ലാച്ചിഷ് കത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാച്ചിഷ് കത്തുകളിൽ മൂന്നാമത്തേതിന്റെ പാഠം പ്രാചീന എബ്രായ ലിപിയിലും ആധുനികലിപിയിലും

ബിസി 587-86-ൽ പുരാതന യൂദയാരാജ്യം ബാബിലോണിനു കീഴ്പ്പെടുന്നതുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളിലേക്കു വെളിച്ചം വീശുന്ന തത്സമയരേഖകളാണ് ലാച്ചിഷ് കത്തുകൾ (Lachish letters). യൂദയായിലെ ലാച്ചിഷ് പട്ടണത്തിന്റെ സ്ഥാനമായ ഇന്നത്തെ ടെൽ എദ് ദുവീറിന്റെ(Tell ed-Duweir) ഉദ്ഖനനത്തിൽ, പുരാവസ്തുവിജ്ഞാനി ജെ.എൽ. സ്റ്റാർക്കിയാണ് മൺപാത്രക്കഷണങ്ങളിൽ (Ostraca) മഷി കൊണ്ടെഴുതിയ ഈ കത്തുകൾ 1935-ൽ കണ്ടെത്തിയത്. നഗരകവാടത്തിലെ കാവൽഅറയുടെ (Guard Room) നഷ്ടശിഷ്ടങ്ങളിലാണ് അവ കണ്ടുകിട്ടിയത്. ബാബിലോണിലെ പ്രാവാസത്തിനു മുൻപ് എബ്രായ ഭാഷ എഴുതാനുപയോഗിച്ചിരുന്ന പ്രാചീനലിപിയിലാണ് ഈ കത്തുകൾ എഴുതിയിരിക്കുന്നത്. ആകെ 18 കത്തുകളാണ് നിലവിലുള്ളത്.[1]

ഉള്ളടക്കം[തിരുത്തുക]

ലാച്ചിഷ് കത്തുകളിൽ ആറാമത്തേതിന്റെ പരിഭാഷ:

എന്റെ യജമാനൻ യവോഷിന്: ഈ നാളുകളിൽ നല്ല ആരോഗ്യത്തോടെയിരിക്കാൻ തിരുമേനിക്കു കഴിയട്ടെ. അവിടത്തെ ഈ ദാസൻ വെറുമൊരു നായ് അല്ലാതെ മറ്റാരാണ്? എന്നിട്ടും, “വായിക്കാൻ കനിയുക” എന്നു പറഞ്ഞ് രാജാവിന്റേയും കുമാരന്മാരുടേയും കത്തുകൾ അവിടുന്ന് അടിയന് അയച്ചു തന്നല്ലോ.
കുമാരന്മാരുടെ വാക്കുകൾ നന്നല്ല. അവ നമ്മുടേയും കേൾക്കുന്ന (മറ്റുള്ളവരുടേയും) കൈകളെ ബലഹീനം ആക്കുകയേയുള്ളു. “എന്ത്, യെരുശലേമിൽ പോലും അവർ ഇങ്ങനെ ചെയ്യുന്നുവെന്നോ; രാജാവിനോടും രാജകുടുംബത്തോടും ഇതു ചെയ്യുന്നുവെന്നോ” എന്ന് (അവർ) പറയും. അങ്ങയുടെ ദൈവമായ ജീവിക്കുന്ന യഹോവയാണേ, കത്തുകൾ വായിച്ചതിൽ പിന്നെ, ഈ ദാസനു സമാധാനമില്ല.[2]

