രജനി പാമി ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രജനി പാമി ദത്ത്
ജനനം {{{date_of_birth}}}

ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗവും മാർക്സിസ്റ്റ് ചിന്തകനും ആയിരുന്ന വ്യക്തിയാണ് രജനി പാമി ദത്ത്. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജനായ ഉപേന്ദ്രകൃഷ്ണയുടെ മകനാണ് ഇദ്ദേഹം. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ഓണേഴ്സ് ബിരുദം ഒന്നാം ക്ളാസ്സോടെ നേടി. വിദ്യാർഥി ആയിരിക്കുമ്പോൾത്തന്നെ സോഷ്യലിസ്റ്റ് സൊസൈറ്റിക്കു രൂപംനല്കി. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. റഷ്യൻ വിപ്ളവത്തെ പിന്തുണച്ചതിന്റെ പേരിൽ 1917-ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ദത്തിനെ പുറത്താക്കുകയുണ്ടായി. അടുത്തവർഷം പ്രത്യേകാനുവാദത്തോടെയാണ് ബിരുദാനന്തരബിരുദ പരീക്ഷ എഴുതിയത്.

കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഗ്രേറ്റ് ബ്രിട്ടനിൽ അംഗമായി ചേർന്ന ദത്ത്, 1920-ൽ കമ്യൂണിസ്റ്റ് ഐക്യസമ്മേളനം സംഘടിപ്പിച്ചു. 1922-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പുനഃസംഘടനാ കമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചു. ഫിൻലൻഡ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായ സാൽവെ മുരിക്കിനെ വിവാഹം കഴിച്ചു. വിപ്ളവാശയങ്ങളുടെ പ്രചാരണത്തിനുവേണ്ടി 1921-ൽ ലേബർ മന്ത്ലി എന്ന പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. 1922-ൽ ആരംഭിച്ച വർക്കേഴ്സ് വീക്ക്ലിയുടെ സ്ഥാപക പത്രാധിപരായിരുന്ന ദത്ത് 1965-വരെ ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. 1936-ൽ ബ്രാഡ്ലിയുമായിച്ചേർന്ന് വിഖ്യാതമായ ദത്ത്-ബ്രാഡ്ലി തീസിസ് രചിച്ചു. 1939 മുതൽ 41 വരെ ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. ക്യാബിനറ്റ് മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടി ദത്ത് 1946-ൽ ഇന്ത്യ സന്ദർശിച്ചു. അനാരോഗ്യംമൂലം 1967-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽനിന്നു വിരമിച്ചു. 1974-ൽ ഇദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

ഇരുപതോളം കൃതികൾ ദത്ത് രചിച്ചിട്ടുണ്ട്.

ചില പ്രധാന കൃതികൾ

  • ദി റ്റു ഇന്റർനാഷണൽസ് (1920)
  • മോഡേൺ ഇന്ത്യ (1926)
  • ഫാസിസം ആൻഡ് സോഷ്യൽ റെവലൂഷൻ (1934)
  • ദി പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ ഡോക്ട്രിൻ ഒഫ് കമ്യൂണിസം (1938)
  • ബ്രിട്ടൻ ഇൻ ദി വേൾഡ് ഫ്രണ്ട് (1942)
  • ഇന്ത്യ ടുഡെ (1956)
  • വിതർ ചൈന (1949)

പുരസ്കാരങ്ങൾ[തിരുത്തുക]

മോസ്കോ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും 1970-ൽ ലെനിൻ ശതാബ്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ രജനി പാമി ദത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=രജനി_പാമി_ദത്ത്&oldid=3415582" എന്ന താളിൽനിന്ന് ശേഖരിച്ചത്