ലണ്ടൻ മിഷനറി സൊസൈറ്റി

1795 - ൽ ഇംഗ്ലണ്ടിൽ രൂപംകൊണ്ട മിഷനറി സമ്മ്ഘടനയാണ് ലണ്ടൻ മിഷനറി സൊസൈറ്റി. ചൈനയിൽ നിന്നുള്ള റോബർട്ട് മോറിസൺ ആയിരുന്നു ആദ്യ മിഷണറി, പ്രത്യേകിച്ച് ഒരു സഭാ വിഭാഗത്തിൻറെയും നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ സുവിശേഷപ്രവ൪ത്തനം ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ഈ സംഘടന, ഇത് കൗൺസിൽ ഫോർ വേൾഡ് മിഷൻറെ (CWM) ഒരു ഘടകമാണ്.
പുതിയ ഭൂഭാഗങ്ങളെപ്പറ്റിയുള്ള അറിവ് വർദ്ധിച്ചതോടെ, ഇന്ത്യ, ആഫ്രിക്ക എന്നീ വൻകരകളിലെ ജനങ്ങളുടെ ദയനീയമായ ജീവിതസാഹചര്യങ്ങളെപ്പറ്റി യൂറോപ്പ്യന്മാർക്കുള്ള അവബോധവും വർദ്ധിച്ചു. ഇതിന് കാരണങ്ങൾ ജാതിസമ്പ്രദായവും അന്ധവിശ്വാസങ്ങളുമാണെന്ന് അവർ മനസ്സിലാക്കി. എല്ലാറ്റിനുമുപരിയായി മനുഷ്യവർഗ്ഗത്തിൻറെ അന്തസ്സും സ്വയാഭിമാനവും അടിവരയിടുന്ന ക്രിസ്തുവിൻറെ സുവിശേഷത്തിലൂടെ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാവുകയുള്ളു എന്ന അവബോധം അവർക്കുണ്ടായി. ഇന്ത്യയിൽ പ്രവർത്തിയ്ക്കാൻ എൽ. എം. എസ്സ്. മിഷനറിമാർക്ക് തീവ്രമായ അഭിനിവേശം നൽകിയത് ഈഘടകമായിരുന്നു. അങ്ങനെ അവർ സ്വന്തനാട്ടിലെ സുഖസൗകര്യങ്ങളെല്ലാമുപേഷിച്ച് ഇന്ത്യയിലേയ്ക്ക് വന്നു. ഇവിടത്തെ പക൪ച്ച വ്യാധികൾക്കോ, കഠിനമായ കാലാവസ്ഥയ്ക്കോ സാമൂഹ്യമായ എതി൪പ്പുകൾക്കോ അവരെ പിന്തിരിപ്പിയ്ക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രയത്നിച്ചതിലുടെ ആധുനിക ഇന്ത്യൻ സമൂഹത്തിൻറെ വിത്തുപാകുകയായിരുന്നു അവർ ചെയ്തത്.
എൽ. എം. എസ്സ്. മിഷനറിമാർ പോയ ഇടങ്ങളിലെല്ലാം അവർ സാമൂഹ്യപരിവർത്തനത്തിൻറെ ദീപശിഖാ വാഹകരായിരുന്നു. അറിയപ്പെടാത്ത നാടുകളിൽ കടന്നുചെല്ലാൻ അവരെ പ്രേരിപ്പിച്ചത് അവരിലെ സാഹസികബോധമായിരുന്നു. ആഫ്രിക്കയിൽ വിക്ടോറിയാ വെള്ളച്ചാട്ടവും നൈൽനദിയുടെ ഉത്ഭവസ്ഥാനവും കണ്ടെത്തിയ ഡേവിഡ് ലിവിംഗ്സ്റ്റൺ ഒരു എൽ. എം. എസ്സ്. മിഷനറിയായിരുന്നു. യൂറോപ്പിലെ വൻകിട മുതലാളിമാർ ആഫ്രിക്കക്കാരെ അടിമകളായി പിടിച്ചുകൊണ്ടുവരാൻ തുടങ്ങിയപ്പോൾ, അടിമത്തവിരുദ്ധസമിതികൾ രൂപീകരിച്ചുകൊണ്ടാണ് എൽ. എം. എസ്സ്. ഇതിനെ പ്രതിരോധിച്ചത്. ജോൺ റൈലാൻറ് (John Ryland), വില്ല്യംകേരി, എച്ച്. ഓ. വിൽസ് തുടങ്ങിയ എൽ. എം. എസ്സ്. മിഷനറിമാർ, അടിമത്തവിരുദ്ധപ്രസ്ഥാനത്തിൻറെ മുന്നണിപ്പോരാളികളായിരുന്നു. ധാരാളം മിഷനറിമാർ അവർ പോയ ദേശങ്ങളിൽ രക്തസാക്ഷികളായി.