ലായി ഹരൗബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലായി ഹരൗബ

മെയ്തി വിഭാഗക്കാരുമായി ബന്ധപ്പെട്ട, പ്രാചീന ദേവതകളെ പ്രീതിപ്പെടുത്താൻ വേണ്ടി ആഘോഷിക്കുന്ന ഒരു മണിപ്പൂരി ഉത്സവമാണ് ലായി ഹരൗബ. ഉമാങ് ലായി എന്ന വനദേവതയോടുള്ള ആദരസൂചകമായി ആഘോഷിക്കുന്ന ഈ ഉത്സവം പരമ്പരാഗത ദേവതമാരോടും പൂർവ്വികന്മാരോടുമുള്ള ആരാധനയെ പ്രതിനിധാനം ചെയ്യുന്നു. അറ്റിയ ഷിദാബയുടെ ഇച്ഛയ്ക്കനുസരിച്ചുള്ള പ്രപഞ്ചോൽപത്തിയും സസ്യജന്തുജാലങ്ങളുടെ ആവിർഭാവങ്ങളും ഉൾക്കൊള്ളുന്ന ഉത്പത്തികഥകളുടെ അനുസ്മരണ ഉണർത്തുന്നതാണ് ഈ ഉത്സവം.[1]. ലായി ഹരൗബ എന്ന പദത്തിന്റെ അർത്ഥം "ദൈവങ്ങളുടെ ഉല്ലാസം" എന്നാണ്[2].

പശ്ചാത്തലം[തിരുത്തുക]

ഈ ഉത്സവത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് : കൗബ്രു മലനിരകളിൽ വച്ച് ദൈവങ്ങളാണ് ആദ്യമായി ലായി ഹരൗബ നടത്തുന്നത്. തുടർന്ന് അവരുടെ പിന്തുടർച്ചക്കാർ ഇതിനെ അനുകരിക്കുകയും പ്രാചീനദേവതകൾ ചെയ്തുവന്നിരുന്നത് പോലെ ചെയ്തുപോരുകയും ചെയ്തു. അതുകൊണ്ട് അവരാരും തന്നെ പ്രപഞ്ചോൽപ്പത്തിയുടെയും ഭൂമിയിലെ വിവിധ ജീവജാലങ്ങളുടെ ഉത്ഭവത്തേയും കുറിച്ചുള്ള രഹസ്യവും പവിത്രവുമായ കഥ മറന്നില്ല.

മണിപ്പൂരിലും ചില മെയ്തി വിഭാഗക്കാരുടെ ഇടയിലും, മണിപ്പൂരെന്നത് പ്രാചീനദേവതകളുടെ നാടാണ്. അറ്റിയ ഷിദാബയെ അവരിലെ പരമോന്നത ദേവിയായി കണക്കാക്കുന്നു. അറ്റിയ ഷിദാബ, അപൻബ, അഷീബ എന്നിവരാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ യഥാക്രമം നിർവഹിച്ചു പോരുന്നത്. പൊഖാങ്ബ, സന്നമഹി, നോംഗ്പോക്ക് നിംഗ്തൗ എന്നിവരാണ് മെയ്തികളുടെ പ്രധാന പുരുഷദേവതകൾ. ലെയ്മരൽ ഷിദാബി, പാൻതൊയ്ബി എന്നിവർ സ്ത്രീദേവതകളുമാണ്. ഇതിനു 364 പ്രാചീനദേവന്മാരും അവരുടെ സഹചരന്മാരും മെയ്തികൾ ആരാധിക്കുന്ന പ്രധാനപ്പെട്ട ദേവതകളാണ്.[2]

മെയ്തികളുടെ എല്ലാ വീടുകളിലും സന്നമഹിയേയും ലെയ്മരലിനെയും ആരാധിച്ചു പോരുന്നു. മറ്റ് ദൈവങ്ങളേയും 364 പ്രാചീനദേവന്മാരേയും ഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്ന "ഉമാങ് ലായ് ലൈസാങ്ങു"കളിലാണ് (വനപ്രദേശങ്ങളിൽ വിശാലമായ നിലങ്ങളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങൾ) ആരാധിച്ചുപോരുന്നത്. സൃഷ്ടികർമ്മത്തിന്റെ അഭിവാജ്യഘടകത്തിന്റെ പ്രതീകമെന്ന നിലയിൽ "ഉമാങ് ലായി ഹരൗബ"യെ (വനദേവതകളുടെ ആഹ്ലാദോത്സവം) പ്രാചീനദേവതകളുടെ ആരാധനയായി എല്ലാ ഗ്രാമനിവാസികളും പ്രധാന ആഘോഷമായി കണക്കാക്കുന്നു. മെയ്തികൾ എല്ലാ സ്ത്രീപുരുഷന്മാരേയും ദേവീദേവന്മാരായി സങ്കൽപ്പിച്ച് ഹരൗബയിൽ പ്രാചീനദേവതകളുടെ വേഷം ചെയ്തുപോരുന്നു.

