രത്നമ്മ മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടകനടിയാണ് രത്നമ്മ മാധവൻ. നൂറിലധികം നാടകങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1950-ൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തായമ്പക വിദ്വാൻ കൃഷ്ണനാശാന്റെയും കുട്ടിയമ്മയുടെയും മകളായി ജനിച്ചു. പ്രാദേശിക നാടകങ്ങളിൽ അഭിനയം ആരംഭിച്ചു. അമച്വർ നാടകങ്ങളിൽ ബാലനടിയായി അഭിനയിച്ചു. പതിനാല് വയസാകും മുൻപേ നാടകരംഗത്ത് അറിയപ്പെട്ടുതുടങ്ങി. പാതിവഴിയിൽ പഠനം അവസാനിപ്പിച്ച് നാടകത്തിലേക്കു പൂർണ്ണമായും തിരിഞ്ഞു. കാനം ഇ.ജെ.യുടെ കലയും ചങ്ങലയും എന്ന നാടകത്തിലൂടെയാണ് പ്രൊഫക്ഷണൽ നാടക രംഗത്ത് അഭിനയം ആരംഭിച്ചത്. പൊൻകുന്നം വർക്കി, മുട്ടത്തു വർക്കി, എസ്.എൽ. പുരം സദാനന്ദൻ, ടി.എൻ. ഗോപിനാഥൻ നായർ, ഏരൂർ വാസുദേവ്, സി.എൽ. ജോസ് എന്നിവരുടെ നാടകങ്ങളിൽ തുടർന്ന് അഭിനയിച്ചു.

ആറ്റിങ്ങൽ കല്പന തിയേറ്റേഴ്‌സിന്റെ കാലടി ഗോപി രചിച്ച നാടകങ്ങളായ കനൽ, യുദ്ധം എന്നീ നാടകങ്ങളുമായി സംഘത്തോടൊപ്പം ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ പര്യടനം നടത്തി. കൊല്ലം യൂണിവേഴ്‌സലിന്റെ അവതരണത്തിൽ പാപ്പനംകോട് ലക്ഷ്മണൻ രചിച്ച സർപ്പസത്രം, കായംകുളം കേരള ആർട്‌സിന്റെ രാമരാജ്യം, കൊട്ടിയം സംഗമത്തിന്റെ ത്രിസന്ധ്യ, ഓച്ചിറ രാമചന്ദ്രന്റെ സമിതി അവതരിപ്പിച്ച നാടകങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 1973-ൽ പത്തനാപുരം ആരാധിക തിയേറ്റേഴ്‌സിൽ രത്നമ്മയ്ക്ക് പ്രവേശനം ലഭിച്ചു. മാധവൻ കുന്നത്തറയുടെ യുഗസൃഷ്ടിയായിരുന്നു ആദ്യ നാടകം.[1] ഇതിൽ ഭാരതിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

മാധവനുമായുള്ള അടുപ്പത്തിൽ ഒടുവിൽ അവർ വിവാഹിതരായി. പിന്നീട് രത്നമ്മ കോഴിക്കോട് താമസമാക്കി. ഇവിടെ മാധവന്റെ തന്നെ സ്വാപഹാരം എന്ന നാടകത്തിൽ നർമപ്രധാനമായ വാണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കോഴിക്കോട്ടും പരിസരത്തും നടന്ന പല നാടകമത്സരങ്ങളിലും രത്നമ്മ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സംഗമം തീയേറ്റേഴ്‌സിൽ ആറുവർഷം തുടർച്ചയായി അഭിനയിച്ചു. എം.ടി.യുടെ രചനയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഗോപുരനടയിൽ എന്ന നാടകത്തിൽ വൃദ്ധയുടെ വേഷം അവതരിപ്പിച്ചു. തിക്കോടിയൻ രചിച്ച്, എം.ടി. സംവിധാനം ചെയ്ത മഹാഭാരതത്തിലെ വേഷം തുടർന്ന് അവതരിപ്പിച്ചു. സംഗമത്തുൽ തന്നെ വാസുപ്രദീപിന്റെ പെങ്കൊട കൂടാതെ പാടിക്കുന്ന്, അച്യുതന്റെ സ്വപ്നം, തമ്പുരാന്റെ പല്ലക്ക് എന്നിവയിൽ അഭിനയിച്ചു. ഈ കാലത്ത് അമേരിക്കയിലെ ചിക്കാഗോ കാത്തലിക്ക് കൾച്ചറൽ സൊസൈറ്റിയുടെ അവാർഡ് അവിടെവെച്ച് സ്വീകരിച്ചു.

