Jump to content

രോഗീലേപനകൂദാശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൻറെ പരസ്യജീവിതകാലത്ത് അനേകം രോഗികളെ അവൻ (ഈശോമിശിഹാ) തൈലംപൂശി സുഖപ്പെടുത്തി (മർക്കോ 6.13) എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ ശൈലി ആദിമസഭയും പിന്തുടർന്നു. യാക്കോബ്ശ്ലീഹായുടെ ലേഖനത്തിൽ (5.13-16) രോഗികളെ തൈലാഭിഷേകം ചെയ്ത് പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രോഗീലേപനം എന്ന കൂദാശയുടെ അടിസ്ഥാനം വിശുദ്ധഗ്രന്ഥത്തിലെ ഈ ഭാഗങ്ങളാണ്. ആശീർവ്വദിക്കപ്പെട്ട തൈലംകൊണ്ട് രോഗികൾക്ക് ലേപനം നല്കുന്ന പതിവ് പാശ്ചാത്യ പൗരസ്ത്യ ആരാധനാക്രമപാരമ്പര്യങ്ങളിലുണ്ടായിരുന്നു.

മർക്കോസിൻറെ സുവിശേഷത്തിൽ നിന്നും യാക്കോബിൻറെ ലേഖനത്തിൽ നിന്നും രോഗാവസ്ഥയിലുള്ള ഏതൊരു വ്യക്തിക്കും രോഗീലേപനം സ്വീകരിക്കാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ കാലക്രമത്തിൽ ഒരു മനുഷ്യൻ തൻറെ മരണമുഹൂർത്തത്തിൽ മാത്രം സ്വീകരിക്കേണ്ട കൂദാശയാണ് രോഗീലേപനം എന്ന ധാരണ സഭയിൽ ശക്തിപ്പെട്ടു. അങ്ങനെ ഈ കൂദാശയ്ക്ക് അന്ത്യകൂദാശ, ഒടുവിലത്തെ ഒപ്രുശുമ എന്നീ പേരുകളുണ്ടായി. എന്നാൽ ഈ ധാരണ പ്രബലമായി നിലനിൽക്കെത്തന്നെ രോഗീലേപനത്തിൻറെ പ്രാർത്ഥനയിൽ രോഗിയുടെ നിത്യരക്ഷയ്ക്ക് ഉപകാരപ്പെടുമെങ്കിൽ അയാളുടെ ആരോഗ്യം വീണ്ടെടുക്കണമെയെന്നും അപേക്ഷിക്കുന്ന ഭാഗമുണ്ട്.[1]

പുണ്യവാന്മാരുടെ ഐക്യത്തിൽ രോഗിയുടെ ആശ്വാസത്തിനായി ഈ കൂദാശ പരികർമ്മം ചെയ്യുന്നു. രോഗിയാകട്ടെ, തൻറെ അനാരോഗ്യത്തെയും അതിൻറെ സഹനങ്ങളെയും സഭയുടെ വിശുദ്ധീകരണത്തിനായും എല്ലാ മനുഷ്യരുടെയും നന്മയ്ക്കായും ഈ കൂദാശയിലൂടെ പ്രത്യേക സമർപ്പണം നടത്തുന്നു.[2]

“അന്ത്യകൂദാശ”

[തിരുത്തുക]

ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ എന്ന നിലയിൽ രോഗീലേപനം അന്ത്യകൂദാശ എന്ന പേരിൽ പുരാതനകാലം മുതലെ അറിയപ്പെട്ടിരുന്നു. ഒൻപതാം ശതകത്തിലുണ്ടായ 'കരോളിനിയൻ' നവോത്ഥാനത്തിന് (Carolingian Renaissance) ശേഷം സ്വർഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുർബാന എന്നിവ ലഭിക്കാതെ ആരും മരണകവാടത്തിലേക്കു പ്രവേശിക്കാൻ ഇടയാകരുതെന്ന് സഭാധികാരികൾ അനുശാസിച്ചു. തൻമൂലം അന്ത്യകൂദാശ ഏറ്റവും ഒടുവിൽ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയിൽ ഇപ്രകാരം പറയുന്നു:-- വാർധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോൾ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം.

