റെനാറ്റോ കൊറോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


റെനാറ്റോ കൊറോണ


പദവിയിൽ
മേയ് 17, 2010 – മേയ് 29, 2012
അവരോധിച്ചത് ഗ്ലോറിയാ മക്കാപാഗെൽ അറൊയ്യോ
മുൻ‌ഗാമി റെയ്നാനോ പ്യൂനോ
പിൻ‌ഗാമി അന്തോണിയോ കാർപ്പിയോ (താൽക്കാലികം)

പദവിയിൽ
ഏപ്രിൽ 9, 2002 – മേയ് 17, 2010
അവരോധിച്ചത് ഗ്ലോറിയാ മക്കാപാഗെൽ അറൊയ്യോ
മുൻ‌ഗാമി ആർത്തുരോ ബുവേന
പിൻ‌ഗാമി മരിയ ലൂർദ് സെരീനോ

പദവിയിൽ
ജനുവരി 20, 2001 – ഏപ്രിൽ 9, 2002
പ്രസിഡണ്ട് ഗ്ലോറിയാ മക്കാപാഗെൽ അറൊയ്യോ
മുൻ‌ഗാമി അപ്പ്രോഡിസിയോ ലാക്വിയാൻ
പിൻ‌ഗാമി റിഗൊബെർട്ടോ തിഗ്ലാവോ
ജനനം (1948-10-15) ഒക്ടോബർ 15, 1948 (70 വയസ്സ്)
താനാവ്വാൻ, ഫിലിപ്പീൻസ്
പഠിച്ച സ്ഥാപനങ്ങൾഅഥേനിയോ ഡി മനിലാ സർവകലാശാല
ഹാർവാർഡ് സർവകലാശാല
സാന്തോ തോമാസ് യൂണിവേഴ്സിറ്റി
ജീവിത പങ്കാളി(കൾ)ക്രിസ്റ്റീനാ റോക്കോ

ഫിലിപ്പീൻസ് സുപ്രീം കോടതിയിലെ മുഖ്യന്യായാധിപനായിരുന്നു റെനാറ്റോ സി. കൊറോണ. 2002 ഏപ്രിൽ മാസത്തിൽ സുപ്രീം കോടതി ന്യായാധിപനായ കൊറോണ, 2010 മേയ് മാസത്തിൽ മുഖ്യന്യായാധിപനായി. ഫിലിപ്പീൻ നിയമനിർമ്മാണസഭയുടെ അധോമണ്ഡലമായ പ്രതിനിധിസഭ, 2011 ഡിസംബർ മാസത്തിൽ അദ്ദേഹത്തെ ദോഷവിചാരണ (ഇമ്പീച്ച്) ചെയ്യാനുള്ള പ്രമേയം പാസ്സാക്കി. പ്രതിനിധിസഭയുടെ പ്രമേയത്തെ ആധാരമാക്കി നിയമനിർമ്മാണസഭയുടെ ഉപരിമണ്ഡലമായ സെനറ്റിൽ നാലു മാസം നടന്ന കുറ്റവിചാരണയ്ക്കൊടുവിൽ 2012 മേയ് മാസം 29-ആം തിയതി അദ്ദേഹത്തെ ദോഷിയായി പ്രഖ്യാപിച്ച് മുഖ്യന്യായാധിപന്റെ പദവിയിൽ നിന്നു നീക്കി.

നിയമാനുശാസിതമായ ആസ്തി-ബാദ്ധ്യതകളുടേയും അറ്റമൂല്യത്തിന്റേയും പ്രഖ്യാപനത്തിൽ (Statement of Assets, Liabilities and Net-worth - SALN), തന്റെ സ്വത്തുവിവരങ്ങളിൽ വലിയൊരുഭാഗം മറച്ചുവച്ചുവെന്ന ആരോപണത്തിൽ 23 അംഗങ്ങളുള്ള സെനറ്റിലെ 20 അംഗങ്ങളും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി, 2.4 ദശലക്ഷം ഡോളറിന്റേയും 80 ദശലക്ഷം ഫിലിപ്പീൻ പെസോയുടേയും നിക്ഷേപങ്ങൾ ആസ്തിപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താത്തതായി ഉണ്ട് എന്ന കൊറോണയുടെ തന്നെ മൊഴിയെ ആണ് സെനറ്റർമാർ അവരുടെ വിധിയിൽ മുഖ്യമായും ആശ്രയിച്ചത്.[1]

