രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം
| ||||||||||||||||||||||||||||
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളിൽ രണ്ടാമത്തെ യുദ്ധമാണ് രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധം.
കാരണങ്ങൾ
[തിരുത്തുക]ബസ്സീൻ ഉടമ്പടി മഹാരാഷ്ട്രർക്ക് അനുകൂലമല്ലായിരുന്നു. മഹാരാഷ്ട്രം അക്കാലത്തൊരു ശിഥിലശക്തിയായിതീർന്നിരുന്നു. ബ്രിട്ടീഷ് ശക്തിയെ എതിരിടാൻ വേണ്ട ഐക്യം അവരിലുണ്ടായിരുന്നില്ല. ഹോൾക്കറോ ഗെയ്ക്ക്വാഡോ ഇംഗ്ലീഷുകാർക്കെതിരായി യുദ്ധത്തിനൊരുമ്പെട്ടില്ല; അതേസമയം സിന്ധ്യയുടെയും പേഷ്വയുടെയും ദുർഭരണം ജനങ്ങളെ ബ്രിട്ടീഷ് ഇടപെടലിന് അനുകൂലമായി ചിന്തിപ്പിച്ചു.
രണ്ടാം യുദ്ധം
[തിരുത്തുക]ആർതർ വെല്ലസ്ലിയായിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്. അഹമ്മദ്നഗറും ഡക്കാനും അദ്ദേഹം പെട്ടെന്നു കീഴടക്കി. അസ്സേയിൽവച്ചുണ്ടായ യുദ്ധത്തിൽ സിന്ധ്യയും ആർഗോൺ യുദ്ധത്തിൽ ഭോൺസ്ലേയും പരാജിതരായി; കട്ടക്കും ബുറഹാൻപൂറും ഇംഗ്ലീഷ് സൈന്യത്തിനധീനമായി. ജനറൽ ലേക്ക് (Lake) ഡൽഹിയും ആഗ്രയും കീഴ്പ്പെടുത്തിയശേഷം സിന്ധ്യയുടെ സൈന്യത്തെ ഡൽഹി യുദ്ധത്തിലും (1803 സെപ്റ്റംബർ) ലാസ്വാരി യുദ്ധത്തിലും (1803 നവംബർ) തോല്പിച്ചു. ഒറീസ, ഗുജറാത്ത്, ബുന്ദേൽഖണ്ഡ് എന്നീ രാജ്യങ്ങളും ഇംഗ്ലീഷുകാർക്കു കീഴടങ്ങി. അഞ്ചു മാസത്തെ നിരന്തര യുദ്ധം മൂലം സിന്ധ്യയും ഭോൺസ്ലേയും തകർന്നു. അവർക്ക് ഇംഗ്ലീഷുകാരുമായി രണ്ടു വ്യത്യസ്തസന്ധികളിൽ ഒപ്പുവയ്ക്കേണ്ടിവന്നു. 1803 ഡിസംബർ 17-ലെ ഡിയോഗോൺ സന്ധിയനുസരിച്ച്, ഭോൺസ്ലേ, കട്ടക്ക് പ്രവിശ്യ ഇംഗ്ലീഷുകാർക്കു വിട്ടുകൊടുത്തു. എം.എൽഫിൻസ്റ്റനെ നാഗ്പൂരിലെ ബ്രിട്ടീഷ് റസിഡണ്ടായി സ്വീകരിച്ചു. സിന്ധ്യയുമായി 1803 ഡിസംബർ 30-ന് ഉണ്ടാക്കിയ സുർജി അർജൻഗോൺ സന്ധിയനുസരിച്ച്, ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള സിന്ധ്യയുടെ സ്ഥലങ്ങളും, ഉത്തരഭാഗത്തെ കോട്ടകളും അടിയറവയ്ക്കേണ്ടിവന്നു. 1804 ഫെബ്രുവരി 27-ന് മറ്റൊരു സന്ധിപ്രകാരം ഇംഗ്ലീഷുകാരുമായി സബ്സിഡിയറി വ്യവസ്ഥയിൽ ചേരുകയും ചെയ്തു. ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.
പുറംകണ്ണികൾ
[തിരുത്തുക]- http://www.historytuition.com/anglo_maratha_wars/war_with_marathas/second_anglo_maratha_war%281803-1806%29.html
- http://wiki.answers.com/Q/What_are_the_causes_of_the_second_Anglo-_Maratha_war
- http://www.indianetzone.com/37/second_maratha_war_1803-1805_british_india.htm Archived 2013-04-05 at the Wayback Machine.
- http://www.indhistory.com/anglo-maratha-war-2.html Archived 2012-05-12 at the Wayback Machine.
- http://www.newworldencyclopedia.org/entry/Anglo-Maratha_Wars
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-മറാഠായുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |