ഉള്ളടക്കത്തിലേക്ക് പോവുക

രാമമംഗലം പെരുംതൃക്കോവിൽ നരസിംഹസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത്, മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലം ഗ്രാമപഞ്ചായത്തിൽ, മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമമംഗലം പെരുംതൃക്കോവിൽ ബാലനരസിംഹസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ ശ്രീകോവിലിന്റെ ഓവുതാങ്ങിയായ ഉണ്ണിഭൂതത്തിനും പ്രതിഷ്ഠയുണ്ട്. കേരളത്തിൽ ഓവുതാങ്ങിയ്ക്ക് പ്രാധാന്യമുള്ള ഏക ക്ഷേത്രം ഇതായിരിയ്ക്കും. ഇരുമൂർത്തികൾക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്. ഇവയിൽ നരസിംഹസ്വാമിയുടെ നടയിലുള്ളത് കേരളത്തിലെ ഏറ്റവും വലിയ കൊടിമരവും, ഉണ്ണിഭൂതത്തിന്റെ നടയിലുള്ളത് ഏറ്റവും ചെറിയ കൊടിമരവുമാണെന്നത് വലിയൊരു പ്രത്യേകതയാണ്. ഐതിഹ്യപ്രകാരം ഈ ക്ഷേത്രം പണികഴിപ്പിച്ചത് ചേരചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ നായനാരാണ്.[1] അതുല്യ കർണ്ണാടകസംഗീതജ്ഞനും സ്വാതിതിരുനാൾ മഹാരാജാവിന്റെ സദസ്യനുമായിരുന്ന ഷഡ്‌കാലഗോവിന്ദമാരാർ ഈ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു. ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ വിഷുവിന്റെ പിറ്റേന്ന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ വിഷുനാളിൽ നടക്കുന്ന വിളക്ക് അതിവിശേഷമാണ്. ഇതുകൂടാതെ നരസിംഹജയന്തി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയവയും അതിവിശേഷമാണ്. നാട്ടുകാരുടെ പേരിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

[തിരുത്തുക]

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ നരസിംഹസ്വാമിയെ പ്രതിഷ്ഠ കഴിപ്പിച്ചത് ചേരചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ നായനാരാണ്. എ.ഡി. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്ന കൊട്ടാരം ചേരമാൻ പെരുമാളുടേതാണെന്ന് പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം നടന്ന കലശച്ചടങ്ങ് കാണാൻ ചേരമാൻ പെരുമാളിനെ പ്രദേശത്തെ ബ്രാഹ്മണർ അനുവദിച്ചില്ല. ബ്രാഹ്മണരുടെ ഈ പ്രവൃത്തിയിൽ ദുഃഖിതനായ ചേരമാൻ പെരുമാൾ ക്ഷേത്രം വിട്ടു നടക്കാൻ തുടങ്ങി. പെട്ടെന്ന് എവിടെനിന്നോ ഒരു ബാലൻ പെട്ടെന്ന് വടിയുമായി പ്രത്യക്ഷപ്പെട്ട് ബ്രാഹ്മണരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയെന്നാണ് ഐതിഹ്യം. ഈ ദേവനെയാണ് ക്ഷേത്രത്തിൽ ഉണ്ണിഭൂതമായി ആരാധിയ്ക്കുന്നത്.[2] ഉണ്ണിഭൂതത്തെ ശൈവമൂർത്തിയായാണ് കണക്കാക്കിവരുന്നത്. തന്മൂലം ഇവിടെ ശിവനെ സങ്കല്പിച്ചാണ് പൂജകൾ നടക്കുന്നത്.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

ക്ഷേത്രപരിസരം

[തിരുത്തുക]

രാമമംഗലം ഗ്രാമത്തിന്റെ ഒത്ത നടുക്ക്, മൂവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. രാമമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. എൽ.പി. സ്കൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി കാണാം. പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ മനോഹരമായ ഇരുനില ഗോപുരങ്ങളുണ്ട്. ഇവയിൽ പടിഞ്ഞാറുള്ളതാണ് പ്രധാനഗോപുരം. ഇവിടെനിന്ന് അല്പം വടക്കുപടിഞ്ഞാറായാണ് ക്ഷേത്രക്കടവ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കരയിലായി മറ്റൊരു ക്ഷേത്രവുമുണ്ട്. അപ്പാട്ട് ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ, വിശ്വരൂപദർശനരൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാനും ദക്ഷിണാമൂർത്തീഭാവത്തിലുള്ള പരമശിവനുമാണ്. രണ്ടുപേരും കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഉത്സവാവസാനത്തിൽ ആറാട്ട് കഴിഞ്ഞാൽ രാമമംഗലത്തപ്പന്റെ ഇറക്കിപൂജ നടക്കുന്നത് ഇവിടെ വച്ചാണ്. 2018-ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഇവിടം വരെ വെള്ളം കയറിയ സാഹചര്യമുണ്ടായിരുന്നു. നദീതീരത്തെ ക്ഷേത്രമായതുകൊണ്ടുതന്നെ ഇവിടെ പ്രത്യേകമായി കുളം പണിതിട്ടില്ല.

ക്ഷേത്രത്തിന്റെ നേരെ മുന്നിലുള്ള ഭാഗത്ത് ധാരാളം മരങ്ങൾ കാണാം. അവയിൽ ഏറ്റവും പ്രധാനം അരയാൽ തന്നെയാണ്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കപ്പെടുന്ന അരയാലിനെ എല്ലാദിവസവും രാവിലെ ഏഴുതവണ വലംവയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കിവരുന്നു. അരയാൽ കൂടാതെ അത്തി, ഇത്തി, പേരാൽ, പുന്നാകം, ഇലഞ്ഞി തുടങ്ങിയ ദിവ്യവൃക്ഷങ്ങളും റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെ കാണാം. ഇവയ്ക്കെല്ലാമിടയിലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം കാണപ്പെടുന്നത്. രണ്ടുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം, അതിമനോഹരമായ നിരവധി ശില്പങ്ങളാൽ അലംകൃതമാണ്. ഗോപുരവാതിലിന് ഇരുവശവുമുള്ള രണ്ടുതൂണുകളിലും ദീപലക്ഷ്മീരൂപങ്ങൾ കാണാം. കൂടാതെ ഗജരൂപങ്ങൾ, ദശാവതാരങ്ങൾ, ശിവകഥകൾ തുടങ്ങിയവയും കാണാം. ഇരുവശവുമായി രണ്ട് ചാരുപടികളും ഇവിടെയുണ്ട്. ഇവയെല്ലാം കണ്ടുകൊണ്ടാണ് ഭക്തർ ക്ഷേത്രത്തിലേയ്ക്ക് കയറുന്നത്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പണിതിട്ടുള്ള ഗോപുരത്തിന്, പടിഞ്ഞാറുള്ള ഗോപുരവുമായി നോക്കുമ്പോൾ പ്രൗഢി കുറവാണ്. എന്നാൽ, ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും ഇതുവഴിയാണ് വരാറുള്ളത്. ഇതിന്റെ വടക്കുഭാഗത്താണ് ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുടെ കാര്യാലയം സ്ഥിതിചെയ്യുന്നത്. അനശ്വരസംഗീതജ്ഞനായിരുന്ന ഷഡ്കാല ഗോവിന്ദമാരാരുടെ പേരിലുള്ള ഈ സ്ഥാപനം, ക്ഷേത്രം വക ഓഡിറ്റോറിയമായും പ്രവർത്തിച്ചുവരുന്നുണ്ട്. ധാരാളം കലാപരിപാടികൾ ഇവിടെ ദിവസവും നടക്കാറുണ്ട്. മാരാരുടെ ജന്മഗൃഹമായ കരവറ്റേടത്ത് മാരാത്ത് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇന്നും ഈ വീട്ടുകാർക്കുതന്നെയാണ് ക്ഷേത്രത്തിലെ അടിയന്തിരത്തിനുള്ള അവകാശം. ക്ഷേത്രത്തിൽ പുലർച്ചെ പള്ളിയുണർത്താനുള്ള ശംഖുവിളി, പൂജാസമയങ്ങളിലുള്ള കൊട്ടിപ്പാടി സേവ, ശീവേലിയ്ക്കുള്ള ചെണ്ട തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഇവർ ഭംഗിയായി നടത്തിപ്പോരുന്നു.

