രായിരനെല്ലൂർ കുന്ന്
രായിരനെല്ലൂർ മലയിൽ ഭഗവതി ക്ഷേത്രം | |
|---|---|
തീർത്ഥാടന സ്ഥലം | |
| Country | India |
| State | Kerala |
| District | Palakkadu District, Pattambi Tehsil |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| Telephone code | 04933 |
ദക്ഷിണ മലബാറിലെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ കുന്ന്. ഇവിടെ പ്രസിദ്ധമായ രായിരനെല്ലൂർ മലയിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ജഗദംബയായ ദുർഗ്ഗാ ഭഗവതിയാണ് മുഖ്യ ആരാധനാമൂർത്തി. പ്രതിഷ്ഠ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ഭഗവതിയുടെ പാദമുദ്രയാണ് ആരാധിക്കപ്പെടുന്നത്. ഒരു തുലാ മാസത്തിലെ ഒന്നിന് നാറാണത്ത് ഭ്രാന്തന് ഇവിടെ വച്ചു ഭഗവതിയുടെ ദർശനവും അനുഗ്രഹവും ലഭിച്ചു എന്നാണ് ഐതീഹ്യം. അതിനാൽ തുലാ മാസത്തിലെ ഒന്നാം തീയതി ഈ ക്ഷേത്രത്തിൽ ദർശനത്തിനായി ധാരാളം ഭക്തർ മലകയറി എത്തുന്നു. ഇത് രായിരനെല്ലൂർ മലക്കയറ്റം എന്നറിയപ്പെടുന്നു. പാലക്കാട് ജില്ലയുടെ പശ്ചിമ ഭാഗത്ത് ഭാരതപുഴയുടെ കരയിലെ വിളയൂർ- തിരുവേഗപുറ എന്നീ ഗ്രാമങ്ങൾകിടെയിലാണ് രായിരനെല്ലൂർ കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാറിൽ അങ്ങോളമിങോളം കാണുന്ന ഇടനാടൻ കുന്നുകളുടെ തുടർച്ചയായിതിനെ കാണാം. തനതായ ജന്തു-സസ്യജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടം നാറണത്തു ഭ്രാന്തൻ എന്ന കഥാപാത്രതിന്റെ പേരിനോടനുബന്ധിച്ചാണ് പ്രസിദ്ധമായത്. കല്ലുമായി നിൽക്കുന്ന നാറാണത്ത് ഭ്രാന്തന്റെ ഒരു വലിയ ശില്പം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മാസത്തിലെ ഒന്നാം തീയതി, ചൊവ്വ, വെള്ളി, നവരാത്രി, തൃക്കാർത്തിക തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ദിവസങ്ങൾ.
ചരിത്രം
[തിരുത്തുക]വിക്രമാദിത്യ മഹാരാജാവിന്റെ സഭയിലെ നവരത്നങളിലൊരാളായ വരരുചിയുടെ മകനായാണ് നാറണത്ത് ഭ്രാന്തന്റെ ജനനം. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഇദ്ദേഹം
പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ പ്രദേശത്തെ നാറാണത്തു മംഗലം മനയിലാണ് മാതാപിതാക്കൾ ഉപേക്ഷിച്ചതിന് ശേഷം ഇദ്ദേഹം വളർന്നത്. ഭ്രാന്തൻ വേദം പഠിക്കാനാണ് തിരുവേഗപ്പുറയിലെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് തിരുവേഗപ്പുറ ഗ്രാമവും സമീപത്തുള്ള രായിരനെല്ലൂർ മലയും ഭ്രാന്തന്റെ വിഹാര കേന്ദ്രമായി മാറി. മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക ഭ്രാന്തന്റെ പതിവ് വിനോദമായിരുന്നു. ഇത്തരത്തിൽ നോക്കിയാൽ ഭ്രാന്തന് ഗ്രീക്ക് പുരാണങ്ങളിലെ സിസിഫസുമായി സാമ്യമുണ്ട്. പക്ഷേ സിസിഫസിൽ നിന്ന് വ്യത്യസ്തമായി ശാപത്തിനാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ഭ്രാന്തന്റെ പ്രവൃത്തികൾ. രായിരനെല്ലൂർ കുന്നിൽ വച്ചാണ് ദുർഗാ ഭഗവതി ഭ്രാന്തന് മുന്നിൽ പ്രത്യക്ഷയാകുന്നത്. അതിന് ശേഷം ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ഭഗവതിയെ ആരാധിച്ചുപോരുകയും ചെയ്യുന്നു. ഭ്രാന്തന്റെ പ്രവൃത്തികളാൽ പ്രസിദ്ധിയാർജിച്ച കുന്നിനെ "ഭ്രാന്താചലം" എന്നും വിളിച്ചുപോരുന്നു.
