രാഘവേന്ദ്രസ്വാമികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ രാഘവേന്ദ്രസ്വാമികൾ
രാഘവേന്ദ്രസ്വാമികൾ
ജനനംവെങ്കടനാഥ ഭട്ടർ
1595/98
ഭുവനഗിരി, തമിഴ്നാട്
മരണം1671
മന്ത്രാലയം, ആന്ധ്രാ പ്രദേശ്
അംഗീകാരമുദ്രകൾപരിമളാചാര്യർ, ജഗദ്ഗുരു
ഗുരുസുധീന്ദ്ര തീർത്ഥർ
തത്വസംഹിതദ്വൈതം

ശ്രീ രാഘവേന്ദ്രസ്വാമികൾ (1595/98-1671) പ്രസിദ്ധനായ ഒരു ഹിന്ദുമതാചാര്യനും സന്ന്യാസിയുമായിരുന്നു. മധ്വാചാര്യർ സ്ഥാപിച്ച ദ്വൈതചിന്താഗതിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. മധ്വാചാര്യർ, വ്യാസതീർത്ഥർ, ജയതീർത്ഥർ തുടങ്ങിയ ദ്വൈതചിന്തകരുടെ കൃതികൾക്കും ഉപനിഷത്തുക്കൾക്കും പൂർവ്വ മീമാംസയ്ക്കും അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്. നല്ലൊരു വൈണികൻ കൂടിയായിരുന്ന രാഘവേന്ദ്രസ്വാമികൾ 1624 മുതൽ 1671 വരെ കുംഭകോണത്തെ മധ്വമഠത്തിന്റെ ആചാര്യനായിരുന്നു. 'വേണുഗോപാല' എന്ന തൂലികാനാമത്തിൽ നിരവധി കീർത്തനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമാധിസ്ഥാനമായ ആന്ധ്രാപ്രദേശിലെ മന്ത്രാലയം പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രമാണ്.

ജീവിതകാലം[തിരുത്തുക]

ഇന്ന് തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലുള്ള ഭുവനഗിരിയിൽ ഒരു കന്നഡ ബ്രാഹ്മണകുടുംബത്തിൽ 1595-ലോ 1598-ലോ ആണ് രാഘവേന്ദ്രസ്വാമികൾ ജനിച്ചത്. വെങ്കടനാഥ ഭട്ടർ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. സംഗീതജ്ഞരുടെയും പണ്ഡിതരുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായിരുന്ന കൃഷ്ണഭട്ടർ വിജയനഗര സാമ്രാജ്യത്തിലെ മഹാരാജാവായിരുന്ന കൃഷ്ണദേവരായരുടെ ഗുരുനാഥനായിരുന്നു. അച്ഛൻ തിമ്മാചാര്യ മികച്ചൊരു സംഗീതജ്ഞനുമായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പരാജയത്തിനുശേഷം ഭാര്യ ഗോപികാംബയോടൊപ്പം അദ്ദേഹം കാഞ്ചീപുരത്തേയ്ക്ക് താമസം മാറ്റി. വെങ്കടനാഥനെക്കൂടാതെ ഈ ദമ്പതികൾക്ക് രണ്ട് മക്കൾ കൂടിയുണ്ടായിരുന്നു: ഗുരുരാജനും വെങ്കടാംബയും. തിമ്മാചാര്യയുടെ മരണശേഷം സഹോദരീഭർത്താവാണ് വെങ്കടനാഥന്റെ വിദ്യാഭ്യാസം നടത്തിയത്. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ വെങ്കടനാഥൻ വിവാഹിതനായി. എന്നാൽ, വിവാഹജീവിതം അദ്ദേഹത്തിന് ഒട്ടും തൃപ്തിപ്പെട്ടിരുന്നില്ല.

തുടർന്ന് തഞ്ചാവൂരിൽ ചെന്ന വെങ്കടനാഥൻ അവിടെവച്ച് നിരവധി വാദപ്രതിവാദങ്ങളിൽ പങ്കെടുക്കുകയും അവയിൽ വിജയിയ്ക്കുകയും ചെയ്തു. ഇവ കണ്ട് അത്ഭുതപ്പെട്ടുപോയ അന്നത്തെ കുംഭകോണം മഠാധിപതി സുധീന്ദ്ര തീർത്ഥ അദ്ദേഹത്തെ തന്റെ ശിഷ്യനായി അംഗീകരിയ്ക്കുകയും തുടർന്ന് 1621-ൽ അദ്ദേഹം സന്യാസം സ്വീകരിച്ച് 'രാഘവേന്ദ്ര തീർത്ഥ' എന്ന നാമം സ്വീകരിയ്ക്കുകയും ചെയ്തു. 1624-ൽ സുധീന്ദ്ര തീർത്ഥ സമാധിയായപ്പോൾ രാഘവേന്ദ്ര തീർത്ഥ മഠാധിപതിയായി. ഉഡുപ്പി, കോലാപൂർ, ബിജാപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇക്കാലത്ത് അദ്ദേഹം തീർത്ഥാടനം നടത്തിയിരുന്നു. ധാരാളം അത്ഭുതപ്രവൃത്തികൾ അദ്ദേഹം ചെയ്തതായി പറയപ്പെടുന്നു. നിരവധി ആരാധകർ അദ്ദേഹത്തിനുണ്ടായി. മൈസൂർ രാജാവായിരുന്ന ദൊഡ്ഡ കെമ്പദേവരാജയിൽ നിന്ന് ദാനം കിട്ടിയ അദ്ദേഹം തുംഗഭദ്രാ നദീതീരത്തെ മന്ത്രാലയത്തിൽ സ്ഥിരതാമസമാക്കി. 1671-ൽ അവിടെ വച്ച് അദ്ദേഹം സമാധിയായി. പറഞ്ഞുവരുന്ന കഥയനുസരിച്ച് അദ്ദേഹം നേരത്തേതന്നെ കല്ലറ പണിയാൻ ഉത്തരവിടുകയും തുടർന്ന് കല്ലറയിൽ ഇറങ്ങുകയും ശിഷ്യർ ചേർന്ന് അദ്ദേഹത്തിന് സമാധിമണ്ഡപം ഒരുക്കുകയുമായിരുന്നു. ശിഷ്യനായ യോഗീന്ദ്ര തീർത്ഥ അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഘവേന്ദ്രസ്വാമികൾ&oldid=3084424" എന്ന താളിൽനിന്ന് ശേഖരിച്ചത്