മതിലകം

[തിരുത്തുക]

പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. എട്ട് കരിങ്കൽത്തൂണുകളോടുകൂടിയ ഈ ആനക്കൊട്ടിൽ, ക്ഷേത്രത്തിലെ മുഖ്യ ആകർഷണമാണ്. ഇവിടെ വച്ചാണ് ചോറൂൺ, വിവാഹം, തുലാഭാരം, ഭജന തുടങ്ങിയ പരിപാടികൾ നടക്കുന്നത്. ഇവിടെത്തന്നെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ സ്ഥിതിചെയ്യുന്നത്. നരസിംഹമൂർത്തിയ്ക്ക് പാൽപ്പായസം, പാനകം, ത്രിമധുരം, കദളിപ്പഴം, ഉദയാസ്തമനപൂജ, സഹസ്രനാമാർച്ചന തുടങ്ങിയവയും ഉണ്ണിഭൂതത്തിന് മഞ്ചാടിക്കുരു സമർപ്പണം, നാളികേരമുടയ്ക്കൽ എന്നിവയുമാണ് പ്രധാന വഴിപാടുകൾ. നിരവധി ഭക്തരാണ് ഇവ സമർപ്പിയ്ക്കാനെത്തുന്നത്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ചെമ്പുകൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 1992-ലാണ് ഇവിടെ ഈ കൊടിമരം പ്രതിഷ്ഠിച്ചത്. നൂറടി ഉയരം വരുന്ന ഈ കൊടിമരത്തിന്റെ ചുവട്ടിൽ, പതിവുപോലെ അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം ഏഴടി ഉയരം വരുന്ന, സാമാന്യം ഉയരമുള്ള ബലിക്കല്ലാണ് ഇവിടെ. തന്മൂലം, പുറമേ നിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ഭഗവാന്റെ പ്രധാന സൈന്യാധിപനായ ഹരിസേനനെയാണ് വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. കൂടാതെ ചുവട്ടിൽ ഓരോ വശത്തായി എട്ട് ചെറിയ കല്ലുകളും കാണാം. ഇവ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. കുമുദൻ, കുമുദാക്ഷൻ, പുണ്ഡരീകൻ, വാമനൻ, ശംഖുകർണ്ണൻ, സർവനേത്രൻ, സുമുഖൻ, സുപ്രതിഷ്ഠൻ എന്നിവരാണ് ഉപസൈന്യാധിപന്മാർ. എന്നാൽ, ഇവിടെ ഇവർക്ക് ബലിതൂകാറില്ല. പകരം നാലമ്പലത്തെ ചുറ്റിപ്പറ്റി പണിതിരിയ്ക്കുന്ന പുറത്തെ ബലിവട്ടത്തിൽ യഥാക്രമം കിഴക്ക്, തെക്കുകിഴക്ക്, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്നീ മൂലകളിൽ ഇവർക്ക് പ്രതേകമായി ബലിക്കല്ലുകൾ കാണാം. അവിടങ്ങളിലാണ് ബലിതൂകുക. ഉത്സവകാലത്ത് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നതും ഇവരെ സങ്കല്പിച്ചാണ്.

ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രവേശനകവാടമില്ല. ആ ഭാഗം മുഴുവൻ ഊട്ടുപുര കയ്യടക്കിയിരിയ്ക്കുകയാണ്. സാമാന്യം വലുപ്പമുള്ള ഈ ഊട്ടുപുരയിൽ പണ്ടുകാലത്ത് എല്ലാ ദിവസവും ബ്രാഹ്മണസദ്യ നടത്തുമായിരുന്നു. ഇപ്പോൾ വിശേഷദിവസങ്ങളിൽ ജനകീയസദ്യ മാത്രമേ പതിവുള്ളൂ. ഇതിന് മുന്നിലായി ശിവവാഹനമായ നന്ദികേശനെ ശിരസ്സിലേറ്റുന്ന മറ്റൊരു ചെമ്പുകൊടിമരവും കാണാം. ഇത് ഉണ്ണിഭൂതത്തിന്റെ നടയ്ക്കുനേരെയാണ്. കേരളത്തിലെ ഏറ്റവും ചെറിയ കൊടിമരമായ ഇതിന് കഷ്ടിച്ച് പത്തടി ഉയരമേയുള്ളൂ. 1992-ലാണ് ഇതും ഇവിടെ പ്രതിഷ്ഠിച്ചത്. നരസിംഹമൂർത്തിയ്ക്ക് കൊടിമരം പ്രതിഷ്ഠിയ്ക്കുന്നതിന്റെ കൂട്ടത്തിൽ ഉണ്ണിഭൂതത്തിനും എന്തെങ്കിലും വേണമെന്ന് ക്ഷേത്രം ഭാരവാഹികൾക്ക് തോന്നുകയും അതനുസരിച്ച് കളിപ്പാട്ടം പോലെ ഒരു കൊടിമരം വയ്ക്കാമെന്ന് ഉറപ്പിയ്ക്കുകയും ചെയ്തു. എന്നാൽ, തനിയ്ക്ക് കളിപ്പാട്ടമായല്ല, സ്ഥിരമായ ഒരു കൊടിമരം തന്നെ വേണമെന്നായിരുന്നു ഉണ്ണിഭൂതത്തിന്റെ ഹിതം. അതനുസരിച്ചാണ് ഇവിടെ ഈ കൊടിമരം വന്നത്. ഇതിനടുത്തായി ഒരു കരിങ്കൽ പീഠം കാണാം. ഇവിടെ വച്ചാണ് ഉണ്ണിഭൂതത്തിനുള്ള നാളികേരം ഉടച്ചുപൊട്ടിയ്ക്കുന്നത്. ഉത്സവത്തിന്റെ മൂന്നാം ദിവസം എഴുന്നള്ളത്ത് ഈ നടയിലെത്തുമ്പോൾ പന്തീരായിരം നാളികേരങ്ങൾ ഒരുമിച്ച് പൊട്ടിയ്ക്കുന്ന വിശേഷപ്പെട്ട ഒരു ചടങ്ങുണ്ട്. ഇതുകാണാൻ മാത്രം ആയിരങ്ങളാണ് എത്തിച്ചേരുന്നത്. വടക്കുകിഴക്കേമൂലയിൽ ഒരു കിണർ പണിതിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പുറകുവശമായ കിഴക്കേ നടയിലും ഒരു ആനക്കൊട്ടിൽ കാണാം. പടിഞ്ഞാറേ നടയിലേതുമായി നോക്കുമ്പോൾ ഇത് ചെറുതാണ്. എങ്കിലും മൂന്ന് ആനകളെ വച്ച് എഴുന്നള്ളത്ത് നടത്താനുള്ള സൗകര്യമുണ്ട്. പടിഞ്ഞാറേ നടയിൽ വീതിയിലാണ് ആനക്കൊട്ടിലെങ്കിൽ ഇവിടെ നീളത്തിലാണ്. ഇവിടെ മറ്റ് വിശേഷാൽ കാഴ്ചകളൊന്നുമില്ല. തെക്കേ നടയിൽ ചേരമാൻ പെരുമാളുടെ പഴയ കൊട്ടാരം കാണാൻ സാധിയ്ക്കും. ഈ ഭാഗത്ത് ക്ഷേത്രത്തിന് കൃത്യമായി മതിൽക്കെട്ട് പണിതിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. തന്മൂലം കൊട്ടാരം നിൽക്കുന്നത് അകത്തോ പുറത്തോ എന്ന് സംശയം തോന്നും. ഇതിന്റെ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് പട്ടാളക്കാരുടെ രൂപങ്ങൾ കാണാം. ഇത് രസകരമായ ഒരു കാഴ്ചയാണ്. ഇതിന് നേരെ മുന്നിലായി മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ക്ഷേത്രത്തിലെ ഗണപതി ഒഴികെയുള്ള ഉപദേവതകളുടെ പ്രതിഷ്ഠ. ഇവരിൽ ഏറ്റവും പ്രാധാന്യമുള്ളത് ഭദ്രകാളിയ്ക്കാണ്. കൂവളത്തിൻമൂട്ടിൽ ഭഗവതി എന്നറിയപ്പെടുന്ന ഈ ഭദ്രകാളി, മുമ്പ് ക്ഷേത്രത്തിനടുത്തുള്ള കൂവളമരത്തിന്റെ ചുവട്ടിലായിരുന്നുവെന്നും പിന്നീട് മാറ്റിയതാണെന്നുമാണ് കഥ. ഇതിന്റെ പേരുതന്നെ ഈ സൂചന വ്യക്തമാക്കുന്നു. ഏകദേശം രണ്ടടി ഉയരം വരുന്ന ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ. നിത്യേന മൂന്നുപൂജകളുള്ള ദേവിയ്ക്ക് അത്താഴപ്പൂജ അതിവിശേഷമാണ്. മറ്റു ദേവതകളുടെ രൂപങ്ങളെല്ലാം ശിവലിംഗരൂപത്തിലാണ്.

