Jump to content

റോബർട്ട് ഡെലാനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ഡെലാനേ
Simultaneous Windows on the City, 1912, by Robert Delaunay, Hamburger Kunsthalle
ജനനം12 April 1885
Paris, France
മരണം25 ഒക്ടോബർ 1941(1941-10-25) (പ്രായം 56)
Montpellier, France
ദേശീയതFrench
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംOrphism, Cubism, Expressionism

റോബർട്ട് ഡെലാനേ എന്ന ഫ്രഞ്ചു ചിത്രകാരൻ1885 ഏപ്രിൽ 12-ന് ജനിച്ചു. പതിനേഴാം വയസ്സിൽ പഠനമുപേക്ഷിച്ച് പാരിസിലെ ബെല്ലി വില്ലി ക്വാർട്ടറിലെ, സ്റ്റേജ് സെറ്റ് ഡിസൈനറോടൊപ്പം ചേർന്നു. 1904-ൽ അത്തരം പണികളുപേക്ഷിക്കുകയും ഒരു മുഴുവൻ സമയ ചിത്രകാരനാവുകയും ചെയ്തു. ആദ്യകാല ചിത്രങ്ങളിൽ നിയോഇംപ്രഷനിസ്റ്റ് പ്രവണതകളാണു കാണുന്നത്. ഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനവും ആദ്യകാല രചനകളിൽ കാണാം. 1908 ആയപ്പോഴേക്കും ഇദ്ദേഹം ക്യൂബിസ്റ്റ് ശൈലിയിലേക്കു തിരിഞ്ഞു. തുടർന്നു രചിച്ച മൂന്ന് ക്യൂബിസ്റ്റ് ചിത്ര പരമ്പരകളാണ്

  • സെന്റ് സെവെറിൻ (1909)
  • ടൂർസ് ഡി ലാവോൺ (1910-12)
  • വില്ലി ഡി പാരിസ് (1910-12)

എന്നിവ.

ഓർഫിസത്തിന്റെ ഉപജ്ഞാതാവ്

[തിരുത്തുക]
സൺ ആൻഡ് മൂൺ

1909-ലെ ഈഫൽ ടവർ പോലുള്ള ചിത്രങ്ങളിൽ ആദ്യകാല ക്യൂബിസ്റ്റ് ശൈലി നന്നേ പ്രകടമാണ്. 1911 ആയപ്പോഴേക്കും ക്യൂബിസ്റ്റ് ശൈലിയിൽ നിന്ന് കുറേക്കൂടി വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഇദ്ദേഹമൊരുമ്പെട്ടു. മൈക്കിൾ യൂജിൻ ചെവ്റ്യൂയേലിന്റെ നവവർണസിദ്ധാന്തങ്ങളായിരുന്നു ഈ ചുവടുമാറ്റത്തിനാധാരം. സൈമൾട്ടേനിസ്മെ എന്നു വിളിക്കപ്പെട്ടിരുന്ന ആ സിദ്ധാന്തമനുസരിച്ച് രണ്ടോ മൂന്നോ നിറങ്ങൾ മാറിമാറി അനുഭവവേദ്യമാക്കുക എന്നതാണ് ചിത്രങ്ങളുടെ സവിശേഷത. ഇത് ചിത്രത്തിന്റെ ചലനാത്മകതയെ വർധമാനമാക്കും എന്ന് ഡെലാനേ വിശ്വസിച്ചിരുന്നു. ഈ സിദ്ധാന്തത്തെ അധികരിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങളിൽ

  • സർക്യൂലാർ ഫോംസ് (1912),
  • സൺ ആൻഡ് മൂൺ (1912)

എന്നിവ ശ്രദ്ധേയങ്ങളായി. കവിയും വിമർശകനുമായ ഗ്യൂല്ലാമെ അപ്പോളിനിയർ ഈ ശൈലിയെ ഓർഫിസം എന്നു വിളിച്ചു. അങ്ങനെ ചിത്രകലാ ചരിത്രത്തിൽ ഡെലാനേ ഓർഫിസത്തിന്റെ ഉപജ്ഞാതാവായി. ഓർഫിസത്തിനെ ചിലപ്പോഴൊക്കെ ഓർഫിക്-ക്യൂബിസം എന്നും വിളിക്കാറുണ്ട്.

വിൻഡോസ് പരമ്പര

[തിരുത്തുക]

1912 മുതൽ ഡെലാനേ രചിച്ചു തുടങ്ങിയ വിഖ്യാതമായ പരമ്പരയാണ് വിൻഡോസ്. ഇതിൽ പ്രകാശത്തിന്റെ ലോകം, അതിന്റെ സമസ്തഭാവവൈവിധ്യങ്ങളോടെയും ആവിഷ്കരിക്കുകയായിരുന്നു ഇദ്ദേഹം. പദാർഥങ്ങളേയും അവയുടെ വ്യാപ്തത്തേയും അവതരിപ്പിക്കാൻ ഇദ്ദേഹം പ്രകാശ ഭാവങ്ങളെ മാത്രമാണ് ഇതിലുപയോഗിച്ചിട്ടുള്ളത്. ലോകത്തെ പ്രകാശമായി ചുരുക്കുകയായിരുന്നു ഡെലാനേ എന്നാണ് വിമർശകമതം.

ക്യൂബിസത്തിലെ 'ക്യൂബു'കളെ നിരാകരിച്ചുകൊണ്ട് വർത്തുള രേഖകളിലൂടെയും അനേകശതം വൃത്തങ്ങളിലൂടെയും ചിത്രങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഇദ്ദേഹം വിജയം വരിച്ചിട്ടുണ്ട്.

  • കാർഡിഫ് ടീം (1912-13)
  • ഹോമേജ് ടു ബ്ലെറിയോട്ട് (1914)

എന്നിവ ഇതിനുദാഹരണങ്ങളാണ്. പിൽക്കാല ചിത്രങ്ങളിൽ

  • സ്പ്രിന്റേഴ്സ് (1924-26),
  • റിഥം (1934)

എന്നിവ ഇതേ സ്വഭാവം തന്നെയാണ് നിലനിർത്തുന്നത്.

വിവാഹം

[തിരുത്തുക]

1910-ൽ ഡെലാനേ റഷ്യൻ ചിത്രകാരിയായ സോണിയ ടെർക്കിനെ വിവാഹം കഴിച്ചു. അവർ ഓർഫിസത്തെ അലങ്കാര കലയിലേക്കു കൂടി വ്യാപിപ്പിക്കുകയുണ്ടായി. 1914 മുതൽ 21 വരെ ഇദ്ദേഹം സ്പെയിനിലും പോർട്ടുഗലിലുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. പാരിസിൽ മടങ്ങിയെത്തിയശേഷം കാര്യമായ രചനകളൊന്നുമുണ്ടായില്ല. എങ്കിലും ഇദ്ദേഹത്തിന്റെ വർണപരീക്ഷണങ്ങൾ 1960-കളിൽപ്പോലും സ്വാധീനം ചെലുത്തുകയുണ്ടായിട്ടുണ്ട്. മോറിസ് ലൂയിസ് കെന്നത്ത് നോലാൻഡ്, ഫ്രാങ്ക് സ്റ്റെല്ല എന്നിവരുടെ ചിത്രകലാജീവിതം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. 1941 ഒക്ടോബർ 25-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെലാനേ, റോബർട്ട് (1885 - 1941) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഡെലാനേ&oldid=3643462" എന്ന താളിൽനിന്ന് ശേഖരിച്ചത്