രോഗവും സാഹിത്യഭാവനയും
മലയാളത്തിലെ സാഹിത്യവിമർശകൻ കെ.പി. അപ്പന്റെ കൃതികളിലൊന്നാണ് രോഗവും സാഹിത്യഭാവനയും. കുഷ്ഠം മുതൻ എയ്ഡ്സ് വരെയുള്ള വിവിധതരം രോഗാവസ്ഥകൾ കാലാകാലങ്ങളിൽ സാഹിത്യലോകത്തിലെ പ്രതിഭകളേയും പ്രസ്ഥാനങ്ങളേയും പ്രചോദിപ്പിക്കുകയും സ്വാധീനിക്കുയും ചെയ്തതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതി. "മനുഷ്യനിൽ വേദനയായി നിറയുന്ന രോഗം", സാഹിത്യഭാവനയേയും സർഗശേഷിയേയും ദീപ്തമാക്കുക കൂടി ചെയ്യുന്നെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.[1] അർബുദരോഗം ബാധിച്ചുള്ള അപ്പന്റെ മരണത്തിനു നാലു വർഷം മുൻപ് 2004-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.[2][൧]. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധകർ.
ഉള്ളടക്കം
[തിരുത്തുക]ഏഴു ലേഖനങ്ങൾ ചേർന്ന ഈ ലഘുഗ്രന്ഥം രോഗങ്ങൾ സാഹിത്യപ്രസ്ഥാനങ്ങളുടെ മേൽ ചെലുത്തിയ സ്വാധീനത്തിന്റെ പഠനത്തിൽ തുടങ്ങി മരണത്തെക്കുറിച്ചുള്ള ആത്മകഥാംശം കലർന്ന പരിചിന്തനത്തിൽ അവസാനിക്കുന്നു. ഏഴു ലേഖനങ്ങൾ താഴെപ്പറയുന്നവയാണ്:-
- രോഗവും സാഹിത്യപ്രസ്ഥാനങ്ങളും: കുഷ്ഠം, ക്ഷയം, സിഫിലിസ്, ക്യാൻസർ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾക്ക് സാഹിത്യപ്രസ്ഥാനങ്ങളുമായുള്ള ബന്ധമാണ് ഇതിലെ വിഷയം. കുഷ്ഠവും ക്ഷയവും ക്ലാസ്സിസിസവുമായി ബന്ധപ്പെട്ട രോഗങ്ങളായിരുന്നു എന്നു വാദിക്കുന്ന ഗ്രന്ഥകാരൻ, ശീലാവതിയുടെ ഭർത്താവായ ഉഗ്രശ്രവസ്സിന്റേയും ബൈബിളിലെ അസര്യാരാജാവിന്റേയും കുഷ്ഠരോഗത്തേയും, മഹാഭാരതത്തിലെ വിചിത്രവീര്യന്റെ ക്ഷയരോഗത്തേയും പരാമർശിക്കുന്നു. തുടർന്ന് ക്ഷയരോഗത്തിനു തന്നെ കാല്പനികതയുമായും സിഫിലിസിനു റിയലിസവുമായും, ക്യാൻസറിന് ആധുനികതയുമായും ബന്ധമുണ്ടെന്നും, എയ്ഡ്സ് "ഉത്തരാധുനിക കാലഘട്ടത്തിന്റെ രോഗം" ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
- ചങ്ങമ്പുഴയുടെ ക്ഷയരോഗം 'കളിത്തോഴി' പ്രവചിച്ചിരുന്നു: ക്ഷയരോഗത്തിന്റെ സാഹിത്യബന്ധങ്ങൾ പരിഗണിക്കുന്ന ഈ ലേഖനം ക്ഷയം ബാധിച്ചു മരിച്ച എഴുത്തുകാരായ ചെഖോവ്, ഫ്രാൻസ് കാഫ്ക, ജോർജ്ജ് ഓർവെൽ, ഡി.എച്ച്. ലോറൻസ്, കാഥറീൻ മാൻസ്ഫീൽഡ്, ആന്ദ്രേ ഴീദ്, ചങ്ങമ്പുഴ തുടങ്ങിയവരെ അനുസ്മരിക്കുകയും ചങ്ങമ്പുഴയുടെ 'കളിത്തോഴി' എന്ന നോവൽ വിശദമായി പരിഗണിക്കുകയും ചെയ്യുന്നു. ക്ഷയരോഗചിത്രങ്ങൾ അടങ്ങിയ തോമസ് മന്റെ മാജിക് മൗണ്ടൻ, ആന്ദ്രേ ഴീദിന്റെ ദുർമ്മാർഗ്ഗി എന്നീ രചനകളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.
- ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും: ബഷീറിന്റെ ഭ്രാന്തിനെക്കുറിച്ചുള്ള തന്റെ "കിറുക്കൻ ചിന്ത" എന്ന് ഈ ലേഖനത്തെ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. എഴുതുമ്പോൾ ബഷീർ സമചിത്തത അനുഭവിച്ചിരുന്നോ എന്ന ചോദ്യത്തിന്, 'ഇല്ല' എന്ന മറുപടിയാണു അദ്ദേഹം നൽകുന്നത്. എഴുതുമ്പോൾ "യുക്തിയുടെ തുടലഴിയുന്നതിനാൽ" ബഷീറിന്റെ കലാവ്യക്തിത്വം ഭ്രാന്തിലേക്കു സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു. "എന്റെ വലതുചെവിക്കകത്തു കൂടി നോക്കിയാൽ ഇടതുചെവിയിലൂടെ മറുവശത്തുള്ള ലോകം മുഴുവൻ കാണാം. തലയിണമന്ത്രത്തിന്റെ ഉഗ്രൻ ട്രാഫിക്കു മൂലം സംഭവിച്ചതാണത്" എന്ന ബഷീറിന്റെ വരികളെ ഗ്രന്ഥകാരൻ, "തികവുറ്റ ഭ്രാന്തും തികഞ്ഞ ഫലിതവും" ആയി കാണുന്നു.
- എയ്ഡ്സും സാഹിത്യഭാവനയും: "മ്ലേച്ഛമായ രോഗകാരണങ്ങളുമായി വന്ന് മനുഷ്യനെ നാണം കെടുത്തുന്ന" എയ്ഡ്സിന്റെ സാഹിത്യബന്ധങ്ങളാണ് ഇതിന്റെ വിഷയം. ആഫ്രിക്കയെ വിശേഷവിധമായി പിടിച്ചുലച്ച ഈ പകർച്ചവ്യാധി പശ്ചാത്തലമാക്കി, സിംബാബ്വൻ കഥാകൃത്ത് അകജ്സാണ്ടർ കാനൻഗോണി രചിച്ച "അനായാസമായ കണ്ണുനീർ" എന്ന കഥയുടെ വിശകലനമാണ് ഇതിന്റെ വലിയൊരു ഭാഗം.
- ഞണ്ടും നക്ഷത്രങ്ങളും: പകർച്ചവ്യാധികളെപ്പോലെ വംശനാശഭീഷണി ഉയർത്താതെ, വ്യക്തിയെ ഒറ്റുയ്ക്കു പിടിച്ചു നിർമ്മാർജ്ജനം ചെയ്യുന്ന ക്യാൻസറിന്റെ ചികിത്സയുടെ നിഷ്ഫലപ്രതിരോധത്തെ ലേഖകൻ ഹീനകാര്യണ്യമായി കാണുന്നു. ആ രോഗത്തിന് ഇരകളായ ശേഷം സ്വന്തം സൃഷ്ടികളിൽ അതിനെ വ്യക്തിനിഷ്ടമായി സമീപിച്ച അമേരിക്കൻ എഴുത്തുകാരി സൂസൻ സൊൻടാഗ്, സമഗ്രാധിപത്യത്തിന്റെ രൂപകമായി അതിനെ കണ്ട റഷ്യൻ എഴുത്തുകാരൻ സോഷിനിറ്റ്സൻ, മരണത്തേക്കാൾ രോഗത്തെ ഭയന്ന മലയാളത്തിലെ കവി കക്കാട് എന്നിവരുടെ പ്രതിഭയെ അതു സ്വാധീനിച്ച വിധവും ചർച്ച ചെയ്യുന്നു.
