ലാൽബാഗ് കോട്ട

Coordinates: 23°43′08″N 90°23′17″E / 23.7190°N 90.3881°E / 23.7190; 90.3881
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽബാഗ് കോട്ട
കോട്ടയിലെ ബീബി പാരി ശവകുടീരം
Locationധാക്ക, ബംഗ്ലാദേശ്
Coordinates23°43′08″N 90°23′17″E / 23.7190°N 90.3881°E / 23.7190; 90.3881
Built1678

ബംഗ്ലാദേശിലെ ധാക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ബുരിഗംഗ നദിക്കരയിൽ സ്ഥിതിചെയ്യുന്ന അപൂർണ്ണമായ മുഗൾ കോട്ട സമുച്ചയമാണ് ലാൽബാഗ് കോട്ട. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. ഔറംഗസീബ് ചക്രവർത്തിയുടെ മകനും പിന്നീട് ചക്രവർത്തിയുമായിരുന്ന മുഗൾ സുബാഹ്ദാർ മുഹമ്മദ് ആസാം ഷാ ആണ് ഔറംഗബാദ് കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ടയുടെ നിർമ്മാണം തുടങ്ങിവച്ചത്.[1]

ചരിത്രം[തിരുത്തുക]

ഔറംഗസീബിന്റെ മൂന്നാമത്തെ മകനും മുഗൾ രാജകുമാരനുമായിരുന്ന മുഹമ്മദ് ആസാം ഷാ ആണ് 1678 ൽ ബംഗാളിലെ വൈസ് റോയൽറ്റി കാലത്ത് കോട്ടയുടെ നിർമ്മാണം തുടങ്ങിവച്ചത്. എന്നാൽ ഔറംഗസീബ് തിരിച്ചുവിളിച്ചതിനെത്തുടർന്ന് കോട്ടയുടെ നിർമ്മാണം മുഹമ്മദ് ആസാം ഷായ്ക്ക് പൂർത്തിയാക്കാനായില്ല. പതിനഞ്ചുമാസമേ അദ്ദേഹം അവിടെയുണ്ടായിരുന്നുള്ളു.

അതിനുശേഷം ധാക്കയുടെ സുബാഹ്ദാർ ആയിരുന്ന ഷൈസ്ത ഖാനും കോട്ട പൂർത്തിയാക്കാനായില്ല. 1684 ൽ ഷൈസ്ത ഖാന്റെ മകൾ ഇറാൻ ദുഖ്ത് പാരി ബീബി അവിടെവെച്ച് മരിച്ചതിനെത്തുടർന്ന് അദ്ദേഹം കോട്ടയെ നിർഭാഗ്യകരമെന്ന് കരുതാൻ തുടങ്ങി. ഇതിനെത്തുടർന്ന് കോട്ടയുടെ നിർമ്മാണം അദ്ദേഹം ഉടനടി നിർത്തിവച്ചു. കോട്ട ഇന്നും പൂർത്തീകരിക്കാത്ത അവസ്ഥയിൽ തുടരുന്നു. ലാൽബാഗ് കോട്ടയുടെ മൂന്ന് പ്രധാന ഭാഗങ്ങളിൽ ഒന്ന് പാരി ബീബിയുടെ ശവകുടീരം ആണ്.[2] ഷൈസ്ത ഖാൻ ധാക്ക വിട്ടതിനുശേഷം കോട്ടയുടെ പ്രശസ്തി നഷ്ടപ്പെടുവാൻ തുടങ്ങി. തലസ്ഥാനം ധാക്കയിൽ നിന്ന് മുർഷിദാബാദിലേക്ക് മാറ്റിയതാണ് പ്രധാന കാരണം. കൂടാതെ രാജകീയ മുഗൾ കാലഘട്ടത്തിന്റെ അന്ത്യത്തോടെ കോട്ട ഉപേക്ഷിക്കപ്പെട്ടു.

1844 ൽ ഈ പ്രദേശം ഔറംഗാബാദിന് പകരമായി ലാൽബാഗ് എന്ന പേര് സ്വീകരിച്ചതിനെത്തുടർന്ന് കോട്ടയുടെ പേര് ലാൽബാഗ് കോട്ട എന്നാക്കി മാറ്റി.[3]

കോട്ടയുടെ ഘടന[തിരുത്തുക]

മൂന്ന് കെട്ടിടങ്ങളുടെ (മൂന്ന് താഴികക്കുടങ്ങളുള്ള ക്വില്ലാ പള്ളി, ബീബി പാരി ശവകുടീരം, ദിവാൻ-ഇ-ആം) സംയോജനമാണ് ഈ കോട്ട. മൂന്ന് മനോഹരമായ താഴികക്കുടങ്ങളുള്ള താരതമ്യേന ചെറിയ പള്ളിയാണ് ക്വില്ലാ പള്ളി.

ദിവാൻ-ഇ-ആം[തിരുത്തുക]

ദിവാൻ-ഇ-ആം

സമുച്ചയത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ബംഗാളിലെ മുഗൾ ഗവർണറുടെ രണ്ട് നിലകളുള്ള വസതിയാണ് ദിവാൻ-ഇ-ആം.[4] ഇപ്പോൾ ഇത് മുഗൾ നാണയങ്ങൾ, പെയിന്റിംഗുകൾ, പരവതാനികൾ, ആയുധങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു.

ബീബി പാരി ശവകുടീരം[തിരുത്തുക]

ബീബി പാരി ശവകുടീരം

പാരിബീബിയുടെ ശവകുടീരം സമുച്ചയത്തിന്റെ നടുവിലാണ്. ശവകുടീരത്തിനകത്ത് ഒരു കേന്ദ്ര ചതുര മുറി ഉണ്ട്. അതിനകത്താണ് വ്യാജ അഷ്ടഭുജാകൃതിയിലുള്ള താഴികക്കുടത്തിൽ പിച്ചളകൊണ്ട് പൊതിഞ്ഞു പാരി ബീബിയെ അടക്കം ചെയ്തിരിക്കുന്നത്. ഈ കേന്ദ്ര മുറിയ്ക്കു ചുറ്റും എട്ട് മുറികൾ കൂടി കാണപ്പെടുന്നു. വെളുത്ത മാർബിൾ കൊണ്ടാണ് അകത്തെ ഭിത്തി മുഴുവൻ മൂടിയിരിക്കുന്നത്.[1] മരിക്കുമ്പോൾ അസം രാജകുമാരനുമായി പാരിബീബിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Rahman, Habibur (2012). "Lalbagh Fort". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. Sayid Aulad Hasan (1903). Extracts from the Notes on the Antiquities of Dacca. Published by the author. p. 5.
  3. The Archaeological Heritage of Bangladesh. Asiatic Society of Bangladesh. November 2011. p. 586.
  4. The Archaeological Heritage of Bangladesh. Asiatic Society of Bangladesh. Nov 2011. p. 586
"https://ml.wikipedia.org/w/index.php?title=ലാൽബാഗ്_കോട്ട&oldid=3445487" എന്ന താളിൽനിന്ന് ശേഖരിച്ചത്