1980 മുതൽ മൂന്നുവർഷക്കാലം കോഴിക്കോട് കലിംഗ സമിതിയിൽ പ്രവേശിച്ചു. ഇവിടെ നാടകാചാര്യൻ കെ.ടി.യുടെ സൃഷ്ടി, നാൽക്കവല, അപരിചിതൻ, കൈനാട്ടികൾ, അസ്തിവാരം, മേഘസന്ദേശം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് കോഴിക്കോട് സ്റ്റേജ് ' ഇന്ത്യാ സമിതിൽ പ്രവേശിച്ചു. ഈ സമിതിയിൽ പി.എം. താജിന്റെ ചക്രം, അഗ്രഹാരം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. ഇവിടെ നിന്നും വീണ്ടും കോഴിക്കോട് സംഗമത്തിലെത്തി അഭിനയിച്ചു.[1]

1993 മുതൽ 2005 വരെ കോഴിക്കോട് മാസ്, ഉപാസന, രംഗഭാഷ, സൗപർണിക, സൂര്യഗായത്രി, പൂക്കാട് കലാലയം എന്നീ സമിതികളുടെ നാടകങ്ങളിൽ വേഷമിട്ടു. മാധവൻ കുന്നത്തറ, ജയൻ തിരുമന, പ്രദീപ് കുമാർ കാവുന്തറ, ചന്ദ്രശേഖരൻ തിക്കോടി എന്നീ നാടകകൃത്തുക്കളുടെ നാടകങ്ങളിലാണ് അഭിനയിച്ചത്. 2007-ൽ ഖാൻ കാവിൽ നിലയത്തിന്റെ കടവാതിൽ എന്ന നാടകത്തിലെ അഭിനത്തിന് കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഇതിൽ തോട്ടി ജാനകി, ചേട്ടത്തി, പാത്തുമ്മ എന്നീ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് രത്നമ്മ അവതരിപ്പിച്ചത്. കോഴിക്കോട്‌ ആകാശവാണിയിൽ ഗസ്റ്റ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന രത്നമ്മ ചില ചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.[1]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

 • കലയും ചങ്ങലയും
 • കനൽ
 • യുദ്ധം
 • സർപ്പസത്രം
 • രാമരാജ്യം
 • ത്രിസന്ധ്യ
 • യുഗസൃഷ്ടി
 • സ്വാപഹാരം
 • ഗോപുരനടയിൽ
 • മഹാഭാരതം
 • പെങ്കൊട
 • പാടിക്കുന്ന്
 • അച്യുതന്റെ സ്വപ്നം
 • തമ്പുരാന്റെ പല്ലക്ക്
 • സൃഷ്ടി
 • നാൽക്കവല
 • അപരിചിതൻ
 • കൈനാട്ടികൾ
 • അസ്തിവാരം
 • മേഘസന്ദേശം
 • ദീപസ്തംഭം മഹാശ്ചര്യം
 • ചക്രം
 • അഗ്രഹാരം
 • കടവാതിൽ

പുരസ്കാരങ്ങൾ[തിരുത്തുക]

കടവാതിൽ എന്ന നാടകത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ 2007-ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "അരങ്ങിലെ പെൺപെരുമ". മാതൃഭൂമി. 2013 ഓഗസ്റ്റ് 3. ശേഖരിച്ചത് 2013 ഓഗസ്റ്റ് 3.
"https://ml.wikipedia.org/w/index.php?title=രത്നമ്മ_മാധവൻ&oldid=2285430" എന്ന താളിൽനിന്ന് ശേഖരിച്ചത്