രാജ്യാതിർത്തിയിൽ ലാച്ചിഷിനു വടക്കെവിടെയോ ഉള്ള നിരീക്ഷണനിലയങ്ങളിലൊന്നിന്റെ ചുമതലക്കാരനായിരുന്ന ഹോഷയ്യാ, ലാച്ചിഷിലെ തന്റെ മേലധികാരി യോവാഷിന് എഴുതിയ കുറിപ്പുകളാണ് ഈ കത്തുകൾ. "അവിടത്തെ മുൻപിൽ ഈ ദാസൻ വെറുമൊരു നായ് മാത്രം" എന്ന മട്ടിലുള്ള ഏറ്റുപറച്ചിലുകൾ, കത്തെഴുതിയ ആളും സ്വീകർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ബാബിലോണിന്റെ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ ലാച്ചിഷ്, അസെക്കാ, എന്നീ നഗരങ്ങളിൽ നിന്നുള്ള 'പുകസൂചനകൾ' (Smoke Signals) ശ്രദ്ധിക്കാൻ ചുമതലപ്പെട്ടവനായിരുന്നു ഹോഷെയ്യാ എന്നു കരുതപ്പെടുന്നു. ഏറ്റവും പ്രസിദ്ധമായ നാലാമത്തെ കത്ത് അവസാനിക്കുന്നത് നിരാശയുടെ ഈ വാക്കുകളിലാണ്: "അസെക്കാ ഞങ്ങൾക്ക് കാണാനാകുന്നില്ല; അങ്ങു പറഞ്ഞതനുസരിച്ചുള്ള ലാച്ചിഷിന്റെ സൂചന കാത്തിരിക്കുകയാണു ഞങ്ങൾ". ബാബിലോണിന്റെ അധീനത്തിലാകാതെ യൂദയായിൽ അവശേഷിച്ചിരുന്ന മൂന്നു മതിലകനഗരങ്ങളിൽ (Fortified Cities) ഒന്നായ അസെക്കായുടെ പതനത്തിനു ശേഷവും, ലാച്ചിഷിന്റെ പതനത്തിനു തൊട്ടുമുൻപും അയച്ചതാകാം ഈ കത്തെന്നു കരുതപ്പെടുന്നു.[3]

വിശകലനം[തിരുത്തുക]

എബ്രായബൈബിളിലെ ജെറമിയായുടെ പുസ്തകത്തിൽ തെളിയുന്ന മത-രാഷ്ട്രീയ സാഹചര്യങ്ങൾ ഈ കത്തുകളിലും പ്രതിഫലിക്കുന്നു. ബിസി ഏഴാം നൂറ്റാണ്ടവസാനം (649-609) യൂദയാ ഭരിച്ച ജോസിയാ രാജാവ്, യെരുശലേമിലെ ദേവാലയം കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ ധാർമ്മികതയെ ശക്തമായി പിന്തുണച്ചിരുന്നു. ജോസിയായുടെ നയങ്ങൾ യഹോവപക്ഷത്തെ ശക്തിപ്പെടുത്തിയെന്നതിന്റെ സൂചനകൾ ലാച്ചിഷ് കത്തുകളിൽ കാണാം. ഓരോ കത്തും തുടങ്ങുന്നത് "അങ്ങ് നല്ല വാർത്ത കേൾക്കാൻ യഹോവ ഇടയാക്കട്ടെ" എന്ന മട്ടിൽ, യഹോവീയമായ അഭിവാദനത്തോടെയാണ്. കത്തുകളിൽ ആകെയുള്ള 22 വ്യക്തിനാമങ്ങളിൽ 14 എണ്ണം യഹോവയുടെ പേരുൾക്കൊള്ളുന്നതാണ്: 'ഗെമര്യാഹു', 'യാസന്യാഹു' എന്നീ പേരുകളുടെ അവസാനഭാഗത്തെ 'യാഹു' യഹോവയെ സൂചിപ്പിക്കുന്നു. ഉത്തര ഇസ്രായേലിൽ നിന്നു കിട്ടിയ ബിസി എട്ടാം നൂറ്റാണ്ടിലെ സമരിയാ കളിമൺലിഖിതങ്ങളിലെ (Samaria Ostraca) പേരുകൾ ഈവിധമായിരുന്നില്ല. യഹോവപക്ഷം ഇഷ്ടപ്പെടാതിരുന്ന വൈദേശികമൂർത്തിയായ ബാലുമായി ബന്ധപ്പെട്ട പേരുകളായിരുന്നു അതിൽ അധികവും: 'അബിബാൽ' 'ബാൽസാക്കാർ' എന്നിങ്ങനെ.[4]

