റിച്ചാർഡ് അപ്‌ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിനിറ്റി ദേവാലയം ന്യൂയോർക്ക്

യു.എസ്. വാസ്തുശില്പവിദഗ്ധനും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ്[1] എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായിരുന്നു റിച്ചാർഡ് അപ്ജോൺ. 1802 ജനുവരി 22-ന് ഇംഗ്ലണ്ടിൽ ഷാഫ്റ്റ്സ്ബറിയിൽ ജനിച്ചു. 1829-ൽ യു.എസ്സിലേക്കു പോയി. ആദ്യകാലങ്ങളിൽ ഇദ്ദേഹം നിർമിച്ച ദേവാലയങ്ങൾ ഗോഥിക് നവോത്ഥാനത്തിന്റെ ആദിമഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. 1839-46 വർഷങ്ങളിൽ ന്യൂയോർക്കിൽ ഇദ്ദേഹം ട്രിനിറ്റി ദേവാലയം നിർമിച്ചു. വാസ്തുനിർമാണശൈലിയിൽ പക്വത നേടിയ ഒരു ശില്പിയുടെ സംഭാവനയെന്ന നിലയിൽ ഇതു പരിഗണന അർഹിക്കുന്നു. കലർപ്പില്ലാത്ത ലംബമാനമായ ഗോഥിക് ശൈലി അതിന്റെ യഥാർഥ സ്വഭാവത്തിൽതന്നെ പ്രകാശിപ്പിക്കുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷത. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപ്രദേശങ്ങൾക്ക് യോജിക്കുംവിധം തടിയിൽ ഭംഗിയും വെടിപ്പുമുള്ള ദേവാലയങ്ങൾ നിർമിക്കുന്നതിനാവശ്യമായ വിവരങ്ങൾ അപ്ജോൺ ഗ്രാമീണ വാസ്തുശില്പം[2] (Rural Architecture-1852) എന്ന പ്രബന്ധത്തിൽ നൽകിയിട്ടുണ്ട്. വലിയ എടുപ്പുകളും മോടിയും ഇല്ലെങ്കിലും ഒരു ദേവാലയത്തിനുണ്ടായിരിക്കേണ്ട ലാളിത്യവും പരിശുദ്ധിയും, ആഭ്യന്തരവും ബാഹ്യവുമായ ആകർഷകതയും നിലനിർത്തിക്കൊണ്ടുള്ള ഒരു സംവിധാനമാണ് അപ്ജോൺ ഇത്തരം മന്ദിരങ്ങൾക്ക് നൽകിയിട്ടുള്ളത്. ഇറ്റാലിയൻ നവോത്ഥാനശൈലിയുടെ പരിഷ്കരിച്ച പതിപ്പായിരുന്നു ഇത്. 1857-ൽ ഇദ്ദേഹം അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് എന്ന സ്ഥാപനം ആരംഭിക്കുകയും 1876 വരെ അതിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1878 ആഗസ്റ്റ് 17-ന് ന്യൂയോർക്കിൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്ജോൺ, റിച്ചാർഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_അപ്‌ജോൺ&oldid=1694606" എന്ന താളിൽനിന്നു ശേഖരിച്ചത്