രാമലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമലീല
സിനിമാവിതരണ പോസ്റ്റർ
സംവിധാനംഅരുൺ ഗോപി
നിർമ്മാണംടോമിച്ചൻ മുളകുപാടം
രചനസച്ചി
അഭിനേതാക്കൾദിലീപ്
മുകേഷ്
വിജയരാഘവൻ
സിദ്ധിക്ക്
സലിം കുമാർ
പ്രയാഗാ മാർട്ടിൻ
രാധിക ശരത്കുമാർ
കലാഭവൻ ഷാജോൺ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോമുളകുപാടം ഫിലിംസ്
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി28 സെപ്റ്റംബർ 2017
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിട്ടുകൾ

2017-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്ര രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ സിനിമയാണ് രാമലീല. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്.[1] മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപിന്റെ സംഘം ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്.[2]

ഇതിവൃത്തം[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടി (സി.ഡി.പി. - കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി) നേതാവായ അമ്പാടി മോഹനനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി. - നാഷണലിസ്റ്റ് സെക്കുലർ പാർട്ടി) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്‌കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ (സിദ്ദിഖ്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെക്കുന്നത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പുരീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച് അമ്പാടി മോഹനൻ വെടിയേറ്റ് മരിച്ചുവീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി (മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹനന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി.ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥ ഇവിടെ കഴിയുന്നില്ല. ഇതിലെ ക്ലൈമാക്സ് വരുന്നത് ഇതിനൊക്കെ ശേഷമാണ്. യഥാർത്ഥ കൊലയാളി രാമനുണ്ണി തന്നെയാണെന്ന് ഇതിൽ വ്യക്തമാകുന്നതാണ് ട്വിസ്റ്റ്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമലീല&oldid=3642404" എന്ന താളിൽനിന്ന് ശേഖരിച്ചത്