ഫിലിപ്പീൻസിലെ മുൻരാഷ്ട്രപതി ഗ്ലോറിയാ മാക്കെപാഗൽ അറോയ്യോയുടെ ഭരണകാലത്തു സുപ്രീം കോടതിയിൽ ന്യായാധിപനാവുകയും അവരുടെ ഭരണത്തിന്റെ അന്ത്യനാളുകളിൽ മുഖ്യന്യായാധിപന്റെ പദവിയിലേക്കു ഉയർത്തപ്പെടുകയും ചെയ്ത കൊറോണയുടെ കുറ്റവിചാരണ അറോയ്യോയുടെ പിൻഗാമിയും ഇപ്പോഴത്തെ (2012) രാഷ്ട്രപതിയുമായ ബെനിഗ്നോ അക്വീനോയുടെ പിന്തുണയോടെ ആയിരുന്നു. ദോഷവിചാരണനടപടി രാഷ്ട്രീയപ്രേരിതമാണെന്നും, "നീതിവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള ഈ ആക്രമണത്തിന്" ജ്യുഡീഷ്യറിയെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും കൊറോണയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിച്ചു. നീതിപീഠത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതു കൊണ്ടാണ് തനിക്ക് ഇമ്പീച്ച്മെന്റിന്റെ 'കാൽവരിമല' കയറേണ്ടി വന്നതെന്നും കൊറോണ അവകാശപ്പെട്ടു.[2]

അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ഫിലിപ്പീൻസിലെ പൊതുജീവിതത്തെ സംശുദ്ധമാക്കാനുള്ള ബൃഹദ്സംരംഭത്തിന്റെ ഭാഗമാണ് കൊറോണയുടെ ദോഷവിചാരണ എന്ന് രാഷ്ട്രപതി അക്വീനോ ഉൾപ്പെടെയുള്ള എതിരാളികൾ വാദിക്കുന്നു. തനിക്കെതിരെയുള്ള വിധിയിൽ കൊറോണക്ക് മറ്റാരേയും പഴിക്കാനില്ലെന്നും അദ്ദേഹം തന്നെത്തന്നെ സ്വന്തം 'എതിർസാക്ഷി' ആക്കുകയാണ് ചെയ്തതെന്നും ദോഷവിചാരണ തീരുമാനിക്കപ്പെട്ടതിന്റെ പിറ്റേന്ന് എഴുതിയ മുഖപ്രസംഗത്തിൽ ഫിലിപ്പീൻ ഇൻക്വയറർ ദിനപത്രം ചൂണ്ടിക്കാട്ടി.[3]

അവലംബം[തിരുത്തുക]

  1. "Guilty - The Impeachment Verdict: Conviction 20; Aquittal 3" 2012 മേയ് 30-ൽ "ദ ഫിലിപ്പീൻ സ്റ്റാർ" ദിനപത്രം ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച മുഖ്യവാർത്ത
  2. "I now accept the calvary we endured—Corona" 2012 മേയ് 30-ലെ ഇൻക്വയറർ ദിനപത്രത്തിലെ വാർത്ത
  3. "His Own Worst Witness" 2012 മേയ് 30-ലെ "ഫിലിപ്പീൻ ഇൻക്വയറർ" ദിനപത്രത്തിലെ മുഖപ്രസംഗം
"https://ml.wikipedia.org/w/index.php?title=റെനാറ്റോ_കൊറോണ&oldid=3091025" എന്ന താളിൽനിന്ന് ശേഖരിച്ചത്