ബാബിലോണിന്റെ ആക്രമണം അരങ്ങേറുമ്പോൾ യൂദയായിലെ രാജനീതിയിലെ വിവിധപക്ഷങ്ങളിൽ ജെറമിയായെപ്പോലുള്ള പ്രവാചകന്മാർ സക്രിയരായിരുന്നു എന്നതിന്റെ വ്യക്തമായ സൂചന എബ്രായബൈബിളിൽ ഉണ്ട്. സമാനമായ സൂചനകൾ ലാച്ചിഷ് കത്തുകളിലും കാണാം. വിദേശാക്രമണത്തിനിടെ ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്നതായി കരുതപ്പെട്ട നിലപാടുകളെക്കുറിച്ചുള്ള പരാതി ചില കത്തുകളിലുണ്ട്. പ്രതിരോധം നിഷ്ഫലമണെന്നും ബാബിലോണിനു കീഴടങ്ങുകയല്ലാതെ വഴിയില്ലെന്നും വാദിച്ച ജെറമിയായുടെ പ്രവചനങ്ങൾ ജനങ്ങളുടെ മനോവീര്യം കുറക്കുന്നുവെന്ന ആരോപണത്തെ ബൈബിളിലെ ജെറമിയായുടെ പുസ്തകവും പരാമർശിക്കുന്നുണ്ട്. പ്രവാചകന്മാരെക്കുറിച്ച് ഈ കത്തുകൾ പറയുന്നുണ്ടെങ്കിലും ജെറമിയായെ പരാമർശിക്കുന്നുണ്ടോ എന്നു വ്യക്തമല്ല. ജെറമിയായെപ്പോലുള്ളവർ, ബാബിലോണിനെതിരെ ഈജിപ്തിനെ ആശ്രയിക്കുന്നതു നിഷ്ഫലമാണെന്നു വാദിച്ചിരുന്നെങ്കിലും യൂദയായുടെ രാഷ്ട്രീയനേതൃത്വം ഈജിപ്തിന്റെ പിന്തുണ തേടിയിരുന്നു എന്നതിന്റെ സൂചനയും ലാച്ചിഷ് കത്തുകളിലുണ്ട്.[1]

പ്രാധാന്യം[തിരുത്തുക]

യൂദയാരാജ്യത്തിന്റെ അന്ത്യനാളുകളിൽ നിന്നുള്ളതായി കൃത്യമായി കാലനിർണ്ണയം സാദ്ധ്യമായ രേഖകൾ എന്ന നിലയിൽ ലാച്ചിഷ് കത്തുകൾ ഏറെ പ്രാധാന്യമുള്ളവയാണ്. അതിലുപരി പുരാതന ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു ദുരന്തഘട്ടത്തിന്റെ സ്മരണിക എന്ന പ്രാധാന്യവും ഈ കത്തുകൾക്കുണ്ട്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Cambridge Companion to the Bible: "First and Second Kings, Archeological and Sociological Data on Israel and Judah during the period 961 to 560 BC"(പുറങ്ങൾ 136-37) & "Jeremiah, Archeological and Sociological Data on the Period - Cambridge Companion to the Bible" (പുറങ്ങൾ 184-85)
  2. Isaiah666.com: The Lachish Letters Translation
  3. 3.0 3.1 ലാച്ചിഷ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറം 418)
  4. Ancient Israel, A Short History from Abraham to the Roman Destruction of the Temple, Edited by Hershel Shanks (പുറങ്ങൾ 139-141 & 147)
"https://ml.wikipedia.org/w/index.php?title=ലാച്ചിഷ്_കത്തുകൾ&oldid=2192909" എന്ന താളിൽനിന്ന് ശേഖരിച്ചത്