വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സ് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലീഡ്സ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. 1919 ൽ ലീഡ്സ് സിറ്റി ക്ലബ്ബിനെ ഫുട്ബോൾ ലീഗ് പിരിച്ചുവിട്ടതിനെത്തുടർന്ന് രൂപീകരിക്കപെട്ട ഈ ക്ലബ് അവരുടെ എല്ലാൻഡ് റോഡ് സ്റ്റേഡിയം ഏറ്റെടുക്കുകയും ചെയ്തു. 2019—20 സീസണിൽ ഇഎഫ്‌എൽ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള സ്ഥാനക്കയറ്റത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഏറ്റവും മികച്ചതലമായ പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡ് മത്സരിക്കുന്നു. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിൽ തന്നെ കളിച്ച ടീമാണ് അവർ. 1964 നും 1982 നും ഇടയിൽ 18 വര്ഷം ഒന്നാം ഡിവിഷനിൽ ചിലവഴിച്ച അവർ 2004 നും 2020 നും ഇടയിൽ 16 വർഷക്കാലം അതിൽ നിന്ന് പുറത്തായിരുന്നു.
പൂർണമായും വെള്ളനിറമുള്ള ജേഴ്സിയിൽ ആണ് ലീഡ്സ് തങ്ങളുടെ ഹോം മത്സരങ്ങളിൽ കളത്തിൽ ഇറങ്ങുന്നത്. ക്ലബ്ബിന്റെ ബാഡ്ജിൽ വൈറ്റ് റോസ് ഓഫ് യോർക്ക് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 1972 ൽ പുറത്തിറങ്ങിയ " മാർച്ചിംഗ് ഓൺ ടുഗെദർ " എന്ന ഗാനമാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി കൂടാതെ പ്രാദേശിക ടീമുകളായ ഹഡ്ഡെർസ്ഫീൽഡ് ടൗൺ, ഷെഫീൽഡ് യുണൈറ്റഡ്, ഷെഫീൽഡ് വെനസ്‌ഡേ എന്നീ ടീമുകളുമായി ലീഡ്‌സിന് വൈര്യം ഉണ്ട്.