രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ
രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ | |
---|---|
ജനനം | 2 ജൂൺ 1912 |
മരണം | 5 ഫെബ്രുവരി 2014 | (പ്രായം 101)
ജീവിതപങ്കാളി(കൾ) | ശാരദാമണി |
ബന്ധുക്കൾ | രവിവർമ്മ V |
കൊച്ചിരാജ്യത്തിലെ ഒരു "വലിയതമ്പുരാൻ" ആയിരുന്നു രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ ( 1912 ജൂൺ 2− 2014 ഫിബ്രവരി 5). രാജവാഴ്ച അവസാനിച്ചതിനു ശേഷം ഒമ്പതാമത്തെ വല്യ തമ്പുരാനായിരുന്നു രാമവർമ കൊച്ചനിയൻ തമ്പുരാൻ. കേരളവർമ്മ തമ്പുരാൻ മരിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം മൂത്ത അംഗമായി സ്ഥാനമേറ്റത്. കൊച്ചി രാജ്യം ഇന്ത്യയിലേക്ക് ലയിച്ചശേഷം പെരുമ്പടപ്പു സ്വരൂപത്തിലെ കിരീടാവകാശിയായ ഏറ്റവും പ്രായമുള്ള അംഗത്തെ വലിയതമ്പുരാൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നു. അദ്ദേഹം നല്ല ക്രിക്കറ്റ് കളിക്കാരനും, ടെന്നീസ് കളിക്കാരനും ആയിരുന്നു. അദ്ദേഹത്തിന്റെ പത്നി ശാരദാമണി രവിവർമ്മയുടെ പൗത്രി ആയിരുന്നു. 102 വയസ്സു വരെ ജീവിച്ചിരുന്നു.[1]
ജീവിതം
[തിരുത്തുക]കുന്നത്തൂർ പടിഞ്ഞാറേടത്ത് ശങ്കരൻ ഭട്ടതിരിപ്പാടിന്റേയും ലക്ഷ്മി തോപ്പു കൊട്ടാരത്തിൽ കുഞ്ഞിക്കാവ് തമ്പുരാന്റേയും മകനായി 1912 ജൂൺ രണ്ടിനാണ് രാമവർമ കൊച്ചനിയൻ തമ്പുരാന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസമെല്ലാം തൃപ്പൂണിത്തുറയിൽ ആയിരുന്നു. മഹാരാജാസ് കോളേജിൽ നിന്നും ഇന്റർമീഡിയേറ്റ് നേടിയ ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്നുമാണ് ഡിഗ്രി നേടിയത്. തിരുക്കൊച്ചി ഗവൺമെന്റ് സർവീസിൽ സിവിൽ സപ്ലൈസ്, ആരോഗ്യവകുപ്പ്, പിഡബ്ല്യുഡി, തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഫിനാൻഷ്യൽ അസിസ്റ്റന്റ് ആയിട്ടാണ് അദ്ദേഹം സർക്കാർ സർവീസിൽ നിന്നും വിരമിച്ചത്.
സിക്സർ തമ്പുരാൻ
[തിരുത്തുക]ക്രിക്കറ്റ് കളിക്കാരനായ അദ്ദേഹത്തിന് എതിരേവരുന്ന പന്തുകൾ സിക്സർ ആക്കുക എന്നത് ഒരു പ്രത്യേക കഴിവായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സിക്സർ തമ്പുരാൻ എന്നറിയപ്പെട്ടു. 1930കളിൽതന്നെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ സാരഥിയായിരുന്ന ഇദ്ദേഹം എറണാകുളം രാമവർമ്മ ക്ലബ്ബിന്റെയും അംഗമാണ്.[2]. ബാറ്റിംഗിൽ പ്രതിഭ തെളിയിച്ചതിന് പുറമെ മികച്ചൊരു ഫാസ്റ്റ് ബൗളർ കൂടിയായിരുന്നു അദ്ദേഹം. ടെസറ്റ് ക്രിക്കറ്റിനോടായിരുന്നു താത്പര്യം കൂടുതൽ. ഇംഗ്ലണ്ടിന്റെ കളികാണാനായിരുന്നു താല്പര്യം. ഐപിഎൽ മാച്ചുകളോട് കൊച്ചനിയൻ തമ്പുരാൻ വിയോജിച്ചു. അത് ക്രിക്കറ്റല്ലെന്നായിരുന്നു തമ്പുരാന്റെ അഭിപ്രായം. ഐപിഎല്ലിന്റെ ആദ്യ എഡിഷൻ കണ്ടപ്പോഴേ കളികാണൽ മതിയാക്കി
വായനയും ഡ്രൈവിങും ആയിരുന്നു അദ്ദേഹത്തിന്റെ ഹോബികൾ. തോമസ് ഹാർഡിയും വള്ളത്തോളൂം, ടോൾസ്റ്റോയിയും ഇഷ്ടപ്പെട്ട എഴുത്തുകാർ. വള്ളത്തോളിന്റെ മിക്ക കൃതികളും അദ്ദേഹത്തിനറിയാമായിരുന്നു.[3]
അവലംബം
[തിരുത്തുക]- "'Sixer Thampuran' to turn 100". The New Indian Express. 2 June 2012. Archived from the original on 2016-03-16. Retrieved 2018-03-16.
- "Sixer Thampuran turns centenarian". The Hindu. 30 May 2012. Archived from the original on 2012-06-02. Retrieved 2018-03-16.
- "'Sixer' Kochaniyan Thampuran No More". The New Indian Express. 6 February 2014. Archived from the original on 2014-03-03. Retrieved 2018-03-16.