രാം കിങ്കർ ബൈജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramkinkar Baij
രാം കിങ്കർ ബൈജ്
ജനനം 1910 മേയ് 25(1910-05-25)
Bankura, Bengal, British India
മരണം 1980 ഓഗസ്റ്റ് 2(1980-08-02) (പ്രായം 70)
P G Hospital, പശ്ചിമബംഗാൾ, ഇന്ത്യ
രാജ്യം ഇന്ത്യൻ
പ്രവർത്തന മേഖല ശില്പി, ചിത്രകാരൻ
പ്രസ്ഥാനം Ashohojog andolon (non-co-operation movement) by Mahatma Gandhi
സൃഷ്ടികൾ Lady with Dog, Sujata, Santhaal Family, Mill Call, jokkho-jokkhi
രക്ഷാധികാരി Ramananda Chatterjee
പുരസ്കാരം Deshikottom by Visva-Bharati University, D.lit by Rabindra Bharati University, Padma Bhushan(1970)

പ്രസിദ്ധനായ ഒരു ശില്പിയായിരുന്നു രാം കിങ്കർ ബൈജ് (ബംഗാളി: রামকিঙ্কর বেইজ) (1906 മേയ് 25 – 1980 ഓഗസ്റ്റ് 2). രാം കിങ്കർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇന്ത്യയിലെ ആധുനികശില്പകലയുടെ ഉപജ്ഞാതാക്കളിൽ ഒരാളാണ് .

പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാം കിങ്കർ പത്തുപതിനാറു വയസ്സുള്ളപ്പോൾ തന്നെ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ വരച്ചുകൊണ്ട് സഹൃദയലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇരുപതുവയസ്സോടെ അദ്ദേഹം ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ സുകുമാരകലകളുടെ പഠനത്തിനെത്തി.

ആദ്യകാലം[തിരുത്തുക]

കുട്ടിക്കാലത്തു തന്നെ നാട്ടിൻപുറത്തെ കരകൗശലനിർമ്മാണരീതികൾ സ്വായത്തമാക്കിക്കൊണ്ട് രാം കിങ്കർ തന്റെ കലാപരമായ കഴിവുകൾ പ്രകടമാക്കിയിരുന്നു. കളിമൺരൂപങ്ങളുൺറ്റാക്കുന്നതിൽ പ്രാഗൽഭ്യം സമ്പാദിച്ച അദ്ദേഹം ചിത്രങ്ങൾ വരക്കുന്നതിലും മിടുക്ക് തെളിയിച്ചിരുന്നു. രാമാനന്ദ ചാറ്റർജി 1925-ൽ രാം കിങ്കറിനെ ശാന്തിനികേതനിൽ എത്തിച്ചു. വിശ്വവിശ്രുതനായ നന്ദലാൽ ബോസ് എന്ന ചിത്രകാരനായിരുന്നു അവിടെ അദ്ദേഹത്തിന് ഗുരു. അദ്ധ്യയനത്തിനു ശേഷം ശാന്തിനികേതനിൽ തന്നെ അദ്ധ്യാപനത്തിൽ രാം കിങ്കർ ഏർപ്പെട്ടു. അവിടെ നന്ദലാൽ ബോസിനും വിനോദ് വിഹാരി മുഖർജിക്കുമൊപ്പം ശാന്തിനകേതനിലെ ചിത്രകലാ വിഭാഗത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചുപോന്നു[1].

കൃതികൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ശില്പം "സന്താൾ കുടുംബം" ആണ്. 1938-ലാണ് രാം കിങ്കർ അത് ന്നിർമ്മിച്ചത്. സധാരണയിൽ കവിഞ്ഞ വലിപ്പത്തിൽ നിർമ്മിക്കപ്പെട്ട ആ ശില്പം സന്താൽ ഗോത്രവർഗക്കാർക്ക് സമൂഹത്തിൽ അന്തസ്സും അംഗീകാരവും നേടിക്കൊടുത്തു. സുലഭവും അത്രയേറെ വിലയേറിയതുമല്ലാത്ത സിമന്റ്, പ്ലസ്റ്റെർ ഓഫ് പാരീസ്, കളിമണ്ണ് എന്നിവയിലാണ് അദ്ദേഹം ശില്പങ്ങൾ മെനഞ്ഞിരുന്നത്. ആദേഹം നിർമ്മിച്ച ദണ്ഡി യാത്ര, ടാഗോർ എന്നീ ശില്പങ്ങളും പ്രസിദ്ധമാണ്.

രാം കിങ്കറിനെ കുറിച്ച് 1975-ൽ ഋത്വിക് ഘട്ടക് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ തുടക്കമിട്ടുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് മുഴുമിക്കാനായില്ല.

