ലിയോനാർഡ് ഡിഗ്ഗസ്
ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് ഡിഗ്ഗസ് കെന്റിലെ ബർഹാമിൽ 1520-ലാണ് ജനിച്ചതെന്നു കരുതുന്നു. വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം ഇവയെപ്പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല.
ഗണിതശാസ്ത്ര വിജ്ഞാനം
[തിരുത്തുക]ഗണിതശാസ്ത്രമേഖലയിൽ, പ്രാഥമിക ഗണിതത്തിലായിരുന്നു ഡിഗ്ഗസ് കൂടുതൽ ശ്രദ്ധാലുവും ഉത്സുകനുമായിരുന്നത്. പ്രായോഗിക തലത്തിലുള്ള ഗണിതീയാശയങ്ങളിൽ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു. സൈനികസംവിധാനത്തിനുതകുന്ന തരത്തിലുള്ള ഗണിതീയാശയങ്ങളും രീതികളും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. സർവേയ്ക്കാവശ്യമായ പല ഉപകരണങ്ങളേയും അവയുടെ പ്രവർത്തനരീതികളേയും കുറിച്ച് ആദ്യമായി വിശദീകരിച്ചത് ഡിഗ്ഗസാണ്. കപ്പൽയാത്ര, പീരങ്കി കൈകാര്യം ചെയ്യുന്നതിന്റെ സാങ്കേതികശാസ്ത്രം എന്നീ മേഖലകളിലാവശ്യമായിട്ടുള്ള ഗണിതശാസ്ത്രവിജ്ഞാനത്തെപ്പറ്റിയും വിശദമായ പഠനം നടത്തിയിട്ടുണ്ട്.
സർവേപഠനം
[തിരുത്തുക]സർവേയ്ക്കാവശ്യമായ ഒരു പ്രാഥമിക ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ ടെക്റ്റോനിക്കോൺ (1556). കൂടാതെ പാന്റോമെട്രിയയും സർവേ പഠനത്തിനുതകുന്ന ഗ്രന്ഥമാണ്. കപ്പൽയാത്രയ്ക്കാവശ്യമായ നിരവധി കാര്യങ്ങൾ പ്രോഗ്നോസ്റ്റിക്കേഷനിൽ (1555) അടങ്ങിയിരിക്കുന്നു. ഡിഗ്ഗസിന്റെ മകനായ തോമസ് ഡിഗ്ഗസിന്റെ സ്ട്രാറ്റിയോറ്റികോസ് (1579) എന്ന കൃതിയിൽ ലിയോനാർഡ് ഡിഗ്ഗസിന്റെ പീരങ്കി പ്രയോഗത്തെപ്പറ്റിയുള്ള ആശയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.
വധശിക്ഷയിൽ നിന്നു രക്ഷ
[തിരുത്തുക]1554-ൽ യാട്ട് ലഹളയിൽ പങ്കെടുത്തതിന്റെ പേരിൽ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ ക്ലിന്റൺ പ്രഭുവിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം ശിക്ഷ ഇളവു ചെയ്യുകയുണ്ടായി. പ്രോഗ്നോസ്റ്റിക്കേഷൻ ഡിഗ്ഗസ്, ക്ലിന്റൺ പ്രഭുവിന്റെ പേരിലാണ് സമർപ്പിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിൽവച്ച 1559-ലാണ് ഡിഗ്ഗസ് മരിച്ചതെന്നു കരുതപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://galileo.rice.edu/Catalog/NewFiles/digges_leo.html
- http://space.about.com/od/astronomerbiographies/a/Leonard_Digges.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിഗ്ഗസ്, ലിയോനാർഡ് (സു. 1520 - സു. 1559) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |