രാജേന്ദ്ര പ്രസാദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. രാജേന്ദ്രപ്രസാദ്
രാജേന്ദ്ര പ്രസാദ്‌

പദവിയിൽ
ജനുവരി 26, 1950 – മേയ് 13 1962
വൈസ് പ്രസിഡന്റ്   സർവ്വേപ്പള്ളി രാധാകൃഷ്ണൻ (1952-1962)
മുൻഗാമി സി. രാജഗോപാലാചാരി
പിൻഗാമി സർവ്വേപ്പള്ളി രാധാകൃഷ്ണൻ

ജനനം ഡിസംബർ 3, 1884
സെരാദെയ്, ബീഹാർ, ഇന്ത്യ
മരണം ഫെബ്രുവരി 28, 1963
ജീവിതപങ്കാളി രാജവൻശി ദേവി

ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പാർട്ടി പ്രവർത്തകനുമായിരുന്നു ഡോക്ടർ.രാജേന്ദ്രപ്രസാദ് (ഹിന്ദി:डा॰ राजेन्द्र प्रसाद ഡിസംബർ 3, 1884ഫെബ്രുവരി 28, 1963). ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)പ്രസിഡന്റായും ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.[1]

ബീഹാറിൽ ഒരു അഭിഭാഷകനായി ജോലി നോക്കുന്ന സമയത്താണ് ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുന്നതും. മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ അടിയുറച്ച വിശ്വാസി കൂടിയായിരുന്നു രാജേന്ദ്രപ്രസാദ്.[2] 1931 ലെ ഉപ്പുസത്യാഗ്രഹത്തിലും, 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.[3] 1934 മുതൽ 1935 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[4]

1950 ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ അതിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി ചുമതലേയറ്റത് രാജേന്ദ്രപ്രസാദ് ആണ്. 1951 ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം പാർലിമെന്റും അതിന്റെ മറ്റു നിയമസഭകളും കൂടി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് രാജേന്ദ്രപ്രസാദിനെയായിരുന്നു.[5] 1957 ൽ രാജേന്ദ്രപ്രസാദ് വീണ്ടും രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി രാജേന്ദ്രപ്രസാദ് മാത്രമാണ്.[5]

ജനനം വിദ്യാഭ്യാസം[തിരുത്തുക]

ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത്‌ 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.[6]

പ്രസാദിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ ഒരു മുസ്ലിം പണ്ഡിതന്റെയടുക്കൽ പെർഷ്യൻ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാൻ കൊണ്ടുചെന്നാക്കി. ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കേവലം 12 ആമത്തെ വയസ്സിൽ അദ്ദേഹം വിവാഹിതനായി. ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്നയിലേക്കു പോയി. അവിടെനിന്നും രണ്ടുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടാ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 1902 ൽ കൽക്കട്ട പ്രസിഡൻസി കോളേജിൽ സയൻസ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി. ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത് കോളജിൽ ഉയർന്ന മാർക്കോടെയാണ്. രാജ്യസ്നേഹത്തിലുപരിയായി കുടുംബത്തെക്കുറിച്ചു ചിന്തിച്ചിരുന്ന ആ കാലത്തിൽ ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയിൽ ചേരുവാനുള്ള തീരുമാനം പുനപരിശോധിക്കപ്പെട്ടു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

അദ്ധ്യാപകൻ[തിരുത്തുക]

ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു. കൽക്കട്ടയിൽ നിയമപഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു. 1915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.[7]

അഭിഭാഷകൻ[തിരുത്തുക]

1916 ൽ ബീഹാർ ഹൈക്കോടതിയിലും, ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങി. ഇക്കാലത്ത് പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം[തിരുത്തുക]

1911 ൽ തന്നെ പ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്തിരുന്നു. എന്നാൽ സജീവപ്രവർത്തകനാവുന്നത് 1916 ൽ മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നതോടെയാണ്. ചമ്പാരൻ സത്യാഗ്രഹസമയത്ത് ഗാന്ധിജി, പ്രസാദിനോട് തന്റെ സന്നദ്ധപ്രവർത്തകനായി ചേരുവാൻ ആവശ്യപ്പെടുകയായിരുന്നു.[8] നിസ്സഹകരണപ്രസ്ഥാനത്തിന്റെ സമയത്ത് പ്രസാദ് അഭിഭാഷകജോലി ഉപേക്ഷിക്കുകയും, കോൺഗ്രസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. പാശ്ചാത്യ വിദ്യാഭ്യാസ രീതികൾ ഉപേക്ഷിക്കുവാനുള്ള ഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് തന്റെ മകനായ മൃത്യുഞ്ജയോട് പഠനം അവസാനിപ്പിക്കുവാനും, പകരം ബീഹാർ വിദ്യാപീഠ് എന്ന വിദ്യാലയത്തിൽ ചേരുവാനും നിർദ്ദേശിച്ചു. പ്രസാദും തന്റെ സഹപ്രവർത്തകരും കൂടെ ആരംഭിച്ചിരുന്നതായിരുന്നു ബീഹാർ വിദ്യാപീഠ്, ഭാരതത്തിന്റെ തനതു ശൈലിയിലുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ പിന്തുടർന്നിരുന്നത്.[9]

1914 ബീഹാറിലും, ബംഗാളിലുമുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനായി പ്രസാദ് മുന്നിട്ടിറങ്ങി.[10] 1934 ജനുവരി 15 ന് ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ സമയത്ത് പ്രസാദ് ജയിലിലായിരുന്നു. ജയിലിൽ നിന്നും വിട്ടയക്കപ്പെട്ടയുടൻ തന്നെ ദുരന്തബാധിതരെ സഹായിക്കാൻ ബീഹാർ സെൻട്രൽ റിലീഫ് കമ്മറ്റി രൂപീകരിച്ചു.

കോൺഗ്രസ്സിന്റെ 1934 ലെ ബോംബെ സമ്മേളനത്തിൽ വെച്ച് പ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[11] 1939 ൽ കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന സുഭാസ് ചന്ദ്ര ബോസ് രാജിവെച്ചപ്പോൾ വീണ്ടും പ്രസാദ് കോൺഗ്രസ്സിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുകയുണ്ടായി.[11] ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, മറ്റു പല നേതാക്കളേയും പോലെ പ്രസാദും അറസ്റ്റ് വരിച്ച് ജയിൽ ജീവിതം സ്വീകരിച്ചു.

1946 സെപ്തംബർ 2 ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപവത്കരിക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്യപ്പെട്ട പന്ത്രണ്ടു മന്ത്രിമാരിൽ ഒരാൾ രാജേന്ദ്രപ്രസാദ് ആയിരുന്നു. ഭക്ഷ്യ-കാർഷിക വകുപ്പിന്റെ ചുമതലയായിരുന്നു പ്രസാദിനുണ്ടായിരുന്നത്. 1947 ൽ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ്സ് പ്രസിഡന്റായി സ്ഥാനമേറ്റു. 1950 ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ അതിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് രാജേന്ദ്രപ്രസാദാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.

1963 ഫെബ്രുവരി 28 ന് രാജേന്ദ്രപ്രസാദ് അന്തരിച്ചു. രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സാഹിത്യ സംഭാവനകൾ[തിരുത്തുക]

 • സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922)
 • ഇന്ത്യാ ഡിവൈഡഡ് (1946)
 • ആത്മകഥ (1946) - ബങ്കിംപൂർ ജയിൽവാസസമയത്ത് എഴുതിയത്.
 • മഹാത്മാഗാന്ധി ആന്റ് ബീഹാർ (1949)
 • സിൻസ് ഇൻഡിപെൻഡൻസ് (1960)
 • ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്)

പ്രത്യേകതകൾ[തിരുത്തുക]

 • ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം.
 • ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
 • തുടർച്ചയായ രണ്ടുതവണ രാഷ്ട്രപതിയായി.
 • കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പുമന്ത്രി ആയശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
മുൻഗാമി
സി. രാജഗോപാലാചാരി
രാഷ്ട്രപതി
1950–1962
പിൻഗാമി
എസ്. രാധാകൃഷ്ണൻ

അവലംബം[തിരുത്തുക]

 1. എസ്., രാജേന്ദ്രപ്രസാദ്. ഇന്ത്യാ ഡിവൈഡഡ്. ഹിന്ദ് കിതാബ്സ്. 
 2. "ഡോക്ടർ.രാജേന്ദ്രപ്രസാദ്". രാജേന്ദ്രപ്രസാദ്.കോ.ഇൻ. 
 3. "1942 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം". ഓപ്പൺ യൂണിവേഴ്സിറ്റി (ലണ്ടൻ). 
 4. "ഡോക്ടർ.രാജേന്ദ്രപ്രസാദ്". ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി. 
 5. 5.0 5.1 "ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ". ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 27-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 6. ജനകരാജ്, ജെയ് (1950-2003). പ്രസിഡന്റ്സ് ഓഫ് ഇന്ത്യ. റീജൻസി പബ്ലിക്കേഷൻസ്.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 7. "രാജേന്ദ്രപ്രസാദിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ". രാജേന്ദ്ര സ്മൃതി സംഗ്രഹാലയ. 
 8. "മഹാത്മാഗാന്ധിയും സത്യാഗ്രഹസമരങ്ങളും". ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി. 
 9. "ഡിസ്റ്റന്റ് ഡാഡ്സ്". ടൈംസ് ഓഫ് ഇന്ത്യ. 12-ഓഗസ്റ്റ്-2007.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 10. "ഡോക്ടർ.രാജേന്ദ്രപ്രസാദ്". സിവാൻ ജില്ലാ പോർട്ടൽ. ശേഖരിച്ചത് 27-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 11. 11.0 11.1 "ഡോക്ടർ.രാജേന്ദ്രപ്രസാദ്". ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി. 
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_പ്രസാദ്‌&oldid=2189869" എന്ന താളിൽനിന്നു ശേഖരിച്ചത്