ലക്ഷ്മി കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ലക്ഷ്മി കൃഷ്ണമൂർത്തി
ജനനം
ലക്ഷമിദേവി

1928
ചാലപ്പുറം, കോഴിക്കോട്
മരണം2018 നവംബർ 10
ദേശീയതഭാരതം
തൊഴിൽഅഭിനേത്രി, റേഡിയോ അനൗൺസർ, വാർത്താവതാരിക, ഡബ്ബിംഗ് കലാകാരി
അറിയപ്പെടുന്നത്പഞ്ചാഗ്നി, പിറവി, വാസ്തുഹാര
ജീവിതപങ്കാളി(കൾ)കൃഷ്ണമൂർത്തി
കുട്ടികൾ2
മാതാപിതാക്ക(ൾ)മുല്ലശ്ശേരി ഗോവിന്ദമേനോൻ, ചെങ്ങളത്ത് ദേവകിയമ്മ

മലയാളചലച്ചിത്രരംഗത്ത് 1980-കളിൽ സജീവമായിരുന്ന ഒരു നടിയും ഡബ്ബിംഗ് കലാകാരിയുമായിരുന്നു ലക്ഷ്മി കൃഷ്ണമൂർത്തി. സിനിമാരംഗത്ത് ലക്ഷ്മി ചേച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ 1970-ൽ പുറത്തിറങ്ങിയ സംസ്കാര എന്ന കന്നഡ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.[1] ആകാശവാണിയിലെ ആദ്യ മലയാളം വാർത്താവതാരികയുമാണവർ. [2]

ജീവിതരേഖ[തിരുത്തുക]

1928-ൽ കോഴിക്കോട് ചാലപ്പുറത്ത് മുല്ലശ്ശേരി ഗോവിന്ദമേനോന്റേയും ചെങ്ങളത്ത് ദേവകിയമ്മയുടെയും മകളായി നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. മദ്രാസ് പ്രസിഡൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം[3] 1950-ൽ കോഴിക്കോട് ആകാശവാണിയിൽ ചേർന്ന് ആർട്ടിസ്റ്റ് കം അനൗൺസർ എന്നീ പദവികളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലയളവിൽ തിക്കോടിയനോടൊപ്പം ചേർന്ന് അവതരിപ്പിച്ച ബാലരംഗവും ലക്ഷമി നാണിയമ്മയായി എത്തിയ നാട്ടിൻപുറവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആകാശവാണിയിൽ തന്നെ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തതിന് ശേഷം ഡൽഹി ആകാശവാണി നിലയത്തിൽ വാർത്താവതാരികയായി പ്രവർത്തിച്ചു. പിന്നീട് ചെന്നൈയിലും അമേരിക്കയിലും കുറച്ചുകാലം അദ്ധ്യാപികയായും ലക്ഷ്മി സേവനം ചെയ്തിരുന്നു.[4]

ചലച്ചിത്രജീവിതം[തിരുത്തുക]

നിരവധി നാടകങ്ങളിൽ അഭിനയിച്ച ലക്ഷ്മി 1970-ൽ പുറത്തിറങ്ങിയ പട്ടാഭിരാമ റെഡ്ഡിയുടെ സംസ്കാര എന്ന കന്നഡ സിനിമയിലൂടെയാണ് ചലചിത്രരംഗത്തെത്തിയത്. ഗിരീഷ് കർണാട്, സ്നേഹലത റെഡ്ഡി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.

1986-ൽ എം.ടി.യുടെ രചനയിലുള്ള പഞ്ചാഗ്നി എന്ന സിനിമയിൽ ഗീതയുടെ അമ്മയായുള്ള വേഷം ചെയ്താണ് അവർ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എം.ടി.യുടെ തന്നെ നാലുകെട്ട് എന്ന നോവലിനെ ആധാരമാക്കി ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ടെലിസീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ രംഗത്തെ പ്രമുഖനായ മധുമോഹന്റെ മലയാളം സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി. ഷാജി എൻ കരുൺ, ഹരിഹരൻ, ജി. അരവിന്ദൻ, ടി. വി. ചന്ദ്രൻ, മണിരത്നം, സിബി മലയിൽ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടേതായി ഇരുപതോളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1]

മരണം[തിരുത്തുക]

2018 നവംബർ 10-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ലക്ഷ്മി അന്തരിച്ചു.

പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]

No. വർഷം സിനിമ ഭാഷ സംവിധാനം പ്രത്യേകത
1 1970 സംസ്കാര കന്നഡ പട്ടാഭിരാമ റെഡ്ഡി ആദ്യ ചലച്ചിത്രം
2 1986 പഞ്ചാഗ്നി മലയാളം ഹരിഹരൻ ആദ്യ മലയാളചലച്ചിത്രം
3 1988 പിറവി മലയാളം ഷാജി എൻ കരുൺ
4 1991 വാസ്തുഹാര മലയാളം ജി. അരവിന്ദൻ
5 1993 പൊന്തൻമാട മലയാളം ടി. വി. ചന്ദ്രൻ
6 1996 ഈ പുഴയും കടന്ന് മലയാളം കമൽ
7 2002 കന്നത്തിൽ മുത്തമിട്ടാൽ തമിഴ് മണിരത്നം
8 2007 ബിഫോർ ദ റെയിൻസ് ഇംഗ്ലീഷ് സന്തോഷ് ശിവൻ
9 2009 കേശു മലയാളം ശിവൻ അവസാനമായി അഭിനയിച്ച ചലച്ചിത്രം

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു". അഴിമുഖം. 10 നവംബർ 2018. Retrieved 25 മേയ് 2019.
  2. "ലക്ഷ്‌മി കൃഷ്‌ണമൂർത്തി അന്തരിച്ചു". മംഗളം ദിനപത്രം. 10 നവംബർ 2018. Retrieved 25 മേയ് 2019.
  3. "'സുകുമാരന്റെ അനിയൻ അങ്ങാടിക്ക് പോണുണ്ടോ? എനിക്കിത്തിരി പൊകല വേണ്ട്യേർന്നു..'". www.mathrubhumi.com. മാതൃഭൂമി ദിനപത്രം. Retrieved 25 മേയ് 2019.
  4. "നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു". മലയാള മനോരമ. 10 നവംബർ 2018. Retrieved 25 മേയ് 2019.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_കൃഷ്ണമൂർത്തി&oldid=3517815" എന്ന താളിൽനിന്ന് ശേഖരിച്ചത്