ലായി ഹരൗബ നൃത്തം[തിരുത്തുക]

പേണ - ലായി ഹരൗബ നൃത്തത്തിൽ ഉപയോഗിക്കുന്ന തന്ത്രിവാദ്യം

മണിപ്പൂരിലെ ലായി ഹരൗബ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നൃത്തമാണിത്. ശിവനും പാർവതിയും ലീലയാടാനായി ഹിമാലയത്തിലെ കൈലാസം വിട്ട് മണിപ്പൂരിനു ചുറ്റുമുള്ള കുന്നുകളിലെത്തി. അവിടെ നിന്ന് നോക്കിയപ്പോൾ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന ഒരു അതിമനോഹരമായ താഴ്വര അവർ കണ്ടു. ശിവൻ തന്റെ തൃശ്ശൂലം കുന്നുകളിലിടിച്ചു. വെള്ളം വറ്റി, താഴ്വര അതിന്റെ പൂർണ്ണസൗന്ദര്യത്തോട് കൂടി പുറത്തു വന്നു. അവിടെയവർ തങ്ങളുടെ ലീലയ്ക്ക് രംഗമാക്കി. ഇതാണ് ലായി ഹരൗബയുടെ ഇതിഹാസം. പങ് എന്ന ചെണ്ടയും പേണ എന്ന തന്ത്രിവാദ്യവും ആ നൃത്തത്തിൽ ഉപയോഗിക്കപ്പെടുന്നു. ഹൈന്ദവപൂർവ്വകാലത്തെ മണിപ്പൂരിലാണ് ലായി ഹരൗബ ഉത്ഭവം കൊണ്ടത്. ഗ്രാമദൈവങ്ങൾക്ക് അർപ്പിതമാണ് ഈ നൃത്തം. മായിബകൾ (പുരോഹിതന്മാർ), മായിബികൾ (പുരോഹിതകൾ) എന്നിവരാണ് ഇതിലെ മുഖ്യ പങ്കാളികൾ. കാരണം ലായി ഹരൗബ കേവലം വിനോദം മാത്രമല്ല, ഒരനുഷ്ഠാനം കൂടിയാണ്. പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും സൃഷ്ടിയുടെ പ്രതീകമാണ് ഈ നൃത്തം. നർത്തകരിലേക്ക് ദിവ്യചൈതന്യം പ്രവഹിക്കുന്നതോടെ നൃത്തം മൂർധന്യത്തിലെത്തുന്നു. പിന്നെ സ്ത്രീയും പുരുഷനും ജോഡികളായാണ് നൃത്തം ചെയ്യുക. ഖംബയുടെയും തോയിബിയുടെയും അനശ്വര പ്രേമകഥയാകുന്നു ഇതിവൃത്തം. ഇവിടെ സ്ത്രീയും പുരുഷനും ഭാര്യാഭർത്താക്കന്മാരാകുന്നു. മണിപ്പൂരിലെ ഏറ്റവും പ്രാചീനമായ നൃത്തരൂപമാണ് ലായി ഹരൗബ. എങ്കിലും ഇതിന്റെ പ്രാചീനശുദ്ധി ഏറെക്കുറെ നിലനിൽക്കുന്നുണ്ട്.

ഉത്സവം[തിരുത്തുക]

പ്രധാനമായി ആറ് തരം ലായി ഹരൗബകളാണുള്ളത്. ആറെണ്ണത്തിലേയും വ്യത്യാസങ്ങൾ വിശാലമാണെങ്കിലും ഇവയുടെയെല്ലാം പ്രമേയം ഒന്നു തന്നെയാണ്. ഈ വ്യത്യാസങ്ങൾ ഇവയുടെ നടപടിക്രമങ്ങളിലും, സാംസ്കാരിക കാഴ്ചപ്പാടുകളിലുമാണ്; അല്ലാതെ ലായി ഹരൗബയുടെ അന്തർജ്ഞാനത്തിലോ, തത്ത്വശാസ്ത്രത്തിലോ അല്ല. വ്യത്യസ്തങ്ങളായ ലായി ഹരൗബകൾ ഇവയാണ്:

  • കാംഗ്ലേയ് (ഇംഫാൽ) ഹരൗബ
  • ചക്പാ ഹരൗബ
  • ആന്ദ്രോ ഹരൗബ
  • സെക്മായ് ഹരൗബ
  • മൊയ്രാംഗ് ഹരൗബ
  • കാക്ചിങ് ഹരൗബ

മുന്നൊരുക്കങ്ങൾ[തിരുത്തുക]

ആഘോഷം[തിരുത്തുക]

ലായി ഹരൗബ ഇഷെയ്[തിരുത്തുക]

ലായി ഹരൗബ നടക്കുമ്പോൾ ആലപിക്കുന്ന പ്രശസ്തമായ നാടോടി ഗാനമാണ് ലായി ഹരൗബ ഇഷെയ്. ലൈംഗിക ആത്മീയതയുടെ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന പരാമർശങ്ങൾ refഉൾക്കൊള്ളുന്നതാണ് ഈ ഗാനത്തിന്റെ വരികൾ. ഗാനത്തിന്റെ പ്രധാന ഗുണം എന്നു പറയുന്നത് ഇതിന്റെ ഈണത്തിലുള്ള ക്രമാവർത്തനമാണ്[3].

കൂടുതൽ വായനക്ക്[തിരുത്തുക]

  • Otojit Kshetrimayum (2014). Ritual, Politics and Power in North East India: Contexualising the Lai Haraoba of Manipur. Ruby Press & Co, New Delhi.

അവലംബം[തിരുത്തുക]

  1. K. Ayyappapanikar (1997). Medieval Indian Literature: An Anthology. Sahitya Academy. p. 330. ISBN 978-81-260-0365-5.
  2. 2.0 2.1 Amitangshu Acharya; Soibam Haripriya (July 27, 2007). "Respect to Foster Unity in Cultural Mosaic - Festival/Lai Haraoba". The Telegraph. ശേഖരിച്ചത് November 05, 2008. Check date values in: |accessdate= (help)CS1 maint: multiple names: authors list (link)
  3. "Lai Haraoba Ishei". India9.com. June 07, 2005. ശേഖരിച്ചത് January 05, 2008. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ലായി_ഹരൗബ&oldid=2867609" എന്ന താളിൽനിന്ന് ശേഖരിച്ചത്