പ്രധാന കാഴ്ചകൾ
[തിരുത്തുക]കുന്ന് കേറി ചെന്നാൽ കാണാവുന്ന പ്രധാന കാഴ്ചയാണ് ഇവിടുത്തെ രായിരനെല്ലൂർ മലയിൽ ദുർഗാ ഭഗവതി ക്ഷേത്രം. ക്ഷേത്ര ദർശനത്തിനായി എല്ലാ വർഷവും തുലാം ഒന്നിന് ആയിരകണക്കിനാളുകൾ മല കയറി ഇവിടെയെത്തുന്നു. ഭ്രാന്തന്റെ കല്ലുമായി നിൽകുന്ന ശില്പം വളരെ ദൂരെ നിന്നു തന്നെ കാണാവുന്നതാണ്. കല്ല് കാൽകീഴിൽ വച്ച് കൈകളുയർത്തി അനുഗ്രഹിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം. ഈ ശില്പം രായിരനെല്ലൂരിനെ മറ്റ് കുന്നുകളിൽ നിന്നും തിരിച്ചരിയാൻ സഹായിക്കുന്നു. പണ്ട് ഭ്രാന്തനെ ചങ്ങലക്കിട്ടുവെന്ന് കരുതപ്പെടുന്ന ആൽ മരവും ഇവിടെ കാണാം. ആൽ മരത്തിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന ഏതാനും ചങ്ങലകണ്ണികൾ നാറാണത്ത് ഭ്രാന്തനെന്ന സങ്കല്പത്തിന് മജ്ജയും മാംസവും നൽകുന്നു.
ഐതീഹ്യം
[തിരുത്തുക]പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തൻ. നാറാണത്ത് മംഗലത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രാഹ്മണകുടുംബം എടുത്തുവളർത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തലൂർ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയിൽ താമസിച്ചുകൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലിൽ മന്തും ഉണ്ടായിരുന്നു. ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത് രായിരനെല്ലൂർ മലയുടെ താഴ്വരയിലാണ്.
അഞ്ചൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ് രായിരനെല്ലൂർ മല. ദിവസവും പ്രഭാതത്തിൽ ഒരു വലിയ ഉരുളൻ കല്ല് എടുത്ത് മലയുടെ താഴ്വരയിൽ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളിൽ എത്തികഴിഞ്ഞാൽ ആ കല്ല് താഴേക്ക് പൊട്ടി ചിരിച്ചു കൊണ്ട് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം. ഇതൊക്കെക്കണ്ട് നാട്ടുകാർ അദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിച്ചു. അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണൻ എന്നത് നാറാണത്ത് ഭ്രാന്തൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
നിത്യവും മലയുടെ മുകളിലേയ്ക്ക് കല്ല് ഉരുട്ടികേറ്റുന്ന തൊഴിൽ ഭംഗിയായി നിർവഹിച്ചു പോരുന്ന ജ്ഞാനിയായ നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂർ മലയുടെ മുകളിൽ കുടികൊള്ളുന്ന ദുർഗാ ഭഗവതി ശ്രദ്ധിച്ചുപോന്നു. ഒരിക്കൽ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആൽമരത്തിൽ ഊഞ്ഞാൽ ആടുകയായിരുന്ന ഭഗവതി ദർശനം നൽകിയ ശേഷം ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം. ഭഗവതിയെ കണ്ട സ്ഥലത്താണ് രായിരനെല്ലൂർ മലയിലെ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പ്രതിഷ്ഠ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ നടത്തുന്നത്. ഇന്നും ഇവിടെ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രസാദമായി നൽക്കുന്നത് ആറാമത്തെ കാലടി കുഴിയിൽ അനുസ്യൂതമായി ഊറുന്ന ശുദ്ധജലമാണ്. ഭഗവതി അദ്ദേഹത്തിന് ദർശനം നൽകിയത് തുലാം മാസം ഒന്നാം തീയതിയായത് കൊണ്ട് ഈ ദിവസം ഇവിടെ വളരെ ഗംഭീരമായിട്ടാണ് മല കയറ്റം ആഘോഷിക്കുന്നത്. കൊപ്പം - വളാഞ്ചേരി റൂട്ടിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ വാഹനമിറങ്ങി മലമുകളിലെത്താം.
ചെത്തല്ലൂർ തൂതപ്പുഴയോരത്ത് മലമുകളിലെ കൂറ്റൻ ശിൽപം ആകർഷകമാണ്. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കൈപ്പുറം ഭ്രാന്താചലം ക്ഷേത്രമുണ്ട്. ഇവിടെ നാറാണത്തുഭ്രാന്തൻ ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്തൻകല്ല്. ഇതിനു മുകളിലാണ് ക്ഷേത്രം. ഇവിടത്തെ കാഞ്ഞിരമരവും അതിലെ ചങ്ങലയും നാറാണത്തുഭ്രാന്തന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്. അഞ്ഞൂറടിയിലേറെ ഉയരമുള്ള ചെങ്കുത്തായ മലമുകളിലേ ക്ഷേത്രത്തിൽ ഇപ്പോഴും ആരാധനയുണ്ട്. രായിരനെല്ലൂർ മലയ്ക്ക് താഴെ ദുർഗ്ഗാ ഭഗവതിയുടെ മറ്റൊരു ക്ഷേത്രവുമുണ്ട്.