- രോഗികളുടേയും മരണപ്പെട്ടവരുടേയും സംഭാഷണങ്ങൾ: സാഹിത്യലോകത്തിലെ മഹാപ്രതിഭകളുടെ രോഗവീക്ഷണത്തിന്റെ അവലോകനമാണ് ഈ ലേഖനം. മാനുഷികാനുഭവത്തിന്റെ കേന്ദ്രം രോഗമാണെന്നു വിശ്വസിച്ചിരുന്ന തോമസ് മന്റെ 'രോഗനിദാനസാഹിത്യം' ഇതിൽ വിശദമായി ചർച്ച ചെയ്യപ്പെടുന്നു. ക്ഷയപ്പനിയിൽ ശരീരം എരിഞ്ഞുതീരുന്നതിന്റെ ചുട്ടുപഴുത്ത തിളക്കത്തെക്കുറിച്ചെഴുതിയ തോറോ, രോഗശയ്യയിൽ കിടന്ന് ദീർഘനോവൽ എഴുതിയ പ്രൂസ്ത്, ഇവാൻ ഇല്ലിച്ചിന്റെ മരണം വിവരിച്ച ടോൾസ്റ്റോയ് എന്നിവരുടെ ചിന്തകളും, എം.ടി., കാക്കനാടൻ, ഒ.വി. വിജയൻ തുടങ്ങിയവരുടെ രചനകളിലെ പകർച്ചവ്യാധിച്ചിത്രങ്ങളും ഇതിൽ കടന്നുവരുന്നു.
- മൗനത്തേക്കാൾ നിശ്ശബ്ദമായത്: മരണത്തെ സംബന്ധിച്ച ആത്മകഥാംശമുള്ള ചിന്തകളാണ് ഇതിൽ. നമ്മുടെ ശരീരത്തിൽ മരണമല്ലാതെ മറ്റൊന്നുമില്ലെന്ന മാർട്ടിൻ ലൂഥറുടെ മതം അനുസ്മരിച്ചാണ് തുടക്കം. മരണത്തിൽ അന്തസ്സും "വ്യാകുലമായൊരു സൗന്ദര്യവും" കാണുന്നു ഗ്രന്ഥകാരൻ. രോഗം ക്ഷണികമായൊരു കാലത്തിലേക്കും അപമാനത്തിലേക്കും ജീവിതത്തെ കൂട്ടിക്കൊണ്ടു പോകുമ്പോൾ, "മൗനത്തേക്കാൾ നിശ്ശബ്ദമായ" മരണത്തിന്റെ സ്പർശം നമ്മെ അനന്തതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കൊണ്ടുപോകുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
കുറിപ്പുകൾ
[തിരുത്തുക]൧ ^ പുസ്തകത്തിന്റെ 2008 ഡിസംബറിൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ പ്രസാധകക്കുറിപ്പ്, "അർബുദപ്പെരുക്കത്തിന്റെ ഈർച്ചനോവുകൾക്കും നിഷ്ഫലപ്രതിരോധത്തിന്റെ ഹീനകാരുണ്യങ്ങൾക്കും ഇടയിലെ നിമിഷങ്ങളെ നമുക്കായി സർഗാത്മകമാക്കാൻ വ്യഗ്രതപ്പെട്ട" ഗ്രന്ഥകാരണ് ആദരാജ്ഞലി അർപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ എ.എൻ.ശോഭ മനോരമ ഓൺലൈനിൽ എഴുതിയ ആസ്വാദനം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കെ.പി. അപ്പൻ, "രോഗവും സാഹിത്യഭാവനയും", പ്രസാധകർ - ഡി.സി.ബുക്ക്സ്