അന്ത്യകൂദാശ എന്ന നാമത്തേക്കാൾ രോഗീലേപനം (Annointing of the Sick) എന്ന പേരാണ് ഈ കൂദാശയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പരാമർശമുണ്ടായി. രോഗീലേപനം മരണത്തിൻറെ നിമിഷത്തിൽ എത്തിയവർക്ക് മാത്രമുള്ള ഒരു കൂദാശയല്ല. ഗുരുതരമായ അസുഖമുള്ളപ്പോഴൊക്കെ രോഗീലേപനം സ്വീകരിക്കാൻ ക്രൈസ്തവവിശ്വാസികൾകൾ ഉത്സുകരാകേണ്ടതാണ്.[3]

കൂദാശയുടെ പരികർമ്മക്രമം

[തിരുത്തുക]

മരണാസന്നനായ രോഗിക്ക്‌ സൗഖ്യമരുളുവാനും പാപമോചനം നൽകുവാനും വേണ്ടി നൽകുന്ന കൂദാശയാണിത്. ഇതിനായി വൈദികൻ വിശുദ്ധതൈലം പൂശി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യുന്നു. വൈദികർക്കോ മെത്രാന്മാർക്കോ മാത്രമേ ഈ കൂദാശ നൽകുവാനുള്ള അധികാരമുള്ളു. കൂദാശ നിർവഹിക്കുവാൻ കാർമികനും സമൂഹവും ശുശ്രൂഷിയും ആവശ്യമാണ്.

തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തിൽ നടത്തുന്ന പ്രാർഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തിൽ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകൾ യോജിക്കുന്നു. രോഗികൾക്കായുള്ള ഈ വിശുദ്ധകർമം ബൈബിൾ-പുതിയ നിയമത്തിന് അനുസൃതമാണ്. ആസന്നമരണർ അല്ലാത്തവർക്കുവേണ്ടി ഈ കൂദാശ പരികർമ്മം ചെയ്യുമ്പോൾ ആദ്യം കുമ്പസാരം നടത്തുന്നു. അതിനുശേഷം രോഗീലേപനവും അതിൻറെ അവസാനം പരിശുദ്ധകുർബാനാസ്വീകരണവും നടത്തുന്നു.

ലത്തീൻക്രമത്തിൽ രോഗിയുടെ നെറ്റിയിലും കൈകളിലും ലേപനം നടത്തുന്നു. പൗരസ്ത്യക്രമത്തിൽ പുരോഹിതൻ ആശീർവദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാർദ്രതയാലും നിന്റെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാർഥന ഓരോ പ്രാവശ്യവും ആവർത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനൽവരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള രോഗീലേപനപരികർമ്മവും ചില സഭകളിലുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങൾക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങൾക്ക് എതിരെ ആത്മധൈര്യവും ദൈവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൗഖ്യവും പാപം, ശിക്ഷ എന്നിവയിൽനിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന രോഗീലേപനശുശ്രൂഷയിൽ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു.

രോഗീലേപനത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത ഒരു വ്യക്തി വീണ്ടും രോഗാവസ്ഥയിലേക്ക് പോയാൽ ഈ കൂദാശ വീണ്ടും സ്വീകരിക്കാം. രോഗാവസ്ഥ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ഓരോ അവസ്ഥയിലും ഈ കൂദാശ ആവർത്തിച്ചു സ്വീകരിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗീലേപനം സ്വീകരിക്കുന്നത് ഉചിതമാണ്. വാർദ്ധക്യത്തിലുള്ളവർക്ക് അവരുടെ ക്ഷീണാവസ്ഥയനുസരിച്ച് ഈ കൂദാശ ആവർത്തിച്ച് സ്വീകരിക്കാം.[4]

ആംഗ്ലോ-കത്തോലിക്കരൊഴികെ, മറ്റു ആംഗ്ളിക്കൻ സഭകൾ രോഗീലേപനത്തിൽ തൈലലേപന ശുശ്രൂഷ നടത്താറില്ല. ഈ ഭാഗം അവരുടെ പ്രാർഥനാക്രമത്തിൽ നിന്ന് നീക്കം ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പൽ സഭകൾ ഇതിനെ സ്വീകരിച്ചുകാണുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഈ ശുശ്രൂഷ ഇന്നും നടത്തിവരുന്നു.

അടച്ചുപ്രൂശ്മ

[തിരുത്തുക]

മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ രോഗീലേപനം പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', 7 കൂദാശകളിൽ പെടുന്നതല്ല.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യകൂദാശ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Council of Trent DS 1696.
  2. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1522.
  3. CCEO (പൗരസ്ത്യസഭകളുടെ കാനോകൾ) 738; CIC 1004, 1005, 1007.
  4. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1515.
"https://ml.wikipedia.org/w/index.php?title=രോഗീലേപനകൂദാശ&oldid=3723241" എന്ന താളിൽനിന്ന് ശേഖരിച്ചത്