വഴിപാടുകൾ
[തിരുത്തുക]മുട്ടറുക്കലാണ് ഇവിടത്തെ പ്രധാന വഴിപാട്. വിവിധ കാര്യ സാധ്യങ്ങൾക്കായി വ്യത്യസ്ത വഴിപാടുകളുണ്ട്. സന്താനലബ്ധിക്ക് കിണ്ടിയും ഓടവും കമിഴ്ത്തുന്നതാണ് വിശേഷപ്പെട്ട മറ്റൊരു വഴിപാട്. ആൺ സന്താനത്തിന് കിണ്ടിയും പെൺ സന്താനത്തിന് ഓട്ടുകിണ്ടിയുമാണ് കമിഴ്ത്തുക. ഇതിന് പുറമെ വിവിധ പുഷ്പാഞ്ജലികൾ, മലർപ്പറ, നെയ്‌വിളക്ക്, പായസം തുടങ്ങിയ വഴിപാടുകളുമുണ്ട്.
ജൈവവൈവിധ്യം
[തിരുത്തുക]ചരിത്രപ്രസിദ്ധമായ ഒരു സ്മാരകമാണെങ്കിലും പുറമെ അതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല ഈ പ്രദേശം. ചുറ്റും നെല്പാടങ്ങളാൽ ചുറ്റപ്പെട്ട ഒരു തുരുത്തുപോലെയാണ് രായിരനെല്ലൂർ കുന്ന്, ഈ കുന്നും തുടർച്ചയായി കാണുന്ന മറ്റ് കുന്നുകളും പ്രദേശത്തെ ജൈവസന്തുലനത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഒരു കാലത്ത് വള്ളുവനാട്ടിലുടനീളം കണ്ടു വന്നിരുന്ന തനതായ കുറ്റിച്ചെടികളും പൂക്കളും ഇന്ന് കുന്നിന്റെ പരിസരപ്രദേശത്ത് മാത്രമായി ഒതുങ്ങിയിരിക്കുന്നു. ദേശീയ പക്ഷിയായ മയിൽ, കുറുക്കന്മാർ, കീരി, വാവൽ, ഇഴജന്തുക്കൾ തുടങ്ങിയവയും ഇവിടെ കാണപ്പെടുന്നു.
കുന്നിന്റെ അടിഭാഗത്തുനിന്നും തുടങ്ങി ഇപ്പോൾ മുകളിലേക്കു കയറി വരുന്ന റബ്ബർ കൃഷി ഇവിടുത്തെ തനതായ ജൈവ വൈവിധ്യത്തിനൊരു തിരിച്ചടിയാണ്. മലമുകളിലുള്ള ചരിത്രസ്മാരകങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ അധികൃതരുടെ ഭാഗത്തു നിന്നും കിട്ടിയിട്ടില്ല എന്നുള്ളത് ഇപ്പോഴും ഒരു പരാതിയാണ്.
വഴി
[തിരുത്തുക]പട്ടാമ്പിയാണ് ഏറ്റവും അടുത്തുള്ള റെയിൽ വെ സ്റ്റേഷൻ.
ബസിൽ വളാഞ്ചേരി- കൊപ്പം റൂട്ടിലെ നടുവട്ടം വായനാശാല സ്റ്റോപ്പിലിറങ്ങിയാൽ രായിരനെല്ലൂർ മലയിലെത്താം.
നടുവട്ടം ഒന്നാന്തിപ്പടിയിൽ ഇറങ്ങിയാണു മലകയറുക. മലയുടെ പടിഞ്ഞാറു ഭാഗത്തെ പടികളിലൂടെ കയറി തെക്ക് പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ ഇറങ്ങണം. ഈ പാത അല്പം ദുർഘടമായതിനാൽ സുരക്ഷ കണക്കിലെടുത്തു നിയന്ത്രണം ഉണ്ടാകാറുണ്ട്.
മലമുകളിലെത്തുന്ന ഭക്തർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലംവച്ചു മലമുകളിലെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയുമാണ് ഇറങ്ങുക.
ഷൊർണുർ അടുത്തുള്ള മറ്റൊരു വലിയ റെയിൽവേ സ്റ്റേഷനാണ്.
അവലംബം
[തിരുത്തുക]citywink.in/place/all-tourist-places-in-kerala/ www.yentha.com/news/view/.../Yentha-Travel-Press-Rayiranellur-To-Refresh-Your-S... https://nspillai.wordpress.com/2011/07/14/sthalanamakautukam/ https://issuu.com/infogetsomeair/docs/farm_travelouge[പ്രവർത്തിക്കാത്ത കണ്ണി]