റാഷ് ബിഹാരി ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു സർ റാഷ് ബിഹാരി ഘോഷ് സി.എസ്.ഐ, സി.ഐ.ഇ (23 ഡിസംബർ 1845 – 1921).

ആദ്യകാല ജീവിതം[തിരുത്തുക]

1845 ഡിസംബർ 23-ന് ബംഗാൾ പ്രസിഡൻസിയിലെ ബർദവൻ ജില്ലയിലെ തൊർകോണ ഗ്രാമത്തിൽ ജനിച്ചു. ബർദ്‌വൻ രാജ് കൊളീജിയറ്റ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് എം.എ പരീക്ഷയ്ക്ക് ഫസ്റ്റ് ക്ലാസോടുകൂടിയാണ് ഘോഷ് പാസായത്. 1871-ൽ നിയമ ബിരുദപരീക്ഷ പാസാവുകയും 1884-ൽ ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് ലോ കരസ്ഥമാക്കുകയും ചെയ്തു. [1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

റാഷ് ബിഹാരി ഘോഷ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കാനാരംഭിക്കുകയും കോൺഗ്രസിന്റെ മിതവാദികളിൽ മുഖ്യസ്ഥാനത്തെത്തുകയും ചെയ്തു. ഈ കാലയളവിൽ ഘോഷ്, റാഡിക്കലിസത്തെ ശക്തമായി എതിർത്തിരുന്നു. 1907-ലെ സൂററ്റ് സമ്മേളനത്തിലും 1908-ലെ മദ്രാസ് സമ്മേളനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദാദാഭായ് നവ‌റോജിയ്ക്കു ശേഷമാണ് ഘോഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഘോഷ് ആദ്യമായി പ്രസിഡന്റായ 1907-ലെ സൂററ്റ് സമ്മേളനത്തിലാണ് കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും രണ്ടായി പിരിഞ്ഞത്.

1891 മുതല്ഡ 1894 വരെയും 1906 മുതൽ 1909 വരെയും ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലെയും കൗൺസിൽ ഓഫ് ഇന്ത്യയിലെയും അംഗമായിരുന്നു. ഓർഡർ ഓഫ് ഇന്ത്യൻ എംപയറിന്റെ പ്രവർത്തകനായി 1896-ൽ നിയമിക്കപ്പെട്ടു. 1909-ൽ ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായി 1909-ലും നിയമിക്കപ്പെട്ടു. [2][3] 1915-ലെ ന്യൂ ഇയറിൽ റാഷ് ബിഹാരി ഘോഷ് ആദരിക്കപ്പെട്ടിരുന്നു. ആ വർഷം ജൂലൈ 14-നാണ് ഘോഷിന് സർ പദവി ലഭിച്ചത്. ‌[4]

സംഭാവനകൾ[തിരുത്തുക]

ഘോഷിന്റെ സംഭാവനകൾ പരിഗണിച്ചുകൊണ്ട് 1875 - 1876 കാലത്തിൽ കൽക്കട്ട സർവകലാശാലയിൽനിന്നും ടാഗോൾ നിയമ പ്രൊഫസർഷിപ്പ് നൽകുകയുണ്ടായി. കൂടാതെ 1884-ൽ കൽക്കട്ട സർവകലാശാലയുടെ ഓണററി ഡി.എൽ. ബിരുദവും ലഭിച്ചു.

നിയമരംഗത്തെ പ്രവർത്തനത്തിലൂടെ ലഭിച്ച സമ്പാദ്യങ്ങൾ ഭൂരിഭാഗവും സമാശ്വാസപ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചത്. കൽക്കട്ട സർവകലാശാലയിൽ പുതിയതായി ശാസ്ത്രപഠനത്തിനായി 10 ലക്ഷം രൂപ നൽകുന്ന ഒരു എൻഡോവ്‌മെന്റ്, ഘോഷ് ആരംഭിച്ചു. കൂടാതെ ജാധവ്‌പൂരിൽ നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിനായി 13 ലക്ഷം രൂപ നൽകുകയും ചെയ്തിട്ടുണ്ട്. നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു റാഷ് ബിഹാരി ഘോഷ്.

2010-ൽ ഖന്ധഘോഷ് സി.ഡി ബ്ലോക്കിലെ ഉക്രിദിൽ സർ റാഷ് ബിഹാരി ഘോഷ് മഹാവിദ്യാലയ എന്ന സ്ഥാപനം രൂപീകരിക്കപ്പെട്ടു. തന്റെ ഗ്രാമത്തിൽ ചില ആശുപത്രികളും വിദ്യാലയങ്ങളും ഘോഷ് സ്ഥാപിച്ചിട്ടുണ്ട്. [5]

റാഷ് ബിഹാരി അവന്യൂ, കൊൽക്കത്ത[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഘോഷ് നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് കൊൽക്കത്തയിലെ ഒരു തെരുവ് ഘോഷിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു. [6] കാലിഘട്ട് മെട്രോ സ്റ്റേഷൻ മുതൽ ബാലിഗഞ്ച്, ഗരിയഹട്ട് എന്നീ സ്ഥലങ്ങൾ വരെയുള്ള പ്രദേശത്തിന് റാഷ് ബിഹാരി അവന്യൂ എന്നാണ് പേരിട്ടിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sinha, D P. "Past Presidents — Rashbehari Ghose". Article. All India Congress Committee. Archived from the original on 2017-04-02. Retrieved 18 March 2013.
  2. "No. 28263". The London Gazette. 22 June 1909.
  3. "No. 26695". The London Gazette. 1 January 1896.
  4. "No. 29232". The London Gazette. 16 July 1915.
  5. "Sir Rashbehari Ghosh Mahavidyalaya". SRGM. Retrieved 24 March 2017.
  6. P Thankappan Nair, A History of Calcutta's Streets, Publisher: Calcutta: Firma KLM, 1987
"https://ml.wikipedia.org/w/index.php?title=റാഷ്_ബിഹാരി_ഘോഷ്&oldid=3643166" എന്ന താളിൽനിന്ന് ശേഖരിച്ചത്