ശ്രീകോവിൽ

[തിരുത്തുക]

ലക്ഷണമൊത്ത വൃത്താകൃതിയിൽ തീർത്ത, രണ്ടുനിലകളോടുകൂടിയ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. അടിസ്ഥാനം കരിങ്കല്ലിലും ചുവരുകൾ വെട്ടുകല്ലിലും തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. നേരിട്ട് അകത്തേയ്ക്ക് കയറാൻ പറ്റുന്ന രീതിയിൽ നിർമ്മിച്ച ഇവിടത്തെ സോപാനപ്പടികൾ പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതും പിച്ചളപൊതിഞ്ഞതുമാണ്. ഇവ കയറി അകത്തേയ്ക്കെത്തിയാൽ മൂന്നുമുറികൾ കടന്നുവേണം വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹത്തിലെത്താൻ. ഏകദേശം ആറടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി രാമമംഗലത്തപ്പൻ കുടികൊള്ളുന്നു. ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ചശേഷം ശാന്തഭാവത്തിലിരിയ്ക്കുന്ന ബാലനരസിംഹസ്വാമിയായാണ് പ്രതിഷ്ഠാസങ്കല്പം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ കാണാം. ആടയാഭരണങ്ങളെല്ലാം ചാർത്തിക്കാണുമ്പോൾ വിഗ്രഹത്തിന് സ്വതവേയുള്ള ഭംഗി ഇരട്ടിയാകും. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ രാമമംഗലത്തപ്പൻ ശ്രീലകത്ത് വാഴുന്നു.

മനോഹരമായ നിരവധി ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ് ഈ ശ്രീകോവിൽ. വിവിധ പുരാണകൃതികളിലെ രംഗങ്ങൾ ഇവിടെ മനോഹരമായി തടിയിൽ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ പെടുന്നതാണ് ഇവ. വടക്കുവശത്ത് ഓവ് വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന തീർത്ഥം ഇതിലൂടെ ഒഴുകിപ്പോകുന്നു. ഈ ഓവിനെ താങ്ങിനിർത്തുന്ന രൂപത്തിലാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്രതിഷ്ഠയായ ഉണ്ണിഭൂതത്തിന്റെ പ്രതിഷ്ഠ. ശിവഭൂതഗണങ്ങളിലൊരാളായി സങ്കല്പിയ്ക്കപ്പെടുന്ന ഉണ്ണിഭൂതത്തെ ശിവനായി സങ്കല്പിച്ചാണ് ഇവിടെ ആരാധിച്ചുവരുന്നത്.

നാലമ്പലം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Holy Prasadam". Retrieved 2024-12-10.
  2. "Kerala Temples". Retrieved 2024-12-10.