ലെൻസ് കാപ്സ്യൂൾ
ലെൻസ് കാപ്സ്യൂൾ | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | capsula lentis |
MeSH | D007903 |
TA | A15.2.05.007 |
FMA | 58881 |
Anatomical terminology |
കണ്ണിലെ ലെൻസിനെ പൊതിയുന്ന കൊളാജൻ IV, ലാമിനിൻ എന്നിവ അടങ്ങിയ വ്യക്തവും മെംബ്രൺ പോലുള്ള ഘടനയാണ് ലെൻസ് കാപ്സ്യൂൾ. ലെൻസിൻ്റെ സ്വാഭാവികമായ ആകൃതിക്ക് കാരണം ക്യാപ്സ്യൂളാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള ബേസ്മെൻറ് മെംബ്രേനാണ് ലെൻസ് കാപ്സ്യൂൾ.[1]
സാധാരണയായി, ലെൻസ് കാപ്സ്യൂൾ ഒരു ഡിഫ്യൂഷൻ ബാരിയർ ആയി വർത്തിക്കുന്നു. കുറഞ്ഞ തന്മാത്രാ ഭാരമുള്ള സംയുക്തങ്ങളെ ഇത് കടത്തിവിടും പക്ഷെ വലിയ കൊളോയിഡൽ പാർട്ടിക്കിളുകൾ ലെൻസിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു.[2]
അനാട്ടമി
[തിരുത്തുക]ലെൻസിനെ ചുറ്റുന്ന സുതാര്യമായ മെംബ്രേൻ ആണ് ലെൻസ് കാപ്സ്യൂൾ. ക്യാപ്സ്യൂളിന്റെ കനം ഏറ്റവും കുറവ് പിൻ ധ്രുവത്തിൽ ആണ് (ഏകദേശം 3.5μm). മധ്യരേഖയിലെ ശരാശരി കനം 7μm ആണ്. പ്രായം കൂടുന്നതിന് അനുസരിച്ച് മുൻ ധ്രുവത്തിന്റെ കനം 11μm മുതൽ 15μm വരെ വ്യത്യാസപ്പെടുന്നു. മുൻധ്രുവത്തിന് ചുറ്റുമുള്ള മേഖലയാണ് കാപ്‌സ്യൂളിന്റെ ഏറ്റവും കട്ടിയുള്ള ഭാഗം (13.5-16μm) ഇതിന്റെ കനവും പ്രായത്തിനനുസരിച്ച് വർദ്ധിക്കും.[3]
കാപ്സ്യൂൾ വളരെ ഇലാസ്റ്റിക് ഘടനയാണെങ്കിലും അതിൽ ഇലാസ്റ്റിക് നാരുകൾ അടങ്ങിയിട്ടില്ല. കൊളാജൻ നാരുകളുടെ കട്ടിയുള്ള ലാമെല്ലാർ ക്രമീകരണമാണ് ക്യാപ്സ്യൂളിന്റെ ഇലാസ്തികതയുടെ കാരണം.[3]
ഭ്രൂണശാസ്ത്രം
[തിരുത്തുക]സർഫസ് എക്ടോഡെമിൽ നിന്നാണ് ലെൻസ് വെസിക്കിൾ വികസിക്കുന്നത്. ഗർഭാവസ്ഥയിൽ ഏകദേശം 33 ദിവസം ആകുമ്പോൾ ഇത് സർഫസ് എക്ടോഡെമിൽ നിന്ന് വേർതിരിയും. ലെൻസ് വെസിക്കിളിന്റെ ബേസൽ ലാമിനയിൽ നിന്ന് വികസിക്കുന്ന ലെൻസ് കാപ്സ്യൂൾ, ഗർഭാവസ്ഥയിലെ ആദ്യകാല ലെൻസ് നാരുകളെ മൂടും. 5 ആഴ്ച ഗർഭമാകുമ്പോൾ കാപ്സ്യൂൾ പ്രകടമാണ്.[3]
വാസ്കുലർ ലെൻസ് കാപ്സ്യൂൾ
[തിരുത്തുക]ഭ്രൂണ വികാസത്തിനിടെ വാസ്കുലർ ലെൻസ് ക്യാപ്സ്യൂൾ (ട്യൂണിക്ക വാസ്കുലോസ ലെന്റിസ്) ലെൻസിന് ചുറ്റുമുള്ള മീസെൻകൈമിൽ നിന്ന് വികസിക്കുന്നു. ഇതിന് ഹയാലോയ്ഡ് ധമനിയിൽ നിന്ന് രക്ത വിതരണം ലഭിക്കുന്നു.[2] ഈ രക്ത വിതരണം പതുക്കെ കുറയുകയും ജനനത്തിനു മുമ്പായി വാസ്കുലർ കാപ്സ്യൂൾ അപ്രത്യക്ഷമാവുകയും ചെയ്യും. ലെൻസിന്റെ ആന്റീരിയർ വാസ്കുലർ കാപ്സ്യൂൾ ഇല്ലാതാകുന്നത് ഗർഭകാല പ്രായം കണക്കാക്കാൻ ഉപയോഗപ്രദമാണ്.[4]
പ്രവർത്തനം
[തിരുത്തുക]ലെൻസിന് ഗോളാകൃതി നൽകാൻ ക്യാപ്സ്യൂൾ സഹായിക്കുന്നു.[5]
അക്കൊമഡേഷൻ
[തിരുത്തുക]സാധാരണയായി, സിലിയറി പേശികൾ ശാന്തമായ അവസ്ഥയിലായിരിക്കുമ്പോൾ, സോണ്യൂളുകൾ കാപ്സ്യൂൾ വലിക്കും. ഈ സോണുലാർ വലിവ് കാരണം ലെൻസിന്റെ മുൻ ഉപരിതലം പരന്നതായിത്തീരുന്നു. സിലിയറി പേശികൾ ചുരുങ്ങുമ്പോൾ, ഈ സോണുലാർ ടെൻഷൻ അയഞ്ഞ് ലെൻസിനെ കൂടുതൽ ഗോളാകൃതിയിൽ മാറാൻ അനുവദിക്കും. ഈ ആകൃതി മാറ്റം കണ്ണിന്റെ ഒപ്റ്റിക്കൽ പവർ വർദ്ധിപ്പിക്കും, അങ്ങനെ ആളുകൾക്ക് അടുത്തുള്ള ദൂരത്തിൽ വ്യക്തമായി കാണാൻ കഴിയും. അടുത്ത് കാണുന്നതിന് ലെൻസ് പവർ മാറ്റുന്ന ഈ പ്രക്രിയയെ അക്കൊമഡേഷൻ എന്ന് വിളിക്കുന്നു.
