റെഡ് ലേഡി (പപ്പായ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സങ്കരയിനം പപ്പായയാണ് റെഡ് ലേഡി [1]. തായ്‌വാൻ റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപെടുന്നത് [2].

Red Lady plant bearing fruits

സവിശേഷതകൾ[തിരുത്തുക]

വേഗത്തിൽ വളരുകയും തുടർച്ചയായി കായ്ക്കുകയും ചെയ്യുന്നു. ഫലങ്ങൾ പറിച്ചുകഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8 മാസത്തിനുള്ളിൽ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ആണ് ഈ ഇനത്തെ ഏറ്റവും ആകർഷകമാക്കുന്നത്. രോഗപ്രതിരോധശേഷി കൂടുതലാണ്.

കൃഷി രീതി[തിരുത്തുക]

ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാവുന്നതാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ പോളിത്തീൻ ബാഗുകളിൽ വിത്ത് പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ പപ്പായ വിത്ത് അഞ്ചു സെന്റിമീറ്റർ താഴ്ചയിൽ കുഴിച്ചു വയ്ക്കുക. തൈകൾ ആവശ്യാനുസരണം നനച്ചു കൊടുക്കണം.

രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്. മെയ്‌ ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീൽ മിശ്രിതത്തിൽ വേരുകൾ പൊട്ടാതെ മാറ്റിനടണം.

ജൈവവളം ചേർക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയിൽ നൽകണം. കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേർക്കുന്നത് അമ്ലഗുണം കുറക്കാൻ സഹായിക്കും. രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകൾ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ ആൺചെടികൾ ഉണ്ടെങ്കിൽ പറിച്ചുമാറ്റേണ്ടതാണ്.

കീട-രോഗ നിയന്ത്രണം[തിരുത്തുക]

ഫംഗസ് മൂലമുള്ള തടയഴുകൽ, വൈറസ് മൂലമുള്ള ഇലച്ചുരുട്ടൽ, വാട്ടം എന്നിവയാണ് പ്രധാന രോഗങ്ങൾ. കൂടാതെ തൈകൾ പെട്ടെന്ന് വാടിപോകുന്നതും മറ്റൊരു രോഗമാണ്. വിത്ത് പാകുന്നതിനു മുൻപ് സ്യൂഡോമോണസ് ലായിനിയിൽ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങൾ ഇല്ലാതാക്കുന്നതിന് നല്ലതാണ്. നഴ്‌സറിയിൽ കാണുന്ന ചീയൽരോഗത്തെ നിയന്ത്രിക്കാൻ ട്രൈക്കോഡർമ വളർത്തിയ ചാണകപ്പൊടി ഉപയോഗിക്കുന്നതാണ് അഭികാമ്യം.[3]. കൂടാതെ മഴക്കാലമാകുന്നതിനു മുൻപായി ഇലകൾക്ക് താഴെ വരെ തണ്ടിൽ ബോർഡോ മിശ്രിതം പുരട്ടുന്നത് തണ്ട് ചീയൽ തടയാൻ വളരെ നല്ലതാണ്. ചെടികളുടെ തടത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോർഡോ മിശ്രിതം തളിക്കാം.

വിളവെടുപ്പ്[തിരുത്തുക]

ഏഴെട്ടുമാസംകൊണ്ട് മൂപ്പെത്തിയ കായ പറിച്ചെടുക്കാം. കായകളുടെ ഇടച്ചാലുകളിൽ മഞ്ഞ നിറം കാണുന്നതാണ് കായ് പറിച്ചെടുക്കേണ്ടതിന്റെ സൂചന.

പോഷകഗുണം[തിരുത്തുക]

ജീവകങ്ങളുടെയും ധാതുക്കളുടെയും മുഖ്യ ഉറവിടമായ പപ്പായ ഉദരരോഗങ്ങൾ അകറ്റാൻ ഉത്തമമാണ് [4]. അർബുദത്തെ പ്രതിരോധിക്കുന്നതിന് ഇതിന് കഴിവുണ്ട് എന്ന് പറയപ്പെടുന്നു. പപ്പായച്ചെടിയുടെ കൂമ്പാണ് അർബുദചികിൽസയിൽ ഉപയോഗിക്കുന്നത് [5].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1][പ്രവർത്തിക്കാത്ത കണ്ണി]|www.florafields.com
  2. [2] Archived 2017-09-16 at the Wayback Machine.|http://agriecom.in Archived 2017-04-21 at the Wayback Machine.
  3. [3][പ്രവർത്തിക്കാത്ത കണ്ണി]|'റെഡ് ലേഡി' പപ്പായയിലെ റാണി, വീണാറാണി. ആർ, മാതൃഭൂമി ഇ-പേപ്പർ, 7 മാർച്ച് 2017
  4. [4][പ്രവർത്തിക്കാത്ത കണ്ണി]|Mathrubhumi E Paper
  5. [5][പ്രവർത്തിക്കാത്ത കണ്ണി]|kanjirappallynews.com
"https://ml.wikipedia.org/w/index.php?title=റെഡ്_ലേഡി_(പപ്പായ)&oldid=3930092" എന്ന താളിൽനിന്ന് ശേഖരിച്ചത്