉപയോഗിച്ച് നടത്തുന്നു. ഇത് ധാന്യത്തിലെ പ്രോട്ടീനുകൾ ലഭ്യമാക്കുകയും കൂടുതൽ പോഷകഗുണമുള്ളതാക്കുകയും ചെയ്യുന്നു. ചോളം അടിസ്ഥാനമാക്കിയുള്ള ഭക്ഷണം നിക്സ്റ്റമലൈസേഷനോ പയർവർഗ്ഗങ്ങളോ മാംസമോ നൽകാതെയോ കഴിക്കുന്നത് പെല്ലഗ്ര എന്നറിയപ്പെടുന്ന പോഷകക്കുറവിന് കാരണമാകുന്നു.

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

ടാനിങ്ങിലും കടലാസ് നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു. [4]

അവലംബം[തിരുത്തുക]

  1. ´Solubility of Inorganic and Metalorganic Compounds - A Compilation of Solubility Data from the Periodical Literature´, A. Seidell, W. F. Linke, Van Nostrand (Publisher), 1953
  2. http://exploringcelticciv.web.unc.edu/diodorus-siculus-library-of-history/
  3. "Diodorus Siculus — Book V, Chapter 28". penelope.uchicago.edu (ഭാഷ: english). ശേഖരിച്ചത് 2017-11-12.CS1 maint: unrecognized language (link)
  4. "The Nature and Making of Parchment" by Ronald Reed
"https://ml.wikipedia.org/w/index.php?title=ലൈം_വാട്ടർ&oldid=3508283" എന്ന താളിൽനിന്ന് ശേഖരിച്ചത്