ലെൻസ് പരിരക്ഷണം
[തിരുത്തുക]ലെൻസ് കാപ്സ്യൂളിന്റെ ആദ്യകാല ഭ്രൂണ വികസനം ലെൻസ് മെറ്റീരിയലിന് രോഗപ്രതിരോധ ശേഷി നൽകുന്നു. വൈറസ്, ബാക്ടീരിയ എന്നിവയിൽ നിന്ന് ലെൻസിനെ സംരക്ഷിക്കാനും ഇത് സഹായിക്കും.[3]
ക്ലിനിക്കൽ പ്രാധാന്യം
[തിരുത്തുക]ഇൻട്രാ ക്യാപ്‌സുലാർ കാറ്ററാക്റ്റ് എക്‌സ്‌ട്രാക്‌ഷനിൽ (ഐസിസിഇ), ക്യാപ്‌സ്യൂൾ ഉൾപ്പെടെയുള്ള ലെൻസ് മുഴുവൻ നീക്കംചെയ്യുന്നു. ഇപ്പോൾ ഏറ്റവും സാധാരണയായി ചെയ്യുന്ന തിമിര ശസ്ത്രക്രിയകളായ മൈക്രോ ഇൻസിഷൻ ശസ്ത്രക്രിയ, ഫേക്കോ ഇമൾസിഫിക്കേഷൻ തുടങ്ങിയ നടപടിക്രമങ്ങളിൽ മുൻ ക്യാപ്സ്യൂളിൽ ഒരു ദ്വാരമുണ്ടാക്കി ലെൻസ് നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് ഇൻട്രാക്യുലർ ലെൻസ് കാപ്സ്യൂളിൽ നിക്ഷേപിക്കുന്നു. ഇൻട്രാക്യുലർ ലെൻസ് ഇംപ്ലാന്റേഷന് ഏറ്റവും അനുയോജ്യമായ സ്ഥലം ക്യാപ്‌സുലാർ ബാഗിനുള്ളിലാണ്.[6]
തിമിര ശസ്ത്രക്രിയയുടെ സാധാരണ സങ്കീർണതകളാണ് പിൻ ക്യാപ്‌സുലാർ അതാര്യത, പിൻ കാപ്സ്യൂൾ മുറിവുകൾ എന്നിവ.[7]
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Yanoff, Myron. (2009). "Lens". Ocular pathology. Sassani, Joseph W. (6th ed.). Edinburgh: Mosby/Elsevier. ISBN 978-0-323-04232-1. OCLC 294998596.
- ↑ 2.0 2.1 Snell, Richard S. (2012). "Development of the Eye and the Ocular Appendages". Clinical anatomy of the eye. Lemp, Michael A. (2nd ed.). Malden, MA, USA: Blackwell Science. ISBN 0-632-04344-X. OCLC 37580703.
- ↑ 3.0 3.1 3.2 3.3 Clinical anatomy and physiology of the visual system (3rd ed.). Elsevier/Butterworth-Heinemann. ISBN 978-1-4377-1926-0.
- ↑ Hittner, H. M.; Hirsch, N. J.; Rudolph, A. J. (September 1977). "Assessment of gestational age by examination of the anterior vascular capsule of the lens". The Journal of Pediatrics. 91 (3): 455–458. doi:10.1016/s0022-3476(77)81324-3. ISSN 0022-3476. PMID 894419.
- ↑ "Lens Capsule". American Academy of Ophthalmology (in ഇംഗ്ലീഷ്). 1 October 2019.
- ↑ Mehta, Rajvi; Aref, Ahmad A (27 November 2019). "Intraocular Lens Implantation In The Ciliary Sulcus: Challenges And Risks". Clinical Ophthalmology (Auckland, N.Z.). 13: 2317–2323. doi:10.2147/OPTH.S205148. ISSN 1177-5467.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ John F, Salmon. Kanski's clinical ophthalmology : a systematic approach (9th ed.). Elsevier. ISBN 978-0-7020-7711-1.