ലിംഗസമത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിംഗ സമത്വം അല്ലെങ്കിൽ ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യമാണ്. ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.

ലിംഗനീതി എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യമാണ്. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

"https://ml.wikipedia.org/w/index.php?title=ലിംഗസമത്വം&oldid=4074747" എന്ന താളിൽനിന്ന് ശേഖരിച്ചത്