രാം കിങ്കറിന്റെ സൃഷ്ടികൾ മിക്കതും അദ്ദേഹത്തിന്റെ കാലശേഷമാണ് പ്രസിദ്ധമായത്. അദ്ദേഹത്തിന്റെ പല സൃഷ്ടികളും അദ്ദേഹം തന്നെ പലർക്കും സമ്മാനമായി കൊടുത്തുതീർത്തു എന്നും പറയപ്പെടുന്നു. അവയൊന്നും തന്നെ ഇപ്പോൾ ലഭ്യവുമല്ല. സ്വന്തം കൃതികൾ ആരാധകർക്ക് വെറൂതേ കൊടുക്കുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്ന് പണം സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല[2].

വിവാദങ്ങളിൽ[തിരുത്തുക]

ഹംഗറിയിലെ ബുദാപെസ്സ്റ്റിൽ ബലറ്റോൺ തടാകതീരത്ത് രാം കിങ്കർ നിർമ്മിച്ച മഹാകവി ടാഗോറിന്റെ ഒരു അർദ്ധകായപ്രതിമ സ്ഥാപിക്കുകയുണ്ടായി. അന്ന് വാർദ്ധക്യദശയിലായിരുന്ന മഹാകവി അധികം താമസിയാതെ അന്തരിക്കുകയും ചെയ്തു. ജീവിച്ചിരുന്നവരുടെ പ്രതിമ ഉണ്ടാക്കിയാൽ അധികം താമസിയാതെ അവർ മരിച്ചുപോകുമെന്ന ഒരു വിശ്വാസം നടപ്പിലുണ്ടായിരുന്ന തുകൊണ്ട് തന്റെ ചെയ്തിയിൽ രാം കിങ്കർ ഏറെ പശ്ചാത്തപിച്ചിരുന്നു. 1979-ൽ പടിഞ്ഞാറൻ ബംഗാളിലെ ഒരു മന്ത്രി ഈ പ്രതിമ ടാഗോറിനെ തെറ്റായി ചിത്രീകരിക്കുന്നുണ്ടെന്ന് പറഞ്ഞ് നീക്കം ചെയ്യാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ അന്നത്തെ പശ്ചിമബംഗാൾ സാംസ്കാരികവകുപ്പുമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഈ നീക്കത്തിന്ന് തടയിടുകയുണ്ടായി[3].

ജീവിതാന്ത്യം[തിരുത്തുക]

ജീവിതത്തിലെ ലൗകികമായ കെട്ടുപാടുകളോട് വിമുഖനായിരുന്ന രാം കിങ്കർ ജീവിതാവസാനം വരെ അവിവാഹിതനായി തുടർന്നു. നല്ല സംഗീതബോധമുണ്ടായിരുന്ന അദ്ദേഹത്തിന് മധുരമായ ഒരു ശബ്ദവും ഉണ്ടായിരുന്നു. ചിത്രകലയിലും ശില്പകലയിലും അദ്ദേഹത്തിന്റെ പ്രധാനവിഷയം ശാന്തിനികേതനു ചുറ്റുമുണ്ടായിരുന്ന ആദിവാസികളുടെ ജീവിതമായിരുന്നു.

ധനസമ്പാദനത്തിൽ വിമുഖനായിരുന്നതുകൊണ്ടും അമിതമായ മദ്യപാനശീലം ഉണ്ടായിരുന്നതിനാലും അന്ത്യകാലത്ത് അദ്ദേഹം അതിദാരിദ്ര്യത്തിലായിരുന്നു. അവസാനകാലത്ത് രാധാറാണി എന്നൊരു സ്ത്രീയായിരുന്നു അദ്ദേഹത്തിന് സഹായമായുണ്ടായിരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖത്തെത്തുടർന്ന് 1980, മാർച് 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ചികിത്സാചിലവുകൾ വഹിക്കാൻ പശ്ചിമബംഗാൾ സർക്കാറും ശാന്തിനികേതൻ പ്രിൻസിപ്പലും മുന്നോട്ടുവന്നിരുന്നു. 1980 ആഗസ്ത് 2-ആം തിയ്യതി അദ്ദേഹം അന്തരിച്ചു.[4]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാരാന്തപ്പതിപ്പ്, സപ്തംബർ 1, 2013
  2. മാതൃഭൂമി വാരാന്തപ്പതിപ്പ്, സപ്തംബർ 1, 2013
  3. https://en.wikipedia.org/wiki/Ram_Kinker_Baij
  4. http://en.wikipedia.org/wiki/Ram_Kinker_Baij
"https://ml.wikipedia.org/w/index.php?title=രാം_കിങ്കർ_ബൈജ്&oldid=1973706" എന്ന താളിൽനിന്നു ശേഖരിച്ചത്